Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൂറിസം ഹോട്‌സ്‌പോട്ടിൽ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാർത്തയുമായി ലോക മാധ്യമങ്ങൾ; സന്ദർശകർക്ക് മുന്നറിയിപ്പുമായി ബിബിസി; എബോളക്ക് സമാനമായ സാഹചര്യമെന്ന് പറഞ്ഞ് വിദേശ പത്രങ്ങൾ; ഏത് നിമിഷവും യാത്രാവിലക്കിനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ: മൺസൂൺ ടൂറിസത്തിന് ഒരുങ്ങുന്ന കേരളത്തിന് കനത്ത തിരിച്ചടി; യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും അവധിക്ക് പോകുന്ന മലയാളികളുടെ യാത്രയ്ക്കും വിലക്ക് വരുമോ?

ടൂറിസം ഹോട്‌സ്‌പോട്ടിൽ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാർത്തയുമായി ലോക മാധ്യമങ്ങൾ; സന്ദർശകർക്ക് മുന്നറിയിപ്പുമായി ബിബിസി; എബോളക്ക് സമാനമായ സാഹചര്യമെന്ന് പറഞ്ഞ് വിദേശ പത്രങ്ങൾ; ഏത് നിമിഷവും യാത്രാവിലക്കിനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ: മൺസൂൺ ടൂറിസത്തിന് ഒരുങ്ങുന്ന കേരളത്തിന് കനത്ത തിരിച്ചടി; യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും അവധിക്ക് പോകുന്ന മലയാളികളുടെ യാത്രയ്ക്കും വിലക്ക് വരുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നിപ വൈറസ് പനി കേരളത്തിൽ ഭീതി വിതച്ചതോടെ മാരക രോഗം പകരുന്നെന്ന വാർത്തയുമായി അന്താരാഷ്ട്ര മാധ്യമങ്ങളും. എബോളയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടൂറിസം ഹോട്‌സ്‌പോട്ടിൽ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന തരതത്ിൽ ലോകമാധ്യമങ്ങളിൽ വാർത്ത വന്നതോടെ മൺസൂണ് ടൂറിസത്തിന് ഒരുങ്ങുന്ന കേരളത്തിനും തിരിച്ചടിയാകും.

വവ്വാലിൽ നിന്നും പടരുന്ന നിപ വൈറസ് പനി ബാധ കേരളത്തിൽ സ്ഥിരീകരിച്ചതോടെ ഇന്നലെ ബിബിസിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇതോടെ കേരളത്തിൽ അവധിക്കാലം ചെലവിടാൻ തയ്യാറെടുക്കുന്ന ഒട്ടേറെ വിദേശികൾ ആശങ്കയിലായി. കേരളത്തിൽ പതിവായി മൺസൂൺ സീസൺ ആഘോഷിക്കാൻ എത്തുന്നവരാണ് പനിഭീതിയിൽ പരിഭ്രാന്തരായിരിക്കുന്നത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടരുന്നത് ഒഴിവാക്കുന്നതിന് കേരള സർക്കാർ ഏറെക്കുറെ ശ്രമം നടത്തിയെങ്കിലും നിപ വാർത്തകൾ കാട്ടുതീ പോലെ ലോക മാധ്യമങ്ങളിൽ പടരുകയാണ്. സംഭവത്തിന്റെ നിജസ്ഥിതി വിദേശ മാധ്യമങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതോടെ യൂറോപ്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ഏഷ്യൻ രാജ്യങ്ങളായ ബർമയിലും ബംഗ്ലാദേശിലും ഇൻഡിനേഷ്യയിലും ചൈനയിലും ഒക്കെ ഭയപ്പെടുത്തും വിധം കേരളത്തിലെ പനിബാധയെക്കുറിച്ചു വാർത്തകൾ പ്രചരിക്കുകയാണ്.

12 പേരിൽ നിപ വൈറസ് സ്ഥിരീകരിച്ചതായും പത്തു പേർ മരിച്ചതായും രോഗം വായുവിലൂടെ പടർന്നു പിടിക്കുന്നു തുടങ്ങി കേരളത്തിലേക്കെത്താൻ ആഗ്രഹിക്കുന്ന വിദേശികളെ ഭീതിപ്പെടുത്തുന്ന രീതിയിലാണ് വിദേശ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വാർത്തകളുടെ ചുവടു പിടിച്ചു മുൻ വർഷം ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ബാധയ്ക്കു തുല്യമായ സാഹചര്യമാണോ കേരളത്തിൽ നിലനിൽക്കുന്നതെന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു. ആഫ്രിക്കയിലും ഇന്ത്യ ഉൾപ്പെടെ മൂന്നാം ലോക രാജ്യങ്ങളിലും നടക്കുന്ന ആസൂത്രിതമായ പാരിസ്ഥിതിക യുദ്ധമായും സംഭവം കണക്കാക്കണമെന്നു വാദിക്കുന്നവരും കുറവല്ല.

ലോകശ്രദ്ധയിലെത്തിച്ചത് ലിനിയുടെ മരണം
പനി ബാധിതരെ ചികിൽസിച്ച നഴ്‌സ് ഉൾപ്പെടെയുള്ളവരുടെ മരണമാണ് ലോകമാധ്യമങ്ങളുടെ ശ്രദ്ധ സംഭവത്തിലേക്ക് എത്തിച്ചത്. ലിനിയുടെ മരണം വൻ പ്രാധാന്യത്തോടെയാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചികിത്സിച്ച നഴ്‌സിന്റെ പെട്ടെന്നുള്ള മരണവും വീട്ടുകാരെ പോലും കാണിക്കാതെ മൃതദേഹം സംസ്‌ക്കരിച്ചതിനും മാധ്യമങ്ങൾ വൻ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതെല്ലാം ടൂറിസ്റ്റുകെള ഭയപ്പെടുത്തും വിധമാണ്.സാധാരണ ഇത്തരം സാഹചര്യത്തിൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് യാത്ര വിലക്ക് ഏർപ്പെടുത്താറുണ്ടെങ്കിലും നിപ പനി സംബന്ധിച്ച് ഇതുവരെ വിലക്ക് പുറത്തു വന്നിട്ടില്ല. അതേ സമയം ബ്രിട്ടീഷ് മാധ്യമങ്ങൾ നിരവധി റിപ്പോർട്ടുകൾ പുറത്തു വിടുന്നുണ്ട്. ബ്രിട്ടീഷ്, ഓസ്‌ട്രേലിയൻ മാധ്യമങ്ങളാണ് ലോക തലത്തിൽ കൂടുതൽ വാർത്തകളുമായി പ്രത്യക്ഷപ്പെടുന്നത്.

വ്യാജപ്രചരണം ശക്തമാക്കി സോഷ്യൽ മീഡിയ
എന്നാൽ, പനി ബാധ വായുവിലൂടെ പടരുന്ന സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയിട്ടും സോഷ്യൽ മീഡിയ അടങ്ങിയിരിക്കുന്നില്ല. ഇന്നലെ യുകെയിൽ അനവധി മലയാളികളെ തേടി നാട്ടിലേക്കുള്ള യാത്ര സുരക്ഷിതമാണോ എന്ന് ആശങ്കപെടുത്തുന്ന വാട്‌സ്ആപ് സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ബ്രിട്ടൻ യാത്ര വിലക്ക് ഏർപ്പെടുത്തിയാൽ എപ്പോൾ വേണമെകിലും യാത്ര മുടങ്ങാം എന്ന മട്ടിൽ ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ് പരക്കുന്നത്. എന്നാൽ യാത്ര വിലക്ക് പുറത്തു വന്നാലും, സാധാരണ നിലയിൽ, പ്രദേശത്തു പോകുന്നത് റിസ്‌ക് ആണെന്ന മട്ടിലുള്ള മുന്നറിയിപ്പാണ് പലപ്പോഴും വിദേശ മന്ത്രാലയങ്ങൾ നൽകുക. പക്ഷെ മലയാളികൾക്കിടയിൽ പ്രചരിക്കുന്നത് നാട്ടിലെ വിമാനത്താവളത്തിൽ നിന്നും തിരികെ യുകെയിലേക്കു പുറപ്പെടാൻ കഴിഞ്ഞേക്കില്ല എന്ന മട്ടിലുള്ള സന്ദേശങ്ങളാണ്.

ലോകത്തിലെ ഗുരുതര പകർച്ച വ്യാധികളുടെ പട്ടികയിൽ നിപ വൈറസും
ഒമ്പതു പേരുടെ മരണം സ്ഥിരീകരിച്ചതായും ആറു പേരുടെ പരിശോധന ഫലം കാക്കുന്നതായും 25 പേര് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടെന്നുമാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഡെങ്കി, ചിക്കൻ ഗുനിയ, സിക വൈറസുകൾ അടുത്തകാലത്ത് കേരളത്തിൽ ജീവനൊടുക്കിയ കാര്യവും ബിബിസി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിൽ ഏറ്റവും ശ്രദ്ധ നൽകേണ്ട പത്തു ഗുരുതര പകർച്ച വ്യാധികളുടെ കൂട്ടത്തിലാണ് നിപ പനിബാധ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനർത്ഥം നിപ പനി തടയാൻ ഊർജ്ജിതമായി ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തേണ്ടത് എന്നാണ്. നിപ പനി പിടിച്ചവരുടെ രക്ത സാമ്പിളുകൾ പൂണെയിലെ നാഷണൽ വൈറോളജി ലാബിലാണ് പരിശോധന നടത്തി പകർച്ച വ്യാധി സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ ബിബിസിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. വവ്വാൽ കടിച്ച മാങ്ങാ രോഗ ബാധിതർ കഴിച്ചതായും കേരള ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ വാട്‌സ്ആപ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് വിശ്വസിക്കരുത് എന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും പ്രമുഖ ആശുപത്രികളും ഒക്കെ രംഗത്ത് വന്നത് ഒരു പരിധി വരെ സഹായമാകുന്നുണ്ട്. വിദേശികൾ സംസഥാനം സന്ദർശിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ കെ ടി ഡി സി ഉടൻ നൽകുമെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരണും മാധ്യമങ്ങളോട് വ്യക്തമാക്കി. പക്ഷെ, സാഹചര്യം കൂടുതൽ കടുത്താൽ സംസഥാനത്തെ ടൂറിസം മേഖലയ്ക്കു കടുത്ത ആഘാതം സൃഷ്ടിക്കാൻ നിപ പനിക്കു കഴിയുമെന്നാണ് സൂചന. പകർച്ച വ്യാധി മലബാർ പ്രദേശത്താണെങ്കിലും കേരളം ഒട്ടാകെ വിദേശികൾ ഒഴിവാക്കാനാണ് സാധ്യത.

ടൂറിസത്തിന് തിരിച്ചടിയാകും
അടുത്ത മൂന്നുമാസത്തേക്കു ആയുർവേദ ചികിത്സയ്ക്കും യോഗ പരിശീലനത്തിനുമായി കേരളത്തിലെ ഒട്ടു മിക്ക റിസോർട്ടുകളും ബുക്കിങ് പൂർത്തിയാകുന്ന സമയം ആയതിനാൽ ടൂറിസ്റ്റുകൾ യാത്ര ഉപേക്ഷിച്ചാൽ വിനോദ സഞ്ചാര മേഖലയ്ക്ക് വരുത്തുന്ന നഷ്ടം ഭീമമായിരിക്കും. ഇത്തരം ഒരു സാഹചര്യം മുൻപ് കേരളം അഭിമുഖീകരിച്ചിട്ടില്ലാത്തതിനാൽ വേണ്ട നടപടിക്രമങ്ങളെ പറ്റി പലയിടത്തും ആവശ്യമായ ധാരണയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർക്കാർ വിഷയത്തിൽ യുദ്ധകാല നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കും എന്ന് കോൺഫെഡറേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി, കേരള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

അതേ സമയം, വിദേശ സഞ്ചാരികളുടെ ആശങ്ക അകറ്റാൻ കേരള ടൂറിസം വകുപ്പ് ഉടൻ ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കും എന്ന് സൂചനയുണ്ട്. അതിനിടെ, പകർച്ച വ്യാധി കേരളത്തിൽ നിന്നും ഗോവ, പുണെ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും എത്തിക്കഴിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP