Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായിയെ എങ്ങനെ സഹിക്കുന്നുവെന്ന് ഒരു മാദ്ധ്യമപ്രവർത്തക; ജാലകം തുറന്നിട്ട് എഴുതിയിരുന്ന പിണറായിയോട് ലാവ്‌ലിന്റെ കണക്ക് എഴുതുകയാണോയെന്ന് ചില കുട്ടികൾ; കമല ഇന്റർനാഷണൽ കഥകേട്ട് മനസ്സുരുകി: മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കുമുണ്ട് ചിലതുപറയാൻ

പിണറായിയെ എങ്ങനെ സഹിക്കുന്നുവെന്ന് ഒരു മാദ്ധ്യമപ്രവർത്തക; ജാലകം തുറന്നിട്ട് എഴുതിയിരുന്ന പിണറായിയോട് ലാവ്‌ലിന്റെ കണക്ക് എഴുതുകയാണോയെന്ന് ചില കുട്ടികൾ; കമല ഇന്റർനാഷണൽ കഥകേട്ട് മനസ്സുരുകി: മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കുമുണ്ട് ചിലതുപറയാൻ

കെ.വി നിരഞ്ജൻ

കോഴിക്കോട്: 'പിണറായി വിജയനെ ഒരു ഭാര്യ എന്ന നിലയിൽ നിങ്ങൾ എങ്ങനെ സഹിക്കുന്നു' ഒരു ടി.വി മാദ്ധ്യമപ്രവർത്തക പിണറായി വിജയന്റെ ഭാര്യ കമലയോട് ചോദിച്ചു. അതുകേട്ടപ്പോൾ വലിയ ദേഷ്യവും വിഷമവും ഉണ്ടായി. മാദ്ധ്യമപ്രവർത്തകരിൽ പലരും പഠിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്. പിണറായി കാർക്കശ്യമുള്ള മനുഷ്യനാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ചിലർ പറയുന്നത് ഒരിക്കലും ചിരിക്കാത്ത മനുഷ്യനാണെന്നാണ്. ഒരിക്കലും ചിരിക്കാതെ ഒരു മനുഷ്യന് ജീവിക്കാൻ കഴിയുമോ. എന്തൊക്കെയാണ് ഇവർ പറയുന്നത്. വിജയേട്ടനെക്കുറിച്ച് മാത്രമല്ല, എന്നെക്കുറിച്ചും ഇത്തരം കഥകൾ പ്രചരിപ്പിച്ചിട്ടുണ്ട്. കമല ഇന്റർനാഷണൽ എന്നപേരിൽ വിജയേട്ടന് സ്ഥാപനമുണ്ടെന്നുവരെ പറഞ്ഞു പരത്തി. അന്വേഷിച്ചു ചെന്നപ്പോൾ ഗവൺമെന്റ് ഏജൻസികൾക്കുപോലും അവയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മാദ്ധ്യമം വാരാദ്യപതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്‌നി കമല വിജയൻ താനും കുടുംബവും നേരിട്ട അപമാനങ്ങളെക്കുറിച്ചും മാദ്ധ്യമ വേട്ടയെക്കുറിച്ചും വ്യക്തമാക്കുന്നു.

തെറ്റാണെന്ന് തനിക്ക് തോന്നുന്നകാര്യം കണ്ടാൽ വിജയേട്ടൻ ആരുടെ മുഖത്തുനോക്കിയും കാര്യം പറയും. ഇതാണ് കർക്കശക്കാരനായ മനുഷ്യൻ എന്ന പ്രതിച്ഛായ വീഴാൻ കാരണം. എന്നാൽ വീട്ടിൽ ഒരിക്കലും അങ്ങനെയല്ല. മന്ത്രിയായിരിക്കുമ്പോൾ ഒരു ഫയൽപോലും വീട്ടിലേക്ക് കൊണ്ടുവരില്ല. വീട് ഓഫീസാക്കാനും ഓഫീസ് വീടാക്കാനും അദ്ദേഹത്തിന് താൽപ്പര്യമില്ല. വിജയേട്ടനുമായുള്ള ജീവിതം തുടങ്ങിയപ്പോൾ എന്നെ ശരിക്കും വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയായിരുന്നു.ഒപ്പം അടുക്കും ചിട്ടയും. കമല ഓർക്കുന്നു.
പക്ഷേ ലാവലിൻ കരാറുമായ ബന്ധപ്പെട്ട വിവദങ്ങൾ രാഷ്ട്രീയ എതിരാളികൾ നന്നായി മുതലെടുത്തു. സമൂഹത്തിൽ പിണറായിയെക്കുറിച്ച് നെഗറ്റീവായ ഇമേജ് വളർത്തി. നേരത്തെ പിണറായി വിജയന്റെ വീടെന്ന മട്ടിൽ ഏതോ ഒരു വീടിന്റെ ചിത്രം പ്രചരിപ്പിച്ചു. ഒടുവിൽ കള്ളങ്ങളെല്ലാം പൊളിഞ്ഞു.

ആരോപണങ്ങൾ കേൾക്കുമ്പോഴൊക്കെ അത് അവഗണിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. എന്നാൽ ഒരിക്കൽ അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. എന്നാൽ പിന്നീടത് വിജയേട്ടൻ നർമ്മംപോലെ നോക്കിക്കാണുകയുമുണ്ടായി. ഒരു സന്ധ്യക്ക് ഫ്‌ളാറ്റിലെ ജാലകം തുറന്നിട്ട് ഗൗരവസ്വഭാവത്തിലുള്ള എന്തോ എഴുതിക്കൊണ്ടിരിക്കയായിരുന്ന അദ്ദേഹം. അപ്പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് ഏതോ വികൃതിക്കുട്ടികൾ 'ലാവിലിന്റെ കണക്ക് എഴുതുകയാണോ എന്ന് വിളിച്ചു ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ ആ സംഭവം അദ്ദേഹത്തെ ക്ഷോഭിപ്പിച്ചു.താഴെക്കുപോയി ആ സ്ഥാപനത്തിന്റെ ഉടമായയ ഫാദറിനെ കണ്ട് നടന്നകാര്യം പറഞ്ഞു. ഫാദറും അതുകേട്ട് വിഷമിച്ചുപോയി. ക്ഷമചോദിക്കുക്കുകയും അന്വേഷിച്ച് നടപടിയെടുക്കാമെന്നും ഫാദർ പറഞ്ഞപ്പോൾ, നടപടിയൊന്നും വേണ്ട, മറ്റുള്ളവരുടെ വീടുകളിലേക്ക് ഇത്തരം ശല്യപ്പെടുത്തലുകൾ ഉണ്ടാകാതിരുന്നാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കമല വ്യക്തമാക്കി.

ഞങ്ങളുടെ വിവാഹം 1979ൽ ആയിരുന്നു. വിവാഹത്തിനുമുമ്പ് എംഎ‍ൽഎ എന്ന നിലയിലൊക്കെ കേട്ടിരുന്നു. പക്ഷേ, എന്റെ ഭർത്താവ് ആകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ഒരിക്കൽ ഞങ്ങൾ ബന്ധുക്കൾ യാത്രക്കിടയിൽ കൊടുവള്ളിയിൽവച്ച് സ്റ്റാർ എന്നൊരു ബസ് കണ്ടു. അതിൽ പിണറായി എന്ന ബോർഡ് കണ്ടപ്പോൾ 'ഇത് പിണറായി വിജയന്റെ നാട്ടിലേക്കുള്ള ബസ് ആണല്ലോ' എന്ന് ഞാൻ ആരോടോ പറഞ്ഞത് ഓർക്കുന്നുണ്ട് ഇപ്പോഴും. വിജയേട്ടനൊപ്പം അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞ എടച്ചേരി ബാലന്മാഷാണ് വിവാഹാലോചന കൊണ്ടുവന്നത്. അപ്പോൾ ഞാൻ ബി.എഡിന് ചേർന്നതേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പറഞ്ഞത് കോഴ്‌സ് കഴിഞ്ഞിട്ടാകാം ആലോചനയെന്നായിരുന്നു. കോഴ്‌സ് കഴിഞ്ഞപ്പോൾ ആലോചന വീണ്ടും വന്നു. വിജയേട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ അച്ഛൻ കോഴിക്കോട്ട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞുവന്ന അച്ഛൻ പറഞ്ഞത് എനിക്ക് പയ്യനെ നേരിട്ടുകാണണം എന്നായിരുന്നു. അങ്ങനെ വിജയേട്ടൻ വീണ്ടും വന്നു. അച്ഛന് ഇഷ്ടപ്പെട്ടു. തുടർന്ന് എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ അച്ഛന്റെയും അമ്മയുടെയും ഇഷ്ടമാണ് തൻേറതുമെന്ന് പറഞ്ഞു. അങ്ങനെ വിവാഹം നടന്നു.

പൊതുരംഗത്ത് ഇത്രയും സജീവായി നിൽക്കുന്ന ഒരാളെ കല്യാണം കഴിച്ചാൽ അദ്ദേഹത്തെ കാണാൻപോലും കിട്ടുന്ന സന്ദർഭങ്ങൾ അപൂർവമായിരിക്കുമെന്ന് ഞാനൂഹിച്ചിരുന്നില്ല. എന്നാൽ, അതായിരുന്നു സത്യം. അത്യാവശ്യം എസ്.എഫ്.ഐ അംഗത്വം, പിന്നെ ഒരു കമ്യൂണിസ്റ്റ് കുടുംബാംഗം ഒക്കെയായിരുന്ന എനിക്ക്, ഇത്രയും തിരക്കുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതംകണ്ട് സങ്കടംവരുകതന്നെ ചെയ്തു. ഞാനൊരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. അത്യാവശ്യം സിനിമക്കും ഷോപ്പിങ്ങിനുമൊക്കെ കൂടെ വരുന്ന, നമുക്കൊപ്പം എപ്പോഴും ഉള്ള ഭർത്താവിനെ ആഗ്രഹിക്കുന്നവൾ. എന്റെ സങ്കടം കണ്ട് എന്റെ സഹോദരി നന്നായി എന്നെ ഉപദേശിച്ചു. പൊതുപ്രവർത്തകന്റെ ഭാര്യ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും അത്തരം ധാരണകളില്ലാതെ പെരുമാറിയാൽ ഭർത്താവിന്റെ സ്വസ്ഥത കെടുമെന്നും ചേച്ചി പറഞ്ഞുതന്നു. പ്രശ്‌നക്കാരി അല്ലാത്ത ഭാര്യയാകാനും വിജയേട്ടന് പരമാവധി പിന്തുണ നൽകാനും അങ്ങനെയാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻകാരണം ഒരുവിധ ബുദ്ധിമുട്ടുകളും എന്റെ ഭർത്താവിന് ഉണ്ടാകരുതെന്നും തീർച്ചപ്പെടുത്തി. അന്നുമുതൽ ഇന്നുവരെ അത് പാലിക്കുന്നു. കമല വ്യക്തമാക്കുന്നു.

പിണറായുടെ കൃത്യനിഷ്ഠയ്ക്ക് കമലയുടെ മനസ്സിൽ നൂറിൽ നൂറാണ് മാർക്ക്. എന്നെ ശരിക്കും വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയായിരുന്നു. ഒപ്പം അടുക്കുംചിട്ടയും. ചെരിപ്പുകൾ അഴിച്ചുവച്ചാൽപോലും അതിലൊന്ന് മാറിയിരിക്കരുത് എന്നതിൽപോലും സൂക്ഷ്മതയുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ചൊക്കെ എനിക്ക് പറഞ്ഞുതരുകയും ചെയ്യുമായിരുന്നു. വിവാഹം കഴിഞ്ഞ വേളയിൽതന്നെ വിജയേട്ടൻ അമ്മയെ പരിചരിക്കുന്ന കാര്യത്തിൽ ശ്രദ്ധവേണമെന്ന് പ്രത്യേകം പറഞ്ഞു. അമ്മയോട് ആത്മബന്ധം വളരെ ദൃഢമായിരുന്നു അദ്ദേഹത്തിന്. അമ്മയുടെ 14ാമത്തെ മകനായിരുന്നുവല്ലോ വിജയേട്ടൻ. (ആ അമ്മക്ക് മൂന്നു മക്കളയേ കിട്ടിയുള്ളൂ. ബാക്കിയുള്ളവർ ജനിച്ച് ഉടൻതന്നെ കണ്ണടക്കുകയായിരുന്നു.) അതുപോലെ രാഷ്ട്രീയ എതിരാളികളിൽനിന്നുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ എന്തും സഹിക്കാനുള്ള മനക്കരുത്ത് ഉണ്ടാക്കിയെടുക്കണമെന്നും വിജയേട്ടൻ പലപ്പോഴും പറയാറുണ്ടായിരുന്നു.

ഒരിക്കൽ ഷോക്കുണ്ടായ പോലത്തെ അനുഭവമുണ്ടായി. മോൻ വിക്കിക്ക് (വിവേക്) അന്ന് 12 വയസ്സാണ്. വിജയേട്ടന്റെ ഷർട്ട് അലക്കുമ്പോൾ അതിൽനിന്ന് ഒരു കത്ത് എനിക്ക് ലഭിച്ചു. അത് തുറന്നപ്പോൾ 'നിന്റെ മോനെ വെട്ടിനുറുക്കിക്കൊല്ലും' എന്നായിരുന്നു ഉള്ളടക്കം. കുറച്ചുനേരം തലകറങ്ങി. പിന്നെ കുറെ നേരം കഴിഞ്ഞപ്പോൾ കണ്ണൂരിലെ ഉറ്റവരെയും ഉടയവരെയും നഷ്ടമായ കമ്യൂണിസ്റ്റ് കുടുംബങ്ങളെ കുറിച്ചോർത്തു. അവർ സഹിക്കുന്ന വേദനകളെക്കുറിച്ച് ഓർത്തപ്പോൾ എന്തും നേരിടാനുള്ള ധൈര്യം മനസ്സിലുണ്ടായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ വിജയേട്ടന്റെ സുഹൃത്തായ ഒരാൾ പറഞ്ഞത് 'ഏടത്തീ വിക്കിയെ കൂടുതൽ പുറത്തൊന്നും വിടണ്ടാ' എന്നായിരുന്നു. എന്നിട്ടും, ഒരു ധൈര്യം ഉള്ളിൽ എവിടെയോ ഉണ്ടായി. 'അതെങ്ങനെയാണ്, കുട്ടികളെ വീട്ടിനകത്തിരുത്തി വളർത്താൻ കഴിയുമോ?' എന്ന് തിരിച്ചുചോദിക്കാൻ കഴിഞ്ഞതും അതുകൊണ്ടായിരുന്നു. ഇത്തരത്തിൽ കുട്ടികൾക്കുനേരെ ഭീഷണി എതിരാളികളിൽനിന്ന് ഉണ്ടായപ്പോൾ വിജയേട്ടൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ചെയ്യുന്നെങ്കിൽ എന്താന്നുവച്ചാൽ അവർ ചെയ്യട്ടെ'. അതായിരുന്നു വിജയേട്ടൻ.

ലാവ്‌ലിൻ കേസ് ഉൾപ്പെടെ ഒടുവിൽ കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുന്നു. ഇപ്പോൾ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായിരിക്കുന്നു. അതിൽ അദ്ദേഹത്തിന് അമിതമായ ആഹ്ലാദമൊന്നും ഇല്ലെന്ന് എനിക്ക് കൃത്യമായും അറിയാം. കാരണം, അധികാരം എന്നത് ഒരിക്കലും അദ്ദേഹത്തിന് ആസ്വാദിക്കാൻ കഴിയുന്ന ഒന്നല്ല; മറിച്ച് ഉത്തരവാദിത്തം കൂട്ടുന്ന ഒന്നാണ്. 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന മുദ്രാവാക്യംപോലും ഉത്തരവാദിത്തം വർധിപ്പിക്കുന്നതാണ്. എന്തായാലും അധികാരം ഇടത്താവളം മാത്രമാണ്. അങ്ങനെ കരുതി, ജനത്തെ മുന്നിൽക്കണ്ട് യഥാർഥ കമ്യൂണിസ്റ്റായി നവകേരളത്തിനായി അദ്ദേഹം മുന്നോട്ടുപോകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷയും വിശ്വാസവും- കമല വിജയൻ അഭിമുഖത്തിൽ പറഞ്ഞുനിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP