Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസാക്ഷി മരിച്ചിട്ടില്ലാത്ത മനുഷ്യരുടെ മനസ്സിൽ നൊമ്പരമായി സാജന്റെ വീഡിയോ; പ്രതിബന്ധങ്ങളെ മറികടന്നും സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രയത്‌നിച്ച പ്രവാസി വ്യവസായിയുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും പറയുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നഗരസഭയുടെ പിടിവാശിയെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന സാജൻ പാറയിലിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മനസാക്ഷി മരിച്ചിട്ടില്ലാത്ത മനുഷ്യരുടെ മനസ്സിൽ നൊമ്പരമായി സാജന്റെ വീഡിയോ; പ്രതിബന്ധങ്ങളെ മറികടന്നും സ്വപ്‌ന സാക്ഷാത്കാരത്തിനായി പ്രയത്‌നിച്ച പ്രവാസി വ്യവസായിയുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും പറയുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; നഗരസഭയുടെ പിടിവാശിയെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന സാജൻ പാറയിലിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: അധികാര തിമിരം ബാധിച്ച ആളുകളുടെ ഇടയിലേക്ക് നിക്ഷേപകനായി എത്തിയ പ്രവാസിയുടെ പ്രതീക്ഷവറ്റാത്ത വാക്കുകളും അദ്ദേഹം പങ്കുവെച്ച സ്വപ്‌നങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും ചെലവാക്കി പണിത കൺവെൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തിനെ തുടർന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിൽ ദർശന ടിവിക്ക് നൽകിയ അഭിമുഖ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ അദ്ദേഹത്തിന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ മാധ്യമപ്രവർത്തകനുമായി പങ്കുവെക്കുമ്പോഴും അദ്ദേഹം ഊർജ്ജസ്വലനും തികഞ്ഞ ശുഭാപ്തി വിശ്വാസിയുമായിരുന്നു. കണ്ണൂരിലുണ്ടാകുന്ന മാറ്റം മുന്നിൽ കണ്ടാണ് താൻ ഇവിടെ നിക്ഷേപത്തിന് തയ്യാറായത് എന്ന് പറയുന്ന സാജൻ ഇത് നിക്ഷേപ സൗഹൃദ സർക്കാരല്ല എന്ന് തുറന്നു പറയുന്നുണ്ട്.

ജീവിതകാല സമ്പാദ്യം മുഴുവനും ചെലവിട്ടു നിർമ്മിച്ച കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖയ്ക്കു വേണ്ടി നഗരസഭയിൽ പല തവണ കയറിയിറങ്ങി വലഞ്ഞ് ജീവനൊടുക്കിയ പ്രവാസിയായ സാജന്റെ വാക്കുകളും ദൃശ്യങ്ങളും വേദനയോടെയും പ്രതിഷേധത്തോടെയുമാണ് ജനങ്ങൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത്. വർഷങ്ങളായി കയറ്റുമതി കമ്പനിയിൽ ജനറൽ മാനേജരായി കുടുംബസമേതം നൈജീരിയയിലായിരുന്നു സാജന്റെ ജീവിതം. 20 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിൽ നിന്നു ലഭിച്ച സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു സാജൻ കണ്ണൂരിൽ നിക്ഷേപത്തിനു തയാറായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമ്മാണം നടന്നു വരികയായിരുന്നു. അതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്.

വളരെ ചെറുപ്പത്തിൽ ചെറിയ ടെക്‌സ്‌റ്റൈൽ കമ്പനിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി വിവിധ ജില്ലകളിൽ പ്രവർത്തിച്ചായിരുന്നു സാജന്റെ തുടക്കം. പിന്നീട് മുംബൈയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ കമ്പനികളിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തു. അവിടെ നിന്നാണ് നൈജീരിയയിലേക്കു കുടുംബസമേതം പോയത്. നൈജീരിയയിലും സ്ഥാപനങ്ങൾ നോക്കിനടത്താൻ ആളുകളുണ്ട്. മാസത്തിലോ രണ്ട് മാസം കൂടുമ്പോഴോ അവിടെ പോയിട്ട് രണ്ടാഴ്ച നിന്ന് തിരികെ വരാനാണ് ഇപ്പോഴത്തെ താൽപര്യം. ഭാര്യയും മക്കളും നൈജീരിയയിലായിരുന്നു. ഇപ്പോൾ ഇവിടെ തന്നെ സ്‌കൂൾ അഡ്‌മിഷൻ നേടിയിട്ടുണ്ട്.

കേരളത്തിലെ നിർമ്മാണ മേഖലയിൽ ഡോക്യുമെന്റേഷന്റെ പേരിലാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് സാജൻ അഭിമുഖത്തിൽ പറയുന്നു. നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള രേഖകൾ തീർത്ത നൂലാമാലകളായിരുന്നു ആ പ്രവാസി വ്യവസായിക്ക് തിരിച്ചടിയായത്. 'സർക്കാർ സെക്ടറുകളിൽ നിന്നുള്ള പിന്തുണ ഇവിടെ വളരെ മോശമാണ്. എന്തു കാര്യത്തിനു വേണ്ടിയാണെങ്കിലും സർക്കാർ ഓഫിസുകളിൽ പോകണം, അവിടെ വലിയ ബുദ്ധിമുട്ടുകളും. അതൊന്നു പരിഹരിച്ചാൽ കൂടുതൽ പേർ വരും, നിക്ഷേപം വരും. നിലവിലെ സിസ്റ്റം മാറ്റിയെടുക്കാൻ സർക്കാരും ജനങ്ങളും തയാറാകണം. നല്ല അവസരങ്ങളും അതുവഴിയുണ്ടാകും'- സാജൻ പറയുന്നു.

വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങൾ എല്ലാം കണ്ണൂരിലേക്ക് വരുന്നു. ആ മാറ്റത്തിൽ താൽപര്യപ്പെട്ടാണ് ഇവിടേക്കു വന്നത്. പക്ഷേ നിർമ്മാണ മേഖലയിലെ പ്രധാന വെല്ലുവിളി സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു പിന്തുണയും തീരെ ഇല്ല എന്നുള്ളതാണ്. ഒരു സമയത്ത് വരുമ്പോൾ മണലിന്റെ പ്രശ്‌നം പറയും, അതിന്റെ പേപ്പറില്ല അങ്ങനെയങ്ങനെ. പിന്നെ കല്ലിന്റെ പ്രശ്‌നം, സിമന്റ്.. ഇങ്ങനെ ഓരോ സമയത്തും പ്രശ്‌നങ്ങൾ. അങ്ങനെ മോശമായൊരു നിലയിലേക്ക് ബിസിനസ് പോകുന്നു. ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ ചെലുത്തിയാൽ വികസനത്തിൽ ഉൾപ്പെടെ മാറ്റം വരും...' സാജൻ കൂട്ടിച്ചേർത്തു.

നിർമ്മാണ മേഖലയിൽ വിജയം കണ്ടാൽ വിദ്യാഭ്യാസ, ആശുപത്രി മേഖലകളിലേക്കു കടക്കുന്നതു സംബന്ധിച്ച പഠനം നടക്കുകയാണെന്നും അതു വിജയിച്ചാൽ സംരംഭങ്ങൾ ആരംഭിക്കുമെന്നുമുള്ള സ്വപ്നങ്ങളും പങ്കുവച്ചാണ് സാജൻ വാക്കുകൾ അവസാനിപ്പിക്കുന്നത്. തന്റെ സ്വപ്ന പദ്ധതിയായ കൺവൻഷൻ സെന്ററിനു മുന്നിൽ നിൽക്കുന്ന സാജനെയും വിഡിയോയിൽ കാണാം. ഭാര്യ ബീന, മക്കൾ പാർഥിവ്, അർപിത എന്നിവരെപ്പറ്റിയും അദ്ദേഹം അഭിമുഖത്തിൽ വാചാലനാകുന്നുണ്ട്.

15 വർഷത്തെ തന്റെ സമ്പാദ്യമായ 15 കോടി രൂപ മുടക്കിയാണു പാർട്ടി ഗ്രാമമായ ബക്കളത്ത് സാജൻ കൺവൻഷൻ സെന്റർ നിർമ്മിച്ചത്. നിർമ്മാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്ന് ആന്തൂർ നഗരസഭ നോട്ടിസ് നൽകി. സാജന്റെ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ പരിശോധന നടത്തി. അപാകതയില്ലെന്നാണു ടൗൺ പ്ലാനിങ് ഓഫിസർ റിപ്പോർട്ട് നൽകിയതെന്നു സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്‌സ് അധികൃതർ പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചുവയ്ക്കുകയാണെന്നു സാജൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

കടുത്ത പാർട്ടി അനുഭാവിയായിരുന്ന സാജൻ ആന്തൂർ അടക്കം പല പാർട്ടി ഗ്രാമങ്ങളിലെയും പരിപാടികളിലെ സജീവ സ്‌പോൺസറായിരുന്നു. വർഷങ്ങളായി വിദേശത്തായിരുന്നതിനാലാണു സാജനു പാർട്ടി അംഗത്വം ലഭിക്കാതിരുന്നതെന്നു കുടുംബം പറയുന്നു. എന്നാൽ, നാട്ടിലെത്തിയാൽ പാർട്ടി വായനശാലകളുടെ പരിപാടികളിലും സൗകര്യങ്ങൾ വർധിപ്പിക്കാനും സാജൻ സാമ്പത്തികമായി പിന്തുണ നൽകിയിരുന്നു. അടുത്തിടെ പാർട്ടിയുടെ പിന്തുണയോടെ സംഘടിപ്പിച്ച കുളം നവീകരണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നൽകി. നഗരസഭയിൽ നിന്ന് അനാവശ്യ സമ്മർദമുണ്ടായപ്പോഴും പാർട്ടി അനുഭാവിയെന്ന നിലയിലാണു നേരിട്ടു സിപിഎം ജില്ലാ കമ്മിറ്റിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP