Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റാൻലി സഖാവിന്റെ വാക്കുകൾ അധികാരികൾ കേട്ടിരുന്നെങ്കിൽ പാങ്ങപ്പാറയിൽ നാലു ജീവൻ പൊലിയില്ലായിരുന്നു; രണ്ടായിരം ലോഡ് മണ്ണെടുക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പ്; കുഴിച്ചെടുത്ത മണ്ണ് മാറ്റാതെ കൂട്ടിയിട്ടത് ദുരന്തകാരണം ആയെന്ന് മറുനാടനോട് വ്യക്തമാക്കി പ്രദേശവാസികൾ

സ്റ്റാൻലി സഖാവിന്റെ വാക്കുകൾ അധികാരികൾ കേട്ടിരുന്നെങ്കിൽ പാങ്ങപ്പാറയിൽ നാലു ജീവൻ പൊലിയില്ലായിരുന്നു; രണ്ടായിരം ലോഡ് മണ്ണെടുക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പ്; കുഴിച്ചെടുത്ത മണ്ണ് മാറ്റാതെ കൂട്ടിയിട്ടത് ദുരന്തകാരണം ആയെന്ന് മറുനാടനോട് വ്യക്തമാക്കി പ്രദേശവാസികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പാങ്ങപ്പാറയിൽ ഇന്നലെ ഉണ്ടായത് നിനച്ചിരിക്കാതെ പെട്ടന്നുണ്ടായ അപകടം തന്നെയാണ്. മനപ്പൂർവ്വം തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടി ആരും ഒന്നും തന്നെ ചെയ്തതുമല്ല. പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നത് അമിതമായാൽ അതിന് തിരിച്ചടിയുണ്ടാവുമെന്നതിന്റെ ഉദാഹരണമാണ് ഈ ദുരന്തം.

പാങ്ങപ്പാറയിൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റിൽ ഇന്നലെ ഉണ്ടായ അപകടം ക്ഷണിച്ചുവരുത്തിയത് തന്നെയെന്ന് സമീപവാസികൾ കാര്യകാരണ സഹിതം വ്യക്തമാക്കുന്നു. സമീപവാസികളുടെ ഈ അഭിപ്രായം എത്രമാത്രം കഴമ്പുള്ളതാണെന്ന മറുനാടൻ മലയാളിയുടെ അന്വേഷണം ചെന്നുനിന്നത് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി ജിയോളജി ഡിപ്പാർട്മെന്റിനും റവന്യു വകുപ്പിനും നൽകിയ പരാതിയിലാണ്.

സ്റ്റാൻലി സഖാവിന്റെ പരാതികൾ അധികാരികൾ കേൾക്കേണ്ടത് പോലെ കേട്ട് നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്നലെ ആ നാല് ജീവനുകൾ മണ്ണിന്റെ അടിയിൽ അവസാനിക്കുമായിരുന്നില്ല.

പാങ്ങപ്പാറയിൽ ഫ്ളാറ്റ് നിർമ്മിക്കുന്നത് കേരളാ ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സർക്കാർ മേൽനോട്ടത്തിലുള്ള കൺസ്ട്രക്ഷൻസ് കമ്പനിയാണ്. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മറ്റ് ഫ്ളാറ്റുകൾക്കെതിരെ കൂടിയാണ് സ്റ്റാൻലി പരാതി നൽകിയത്.

കഴിഞ്ഞ ഏപ്രിൽ മുതൽ അനിയന്ത്രിതമായി മണ്ണ് കൊണ്ട് പോകുന്നുവെന്ന് പാങ്ങപ്പാറയിലെ ഫ്ളാറ്റ് നിർമ്മാണം നടക്കുന്നതിന് അടുത്തുള്ള ചിലർ പറയുകയും ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ജിയോളജി വകുപ്പിനും റവന്യും വകുപ്പിനും പരാതി നൽകുകയുമായിരുന്നു. പൊലീസിനും പരാതി നൽകിയിരുന്നു. പ്രദേശത്ത് മണ്ണിടിച്ച് അനധികൃതമായി മണ്ണ് കൊണ്ട് പോകുന്ന ഫ്ളാറ്റുകൾക്കെതിരെയും പരാതി നൽകിയിരുന്നു.

പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവർ അന്വേഷിച്ച് കണ്ടെത്തിയത് ജിയോളജി ഡിപ്പാർട്മെന്റിന്റെ അനുമതിയുണ്ടെന്നും രണ്ടായിരം ലോഡ് മണ്ണ് കൊണ്ട് പോകുന്നതിന് തടസ്സമില്ലെന്നുമാണ്.

രാത്രികാലത്താണ് സജീവമായി മണ്ണ് കൊണ്ട് പോകുന്നത്. ഇത് ശ്രദ്ധിച്ച് പ്രാദേശികർ ഇടപെട്ട് തടയുമെന്ന് മനസ്സിലായപ്പോൾ വലിയ അളവിൽ എടുത്ത മണ്ണ് നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് തന്നെ കൂട്ടിയിടുകയാണ് ചെയ്തത്. കൃത്യമായി ഇത് അധികാരികൾ പരിശോധന നടത്തിയിട്ടില്ല. പൊലീസ് പറഞ്ഞതനുസരിച്ച് ജിയോളജി വകുപ്പിൽ അന്വേഷിച്ചപ്പോൾ അനുവാദം നൽകിയത് മണ്ണ് അവിടെ തന്നെ നിക്ഷേപിക്കാനാണ് എന്ന് അറിയാൻ കഴിഞ്ഞു. 

എന്നാൽ ഇത് പുറത്തുകൊണ്ട് പോകുന്നത് നിയന്ത്രിക്കാനും അനുവദിച്ച അളവിൽ അധികം കൊണ്ട് പോകുന്നുണ്ടോ ന്നെും പരിശോധിക്കാൻ അധികാരികൾ നടപടികൾ സ്വീകരിച്ചിരുന്നില്ല.സമീപവാസികൾ പരതി പറഞ്ഞെങ്കിലും ആരും പരാതി എഴുതി നൽകിയിരുന്നില്ല. പാർട്ടി എന്ന നിലയിലാണ് ഇടപെട്ടത്.

ജിയോളജി പാസ് പോലും സമയം രേഖപ്പെടുത്താതെയാണ് നൽകുന്നത്. വെറും സീൽമാത്രമാണ് അതിൽ ഉണ്ടാവുക. പൊലീസ് പിടിക്കുമ്പോൾ അപ്പോൾ അതിൽ സലിനോട് ചേർത്ത് സമയംരേഖപ്പെടുത്തി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും പിന്നീട് മനസ്സിലായി.പല തവണ ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയങ്കിലും നടപടിയുണ്ടായില്ല. സുരക്ഷാ ഭിത്തി കെട്ടുന്നതിനായി മണ്ണ് മാറ്റിയപ്പോൾ കുത്തനെയാണ് മണ്ണ് മാറ്റിയിരിക്കുന്നത്. ഭൂമി നഷ്ടമാകാതിരിക്കാനായിട്ടാണ് ഇത്രയും കുത്തനെ മണ്ണ് എടുത്തത്.

കനത്ത മഴയിൽ മുകളിൽ നിന്നും മണ്ണ് നിലം പതിക്കാനും കാരണമായത് ഈ രീതിയിൽ മണ്ണ് മാറ്റിയത് തന്നെയാണെന്നാണ് ഇവിടത്തെ കാഴ്ചകൾ വ്യക്തമാക്കുന്നത്. ജൂൺ ജൂലൈ മാസങ്ങളിൽ കേരളത്തിൽ മഴയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും സുരക്ഷാ ഭിത്തി കെട്ടുന്നത് ഇത്രയും വൈകിപ്പിച്ചതും അപകടകാരണമായി. മണ്ണ് ഇടിഞ്ഞ് വീണത് ഏകദേശം മുപ്പതടിയോളം ഉയരത്തിൽ നിന്നാണ്.സുരക്ഷാ ഭിത്തി കെട്ടുന്നതിനൊപ്പം തന്നെ പൈലിങ്ങ് ജോലികളും ഇവിടെ നടന്നുവെന്നും അതും മണ്ണിടിയാൻ കാരണമായെന്നും സമീപവാസികൾ പറയുന്നു.

അപകടം നടന്നതിന് പിന്നാലെ സമീപവാസികൾ ഇപ്പോൾ കൂടുതൽ ഭീതിയിലാണ്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച വീടുകൾ ആണ് ഇപ്പോഴും സമീപ പ്രദേശങ്ങളിൽ ഉള്ളത്. ഫ്ളാറ്റിന്റെ നിർമ്മാണ പ്രവർത്തനവും പൈലിങ്ങുമെല്ലാം ഇനിയും തുടർന്നാൽ തങ്ങളുടെ വീടുകളുടെ നിലനിൽപ് തന്നെ ഭീഷണിയാകുമെന്ന ആശങ്കയാണ് ഇപ്പോൾ സമീപ വാസികൾക്ക്. ഫ്ളാറ്റ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ ഭോജ ബർമ്മൻ, ഹരണാഥ് ബർമ്മൻ, സപൻ ബർമ്മൻ എന്നിവരും വട്ടപ്പാറ സ്വദേശി ഉണ്ണികൃഷ്ണനുമാണ് മരിച്ചത്. ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞു വീണാണ് ദുരന്തമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP