Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധം അവസാന സാധ്യത എങ്കിലും ഹമാസ് തീവ്രവാദികളെ തുരത്താൻ മറ്റ് വഴികളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി; ഗസ്സക്കെതിരെ യുദ്ധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ബെഞ്ചമിൻ നെതന്യാഹു; റോക്കറ്റ് ആക്രമണത്തിന് കണക്ക് ചോദിക്കുമെന്നും ഹമാസിനെ ഹമാസിനെ അവസാനിപ്പിക്കും എന്നും മുന്നറിയിപ്പ്

യുദ്ധം അവസാന സാധ്യത എങ്കിലും ഹമാസ് തീവ്രവാദികളെ തുരത്താൻ മറ്റ് വഴികളില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി; ഗസ്സക്കെതിരെ യുദ്ധം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ബെഞ്ചമിൻ നെതന്യാഹു; റോക്കറ്റ് ആക്രമണത്തിന് കണക്ക് ചോദിക്കുമെന്നും ഹമാസിനെ ഹമാസിനെ അവസാനിപ്പിക്കും എന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ജറുസലേം: ഗസ്സക്കെതിരെ യുദ്ധം ചെയ്യാനും മടിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി. ഗസ്സയിൽ നിന്നും നിരന്തരം റോക്കറ്റ് ആക്രമണങ്ങളുണ്ടാകുന്നത് അവസാനിപ്പിക്കാൻ യുദ്ധം വേണ്ടിവരും എന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിൽ പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്ക് നാല് ദിവസം മുൻപ് ദേശീയ റേഡിയോ മാധ്യമമായ കാൻ ബെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം അവസാനത്തെ സാധ്യതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന് മുന്നിൽ ഗസ്സയിലെ തീവ്രവാദികളെ ചെറുക്കാൻ മറ്റ് വഴികളില്ലെന്നും യുദ്ധം മാത്രമേയുള്ളൂവെന്നും വ്യക്തമാക്കി. നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഇസ്രയേലിലെ തെക്കൻ നഗരമായ അഷ്ദോദിൽ റോക്കറ്റാക്രമണം നടത്തിയതിന് പിന്നിൽ ഗസ്സ ഭരിക്കുന്ന ഹമാസുമായി ബന്ധമുള്ളവരാണെന്നാണ് വാദം. ഹമാസിനോട് ഇതിന് കണക്ക് ചോദിക്കുമെന്നും ഗസ്സയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തുള്ള ഒരു സ്വയംഭരണ പ്രദേശമാണ് ഗസ്സ മുനമ്പ്. ഈ പ്രദേശത്തിന്റെ നീളം 41 കിലോമീറ്ററും വീതി 6 മുതൽ 12 വരെ കിലോമീറ്ററുമാണ്. ആകെ വിസ്തീർണ്ണം 365 ചതുരശ്ര കിലോമീറ്ററാണ്. 2012 മുതൽ ഐക്യരാഷ്ട്രസഭ ഈ പ്രദേശം ഫലസ്തീൻ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നു. തെക്കുപടിഞ്ഞാറ് ഈജിപ്റ്റ്, കിഴക്കും വടക്കും ഇസ്രയേൽ എന്നിവയാണ് അതിർത്തികൾ. 2007 മുതൽ ഈ പ്രദേശം ഹമാസ് എന്ന സംഘടനയാണ് ഭരിക്കുന്നത്. റാമള്ളായിലെ ഫലസ്തീനിയൻ ഭരണകൂടം ഈ പ്രദേശത്തിന്റെ മേൽ അധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് അവകാശപ്പെടുന്നത് ഫലസ്തീനിയൻ അഥോറിറ്റിയുടെ അധികാരം തങ്ങൾക്കാണ് ലഭിക്കേണ്ടതെന്നാണ്. ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ സമരസപ്പെട്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.

ജനസംഖ്യ 17 ലക്ഷത്തോളമാണ്. ഗസ്സയിലെ ഫലസ്തീൻ ജനതയുടെ ഭൂരിഭാഗവും സുന്നി മുസ്ലീങ്ങളാണ്. വാർഷിക ജനസംഖ്യാവർദ്ധനവ് ഏകദേശം 3.2% ആണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യാവർദ്ധനയുള്ള രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഈ പ്രദേശം.

1948ലെ യുദ്ധം അവസാനിച്ചതോടെയാണ് ഗസ്സ മുനമ്പിന്റെ വടക്കും കിഴക്കുമുള്ള അതിർത്തികൾ രൂപപ്പെട്ടത്. ഇത് ഇസ്രയേലും ഈജിപ്റ്റും തമ്മിലുള്ള വെടിനിർത്തൽ കരാറനുസരിച്ച് 1949 ഫെബ്രുവരി 24-ന് അംഗീകരിക്കപ്പെട്ടു. ഒത്തു തീർപ്പിന്റെ അഞ്ചാം ആർട്ടിക്കിൾ ഈ അതിർത്തി ഒരു അന്താരാഷ്ട്ര അതിർത്തിയാകില്ല എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആദ്യം ഗസ്സ മുനമ്പിന്റെ ഭരണം നടത്തിയിരുന്നത് 1948-ൽ അറബ് ലീഗ് സ്ഥാപിച്ച ഫലസ്തീൻ ഭരണകൂടമായിരുന്നു. ഈജിപ്റ്റിന്റെ സൈനിക നിയന്ത്രണത്തിൻ കീഴിൽ ഒരു പാവ സർക്കാർ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവർത്തിച്ചിരുന്നത്. ഇത് ഐക്യ അറബ് റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട് 1959-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു.

ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്ഷ്യൻ സൈനിക ഗവർണറായിരുന്നു. ഇസ്രയേൽ 1967-ൽ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്റ്റിൽ നിന്ന് പിടിച്ചെടുത്തു. 1993-ൽ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തിൽ ഫലസ്തീൻ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം ഫലസ്തീനിയൻ അഥോറിറ്റിക്ക് നൽകപ്പെട്ടു. ആകാശം, ജലം അതിർത്തി കടക്കുന്ന സ്ഥാനങ്ങൾ എന്നിവയുടെ നിയന്ത്രണം ഇസ്രയേൽ തുടർന്നും കൈവശം വച്ചു. ഈജിപ്റ്റുമായുള്ള കര അതിർത്തിയുടെ നിയന്ത്രണവും ഇസ്രയേലിന്റെ കൈവശമായിരുന്നു. 2005-ൽ ഇസ്രയേൽ ഗസ്സയിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി. 2006-ലെ ഫലസ്തീനിയൻ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതൽ ഹമാസ് ഗസ്സയുടെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. ഫലസ്തീൻ ഭരണകൂടം ഗസ്സയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

ഇതിനിടെ, കഴിഞ്ഞ ദിവസം ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയ്ക്കായി ഈജിപ്ഷ്യൻ സംഘം ഗസ്സയിലെത്തിയിരുന്നു. ഹമാസിന്റെ വക്താവ് ഈജിപ്ഷ്യൻ സംഘമെത്തിയതായി സ്ഥിരീകരിച്ചു. അടുത്തിടെ ഹമാസ് പ്രതിനിധിസംഘം കെയ്റോ സന്ദർശിച്ചിരുന്നു. സമാധാന ചർച്ചകൾ പൂർത്തിയാക്കാനാണ് ഈജിപ്ഷ്യൻ സംഘം എത്തിയിരിക്കുന്നതെന്നും ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് ഖ്വാന പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളും അതു നടപ്പിലാക്കാനുള്ള ഇസ്രയേലിന്റെ പ്രതിബദ്ധതയും യോഗം ചർച്ചചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ സേന ഹമാസിന്റെ പോസ്റ്റുകൾക്കു നേരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP