Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ യെമനിൽ സുരക്ഷിതനായി ജീവിക്കുന്നു; അഖിൽ അബ്ദുള്ളയുടെ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ്; മതം മാറിയത് കേരളത്തിൽ അല്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം

ഞാൻ യെമനിൽ സുരക്ഷിതനായി ജീവിക്കുന്നു; അഖിൽ അബ്ദുള്ളയുടെ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ്; മതം മാറിയത് കേരളത്തിൽ അല്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിന്നും കാണാതയ രണ്ട് മലയാളി യുവാക്കളെ കുറിച്ച് അന്വേഷണം ഊർജിതമാക്കി കേന്ദ്ര ഏജൻസിയും. ഇസ്ലാം മതം സ്വീകരിച്ച് വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന ഇരുവരെ കുറിച്ചും ദേശീയ അന്വേഷണ ഏജൻസിയും പൊലീസുമാണ് അന്വേഷണം നടത്തുന്നത്. അതീവ രഹസ്യമായാണ് വിവര ശേഖരണവും മറ്റു അന്വേഷണങ്ങളും നടന്നു വരുന്നത്. അതാത് ദിവസത്തെ റിപ്പോർട്ട് എൻ.ഐ.എക്ക് കൈമാറിയാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. കാണാതായവർ ഏത് രാജ്യത്തേക്കു കടന്നു എന്നുള്ളതും മതം മാറൽ സംബന്ധിച്ചും ബന്ധുക്കൾ, കൂട്ടുകാർ എന്നിവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അന്വേഷണ സംഘം ക്രോഡീകരിച്ചിട്ടുണ്ട്. മത പരിവർത്തനം നടത്തിയതായി അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലൊന്നും രേഖകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

കാസർകോഡ്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും മലയാളികളെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനു പിന്നാലെയായിരുന്നു മലപ്പുറത്ത് നിന്നും രണ്ടു പേരെ കാണാതായതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഐസിസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് യുവാക്കൾ ആകർഷിക്കുന്നതായുള്ള വാർത്തകൾ വരുന്ന സാഹചര്യത്തിലായിരുന്നു പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും കാണാതായ യുവാക്കളുടെ രക്ഷിതാക്കൾ കഴിഞ്ഞ ആഴ്ചയിൽ പൊലീസിൽ പരാതി നൽകിയത്. പെരിന്തൽമണ്ണ സ്വദേശി അഖിൽ (25) എന്ന അബ്ദുള്ളയെ കാണാതായ സംഭവത്തിൽ പിതാവ് സുബ്രഹ്മണ്യൻ, കൊണ്ടോട്ടി മുതുവല്ലൂർ പ്രശാന്ത് (33)നെ കാണാതായ സംഭവത്തിൽ പിതാവ് പരവൻതൊടി ബാലചന്ദ്രൻ എന്നിവരാണ് പെരിന്തൽമണ്ണ, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനുകളിലായി പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ കാണാതായ ഇരുവരും ഇസ്ലാം മതം സ്വീകരിച്ച ശേഷം നാടുവിടുകയായിരുന്നെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

കാണാതായ പെരിന്തൽമണ്ണയിലെ അഖിൽ അബ്ദുള്ള പിതാവ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ പെരിന്തൽമണ്ണ സി.ഐക്ക് ഒരു ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. വിദേശത്ത് നിന്നും അഖിൽ അബ്ദുള്ളയുടേതെന്ന് കരുതുന്ന ഈ സന്ദേശം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. ഞാൻ യമനിലാണെന്നും ഇവിടെ സുരക്ഷിതനായി ജീവിക്കുകയാണെന്നും പറഞ്ഞായിരുന്നു സർക്കിൾ ഇൻസ്‌പെക്ടർക്ക് അബ്ദുള്ളയുടെ പേരിൽ സന്ദേശം ലഭിച്ചത്. അബ്ദുള്ളയുടെ പിന്നിലൽ നാട്ടിലുള്ള മറ്റാരെങ്കിലും ഉണ്ടോയെന്നും സന്ദേശം അഖിൽ അബ്ദുള്ളയുടേത് തന്നെയാണോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരുന്നു. സന്ദേശം കാണാതായ യുവാവിന്റേതാണെങ്കിൽ ഏത് രാജ്യത്ത് നിന്നും എന്നുള്ള വിദഗ്ദ വിവരങ്ങളും സംഘം ക്രോഡീകരിച്ചു വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

2014 മെയ് 10നാണ് പെരിന്തൽമണ്ണ സ്വദേശി അഖിൽ എന്ന അബ്ദുള്ളയെ കാണാതായതെന്നാണ് പിതാവിന്റെ പരാതി. അഖിൽ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ളയെന്ന പേര് സ്വീകരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇയാൾ യമനിലേക്കോ സിറിയയിലേക്കോ പോയതാകാമെന്ന സൂചനകളാണ് അന്വേഷണ ഏജൻസികളും നൽകുന്നത്. പിതാവ് സുബ്രഹ്മണ്യൻ പെരിന്തൽമണ്ണ പൊലീസിലായിരുന്നു പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ വിവരം അറിഞ്ഞതോടെ അഖിൽ അബ്ദുള്ളയുടേതെന്ന പേരിൽ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തൽമണ്ണ സി.ഐക്ക് ഒരു ഇ മെയിൽ സന്ദേശം ലഭിച്ചത്. ഈ സന്ദേശം രാജ്യം വിട്ടതായുള്ള സംശയം ബലപ്പെടുത്തുന്നു. ഇ-മെയിൽ സന്ദേശം കൂടുതൽ പരിശോധനക്കു വിധേയമാക്കുകയാണെന്ന് ബന്ധപ്പെട്ട ഏജൻസികൾ. വിദേശത്തേക്ക് കടക്കുന്നതിനു മുമ്പായി അഖിൽ നിരന്തരമായി ബന്ധപ്പെടുകയും സഹവസിക്കുകയും ചെയ്ത ചിലരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. മതം മാറ്റൽ ഏതു വിധേനയാണെന്നും കാണാതായ മറ്റു വലയാളികളുമായി ബന്ധമുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഇതിനു ശേഷം മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുക്കളുടെ കൈവശം അഖിൽ അബ്ദുള്ളയുടെ ഫോട്ടോ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷമായി പ്രശാന്തിനെ കാണാനില്ലെന്നും കണ്ടെത്തെണമെന്നും കാണിച്ചായിരുന്നു പിതാവ് പരാതി നൽകിയത്. ഈ പരാതിയും ഒരാഴ്ച മുമ്പായിരുന്നു കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില നൽകിയത്. 2011 നവംബർ 30നാണ് പ്രശാന്തിനെ കാണാതാകുന്നത്. സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും സ്വത്ത് വിറ്റ പണംകൊണ്ട് ആഡംബര ജീവിതം നയിച്ച പ്രശാന്ത് കടം വന്ന് നാടുവിടുകയായിരുന്നെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. വീടു വിട്ടിറങ്ങുമ്പോൾ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും സാധനങ്ങളും എടുത്തിരുന്നു. എന്നാൽ കാണാതായതിനു ശേഷം പ്രശാന്ത് കണ്ണൂരിൽ ഇസ്ലാംമതം സ്വീകരിച്ചിരുന്നെന്നും ഇവിടെ നിന്നും ഒരു യുവതിയെ വിവാഹം കഴിച്ചതായും വിരവരം ലഭിച്ചിട്ടുണ്ടെന്ന് പിതാവ് പൊലീസിനോടു പറഞ്ഞു. പിന്നീട് കാലങ്ങളായി യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ രണ്ട് സുഹൃത്തുക്കളുടെ ഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു പിതാവ് പറഞ്ഞു.

കടം വീട്ടാനുള്ള പണവുമായി വരുമെന്നു പറഞ്ഞായിരുന്നു പ്രശാന്ത് വീടു വിട്ടിറങ്ങിയത്. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് യാതൊരു വിവരവും ഇല്ല. ഐ.എസിലേക്ക് യുവാക്കൾ പോയതായി സംശയിക്കുന്നതായി വാർത്തകൾ പുറത്തു വന്നതോടെ പിതാവ് പരാതിയുമായി എത്തുകയായിരുന്നു. പ്രശാന്ത് രാജ്യം വിട്ടതായി ഇതുവരെയും സ്ഥിരീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. അതേസമയം ബന്ധുക്കളുടെ മൊഴികളും അവസാനം പ്രശാന്ത് വിളിച്ച ഫോൺ വിവരണങ്ങൾ വിരൽ ചൂണ്ടുന്നത് വിദേശത്തേക്കു കടന്നുവെന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വിലയിരുത്തുന്നു. കാണാതാകുന്നതിനു മുമ്പായി പ്രശാന്തിന്റെ കൂട്ടുകെട്ടും ബന്ധങ്ങളുമെല്ലാം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നുവെന്നും ഇത് ആരെല്ലാം എന്ന് വ്യക്തതയില്ലെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.

കാണാതായ യുവാക്കൾ മതം മാറിയെന്നതിന് സ്ഥിരീകരണ രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പൊന്നാനി മഊനത്തുൽ ഇസ്ലാമിലെ രജിസ്റ്റർ വിവരങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ ഇവിടന്ന് ലഭ്യമായിട്ടില്ല. മതപരിവർത്തനം നടത്താൻ സാധ്യതയുള്ള മറ്റു ഇടങ്ങളിലും പരിശോധിക്കുന്നുണ്ട്. കാണാതായ അഖിൽ മതം മാറി അബ്ദുള്ളയെന്ന പേര് സ്വീകരിച്ചതായി ബന്ധുക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ മതം മാറ്റം എവിടെ നിന്നും നടന്നെന്ന് വ്യക്തമല്ല. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കാണാതായ മെറിന്റെ സഹോദരൻ നൽകിയ പരാതിയിൽ സാക്കിർ നായിക്ക് നേതൃത്വം നൽകുന്ന ഇസ്ലാമിക്ക് പീസ് ഫൗണ്ടേഷൻ അദ്ധ്യാപകൻ ഖുറൈഷിയെ മുബൈയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിൽ മലപ്പുറത്തു നിന്നും കാണാതായവരുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ച് കൂടുതൽ വിവരം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മലപ്പുറം എസ്‌പി ദീപേഷ് കുമാർ ബെഹ്‌റയുടെ മേൽനോട്ടത്തിൽ ഇരു കേസുകളും വെവ്വേറയായാണ് അന്വേഷണം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP