Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായെങ്കിലും ഇന്ത്യൻ ബാങ്കുകളിലെ നിക്ഷേപം ലോക റിക്കോർഡിലേക്ക്; പലിശകൊടുക്കേണ്ടാത്ത സാധാരണ നിക്ഷേപം തുക ആറുലക്ഷം കോടി കവിഞ്ഞു; റിസർവ്വ് ബാങ്ക് പലിശ കുറക്കും മുമ്പേ ബാങ്കുകൾ വൻ തോതിൽ നിരക്ക് കുറക്കും; ഹൗസിങ് ലോണുകളും മറ്റ് വായ്പകളും രണ്ട് ശതമാനം വരെ കുറയുമെന്ന് സൂചന

സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായെങ്കിലും ഇന്ത്യൻ ബാങ്കുകളിലെ നിക്ഷേപം ലോക റിക്കോർഡിലേക്ക്; പലിശകൊടുക്കേണ്ടാത്ത സാധാരണ നിക്ഷേപം തുക ആറുലക്ഷം കോടി കവിഞ്ഞു; റിസർവ്വ് ബാങ്ക് പലിശ കുറക്കും മുമ്പേ ബാങ്കുകൾ വൻ തോതിൽ നിരക്ക് കുറക്കും; ഹൗസിങ് ലോണുകളും മറ്റ് വായ്പകളും രണ്ട് ശതമാനം വരെ കുറയുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഡിസംബർ 6, 7 തീയതികളിലാണ് റിസർവ്ബാങ്കിന്റെ അടുത്ത ധന അവലോകനയോഗം നടക്കുക. അന്ന് പലിശ നിരക്കിൽ വലിയ കുറവ് വരുത്തുമെന്നാണ് സൂചന. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് പദ്ധതികൾക്കുമായുള്ള ഫണ്ട് എത്തലിന്റെ തോതും കൂടും. അങ്ങനെ ഇന്ത്യൻ വിപണ വലിയ കുതിച്ചു ചാട്ടത്തിലേക്ക് പോകുമെന്നാണ് സൂചന. അതിനിടെ റിസർവ്വ് ബാങ്ക് യോഗം വരെ കാത്ത് നിൽക്കാതെ സ്വന്തം നിലയ്ക്ക് പലിശ കുറയ്ക്കാൻ ബാങ്കുകളും തയ്യറാകുമെന്നാണ് സൂചന. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയതിനുശേഷം വിവിധ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട തുക ആറുലക്ഷം കോടി രൂപ കവിഞ്ഞു. ഈ കാലയളവിൽ പഴയ നോട്ട് മാറ്റിയെടുത്തതുൾപ്പെടെ പിൻവലിക്കപ്പെട്ടത് 1.35 ലക്ഷം കോടി രൂപ മാത്രമാണ്. അതായത് വൻ തോതിൽ പണം നിക്ഷേപമായി എല്ലാ ബാങ്കുകളിലുമുണ്ട്.

ബാങ്കുശാഖകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും പിൻവലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതിനാലാണ്, നിക്ഷേപം കുതിച്ചുയർന്നിട്ടും പിൻവലിക്കുന്ന തുക വളരെ കുറവായത്. ബാങ്കുകളിൽ സമാഹരിക്കുന്ന പണം റിവേഴ്‌സ് റിപ്പോ ലേലത്തിലൂടെ റിസർവ് ബാങ്ക് ഹ്രസ്വകാലനിക്ഷേപമായി വാങ്ങുകയാണ് ചെയ്യുക. പണം ആവശ്യമുള്ള ബാങ്കുകൾക്ക് റിപ്പോ ലേലത്തിലൂടെ വായ്പ നൽകുകയും ചെയ്യും. എല്ലാ ബാങ്കുകളിലും ആവശ്യത്തിലധികം പണമുള്ള സാഹചര്യത്തിൽ അടുത്തൊന്നും ബാങ്കുകൾക്ക് വായ്പനൽകേണ്ടിവരില്ല. റിസർവ് ബാങ്കിൽ നിക്ഷേപം കുമിഞ്ഞുകൂടുകയും ചെയ്യും. നിക്ഷേപം കൂടുന്നത് അടുത്ത പണവായ്പാ നയം പ്രഖ്യാപിക്കുമ്പോൾ പലിശനിരക്ക് ഇനിയും കുറയ്ക്കാൻ കാരണമാകും. വലിയ തോതിൽ തന്നെ കുറവ് വരുത്താൻ റിസർവ്വ് ബാങ്ക് തയ്യാറാകുമെന്നാണ് സൂചന.

സ്ഥിര നിക്ഷേപങ്ങൾക്ക് എട്ട് ശതമാനമാണ് സാധാരണ പലിശ. എന്നാൽ ബാങ്കുകളിൽ ഇപ്പോഴെത്തുന്നത് സേവിങ് ഡിപ്പോസിറ്റുകളാണ്. ഇവയ്ക്ക് നാല് ശതമാനം വരെ മാത്രമേ പലിശ നൽകേണ്ടതുള്ളൂ. അതായത് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയ അഞ്ച് ലക്ഷം കോടി രൂപയ്ക്കും നാമമാത്രമായ തുക മാത്രമേ പലിശ നൽകേണ്ടതുള്ളൂ. ഈ പണം കൈവശമിരിക്കുന്നത് ബാങ്കിന് വലിയ ബാധ്യതയുമാകും. അതുകൊണ്ട് തന്നെ ഇത് വിപണിയിലെത്തിക്കുക മാത്രമാണ് ബാങ്കിനു മുന്നിലുള്ള വഴി. അതിനാൽ ചെറിയ പലിശയ്ക്ക് എല്ലാ ബാങ്കുകളും വായ്പ നൽകും. ഈട് നൽകി വായ്പ നൽകുന്ന ഭവന വായ്പയും വാഹന വായ്പയിലും മറ്റും പലിശ ഏറെ കുറയുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഇതിനൊപ്പം നിർമ്മാണ മേഖലയിലേക്കും പണം ഒഴുകും.

അതിനിടെ രാജ്യത്തെ സ്വകാര്യ ബാങ്കുകൾ സ്ഥിരനിക്ഷേപത്തിനുള്ള പലിശ 0.25% കുറച്ചു. നോട്ടുകൾ പിൻവലിച്ചതിന്റെ പശ്ചാതലത്തിൽ വൻതോതിൽ നിക്ഷേപം വന്നതാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ കാരണം. 1 വർഷം മുതൽ 2 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 0.15 ശതമാനത്തിന്റെ കുറവാണ് പല ബാങ്കും വരുത്തിയിരിക്കുന്നത്. എസ്.ബി.ഐ ചില സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.15 ശതമാനം കുറച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സ്വകാര്യ ബാങ്കുകളും പലിശ നിരക്കുകൾ കുറച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതെല്ലാം വായ്പാ പലിശ നിരക്കും കുറയുമെന്നതിന്റെ സൂചനയാണ്. കാർഷിക മേഖലയ്ക്കും ഇത് ഗുണകരമാകും. ഇതിനൊപ്പം വായ്പാ പലിശയ്ക്ക് നൽകുന്ന സബ്‌സിഡികളും അവസാനിപ്പിക്കാനാകും.

സാധാരണ നിക്ഷേപസമാഹരണ യജ്ഞങ്ങളാണ് ബാങ്കുകൾ സംഘിപ്പിക്കാറ്. ഇത് വായ്പ വിതരണ യജ്ഞമായി മാറും. ഇതോടെ വിപണിയിലെത്തുന്ന പണത്തിന്റെ അളവ് കൂടുകയും ചെയ്യും. ആദായ നികുതി പരിവ് കാര്യക്ഷമമാക്കുന്നത് സർക്കാർ ഖജനാവിനും കരുത്ത് പകരും. ഇപ്പോൾ ബാങ്കിൽ നിക്ഷേപിച്ച തുകകൾ ആരും ഉടൻ പിൻവലിക്കില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വീടുകളിൽ നിഷ്‌ക്രിയമായി ഇരുന്ന പണമാണ് മാറ്റുന്നതിനായി ബാങ്കുകളിൽ എത്തുന്നത്. സാമ്പത്തിക ഇടപാടുകളെല്ലാം ബാങ്കുവഴിയാകുമെന്ന സൂചനകൾ കേന്ദ്ര സർക്കാർ നൽകുന്നതും ഈ നിക്ഷേപങ്ങൾ ബാങ്കുകളിൽ തുടരാൻ വേണ്ടിയാണ്. ഡിസംബർ 31 വരെ നോട്ട് മാറ്റിയെടുക്കാൻ അവസരമുണ്ട്. അതുകൊണ്ട് ഇനിയും ശതകോടികൾ നിക്ഷേപമായി ബാങ്കിലെത്തുമെന്നാണ് വിലയിരുത്തൽ.

നോട്ട് അസാധുവാക്കിയതിന് ശേഷം ഇന്ത്യൻ വിപണി താഴേക്കാണ് പോകുന്നത്. രൂപയുടെ മൂല്യവും ഇടിഞ്ഞു. ഇതിന് കാരണം നോട്ടുകളുടെ ലഭ്യതക്കുറവാണ്. വ്യാപാരം കുറഞ്ഞതും കാരണമായി. എന്നാൽ ബാങ്കുകളിൽ നിന്ന് വായ്പയായി പണം ഒഴുകുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൂടുതൽ നിക്ഷേപം എത്തുന്നതോടെ സമ്പദ് വ്യവസ്ഥ കരുത്താകും. ജനുവരിയോടെ തന്നെ നിലവിലെ പ്രസിന്ധിയെല്ലാം മാറി ഇന്ത്യൻ സാമ്പത്തിക രംഗം ഉയർത്തെഴുന്നേൽക്കുമെന്നാണ് വിലയിരുത്തൽ. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ക്രൂഡ് ഓയിൽ വില ആഗോള തലത്തിൽ ഇടിഞ്ഞത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും വികസനത്തേയും സഹായിക്കുന്ന തരത്തിലേക്ക് ഈ ഇടിവിനെ മാറ്റിയെടുക്കുകയാണ് സർക്കാർ ചെയ്ത്. ഇതിലൂടെ വികസന പ്രവർത്തനങ്ങൾക്ക് പുതുവേഗം വന്നു. ഇത് ഇരട്ടിയാക്കുന്ന തരത്തിലാകും നോട്ട് അസാധുവാക്കൽ ഉണ്ടാക്കുന്ന സ്വാധീനമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ദ്ധർക്കുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് മോദിയുടെ തീരുമാനം ഗുണകരമാകുമെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു.

ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നതു സമ്പദ്‌വ്യവസ്ഥയ്ക്കും ബാങ്കുകൾക്കും ഗുണകരമാകുമെന്ന് ആഗോള തലത്തിൽ വിലയിരുത്തലുണ്ട്. കുറ്റകൃത്യങ്ങളും ക്ഷേമപ്രവർത്തനങ്ങളിലെ തട്ടിപ്പുകളും കുറഞ്ഞുകിട്ടും. നികുതിയും വരുമാനവും വർധിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളിലും വലിയ വർധനവുണ്ടാകും. ഉയർന്ന മൂല്യമുള്ളവ പിൻവലിച്ചാൽ രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ വർധിക്കും. നികുതി വെട്ടിപ്പും കള്ളപ്പണവും വ്യാജ നോട്ടുകളും തടയാനുള്ള ഈ നീക്കം ഖജനാവിനും ബാങ്കുകൾക്കും തുണയാവുകയും ചെയ്യും. ബാങ്കുകളിൽ എത്തുന്ന തുക സമർത്ഥമായി വികസനത്തിന് വിനിയോഗിക്കാനാകും. അതിവേഗ തീവണ്ടി പാതയുൾപ്പെടെയുള്ള വമ്പൻ പദ്ധതികൾക്കായി നിക്ഷേപം കണ്ടെത്താനും എളുപ്പമാകും. വിദേശ രാജ്യങ്ങളിൽ വായ്മപയ്ക്കായി കൈനീട്ടുന്ന സാഹചര്യം ഒഴിവാകുന്നതോടെ രൂപയുടെ മൂല്യവും ഉയരും. ഡോളറുമായുള്ള വിനിമയ നിരക്കിൽ മുന്നേറാനായാൽ അത് വിദേശ വ്യാപാരത്തിലേർപ്പെടുന്ന ഇന്ത്യൻ കമ്പനികൾക്കും ഗുണമാകും. ഇതോടെ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾ കരുത്തരാവുകയും ചെയ്യും.

ഇത് ചലനാത്മക വിപണിയായി ഇന്ത്യയെ മാറ്റുന്നതാണ് തീരുമാനമെന്നും വിദഗ്ദ്ധർ പറയുന്നു. കൃത്യമായ പണത്തിന്റെ വിനിയോഗത്തിലേക്ക് തീരുമാനം എത്തിക്കും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്തുണ്ടാക്കും. കൂടുതൽ നിർമ്മാണ പ്രക്രിയയ്ക്കും കയറ്റുമതിക്കും അവസരമുണ്ടാകും. ഇതിലൂടെ വിദേശ നാണ്യത്തിന്റെ വൻതോതിലുള്ള വരവും ഉണ്ടാകും. ഡെഡ് മണിയെന്ന സാമ്പത്തിക ശാസ്ത്രത്തിലെ പ്രയോഗം തന്നെ ഇല്ലാതാകും. ഭൂരിപക്ഷം പണവും ബാങ്കുകളിൽ തന്നെ എത്തുന്നതാണ് ഇതിന് കാരണം. വിപണിയിലെ മുഴുവൻ സമ്പത്തും വിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് കഴിയും. വിശ്വാസ്യതയും സുതാര്യതയും ഇടപാടുകൾ ഉറപ്പുവരുത്തുന്നതും സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരും. രാജ്യന്താര തലത്തിൽ രൂപയുടെ പ്രിയം കൂടുന്നതിന് ഇത് അവസരമൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP