Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂർച്ചയേറിയ പല്ലുകൾ കൊണ്ട് ഒരുമിനിറ്റിനകം ഇരയെ തീർക്കുന്ന കൊലയാളി മത്സ്യമായ 'പിരാന'കൾ നീന്തിത്തുടിക്കുന്ന അക്വേറിയം; സ്വന്തം വസതിയിലെ അക്വേറിയത്തിലേക്ക് പിരാനകളെ ഇറക്കുമതി ചെയ്തത് ബ്രസീലിൽ നിന്ന്; എതിരാളികളെ ഷാർക്കുകൾക്ക് തീറ്റയാക്കുന്ന ജെയിംസ് ബോണ്ട് വില്ലനെ അനുകരിച്ച് സൈനിക ജനറലിനെ കിം കോങ് ഉൻ പിരാനകൾക്ക് എറിഞ്ഞുകൊടുത്തോ? ഉത്തരകൊറിയൻ സർവാധിപതിയുടെ പുതിയ വില്ലത്തരം പാശ്ചാത്യമാധ്യമങ്ങളുടെ ലേറ്റസ്റ്റ് നുണക്കഥയോ?

മൂർച്ചയേറിയ പല്ലുകൾ കൊണ്ട് ഒരുമിനിറ്റിനകം ഇരയെ തീർക്കുന്ന കൊലയാളി മത്സ്യമായ 'പിരാന'കൾ നീന്തിത്തുടിക്കുന്ന അക്വേറിയം; സ്വന്തം വസതിയിലെ അക്വേറിയത്തിലേക്ക് പിരാനകളെ ഇറക്കുമതി ചെയ്തത് ബ്രസീലിൽ നിന്ന്; എതിരാളികളെ ഷാർക്കുകൾക്ക് തീറ്റയാക്കുന്ന ജെയിംസ് ബോണ്ട് വില്ലനെ അനുകരിച്ച് സൈനിക ജനറലിനെ കിം കോങ് ഉൻ പിരാനകൾക്ക് എറിഞ്ഞുകൊടുത്തോ? ഉത്തരകൊറിയൻ സർവാധിപതിയുടെ പുതിയ വില്ലത്തരം പാശ്ചാത്യമാധ്യമങ്ങളുടെ ലേറ്റസ്റ്റ് നുണക്കഥയോ?

മറുനാടൻ ഡെസ്‌ക്‌

പ്യോങ് യാങ്: ചുണ്ടിൽ എരിയുന്ന പൈപ്പും, കയ്യിൽ ലോഡുചെയ്ത റിവോൾവറുമായെത്തുന്ന ജോസ് പ്രകാശിന്റെ വില്ലൻ വേഷം ഇപ്പോഴും മിമിക്രികാർക്ക് ഹരമാണ്. തന്റെ അനിഷ്ടത്തിന്് ഇരയാകുന്നവരെ മുതലയ്ക്ക് ഇട്ടുകൊടുത്തിട്ട് ക്രൂരതയുടെ ആനന്ദത്തോടെ പൊട്ടിച്ചിരിക്കുന്ന ആ വില്ലനെ എങ്ങനെ മറക്കാൻ. ഇത് മലയാള സിനിമയിൽ മാത്രമല്ല ഉണ്ടായിരുന്നത്. അല്ലെങ്കിൽ മലയാള സിനിമ ഹോളിവുഡിൽ നിന്നോ മറ്റോ കടമെടുത്തതാകാം. 1977 ലെ ജെയിംസ് ബോണ്ട് സിനിമയായ 'ദി സ്‌പൈ ഹൂ ലവ്ഡ് മീ'യിൽ ഒരുരംഗമുണ്ട്. വില്ലനായ കാൾ സ്‌ട്രോംബർഗ് എതിരാളികളെ വകവരുത്തിയിരുന്നത് അതിക്രൂരമായി. തന്റെ എതിരാളികളെ ഷാർക്കുകൾ നിറഞ്ഞ അക്വേറിയത്തിൽ എറിഞ്ഞായിരുന്നു വകവരുത്തിയിരുന്നത്. 1973 ൽ പുറത്തിറങ്ങിയ 'ലിവ് ആൻഡ് ലെറ്റ് ഡൈ' എന്ന ജെയിംസ് ബോണ്ട് സിരീസിലെ ഒരു ചിത്രത്തിൽ നായകൻ മുതലക്കുളത്തിലിറങ്ങുന്നതായി കാണിച്ചിരുന്നു. ഇതൊക്കെ സിനിമയിലേ നടക്കൂ എന്നുപറഞ്ഞ് ചായയും കുടിച്ച് സ്വസ്ഥമാവാൻ വരട്ടെ. ഉത്തരകൊറിയയിൽ നിന്ന് സിനിമയിലേക്കാൾ വലിയ സംഭവ കഥകളാണ് പുറത്തുവരുന്നത്. ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന് കൊലയാളി മീനുകളായ പിരാനകളുടെ വലിയ അക്വേറിയം ഉണ്ടെന്നാണ് പുതിയ കഥ. തന്നെ ധിക്കരിച്ച തനിക്കെതിരെ തിരിഞ്ഞ ഒരുജനറലിനെ കിം ഇല്ലാതാക്കിയത് പിരാനകൾ നീന്തിത്തുടിക്കുന്ന ഈ അക്വേറിയത്തിലേക്കാണ്.

എന്നാൽ, ഈ സംഭവം പാശ്ചാത്യ മാധ്യമങ്ങളുടെ ഭാവനയിൽ വിരിഞ്ഞതാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഉത്തരകൊറിയയിൽ എല്ലാം രഹസ്യമായതുകൊണ്ട് സംഭവത്തിന്റെ വിശദാംശങ്ങൾ വെളിവായിട്ടില്ല. ആരാണ് ജനറൽ എന്നറിയില്ല. ഏതോ ഒരുജനറൽ, അത്രയേ അറിയാൻ പാടുള്ളു. ഏതായാലും ഇദ്ദേഹം കിമ്മിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും, അത് മണത്തറിഞ്ഞ കിം ജനറലിനെ പീസ് പീസാക്കി പിരാനകൾക്ക് ഇട്ടുകൊടുത്തുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാർത്ത. കിമ്മിന്റെ റ്യോങ്‌സോങ്ങിലെ വസതിയിലാണ് പിരാനകളുടെ ഫിഷ് ടാങ്ക് എന്നാണ് പിന്നാമ്പുറ സംസാരം. കൈകാലുകളും, ഉടലും ഛേദിച്ച് ജനറലിനെ ടാങ്കിലേക്ക് എടുത്തറിയുകയായിരുന്നു. പിരാനകളാണോ ജനറലിനെ വകവരുത്തിയത് അതോ, പരിക്കുകൾ മൂലമോ, വെള്ളത്തിൽ മുങ്ങിയോ ജനറൽ മരിക്കുകയായിരുന്നോ എന്നാണ് അറിയാത്ത കാര്യം. കിമ്മിന്റെ അക്വേറിയത്തിലെ പിരാനകളെ ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് പറയുന്നു. മാംസഭോജികളാണ് പിരാനകൾ. ഒരുമൃതദേഹം കിട്ടിയാൽ മൂർച്ചയേറിയ പല്ലുകൾ കൊണ്ട് മിനിറ്റുകൾക്കകം തിന്നുതീർക്കും ഈ വമ്പന്മാർ.

കിമ്മിനെ കുറിച്ചുള്ള കഥകൾ

2011 ൽ അധികാരക്കസേര കിട്ടിയ ശേഷം 16 മുതിർന്ന ഉദ്യോഗസ്ഥരെയാണ് കിം കാലപുരിക്ക് അയച്ചത്. സൈനിക മേധാവി, ഉത്തരകൊറിയയുടെ കേന്ദ്ര ബാങ്കിന്റെ സിഇഒ, ക്യൂബയിലെയും മലേഷ്യയിലെയും അംബാസഡർമാർ എന്നിവരെയും കിം ഇല്ലാതാക്കി. അമേരിക്കയുമായുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കിമ്മിനു നാണക്കേടുണ്ടായെന്നാരോപിച്ചായിരുന്നു കൊലപാതകം. കുടുംബാംഗങ്ങളുടെ മരണത്തിന് പിന്നിലും കിമ്മാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. രാജ്യത്തിന്റെ ശത്രുവാണെന്ന് കിമ്മിന് തോന്നിയാൽ അയാളുടെ കാര്യം പോക്കുതന്നെ. വിശ്വാസ വഞ്ചന കാട്ടിയാൽ പൊറുക്കുമെന്ന് സ്്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കേണ്ട്. ഇനി വിശ്വസ്തരായാൽ കൂടി വഞ്ചന കാട്ടിയാൽ, അല്ലെങ്കിൽ കാട്ടിയെന്ന് കിമ്മിന് തോന്നിയാൽ കാത്തിരിക്കുന്നത് ഇതുപോലെയുള്ള ക്രൂരമായ മരണങ്ങൾ തന്ന.

കിമ്മിന്റെ രാഷ്ട്രീയ ആയുധങ്ങൾ ഭയവും ഭീകരതയുമാണ്. ഒരാളെ കൊല്ലാൻ പിരാനകളെ ഉപയോഗിക്കുന്നതാണോ കേമം എന്ന ചിന്തയൊന്നും അ്‌ദ്ദേഹത്തെ അലട്ടാറില്ല. 2016 ൽ രണ്ടു ഉന്നത ഉദ്യോഗസ്ഥരെ വിമാനവേധ തോക്ക് ഉപയോഗിക്ക് കിം വധിച്ചതായി വാർത്തകൾ വന്നു. കിമ്മിനൊപ്പം യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഉറങ്ങിയതിന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ, റി യോങ് ജിൻ-മന്ത്രിയാണോ എന്നും സംശയമുണ്ട്- അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ അഴിമതി കുറ്റവും ചുമത്തി. കിമ്മിന്റെ നേതൃത്വത്തിന് വെല്ലുവിളി ഉയർത്തിയ മുൻ കൃഷി മന്ത്രി ഹ്വാങ് മിന്നിനെയും കിം വകവരുത്തി. പാർട്ടിക്കും സൈന്യത്തിനും പുറത്തുള്ള ആദ്യ കൊലപാതകം കൂടിയായിരുന്നു അത്.

ബന്ധവുമില്ല, സ്വന്തവുമില്ല

എതിരുനിന്നാൽ സ്വന്തവും ബന്ധവുമൊന്നു കിമ്മിന് പ്രശ്‌നമല്ല. 2013 ൽ തന്റെ വിശ്വസ്തനും അമ്മാവനുമായിരുന്ന ജാങ് സോങ് തേയ്ക്കിന്റെ കൊലപാതകമാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചത്. ഉത്തരകൊറിയൻ സോപ്പ് ഓപ്പറകൾ കണ്ടതിനു മുതൽ അഴിമതി വരെ ആരോപിച്ച് 2014 ൽ 50 ഉദ്യോഗസ്ഥരെ കിം വധിച്ചതായും വാർത്തകൾ വന്നിരുന്നു.

കിമ്മിന്റെ ക്രൂരതകളെ കുറിച്ചുള്ള വാർത്തകളെല്ലാം ഇന്ത്യൻ മാധ്യമങ്ങളിൽ അടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല. ഉത്തരകൊറിയയുടെ ശത്രുരാജ്യമായ ദക്ഷിണ കൊറിയ തന്നെയാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിൽ മുന്നിൽ നിന്നിരുന്നത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ റി യോങ് ജിനിനെതിരെ അഴിമതിയാരോപണമാണു ചുമത്തിയിരുന്നത്. അമേരിക്കയെയും സഖ്യകക്ഷികളെയും വിറപ്പിച്ച് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ആണവ പരീക്ഷണം നടത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ അമേരിക്കയെ കൂസാത്ത കിമ്മിനെ കുറിച്ചുള്ള വാർത്തകളും നിരന്തരമായി പ്രചരിച്ചു. ഒളിമ്പിക്സിൽ മെഡൽ നേടാതെ തിരിച്ചുവരുന്ന താരങ്ങളെ ഖനിയിലേക്ക് പറഞ്ഞയക്കുമെന്ന വിധത്തിൽ കിം ഉത്തരവിട്ടെന്ന വാർത്തകളും പുറത്തുവന്നു.

2011ൽ അധികാരത്തിലെത്തിയതിനു പിന്നാലെ ഒട്ടേറെ വധശിക്ഷകൾ കിം ജോങ് ഉൻ നടപ്പാക്കി വരികയാണെന്നാണ് പ്രചാരണം. സ്വന്തം അമ്മാവനായ ജാങ് സോങ് തേയിയെ വിശന്ന വേട്ടനായ്ക്കൾക്ക് ഇട്ടുകൊടുത്താണു കൊലപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ കിമ്മിനെ ക്രൂരനായ ഭരണാധികാരിയെന്ന വിശേഷണം നൽകി. ദേശീയ പ്രതിരോധ കമ്മിഷൻ അധ്യക്ഷനായിരുന്ന ജാങ് സോങ്ങിനെ തൽസ്ഥാനത്തുനിന്നു നീക്കി രണ്ടാഴ്ചയ്ക്കുള്ളിലാണു വിചാരണയും വധശിക്ഷയും നടപ്പാക്കിയത്. കിം ജോങ്ങിനെ തൽസ്ഥാനത്തുനിന്നു പുറത്താക്കാൻ ജാങ് സോങ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഇതേക്കുറിച്ചെല്ലാം എതിർചേരിയിലുള്ള രാജ്യങ്ങളിലെ മാധ്യമങ്ങൾ പറയുന്നതിന് അപ്പുറത്തേക്കുള്ള കാര്യങ്ങളൊന്നും ആർക്കും അറിയില്ലെന്നതാണ് വാസ്തവം.

2015 ഏപ്രിലിൽ പ്രതിരോധമന്ത്രി ഹയോൺ യോങിനെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തര കൊറിയ വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. കിം ജോങ് ഉൻ പങ്കെടുത്ത സൈനിക പരിപാടിയിൽ ഹയോൺ മയക്കം നടിച്ച് കിങിനോട് അനാദരവ് കാണിച്ചു എന്നാരോപിച്ചായിരുന്നു വധിച്ചതെന്നായിരുന്നു വാർത്തകൾ. 2011 ൽ അന്നത്തെ പ്രസിഡന്റായിരുന്ന കിം ജോങ് 11 ന്റെ മരണത്തിന് ശേഷമാണ് കിം ജോങ് ഉൻ അധികാരത്തിലെത്തിയത്. അന്ന് അദ്ദേഹത്തിന് 25 വയസ്സ് പ്രായം മാത്രമായിരുന്നു.

അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി. ലോക രാജ്യങ്ങൾക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങൾ നടത്തി ഭീഷണി മുഴക്കി. 2012 ൽ മിസൈലുകളുടെ പരീക്ഷണം നടത്തുകയും 2013 ൽ രാജ്യത്തിന്റെ മൂന്നാമത്തെ ന്യൂക്ലിയർ പരീക്ഷണം നടത്തുകയും ചെയ്തത് കാരണം ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ രാജ്യത്തിന് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ ഇദ്ദേഹം ആറ്റം ബോംബിനെക്കാളും 450 ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുകയുണ്ടായി. ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെ മറ്റ് ലോക രാജ്യങ്ങൾ സംഭവത്തെ അപലപിക്കുകയും ചെയ്തു.

2018 ൽ 68 വർഷം നീണ്ടുനിന്ന കൊറിയൻ യുദ്ധം അവസാനിച്ചതോടെ കിമ്മിന്റെ ക്രൂരതകളുടെ വാർത്തകൾ കുറഞ്ഞിരുന്നു. ലോകം കാത്തിരുന്ന അമേരിക്ക-ഉത്തരകൊറിയ ഉച്ചകോടി ആദ്യം വിജയമായെങ്കിലും പിന്നീട് അത് പരാജയത്തിലേക്ക് കൂപ്പുകുത്തി. ഏതായാലും ഇപ്പോൾ പുറത്തുവന്ന വാർത്തയും ശരിതന്നെയോ എന്ന് സ്ഥിരീകരിക്കാൻ ഉതതരകൊറിയ ശരിയാവില്ല എന്ന കാര്യം ഉറപ്പാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP