Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദർ തെരേസയെ വിശുദ്ധയാക്കാൻ ഉപയോഗിച്ച ആദ്യ അത്ഭുതം സഭാനേതൃത്വം മനപ്പൂർവം ഉണ്ടാക്കിയതോ? രോഗം മാറിയത് അത്ഭുതമെന്ന് വിശ്വസിക്കാതെ രോഗിയുടെ ഭർത്താവും ചികിത്സിച്ച ഡോക്ടറും; ബ്രിട്ടനിലെ പ്രമുഖ പത്രത്തിന്റെ അന്വേഷണ റിപ്പോർട്ട് വായിക്കുമ്പോൾ

മദർ തെരേസയെ വിശുദ്ധയാക്കാൻ ഉപയോഗിച്ച ആദ്യ അത്ഭുതം സഭാനേതൃത്വം മനപ്പൂർവം ഉണ്ടാക്കിയതോ? രോഗം മാറിയത് അത്ഭുതമെന്ന് വിശ്വസിക്കാതെ രോഗിയുടെ ഭർത്താവും ചികിത്സിച്ച ഡോക്ടറും; ബ്രിട്ടനിലെ പ്രമുഖ പത്രത്തിന്റെ അന്വേഷണ റിപ്പോർട്ട് വായിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്ത്യയിൽ ആയിരക്കണക്കിന് അഗതികൾക്ക് അത്താണിയാകുകയും നോബൽ പുരസ്‌കാരത്തിന് അർഹയാകുകയും ചെയ്ത മദർ തെരേസ ഇപ്പോൾ വിശുദ്ധയായതിനു പിന്നാലെ അതിനു പിന്നിലെ രഹസ്യങ്ങളുടെ നെല്ലും പതിരും തിരഞ്ഞ് മാദ്ധ്യമങ്ങളും വിമർശകരും. മദറിനെ വർഗീയവാദിയും മതഭ്രാന്തിയുമായി ചിത്രീകരിച്ച് സുപ്രീംകോടതി മുൻ ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു കഴിഞ്ഞദിവസം രംഗത്തുവന്നതിനു പിന്നാലെ മദറിനെ വിശുദ്ധയാക്കിയതിന് അടിസ്ഥാനമാക്കിയ ദിവ്യാത്ഭുതങ്ങളുടെ അസ്തിത്വം ചോദ്യംചെയ്താണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ രംഗത്തെത്തുന്നത്. വിശുദ്ധയാക്കുന്നതിലെ നടപടിക്രമങ്ങൾക്ക് വേഗംകൂട്ടി ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ മദർ തെരേസയെ വിശുദ്ധയാക്കാൻ വത്തിക്കാൻ തിടുക്കം കാട്ടിയതും ചോദ്യംചെയ്യപ്പെടുകയാണ്.

വിശുദ്ധയാക്കി കത്തോലിക്ക സഭ അൾത്താരയിൽ ഇടംനൽകാനൊരുങ്ങുന്ന മദർതെരേസയുടെ മധ്യസ്ഥ പ്രാർത്ഥനയിലൂടെ രോഗശാന്തിയുണ്ടായി എന്നു വ്യക്തമാക്കിയ സ്ത്രീയെ കാണാനും അനുഭവങ്ങളറിയാനും യുകെയിലെ ദി ടെലിഗ്രാഫിന്റെ ലേഖകൻ മിക്ക് ബ്രൗൺ നടത്തിയ ബംഗാൾ യാത്രയും അദ്ദേഹത്തിന്റെ നിഗമനങ്ങളും ഇപ്പോൾ വലിയ ചർച്ചയാകുകയാണ്.

മദർ തെരേസയെ വിശുദ്ധയാക്കുന്നതിന് പരിഗണിക്കപ്പെട്ട് രണ്ട് ദിവ്യാത്ഭുതങ്ങളിൽ ആദ്യത്തേതായിരുന്നു ബംഗാൾ സ്വദേശിനിയായ മോണിക്ക ബെർസയ്ക്കുണ്ടായ രോഗശാന്തി. ഇവരെ സന്ദർശിച്ച് നേരിട്ട് മനസ്സിലാക്കിയ വിവരങ്ങൾ മിക്ക് ബ്രൗൺ തന്റെ ലേഖനത്തിൽ ഇങ്ങനെ കുറിക്കുന്നു.

പശ്ചിമ ബംഗാളിൽ മദർ തെരേസയെ അടക്കംചെയ്ത കല്ലറയ്ക്കുമുന്നിൽ മോണിക്ക ബെർസയെന്ന നിരക്ഷരയായ ആദിവാസി യുവതി പ്രാർത്ഥിക്കാനെത്തുന്നത് 1999ലാണ്. ബെർസയുടെ വരവിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. ഒമ്പതുമാസം മുമ്പ് അവരുടെ വയറ്റിൽ ഒരു മുഴ വളർന്നുതുടങ്ങിയിരുന്നു. കഠിനമായ വേദനയുണ്ടാക്കിയ ഈ ട്യൂമർ മരണകാരണമാകുമെന്ന് അവർ ഭയപ്പെട്ടു.

അങ്ങനെയാണ് അവിടെ എത്തിയത്. മിഷണറീസ് ഓഫ് ചാരിറ്റിയിലെ രണ്ട് കന്യാസ്ത്രീകളുടെ പ്രാർത്ഥനയോടെ ആ മുഴ ഇല്ലാതായി. ഇതൊരു അത്ഭുത സംഭവമായിത്തന്നെ ബെർസ കരുതുന്നു. ഈ സംഭവത്തെ മദർതെരേസയെ വത്തിക്കാൻ വിശുദ്ധവൽക്കരിക്കാനുള്ള ഉപാധിയായി പരിഗണിച്ചതോടെയാണ് ബെർസയുടെ കഥ ലോകം ചർച്ചചെയ്തു തുടങ്ങുന്നത്. യഥാർത്ഥത്തിൽ ഇതൊരു അത്ഭുത സംഭവമാണോ എന്ന അന്വേഷണമാണ് മിക്ക് ബ്രൗൺ നടത്തിയത്.

ബർസയുടെ രോഗശാന്തി ദിവ്യാത്ഭുതമാകുന്നത് ഇങ്ങനെ

1999 മുതൽ മദർതെരേസ്‌ക്കുമുന്നിൽ നടത്തുന്ന പ്രാർത്ഥാനാനൂഭവങ്ങളിൽ വത്തിക്കാനിലെ സമിതി അത്ഭുതങ്ങളേതെല്ലാമെന്ന നിരീക്ഷണം തുടങ്ങിയിരുന്നു. ഇവരാണ് ബെർസയുടെ രോഗശാന്തിയെ മദറിന്റെ വിശുദ്ധീകരണത്തിന് പരിഗണിക്കാമെന്ന നിഗമനത്തിൽ എത്തിയത്. മദർ മരിച്ചശേഷം ഇത്തരത്തിൽ ലഭിച്ച തൊള്ളായിരത്തോളം റിപ്പോർട്ടുകളിൽ നിന്നാണ് ആദ്യമായി ബർസയുടെ അനുഭവം വത്തിക്കാനിലെ സമിതി തിരഞ്ഞെടുക്കുന്നത്. അന്തിമഘട്ടത്തില് ഇതുൾപ്പെടെ മൂന്നെണ്ണമാണ് പരിഗണിക്കപ്പെട്ടത്.

മദർ തന്നെ നടത്തിയിരുന്ന മിഷണറീസ് ഓഫ് ചാരിറ്റിയിലെ ഒരു കന്യാസ്ത്രീക്ക് ഹെർണിയ ഓപ്പറേഷനുശേഷം അരയ്ക്കു കീഴ്‌പ്പോട്ട് തളർന്നുപോയതും പിന്നീട് പ്രാർത്ഥനയിലൂടെ അത് സുഖപ്പെട്ടതുമായിരുന്നു ഒന്ന്. ഇവരുടെ ഒരു സുഹൃത്ത് മദറിന്റെ ശരീരത്തിൽ ഒരു വെള്ളത്തുണിക്കഷ്ണം കൊണ്ട് തൊട്ടെന്നും അത് തളർച്ചബാധിച്ച് കിടന്നിരുന്ന കന്യാസ്ത്രീയുടെ വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ചതോടെ അവർ പതിയെ സുഖംപ്രാപിച്ചെന്നുമായിരുന്നു കണ്ടെത്തിയത്. ഫലസ്തീനിലെ എട്ടുവയസ്സുകാരിയുടെ അനുഭവമായിരുന്നു മറ്റൊന്ന്. ബോൺ കാൻസർ ബാധിച്ചിരുന്ന കുട്ടിക്ക് മദറിനെ പ്രാർത്ഥിച്ചതിലൂടെ സുഖപ്രാപ്തിയുണ്ടായെന്നതാണ് ഈ അത്്ഭുതം.

അന്തിമ ഷോർട് ലിസ്റ്റിലെത്തിയ മൂന്നുസംഭവങ്ങളിൽ മോണിക്ക ബെർസയുടെ അനുഭവമാണ് വത്തിക്കാൻ പരിഗണിച്ചത്. കത്തോലിക് വിശ്വാസിയോ മദറിനെ ആരാധിച്ചവളോ അല്ലാതിരുന്ന മോണിക്കയുടെ അനുഭവം അത്ഭുതമായി വത്തിക്കാൻ തിരഞ്ഞെടുത്തതിൽ അത്ഭുതപ്പെട്ടാണ് ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ ഇറങ്ങിപ്പുറപ്പെട്ടതെന്ന് മിക്ക് പറയുന്നു.

കൊൽക്കത്തയിൽ നിന്ന് 18 മണിക്കൂറോളം യാത്രചെയ്താണ് ബർസ താമസിച്ചിരുന്ന മാർദയിൽ എത്തിയത്. 2003ൽ അവിടെ ചെല്ലുന്ന വേളയിൽ ആ ദിവ്യാത്ഭുതത്തെപ്പറ്റി നാട്ടിലെല്ലാം പ്രചാരണം ലഭിച്ചിരുന്നതിനാൽ അവരെ കണ്ടെത്തുക എളുപ്പമായിരുന്നു. പേരു പറഞ്ഞപ്പോൾത്തന്നെ നാട്ടുകാർ വഴി പറഞ്ഞുതന്നു. മെയിൻ റോഡിൽ നിന്ന് തിരിഞ്ഞ് യൂക്കാലി മരങ്ങൾ നിരന്നുനിൽക്കുന്ന പാതയോരങ്ങൾ പിന്നിട്ടാണ് വീട്ടിലേക്കുള്ള വഴി. കുറച്ചു മൺകുടിലുകൾ പിന്നിട്ടാണ് അവിടെയെത്തിയത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടയാളമായ ചുറ്റികയും കതിരും രേഖപ്പെടുത്തിയ കൊടികളും മുദ്രാവാക്യങ്ങളും രേഖപ്പെടുപ്പെടുത്തിയ ചുമരുകളായിരുന്നു അവയ്ക്ക്. ഒരു നീല ധോത്തി ധരിച്ച് ബർസയുടെ ഭർത്താവ് സീകു അവിടെ നിന്നിരുന്നു. നാലു കുടുംബങ്ങൾ താമസിച്ചിരുന്ന ഒരു മൺകെട്ടിടത്തിലായിരുന്നു അവരുടെ താമസം.

ബർസയുടെ ചികിത്സയും അനുഭവ സാക്ഷ്യവും

1997ലാണ് തനിക്ക് അസുഖം വന്നതെന്ന് മോണിക്ക ബർസ പറയുന്നു. പനിയും തലവേദനയും ഛർദ്ദിയുമായിരുന്നു. മരുന്നുകഴിച്ചിട്ടും മാറിയില്ല. പല ഡോക്ടർമാരെയും കണ്ടു, നിരവധി ആശുപത്രികൾ കയറിയിറങ്ങി. ടിബിയാണെന്നും മെനിഞ്ചൈറ്റിസ് ആണെന്നുമെല്ലാം പലരും പറഞ്ഞു.

ഇതിനിടെ ചികിത്സിക്കാൻ ഭർത്താവിന്റെ കയ്യിൽ പണമില്ലാതായി. ഇതോടെയാണ് 1998 മെയ് മാസത്തിൽ ബർസയെ പതിറാമിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അവിടെ ചികിത്സയ്ക്ക് പണം വേണ്ടായിരുന്നു. പക്ഷേ, ദിവസംപോകുന്തോറും രോഗം കൂടിക്കൂടിവന്നുവെന്ന് ബെർസ പറയുന്നു. അതുവരെ അവർ മദർ തെരേസയെപ്പറ്റി കേട്ടിട്ടുപോലും ഇല്ലായിരുന്നു. ഈ സമയമായപ്പോഴേക്കും വയറിൽ വേദന കലശലായിരുന്നു. മുഴ പുറത്തുകാണാകുന്ന വിധത്തിൽ വളർന്നിരുന്നു.

ബർസയുടെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മെയ് 30ന് അവരെ മിഷണറീസ് ഓഫ് ചാരിറ്റി പ്രവർത്തകർ ബാലർഗട്ടിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ ടിബി വാർഡിൽ അവർ അഡ്‌മിറ്റ് ചെയ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു. വീണ്ടും ജൂൺ 11ന് അവരെ എമർജൻസി വാർഡിൽ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോ. തരുൺ ബിശ്വാസായിരുന്നു ചികിത്സകൻ. ടിബി മെനിഞ്‌ജൈറ്റിസ് സ്ഥിരീകരിച്ചതോടെ ഇവരെ കൊൽക്കത്തയിലെ രണ്ട് ആശുപത്രികളിലേക്ക് ഡോ. തരുൺ റഫർ ചെയ്തു. ജൂൺ 15ന് ഡിസ്ചാർജ് ചെയ്യപ്പെട്ട ബർസ മരുന്നുകളുമായി മിഷണറീസ് ഹോമിൽ തിരിച്ചെത്തി. അടുത്ത ആറാഴ്ചക്കാലത്തേക്ക് അവരുടെ നില മോശമായിത്തന്നെ തുടർന്നു. പനിയും തലവേദനയും കുറഞ്ഞെങ്കിലും ട്യൂമർ കൂടുതൽ വലുതായി. അഞ്ചോ ആറോ മാസം ഗർഭിണിയാണെന്ന് തോന്നുംവിധത്തിൽ വയർ വലുതായി വന്നു.

അക്കാലത്ത് നിവർന്നുനിൽക്കാനോ എന്തെങ്കിലും കഴിക്കാൻ പോലുമോ പറ്റാത്ത സ്ഥിതിയായിരുന്നു. മരുന്നു കഴിച്ചാൽപോലും ഛർദ്ദിക്കുന്ന സ്ഥിതി. ഓഗസ്റ്റ് ആറിന് വീണ്ടും ബാലർഗട്ട് ജില്ലാ ആശുപത്രിയിലെത്തിച്ചു. അത്തവണ ഗൈനക്കോളജിസ്റ്റ് ഡോ. രഞ്ജൻ മുസ്തഫിയാണ് പരിശോധിച്ചത്. ഒവേറിയൻ ട്യൂമറായിരിക്കാമെന്നും അല്ലെങ്കിൽ ഗർഭിണിയായിരിക്കാമെന്നും ആദ്യ പരിശോധനയിൽ ബോധ്യപ്പെട്ടതോടെ രഞ്ജൻ ഇവർക്ക് അൾട്രാസൗണ്ടസ്‌കാനിങ് നടത്താൻ നിർദ്ദേശിച്ചു. രണ്ടുദിവസം കഴിഞ്ഞ് നടത്തി സ്‌കാനിംഗിൽ ഇവരുടെ വയറ്റിൽ ഓവേറിയൻ സിസ്റ്റ് ആണെന്ന് കണ്ടെത്തി.

ഓഗസ്റ്റ് 31ന് ഇവരെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. ഗൗതം മൂഖർജി പരിശോധിച്ചു. ഇവർ ആവശ്യമില്ലാതെ ജൂൺ മുതൽ ടിബിക്കുള്ള മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം വയറിലെ മുഴ ഏതാണ് 24 ആഴ്ച വളർച്ചയെത്തി ഭ്രൂണത്തോളം വലുതാണെന്നും കണ്ടത്തി. സ്ഥിതി വളരെ മോശമാണെന്ന് അദ്ദേഹം നോട്ട് എഴുതി. ആരോഗ്യം മെച്ചപ്പെട്ട ശേഷം മൂന്നുമാസം കഴിഞ്ഞ് വയറുകീറി പരിശോധന നടത്താനും നിർദ്ദേശിച്ചു. അപ്പോൾ അനസ്‌തേഷ്യ നൽകി ഓപ്പറേറ്റ് ചെയ്താൽ ചിലപ്പോൾ ജീവൻതന്നെ നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർ പറഞ്ഞതായി ബർസ പറയുന്നു. മരിക്കുമെന്ന തോന്നലോടെ തിരികെ വീണ്ടും മിഷണറി ആശുപത്രിയിലെത്തി.

സെപ്റ്റംബർ അഞ്ചിന് മദർതെരേസയുടെ ആദ്യ മരണ വാർഷികമായിരുന്നു. അന്ന് എട്ടുമണിക്ക് കന്യാസ്ത്രീകൾ ക്ഷണിച്ചതുപ്രകാരം അവർക്കൊപ്പം പ്രാർത്ഥനയ്ക്കായി പോയി. രണ്ടുപേരുടെ സഹായത്തോടെയാണ് ചാപ്പലിലെത്തിയത്. അവിടെ എത്തിയപ്പോൾതന്നെ ഒരു പ്രകാശം എന്റെ ഹൃദയത്തിലേക്ക് മദറിന്റെ ചിത്രത്തിൽ നിന്ന് വരുന്നതായി എനിക്ക് തോന്നി. ഇതോടെ ഞാൻ അസ്വസ്ഥയായി. എന്റെ ശരീരത്തിൽ ചൂട് കൂടി വന്നു. എനിക്ക് നല്ല സുഖംതോന്നിയില്ല. ഞാൻ ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, എന്താണ് സംഭവിച്ചതെന്ന് ആരോടും പറഞ്ഞില്ല. പക്ഷേ, തിരികെ കിടക്കയിലെത്തിയപ്പോൾ എന്റെ മനസ്സ് മാറിയിരുന്നു.

അന്ന് അഞ്ചുമണിയായപ്പോൾ സിസ്റ്റർ സുപ്പീരിയർ അടുത്തുവന്നു. മദറിന്റെ അനുഗ്രഹത്തിനായി എന്റെ അരയിൽ ഒരു ലോക്കറ്റ് ധരിപ്പിക്കുന്നതായി അവർ പറഞ്ഞു. കറുത്ത ചരടിൽ കോർത്ത ഒരു ലോക്കറ്റ് അവർ കെട്ടിത്തന്നു. എനിക്കുവേണ്ടി വയറിൽ കൈവച്ച് പ്രാർത്ഥിച്ചു. അതുവരെ ഉറങ്ങാൻ പോലും കഴിയാതിരുന്ന ഞാൻ അന്നുരാത്രി സുഖമായുറങ്ങി. രാത്രി ഒരു മണിയോടെ ഞാൻ ഉറക്കമുണർന്നപ്പോൾ എനിക്ക് ടോയ്‌ലറ്റിൽ പോകണമെന്ന് തോന്നി. ഞാൻ നോക്കിയപ്പോൾ വയറ്റിൽ മുഴ ഇല്ലാതിരുന്നു. എന്റെ അടുത്ത ബെഡിലുണ്ടായിരുന്ന സമീരയെന്ന രോഗിയോട് ഞാൻ ഇക്കാര്യം പറഞ്ഞു. അവൾ പറഞ്ഞതുപ്രകാരം പിറ്റേന്ന് ഇക്കാര്യം സിസ്റ്റർമാരെ അറിയിച്ചു. - ഇതാണ് രോഗശാന്തിയെപ്പറ്റി ബർസ നൽകുന്ന വിശദീകരണം.

അത്ഭുതമെന്ന് വിശ്വസിക്കാതെ ഭർത്താവും ഡോക്ടറും

ബർസയുടെ വാക്കുകൾ കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് മിക്ക് ബ്രൗൺ പറയുന്നു. അവർ പറഞ്ഞ കഥയിൽ അവിശ്വസനീയതയൊന്നും തോന്നിയില്ല. പക്ഷേ, അതൊരു അത്ഭുതമായിരുന്നോ എന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. ഇതോടെ ഡോ. ബിശ്വാസിൽ നിന്ന് വിശദീകരണം തേടി. ചികിത്സയിലൂടെയും മരുന്നുകളിലൂടെയുമാണ് രോഗം ഭേദമായതെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.

എട്ടുമണിക്കൂർ കൊണ്ട് വയറ്റിലെ മുഴ ഇല്ലാതാകുമെന്ന് താനൊരിക്കലും വിശ്വസിക്കില്ലെന്നും അത് അസാധ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബർസ പച്ചക്കള്ളമാണ് പറയുന്നതെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പക്ഷേ, ബർസ്‌ക്കൊപ്പം ആ സമയത്തുണ്ടായിരുന്ന സമീരയും ആശുപത്രിയിലെ ഹെൽപർ ആയിരുന്ന മാർത്തയും സിസ്റ്റർ റൊസാമിനയുമെല്ലാം ഇക്കാര്യം സ്ഥിരീകരിക്കുന്നു. സെപ്റ്റംബർ ആറിന് രാവിലെ രോഗങ്ങളെല്ലാം മാറി സുഖപ്പെട്ട നിലയിലാണ് ബർസയെ കണ്ടതെന്നാണ് അവരുടെ പക്ഷം.

പക്ഷേ, അവരുടെ വയറ്റിലെ മുഴയെപ്പറ്റി ആദ്യം പരിശോധിച്ച ഡോ. മുസ്തഫി പറയുന്നത് മുഴയുണ്ടായത് ട്യുബർക്കുലോസിസിന്റെ ഭാഗമായി ആയിരിക്കുമെന്നും അതിനെതിരെയുള്ള മരുന്നുകൾ കഴിച്ചതുകൊണ്ടു മാത്രമാണ് അവർ സുഖപ്പെട്ടതെന്നുമാണ്. ആ 'അത്ഭുതം' സംഭവിച്ചതിന് നാല് ആഴ്ചകൾക്കുശേഷം ബെർസയെ വീണ്ടും മുസ്തഫിയുടെ അടുത്ത് പരിശോധനയ്ക്കായി കൊണ്ടുചെന്നിരുന്നു. പരിശോധിച്ച ശേഷം ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതിനുശേഷം 1999 മെയ് മാസത്തിലാണ് അവരെ വീണ്ടും കണ്ടതെന്നും അന്ന് അൾട്രാ സൗണ്ട് പരിശോധന നടത്തിയപ്പോൾ ട്യൂമർ പൂർണമായും ഭേദപ്പെട്ടതായി സ്ഥിരീകരിച്ചെന്നും മുസ്തഫി പറയുന്നു. ഇതിനുശേഷം മൂന്നുമാസംകഴിഞ്ഞ് ആഗസ്റ്റിൽ ബർസയ്ക്ക് വീണ്ടും പരിശോധന നടത്തി. കൊൽക്കത്തയിലെ വുഡ്‌ലാൻഡ് ആശുപത്രിയിൽ സർജനും ന്യൂറോളജിസ്റ്റുമായ ഡോ. മോഹൻ സീൽ ആണ് പരിശോധിച്ചത്.

ട്യൂമർ പൂർണമായും ഇല്ലാതായെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മെഡിക്കൽ രേഖകൾ പരിശോധിച്ച അദ്ദേഹം അവർ എങ്ങനെയാണ് സുഖപ്പെട്ടതെന്ന് വിശദീകരിക്കാൻ തയ്യാറായില്ല. ഞങ്ങൾ ഡോക്ടർമാർക്ക് ഇതിനെ ഒരു അത്ഭുതമായി കാണാനാകില്ലെന്നാണ് അദ്ദേഹം ലേഖകനോട് പറഞ്ഞത്.

പക്ഷേ, ശസ്ത്രക്രിയ നടത്താൻപോലും ആരോഗ്യം അനുവദിക്കാതിരുന്ന അവസ്ഥയിൽ തിരിച്ചയക്കപ്പെട്ട അവർ ശസ്ത്രക്രിയ കൂടാതെ സുഖപ്പെട്ടതാണ് വത്തിക്കാൻ നിയോഗിച്ച മെഡിക്കൽ കമ്മിറ്റി പരിഗണിച്ചത്. ട്യുബർക്കുലോസിസിന് എതിരായി നൽകിയ മരുന്നുകൾ അവരുടെ ട്യൂമറിനെ ഇല്ലാതാക്കിയെന്ന ഡോക്ടർമാരുടെ വാദം ഇവിടെ പരിഗണിക്കപ്പെട്ടില്ലെന്ന വിമർശനമാണ് ഉയരുന്നത്. ഇതുപോലെതന്നെയാണ് മോണിക്ക ബെർസയുടെ ഭർത്താവും പ്രതികരിച്ചത്. ഒരു ദിവസത്തിൽ അവരുടെ അസുഖം ഭേദമായെന്നത് അദ്ദേഹത്തിനും വിശ്വസിക്കാനായിട്ടില്ല. ചികിത്സകൾ ഏറെ നാൾ നടന്നതുകൊണ്ടാണ് ഭാര്യയുടെ വേദന മാറിയതെന്നാണ് അയാളുടെ ഭാഷ്യം.

അത്ഭുതം തേടിനടന്ന കനേഡിയൻ വൈദികൻ

മദർ തെരേസയെ വിശുദ്ധയാക്കാൻ അത്ഭുതങ്ങൾ തേടിനടന്ന കനേഡിയൻ വൈദികന്റെ മുന്നിലേക്ക് ബർസയുടെ കഥ എത്തിക്കുകയായിരുന്നു മദറിനു ശേഷം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയേറ്റ സിസ്റ്റർ നിർമ്മലയെന്നതാണ് മറ്റൊരു വിമർശനമുയർന്നത്. മദറിനെ വിശുദ്ധയാക്കാനുള്ള ആലോചനകളുമായി മുന്നിൽ നിന്നിരുന്നത് 46 കാരനായിരുന്ന കനേഡിയൻ വൈദികൻ ഫാ. ബ്രിയാൻ കൊലോഡിചുക്ക് ആയിരുന്നുവെന്നാണ് മിക്ക് ബ്രൗണിന്റെ മറ്റൊരു കണ്ടെത്തൽ. അദ്ദേഹം റോമിൽവച്ച് 1977ലാണ് മദർ തെരേസയെ പരിചയപ്പെടുന്നത്.

പിന്നീട് അദ്ദേഹവും സഹോദരിയുമെല്ലാം മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മദറിന്റെ മരണശേഷം ഇദ്ദേഹം 1999ൽ കൊൽക്കത്തയിൽ താമസിക്കാനെത്തി. മദറിനെ വിശുദ്ധയാക്കുന്നതിനുള്ള ദിവ്യാത്ഭുതങ്ങൾ തേടി കണ്ടുപിടിക്കുന്നതിനായിരുന്നു ഇത്. അടുത്ത രണ്ടുവർഷങ്ങളിൽ ഈ ആവശ്യത്തിനായി ഫാദർ ബ്രിയാൻ ലോകത്തെമ്പാടും നിന്ന് 113 പേരെ ഇന്റർവ്യൂ ചെയ്തു. ഇതിൽ 33 പേരും മിഷനറീസ് ഓഫ് ചാരിറ്റിയിൽ നിന്നായിരുന്നു. പക്ഷേ, ഇതിനൊപ്പംതന്നെ മദറിന്റെ ചെയ്തികളെ വിമർശിച്ചിരുന്ന ക്രിസ്റ്റഫർ ഹിച്ചൻസിന്റെയും മൊഴി ഇദ്ദേഹം രേഖപ്പെടുത്തിയിരുന്നു.

മദറിന് ലഭിച്ചിരുന്ന പണം അവർ ദുരുപയോഗം ചെയ്തതായ ആരോപണങ്ങളും ഈ വേളയിൽ പലരിൽനിന്നും ഉയർന്നെങ്കിലും അതൊന്നും മദറിനെ വിശുദ്ധയാക്കാനുള്ള അന്വേഷണത്തിൽ ആവശ്യമില്ലെന്ന നിലപാടാണ് ഫാദർ ബ്രിയാൻ സ്വീകരിച്ചത്. മദർ പെർഫെക്ടാണ് എന്ന് സ്ഥാപിക്കേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും അവർ ഒരിക്കലും തെറ്റുചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മാത്രമല്ല, തെളിവുസഹിതം നൽകിയ വിവരങ്ങളെയും അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തള്ളിക്കളഞ്ഞു.

അന്വേഷണങ്ങളുടെ ഭാഗമായി 2001 ആഗസ്റ്റിൽ 35,000 പേജ് തെളിവുകളാണ് മദർ തെരേസയുടെ വിശുദ്ധ സാക്ഷ്യമായി ഫാദർ ബ്രിയാൻ വത്തിക്കാനിൽ ഹാജരാക്കിയത്. ഇത് വത്തിക്കാൻ പരിശോധിക്കുകയും ചോദ്യങ്ങളൊന്നും കൂടാതെ അംഗീകരിക്കുകയുമായിരുന്നു.
1999 ആദ്യം മിഷനറീസ് ഓഫ് ചാരിറ്റിയുടെ മേധാവിയായിരുന്ന സിസ്റ്റർ നിർമ്മല നൽകിയ സർക്കുലറും ചോദ്യംചെയ്യപ്പെട്ടിരുന്നു.

മദർ തെരേസയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അറിയിക്കണമെന്നായിരുന്നു സർക്കുലർ. ആ ഏപ്രിലിലാണ് അഞ്ചു മക്കളുള്ള ആദിവാസി യുവതി മോണിക്ക ബർസയുടെ കഥ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ചികിത്സയിലൂടെ ഭേദമായ അസുഖം ഫാദർ ബ്രിയാനുമായി പങ്കുവയ്ക്കുകയും അങ്ങനെ മദർതെരേസയുടെ വിശുദ്ധീകരണത്തിന് സിസ്റ്റർ നിർമല വഴിയൊരുക്കുകയും ചെയ്തുവെന്ന ആരോപണമാണ് ഉയർന്നത്.

ഇതുപോലെ ഉയർന്ന മറ്റൊരു ആരോപണവും മിക്ക് ബ്രൗൺ ചൂണ്ടിക്കാട്ടുന്നു. ഫാദർ ബ്രിയൻ മദർതെരേയുടേതായി സമർപ്പിച്ച കത്തുകളുടെ ആധികാരികതയാണ് ഇപ്രകാരം ചോദ്യംചെയ്യപ്പെടുന്നത്. മദർതെരേസ 1946 സെപ്റ്റംബറിനും അടുത്തവർഷം ഒക്ടോബറിനും ഇടയ്ക്ക് എഴുതിയെന്നു പറയുന്ന കത്തുകളാണിവയെന്നാണ് ബ്രിയാൻ വ്യക്തമാക്കിയത്. ഈ കാലയളവിൽ തനിക്ക് ക്രിസ്തുദേവന്റെ വെളിപാടുണ്ടായെന്നും കർത്താവ് ആവശ്യപ്പെട്ട പ്രകാരമാണ് താൻ കൊൽക്കത്തയിലെ ലൊറെറ്റോ കോൺവെന്റിൽ എത്തിയതെന്നും അവിടെ കുട്ടികളെ പഠിപ്പിക്കാനും പാവങ്ങളെ സേവിക്കാനും യേശുദേവൻ നിർദ്ദേശിച്ചെന്നുമായിരുന്നു കത്തുകളിലെ ഉള്ളടക്കം. പക്ഷേ, മുമ്പ് ആരും കണ്ടിട്ടില്ലാത്ത ഈ കത്തുകൾ ഇത്രകാലം എവിടെയായിരുന്നുവെന്ന ചോദ്യമാണ് വിമർശകർ ഉയർത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP