Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെളുത്തനിറക്കാർക്ക് മുന്തിയ പരിഗണന; അറബികളും യൂറോപ്യന്മാരുമാണ് ഇസ്ലാമിക് സ്റ്റേറ്റിലെ സവർണർ; ഇന്ത്യക്കാരും പാക്കിസ്ഥാനികളും കൂലിപ്പട്ടാളം പോലെ; അവർക്കു ശുചിമുറി കഴുകലും പാചകവും; കൂടിയ മാസശമ്പളം 5000 രൂപ മാത്രം; ഐസിസിലെ വർണ്ണവിവേചനം പുറത്തുവരുന്നത് എൻഐഎ ചോദ്യം ചെയ്യലിൽ

വെളുത്തനിറക്കാർക്ക് മുന്തിയ പരിഗണന; അറബികളും യൂറോപ്യന്മാരുമാണ് ഇസ്ലാമിക് സ്റ്റേറ്റിലെ സവർണർ; ഇന്ത്യക്കാരും പാക്കിസ്ഥാനികളും കൂലിപ്പട്ടാളം പോലെ; അവർക്കു ശുചിമുറി കഴുകലും പാചകവും; കൂടിയ മാസശമ്പളം 5000 രൂപ മാത്രം; ഐസിസിലെ വർണ്ണവിവേചനം പുറത്തുവരുന്നത് എൻഐഎ ചോദ്യം ചെയ്യലിൽ

രഞ്ജിത് ബാബു

ബംഗളൂരു: വിശുദ്ധയുദ്ധത്തിലും അതിലൂടെ 'സ്വർഗരാജ്യത്തേക്കുള്ള പ്രവേശന'ത്തിനും ഇന്ത്യക്കാർക്കും പാക്കിസ്ഥാൻകാർക്കും വിലക്ക്. ഇസ്ലാമിക് സ്റ്റേ്റ്റ്സ് ഭീകരവാദികൾക്കിടയിലെ കടുത്ത വർണവിവേചനം തുടരുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ സിറിയയിൽനിന്നും തിരിച്ചെത്തിയവർ വ്യക്തമാക്കി.

വെളുത്ത നിറക്കാരോടുള്ള ബഹുമാനവും പരിഗണനയും ഐസിസ് ഭടന്മാരിൽ കടുത്ത ഭിന്നതക്ക് കാരണമാകുന്നുവെന്നാണ് റിപ്പോർട്ട്. അറബികളും യൂറോപ്യന്മാരുമാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലെ സവർണർ. അവരാണ് കാര്യങ്ങളെല്ലാം നിയിന്ത്രിക്കുന്നത്. ഇന്ത്യക്കാരും പാക്കിസ്ഥാൻകാരും അവർണരുടെ പട്ടികയിലാണ്. സൈബർ കഫേകളിലും നീന്തൽ കുളത്തിലും ജിംനേഷ്യങ്ങളിലും വെളുത്ത തൊലിയുള്ളവർക്ക് മുന്തിയ പരിഗണനയാണ്.

ഇന്ത്യക്കാർക്കും പാക്കിസ്ഥാൻകാർക്കും നിയമങ്ങൾ പോലും വേറെയാണ്. മൊബൈൽ ഫോൺ, മറ്റ് സാമഗ്രികൾ എന്നിവ ഇന്ത്യക്കാരുടേയും പാക്കിസ്ഥാൻകാരുടേയും പിടിച്ചു വെക്കും. മാസശമ്പളം കേവലം 5000 രൂപ മാത്രം. ഇതിൽ ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഐ.എസ് അനുകൂലികൾ എതിർപ്പ് പ്രകടിപ്പിക്കാറുണ്ട്. അതെല്ലാം യഥാസമയം തന്നെ അവഗണിക്കാറാണ് പതിവ്. തീർത്തും കൂലിപ്പട്ടാളത്തിന്റെ അവസ്ഥയിലാണ് ഐസിസിലെത്തിയവരുടെ ജീവിതം. ഇക്കാര്യങ്ങൾ തിരുനൽവേലിയിൽ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീൻ ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

വിദേശങ്ങളിൽനിന്നുള്ള പോരാളികളെ മാന്യമായി സൽക്കരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് സ്ഥാപിക്കാനുള്ള യുദ്ധത്തിൽ് എല്ലാവർക്കും ഒരു പോലെയായിരുന്നു പരിശീലനം നൽകിയിരുന്നത്. എന്നാൽ മുൻനിരയിൽ അറബികൾക്കും യൂറോപ്യന്മാർക്കുമാണ് സ്ഥാനം. അറബികൾക്കും യൂറോപ്യന്മാർക്കും ആയുധങ്ങൾ നൽകി യുദ്ധത്തിന് പറഞ്ഞയച്ചപ്പോൾ ഇന്ത്യക്കാർക്കും പാക്കിസ്ഥാൻകാർക്കും ശുചിമുറികൾ വൃത്തിയാക്കലും പാചക പണിയുമാണ് നൽകിയത്. ചിലർ ഇക്കാര്യം ചോദിച്ചപ്പോൾ നിങ്ങളുടെ സമയം വരുമ്പോൾ വിടാമെന്നായിരുന്നു മറുപടിയെന്ന് സുബാഹാനി തന്നെ പറയുന്നു.

വിശുദ്ധയുദ്ധത്തിൽ കൊല്ലപ്പെട്ടാൽ നേരേ സ്വർഗത്തിലേക്കാണു പോവുകയെന്നാണ് ഐഎസിന്റെ വിശ്വാസം. എന്നുവച്ചാർ ഇന്ത്യക്കാരെയും പാക്കിസ്ഥാൻകാരെയും യുദ്ധത്തിനുവിടാതെ അവർക്കു ഐ എസ് ഭീകരർ സ്വർഗരാജ്യം നിഷേധിക്കുന്നുവെന്നർത്ഥം. മാത്രമല്ല ഇന്ത്യക്കാരേയും പാക്കിസ്ഥാൻകാരേയും അവർക്ക് പരമപുച്ഛവുമാണ്. ഒന്നര വർഷം മുമ്പ് മഹാരാഷ്ട്രയിൽ നിന്നും നാലു പേർ ഐസിസിലേക്ക് പോയിരുന്നു. മൂന്നു പേരും അവിടെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റു തിരിച്ചെത്തിയ മറാഠി യുവാവ് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭടന്മാരിൽ ഇന്ത്യക്കാർക്കും പാക്കിസ്ഥാൻകാർക്കും കടുത്ത അവഗണനയാണെന്ന് രഹസ്യാന്വേഷണ സംഘത്തോട് വെളിവാക്കിയിരുന്നു.

വലിയ യുദ്ധപ്രതീക്ഷയോടേയും ഇസ്ലാമിക് സ്റ്റേറ്റ്സ് സ്ഥാപിക്കാമെന്ന അതീവ താത്പര്യത്തോടേയുമാണ് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സിറിയയിലേക്ക് മതതീവ്രവാദം മുഖമുദ്രയാക്കിയ യുവാക്കൾ ചേക്കേറുന്നത്. എന്നാൽ അവിടെയെത്തിയാൽ നാലാംകിട ജോലികൾ ഏൽപ്പിക്കുകയാണ് സവർണ സ്വഭാവക്കാരായ അറബികളും സിറിയൻ മുസ്ലീമുകളും. ഞങ്ങളെ എപ്പോഴാണ് യുദ്ധത്തിന് കൊണ്ടുപോവുക എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ സമയം വരുമെന്നും അപ്പോൾ വിടാമെന്നുമാണ് പറയുന്നത്. അവർ പറയുന്നതിനനുസരിച്ച് ജീവിക്കുക മാത്രമേ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള യുവാക്കൾക്ക് നിർവ്വാഹമുള്ളൂ. കാര്യങ്ങൾ പന്തിയല്ലെന്നു കണ്ടു ചിലർ അവിടം വിട്ടുപോകാൻ ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ളവരാണ് ഏറിയ പങ്കും.

ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാൻ തുർക്കിയിലേക്ക് വിസയെടുത്താണ് സുബ്ഹാനി ഉൾപ്പെടെയുള്ളവർ ഇന്ത്യ വിട്ടത്. തുർക്കിയിൽ ഐ.എസുമായി ബന്ധപ്പെട്ട് നേരത്തെ ഒരുക്കിയിരിക്കുന്ന വാസസ്ഥലത്ത് താമസിക്കും. അവിടുന്ന് രാത്രി തുർക്കി -സിറിയ അതിർത്തി കടക്കുകയായിരുന്നു. അതിർത്തി കടക്കാൻ ഒട്ടേറെ കരുതൽ വേണം. തുർക്കി പട്ടാളത്തിന്റെ പട്രോളിങ് ഒഴിഞ്ഞ സമയം നോക്കിയാണ് അതിർത്തി കടക്കുക. സിറയയിലേക്ക് നുഴഞ്ഞുകയറിയാൽ എല്ലാമായി എന്നാണ് ഇന്ത്യ വിട്ടവർ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ കാര്യം മാറി മറിയുകയാണ്.

ഐ.എസ്. അധിനിവേശ കേന്ദ്രങ്ങളിൽ കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്. ഐ.എസിന്റെ ആധിപത്യം ഗോത്ര മേഖലകളിൽ തകർന്നു കൊണ്ടിരിക്കയാണ്. അതോടെയാണ് ഇന്ത്യക്കാരേയും പാക്കിസ്ഥാൻകാരേയും കൂടുതൽ അവഗണിക്കുന്നത്. ഇറാക്കിലെ ഐ.എസ് നേതാക്കളേക്കാൾ സുബ്ഹാനിക്ക് അടുപ്പം പാക്കിസ്ഥാൻകാരനായ ഘാനി ഉസ്മാനോടായിരുന്നു. ലഷ്‌ക്കറ ഇ തൊയ്ബക്കു വേണ്ടി ബോംബു നിർമ്മാണം നടത്തിയ ഘാനി ഉസ്മാൻ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമാണ്. ഹിന്ദി സംസാരിക്കുന്നവർ എന്ന നിലയിലാണ് ഘാനിയെ സുബ്ഹാനി കൂടുതൽ ബന്ധപ്പെട്ടിരുന്നത്. ഘാനിയുമായുള്ള ബന്ധത്തേക്കുറിച്ച് ഒരു പരിധിക്കപ്പുറം സുബ്ഹാനി വെളിപ്പെടുത്തിയില്ല. എന്നാൽ ഇന്ത്യക്കാരെ ഐ.സിസുകാർ രണ്ടാം നിരക്കാരായി കാണുന്നത് സുബ്ഹാനിയിൽ രോഷമുളവാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP