Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇല്ലാത്ത വൈദ്യുതിക്ക് ബില്ലടയ്ക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം! പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ കഴിയുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വയോധികരായ സ്ത്രീകൾ വരെ; വീടു നിർമ്മിക്കാൻ മരങ്ങൾ മുറിച്ചു മാറ്റുന്ന കാര്യത്തിൽ ഇപ്പോഴും തീർപ്പായിട്ടില്ല; വീട്ടു സാധനങ്ങൾക്ക് പോലും കൈയിൽ കാശില്ലാത്ത അവസ്ഥ; ഒരു നേരത്തെ അന്നത്തിനായി വരെ കുട്ടമ്പുഴ പഞ്ചായത്തിൽ വലയുന്നത് 67 കുടുംബങ്ങൾ

ഇല്ലാത്ത വൈദ്യുതിക്ക് ബില്ലടയ്ക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം! പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ കഴിയുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ വയോധികരായ സ്ത്രീകൾ വരെ; വീടു നിർമ്മിക്കാൻ മരങ്ങൾ മുറിച്ചു മാറ്റുന്ന കാര്യത്തിൽ ഇപ്പോഴും തീർപ്പായിട്ടില്ല; വീട്ടു സാധനങ്ങൾക്ക് പോലും കൈയിൽ കാശില്ലാത്ത അവസ്ഥ; ഒരു നേരത്തെ അന്നത്തിനായി വരെ കുട്ടമ്പുഴ പഞ്ചായത്തിൽ വലയുന്നത് 67 കുടുംബങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ. പ്രയോജനമില്ലാത്ത വൈദ്യുത കണക്ഷന്റെ പേരിൽ ബിൽ അടയ്ക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം. വീടുവെക്കാൻ 15 സെന്റിലെ തേക്കുമരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവായെങ്കിലും പാഴ്മരങ്ങൾ ഒഴിവാക്കുന്ന കാര്യം ഇപ്പോഴും തൃശങ്കുവിൽ. സൗജന്യ അരികിട്ടുമെങ്കിലും ഉപ്പുമുളകും ഉൾപ്പെടെ വീട്ടുസാധനങ്ങൾ വാങ്ങാൻ കൈയിൽ കാശില്ല. വനവിഭവങ്ങളുടെ ലഭ്യതയും കുറവ്. കൃഷി ചെയ്യാൻ സ്ഥലമില്ല. സർക്കാർ പുനരധിവാസ കോളനിയിൽ ആദിവാസി കുടുംബങ്ങൾ കഴിയുന്നത് ദുരിതക്കയത്തിൽ.

കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര പുനരധിവാസ കോളനിയിലെ താമസക്കാരായ മന്നാൻ, മുതുവാൻ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 67 കുടുംബങ്ങളാണ് നേരാംവണ്ണം ഭക്ഷണത്തിനും താമസത്തിനും മാർഗ്ഗമില്ലാതെ വലയുന്നത്. 2009-ൽ വന്യമൃഗ ശല്യം മൂലം കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള വാരിയത്തു നിന്നും കൃഷിഭൂമിയും ഉള്ളതെല്ലാം ഉപേക്ഷിച്ചും മലയിറങ്ങിയവരാണ് അധികൃതരുടെ കൺവെട്ടത്ത് കഷ്ടതകൾ പേറി ജീവിതം തള്ളി നീക്കുന്നത്.

ജനവാസമേഖലയോടടുത്ത കണ്ടപറയിൽ പുഴയോരത്ത് കുടിൽ കെട്ടിയാണ് വാരിയം വിട്ട ശേഷം ഇവർ കഴിഞ്ഞുവന്നിരുന്നത്. മഴക്കാലത്ത് പുഴയിൽ ശക്തമായ നീരൊഴുക്കുള്ളപ്പോൾ മേഖല ദുരന്ത ഭീഷണിയിലാകുമെന്നതിനാൽ അന്നുതൊട്ടേ ഇക്കൂട്ടരെ ഇവിടെ നിന്നും മാറ്റി താമസിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിവേദനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2014-ൽ ഉരുളൻ തണ്ണിക്കടുത്ത് പന്ത്രപ്പറയിൽ സർക്കാർ തേക്ക് പ്ലാന്റേഷനിൽ രണ്ടേക്കർ ഭൂമി വീതം അനുവദിച്ച് ഇവരെ പുനരധിവസിപ്പിക്കുകയായിരുന്നു. സ്വന്തമായി വീട്, കൃഷിക്ക് സഹായം, കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ പടിവാതിലിൽ സൗകര്യം തുടങ്ങി ഒരു പിടി വാഗ്ദാനങ്ങൾ ഈ ഘട്ടത്തിൽ സർക്കാരിൽ നിന്നും ഇവർക്ക് ലഭിച്ചിരുന്നു.

2018 ആയപ്പോഴേയ്ക്കും സ്വന്തമായി ഒരു തുണ്ടി ഭൂമി എന്ന ഇവരുടെ സ്വപ്നം യാഥാർത്ഥ്യത്തിന്റെ പടിവാതിലോളമെത്തി. ഇടതു മുന്നണി സർക്കാർ ഇവർക്ക് രണ്ടേക്കർ സ്ഥലത്തിന്റെ കൈവശ രേഖ നൽകി ഈ വഴിക്കുള്ള നീക്കത്തിന് വേഗത പകർന്നു. 2014-ൽ ഇവർ കുടിൽകെട്ടി താമസിച്ചിരുന്നിടത്തുനിന്നും 500 മീറ്ററോളം അകലെയായിരുന്നു കൈവശരേഖ ലഭ്യമാക്കിയ സ്ഥലം. അതുകൊണ്ട് തന്നെ ഇവർ ഇവിടേയ്ക്ക് താമസം മാറിയപ്പോൾ വീണ്ടും കുടിൽ നിർമ്മിക്കേണ്ടിവന്നു.

ഈ ഘട്ടത്തിൽ പഴയ കുടിലുകളിൽ അനുവദിച്ചിരുന്ന വൈദ്യുത കണക്ഷൻ ഇപ്പോഴത്തേ താമസ സ്ഥലത്തെ കുടിലുകളിലേയ്ക്ക് മാറ്റി നൽകണമെന്ന് താമസക്കാർ വൈദ്യുത വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായിട്ടും ഈ ആവശ്യം നിറവേറ്റാൻ വൈദ്യുത വകുപ്പ് തയ്യാറായിട്ടില്ല. വന മേഖലയായതിനാൽ നിയന്ത്രണങ്ങളുള്ളതിനാലാണ് ഈ വഴിക്കുള്ള നീക്കത്തിൽ കാലതാമസം നേരിടുന്നതെന്നാണ് വൈദ്യുത വകുപ്പധികൃതർ ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഇതോടെ നിലവിലുള്ള വൈദ്യുത കണക്ഷന്റെ പേരിൽ ഉപയോഗിക്കാതെ തന്നെ ബില്ലടയ്ക്കേണ്ട ഗതികേടിലാണ് ഇവർ. മാസത്തിൽ 100 രൂപയ്ക്ക് മുകളിൽ ഈയിനത്തിൽ തങ്ങൾക്ക് നഷ്ടമാവുന്നുണ്ടെന്നാണ് കോളനി വാസികളുടെ വെളിപ്പെടുത്തൽ. കുടിശിഖ 1000 രൂപയോടുത്തതിനാൽ ചിലരുടെ കണക്ഷൻ വൈദ്യുത വകുപ്പധികൃതർ വിഛേദിച്ചിട്ടുണ്ട്. ഇപ്പോൾ വീട് വയ്്ക്കാൻ 6 ലക്ഷം രൂപ ലഭ്യമാക്കുമെന്ന് സർക്കാർ ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. പുതതായി എറണാകുളം കളക്ടറായി ചുമതലയേറ്റ എസ്.സുഹാസ് കഴിഞ്ഞ ദിവസം കോളനി സന്ദർശിക്കുകയും വീട് നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോളിനി വാസികളുടെ നിലപാട് ആരായുകയും പരാതികൾ കേൾക്കുകയും ചെയ്തിരുന്നു.

വീട് വയ്ക്കുന്നതിനായി 15 സെന്റിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനാണ് സർക്കാർ തലത്തിൽ തത്വത്തിൽ ധാരണയായിട്ടുള്ളത്. എന്നാൽ ഇപ്പോൾ തേക്ക് മരങ്ങൾ മുറിച്ചുമാറ്റാൻ മാത്രമാണ് നിർദ്ദേശമെത്തിയിട്ടുള്ളതെന്നും മറ്റുമരങ്ങൾ നീക്കുന്ന കാര്യത്തിൽ ധാരണയായിട്ടില്ലന്നുമാണ് വനം വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വീട് നിർമ്മാണം എങ്ങിനെ പൂർത്തീകരിക്കാനാവുമെന്ന ആശങ്കയിലാണ് കോളനി വാസികൾ. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് കോളനി വാസികൾ ഇപ്പോൾ മഴയും വെയിലും പ്രതിരോധിക്കുന്നത്.

വീട് നിർമ്മാണം മാത്രമല്ല ഉപജീവനമാർഗ്ഗമെന്ന നിലയിൽ കൃഷിക്ക് തയ്യാറായിരുന്ന കുടുംബങ്ങളും വനം വകുപ്പിന്റെ ഈ നിലപാട് മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. സർക്കാരിൽ നിന്നും ആവശ്യം പോലും അരി ലഭിക്കുന്നതിനാൽ ചോറിന് മുട്ടുണ്ടാവാറില്ലന്നും കറിയായി ഉപ്പും മുളകും പോലും ചാലിച്ച് കൂട്ടാൻപോലും കഴിയാത്ത സാഹചര്യത്തിലാണ് ഇന്ന് തങ്ങളുടെ ജീവിതമെന്നാണ് കോളനി മൂപ്പൻ കുട്ടൻ ഗോപാലൻ വെളിപ്പെടുത്തുന്നത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ കാര്യമായ പ്രശ്നങ്ങളില്ലങ്കിലും തൊഴിൽ മേഖല ഗുരുതരപ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് മൂപ്പൻ വ്യക്തമാക്കി.

പി.ജി വരെ പഠിച്ച രണ്ട് പെൺകുട്ടികൾ കോളനിയിലുണ്ട്. ഇവർ ഒരാൾ സ്വകാര്യസ്ഥാപനത്തിൽ ജോലി നോക്കിവരികയാണ്.സിവിൽ സർവ്വീസ് ഇഷ്ടപ്പെടുന്ന മറ്റൊരു പെൺകുട്ടി പാലായിലെ ഐ എ എസ് ട്രിയിനിങ് കേന്ദ്രത്തിൽ പരിശീലനം നേടി പരീക്ഷ എഴുതി വരികയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും നാമമാത്രമായി കിട്ടുന്ന വരുമാനം കൊണ്ടാണ് അരിക്കുപുറമേയുള്ള ഉപ്പുമുതൽ കർപ്പൂരം വരെയുള്ള വീട്ടാവശ്യങ്ങൾ നടത്തിപ്പോരുന്നത്.ഇതാവട്ടെ അങ്ങുമിങ്ങുമെത്താറുമില്ല.

പഴയതുപോലെ കാട്ടുവിഭവങ്ങൾ ലഭിക്കുന്നില്ല. ദിവസങ്ങളോളം കാട്ടിലലഞ്ഞാലും കാര്യമായി തേനും തെള്ളിയുമൊന്നും ലഭിക്കുന്നില്ല. ദൂരസ്ഥലങ്ങളിൽ പോയി താമസിച്ച് ജോലിചെയ്യുന്നതിനുള്ള സാഹചര്യത്തിലല്ല ഇപ്പോഴത്തെ താമസം. വാരിയത്ത് എല്ലാ കുടുംബങ്ങളും കൃഷി ചെയ്തിരുന്നു. പഞ്ചധാന്യ കൃഷിക്കുപുറമേ വാഴ ,കപ്പ ,ചേന,ചേമ്പ് ,ഏലം ,കുരുമുളക് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്തുവന്നിരുന്നു. ഇതുവഴി ഒട്ടുമിക്ക കുടുംബങ്ങളിലും കാര്യമായിത്തന്നെ വരുമാനവും ലഭിച്ചിരുന്നു.

ആനക്കൂട്ടം താമസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിച്ചു തുടങ്ങിയതോടെയാണ് ഇവിടെ ഇവരുടെ കഷ്ടകാലം ആരംഭിയക്കുന്നത്. 67 കുടുംബങ്ങൾ എല്ലാം വിട്ടെറിഞ്ഞ് മലയിറങ്ങിയെങ്കിലും എന്തും സഹിക്കാൻ തയ്യാറായി 70 -ളം കുടുംബങ്ങൾ ഇപ്പോഴും വാരിയത്തുണ്ട്. ഇവിടെ നിന്നും താഴ്‌വാരത്തേയ്ക്ക് താമസം മാറുന്ന മുറയ്ക്ക് ഇവർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP