Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി കിട്ടിയ ഷോക്കിൽ നെതന്യാഹുവിന്റെ  ലികുഡ് പാർട്ടി; ബെന്നി ഗാൻസിന്റെ പാർട്ടിക്കും ഭൂരിപക്ഷമില്ല; നാലിലൊന്ന് സീറ്റുകൾ മാത്രം നേടി രണ്ട് പ്രധാന പാർട്ടികളും; ഏപ്രിലിലെ തിരഞ്ഞെടുപ്പിന്റെ അതേ ഫലം ഇടക്കാല തിരഞ്ഞെടുപ്പിലും ഉണ്ടായതോടെ ഇസ്രയേലിൽ വമ്പൻ ഭരണ പ്രതിസന്ധി; ഗാൻസിന്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാരിനുള്ള നീക്കം തകൃതി

പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി കിട്ടിയ ഷോക്കിൽ നെതന്യാഹുവിന്റെ  ലികുഡ് പാർട്ടി; ബെന്നി ഗാൻസിന്റെ പാർട്ടിക്കും ഭൂരിപക്ഷമില്ല; നാലിലൊന്ന് സീറ്റുകൾ മാത്രം നേടി രണ്ട് പ്രധാന പാർട്ടികളും; ഏപ്രിലിലെ തിരഞ്ഞെടുപ്പിന്റെ അതേ ഫലം ഇടക്കാല തിരഞ്ഞെടുപ്പിലും ഉണ്ടായതോടെ ഇസ്രയേലിൽ വമ്പൻ ഭരണ പ്രതിസന്ധി; ഗാൻസിന്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാരിനുള്ള നീക്കം തകൃതി

മറുനാടൻ മലയാളി ബ്യൂറോ

ജറുസലേം: ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് വൻ തിരിച്ചടി. എക്‌സിറ്റ് പോളിന്റെ പ്രവചനങ്ങളെ അന്വർഥമാക്കുന്ന രീതിയിലുള്ള ഫലം പുറത്ത് വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നെതന്യാഹുവും സംഘവും. പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് നെതന്യാഹുവിന്റെ ലികിഡ് പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. പ്രധാന എതിരാളി ബെന്നി ഗാൻസിന്റെ ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിന് ലീഡ് ലഭിക്കുമെന്നുള്ള പ്രവചനവും പാഴായി. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നലെ പുറത്ത് വന്നത്. 91 ശതമാനം വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോൾ വലതുപക്ഷ കക്ഷിയായ ലികുഡ് പാർട്ടി 55 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താൻ പോലും ലികുഡ് പാർട്ടിക്ക് സാധിച്ചില്ല. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്കും സഖ്യകക്ഷികൾക്കും ആകെ ലഭിച്ചത് 56 സീറ്റുകളാണ്. ഇതോടെ ഇസ്രയേലിൽ വൻ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്്.

ഏപ്രിൽ മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിലും ലികുഡ് പാർട്ടിക്ക് മതിയായ സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. ആകെ ലഭിച്ചത് 35 സീറ്റുകളായിരുന്നു. ചെറുപാർട്ടികളുടെ പിന്തുണയോടെ ഭരണം നേടാമെന്ന് പ്രതീക്ഷിച്ച് നെതന്യാഹു സ്വയം വിജയം പ്രഖ്യാപിച്ചെങ്കിലും സഖ്യം രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇതെത്തുടർന്ന് പാർലമെന്റ് പിരിച്ചു വിടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അതേ അവസ്ഥയുണ്ടായിരിക്കുകയാണ്. ഭരണമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ഇസ്രയേലിന് ഇനി ആര് എന്ന ചോദ്യം മാത്രമാണ് മുന്നിലുള്ളത്. അഞ്ചുമാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിൽ ജനം വിധി എഴുതിയപ്പോൾ അങ്കലാപ്പിലായത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയാണ്. കൂടാതെ അഴിമതി ആരോപണം നേരിടുന്ന നേതാവിന് അധികാരം നഷ്ടപ്പെട്ടാൽ അതിൽ നിന്ന് രക്ഷപ്പെടാനും സാധിക്കില്ല. നിരന്തരമായി നേരിടുന്ന പ്രതിസന്ധി കാരണം നെതന്യാഹു തന്റെ സുഹൃത്ത് ട്രംപിനെ കാണാനുള്ള പദ്ധതി വരെ ഒഴിവാക്കിയിരുന്നു.

അതെസമയം ഇസ്രയേൽ ബെയ്‌തെയ്‌നു പാർട്ടിയുടെ നേതാവായ അവിഗ്‌ദോർ ലീബർമാന്റെ കക്ഷിക്ക് 9 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇനി ഇദ്ദേഹത്തിന്റെ നിലപാടാണ് അടുത്ത സർക്കാർ ആരുടേതാണെന്ന് തീരുമാനിക്കുക എന്നുറപ്പായിട്ടുണ്ട്. അവിഗ്‌ദോർ ഒരുകാലത്ത് നെതന്യാഹുവിന്റെ വലംകൈയായിരുന്നു.രണ്ട് പ്രധാന പാർട്ടികൾക്കും ലിബർമാന്റെ പിന്തുണയില്ലാതെ സർക്കാർ രൂപവത്കരിക്കാൻ കഴിയില്ല. കൂട്ടുകക്ഷി സർക്കാറിനുള്ള ചർച്ചകൾ നേരത്തെ ആരംഭിച്ചു കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലികുഡ് പാർട്ടിയായാലും ബ്ലൂ ആൻഡ് പാർട്ടിയായാലും ഐക്യ സർക്കാറായിരിക്കുമെന്ന് ലിബർമാൻ പറഞ്ഞിരുന്നു. ബ്ലൂ ആൻഡ് സഖ്യവുമായി ലിബർമാൻ ധാരണയിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ നെതന്യാഹു സർക്കാർ പുറത്താകും.

എങ്ങനെ എങ്കിലും അധികാരം പിടിക്കാനായി നെതന്യാഹു ട്രംപിന്റെ ചില തന്ത്രങ്ങൾ വരെ കടമെടുത്തിരുന്നു. തനിക്കെതിരെ ആരോപണമുയർത്തിയ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും ഇസ്രയേലിലെ അറബ് ന്യൂനപക്ഷത്തിനെതിരെ നിരന്തരമായ ആക്രമണങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ എല്ലാം നെതന്യാഹുവിന് തിരിച്ചടിയായി മാറുകയാണ് ചെയ്തത്. അറബ് ജനതയെ വെറുപ്പിച്ചതോടെ ഭൂരിപക്ഷം കിട്ടില്ല എന്ന സാഹചര്യം വന്നു. കൂടാതെ അറബ് ജോയിന്റ് ലിസ്റ്റ് സഖ്യം 13 സീറ്റുകളുള്ള മൂന്നാമത്തെ വലിയ സഖ്യമായി മാറുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു.

ഇത്രയും കുറഞ്ഞ കാലത്തിനിടയിൽ രണ്ടു തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്ന സന്ദർഭം ഇസ്രയേലിന്റെ ചരിത്രത്തിൽ മുൻപുണ്ടായിട്ടുമില്ല. താൻ വീണ്ടും പ്രധാനമന്ത്രിയായാൽ ഫലസ്തീൻ പ്രദേശമായ വെസ്റ്റ്് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലിൽ ലയിപ്പിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനവും വോട്ടായി മാറിയില്ല. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യൻ യൂണിയനും അറബ് ലീഗും ഇതിനെ കഠിനമായി വിമർശിച്ചിട്ടുണ്ട്. തീവ്രവലതു പക്ഷക്കാരെ പ്രീണിപ്പിച്ച് അവരുടെ വോട്ടുകൾ ആവുന്നത്ര നേടിയെടുക്കാനുള്ള അടവായിരുന്നു ഈ പ്രഖ്യാപനം. പാർലമെന്റിൽ കേവലഭൂരിപക്ഷം കിട്ടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തിൽ അത്രയും സീറ്റുകൾ ഒരു കക്ഷിക്കും കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ആനുപാതിക പ്രാതിനിധ്യ രീതിയിലായതാണ് ഇതിനൊരു കാരണമെന്നു പറയപ്പെടുന്നു.

നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസിന്റെ വിചാരണ അടുത്തമാസമാണ് നടക്കാനിരിക്കുന്നത്. അന്തിമ വിചാരണയിൽ കുറ്റക്കാരനാണെന്നു വിധിയുണ്ടാവുകയാണെങ്കിൽ പത്തു വർഷംവരെ ജയിലിൽ കിടക്കേണ്ടിവരും. അഴിമതിക്കാരനെന്ന് മുദ്രകുത്തപ്പെട്ട നിലയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രിയെന്ന റെക്കോർഡും നെതന്യാഹുവിന്റെ പേരിൽ തന്നെയാണ്. എന്നാൽ ഇനി മുതൽ അതിന് വലിയ ആയുസ് ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടൽ. അഞ്ചാം തവണയും പ്രധാനമന്ത്രിയായി, മറ്റൊരു റെക്കോഡ്കൂടി സൃഷ്ടിക്കാനുള്ള നെതന്യാഹുവിന്റെ ശ്രമവും മങ്ങി തുടങ്ങിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP