Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാറിനൊപ്പം അട്ടപ്പാടിയിലും കേരളാ-തമിഴ്‌നാട് പോര്; ഭവാനിപ്പുഴയിലെ ചെക് ഡാം നിർമ്മാണം അനുവദിക്കില്ലെന്ന് ജയലളിത; മോദിക്ക് വെല്ലുവിളിയാകാൻ മറ്റൊരു നദീജല വിഷയം കൂടി

മുല്ലപ്പെരിയാറിനൊപ്പം അട്ടപ്പാടിയിലും കേരളാ-തമിഴ്‌നാട് പോര്; ഭവാനിപ്പുഴയിലെ ചെക് ഡാം നിർമ്മാണം അനുവദിക്കില്ലെന്ന് ജയലളിത; മോദിക്ക് വെല്ലുവിളിയാകാൻ മറ്റൊരു നദീജല വിഷയം കൂടി

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ പേരിലുള്ള തർക്കം പരിഹാരമില്ലാതെ തുടരുന്നതിനിടയിൽ കേരളത്തോട് മറ്റൊരു ഡാം നിർമ്മാണത്തിന്റെ പേരിൽ ഏറ്റുമുട്ടാൻ തമിഴ്‌നാട് തയറാറെടുക്കുന്നു. പാലക്കാട് ജില്ലയിൽ കേരള- തമിഴ്‌നാട് അതിർത്തിയിലെ ഭവാനിപ്പുഴയിൽ ചെക്ക്ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ പദ്ധതിക്കെതിരെയാണ് കലാപക്കൊടി ഉയർന്നിരിക്കുന്നത്.

കാവേരി ട്രിബ്യൂണലിന്റെ അനുവാദത്തോടെ ചെക്ക്ഡാം നിർമ്മിക്കാൻ കേരളസർക്കാർ കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ കേരളം ഇതിനുള്ള പാരിസ്ഥിതികാഘാതപഠനം നടത്തുകയാണ്. ഈ പഠനം അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ്. തമിഴ്‌നാട് സർക്കാരും മുഖ്യമന്ത്രി ജയലളിതയും, അവരുടെ രാഷ്ട്രീയപാർട്ടിയായ എഐഡിഎംകെയും ഈ വിഷയത്തിൽ ഇടപെട്ടതോടെ മറ്റ് രാഷ്ട്രീയപാർട്ടികളും കേരളത്തിന്റെ നീക്കത്തെ എതിർത്തു രംഗത്തുവന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ ഈ വിഷയം രാഷ്ട്രീയ അജണ്ടയായി ഏറ്റെടുത്തിരിക്കുകയാണ് അവിടത്തെ ചെറുതും വലുതുമായ പാർട്ടികൾ.

കഴിഞ്ഞ വ്യാഴാഴ്ച കരുണാനിധിയുടെ പാർട്ടിയായ ഡിഎംകെ കേരളത്തിനെതിരേ സമരം നടത്തിയിരുന്നു. പാട്ടാളി മക്കൾ കക്ഷിയും, മറ്റ് കർഷകസംഘടനകളും ചേർന്ന് നടത്തിയ മാർച്ച് തമിഴ്‌നാട് പൊലീസ് ഇടപെട്ടാണ് തടഞ്ഞത്. പാരിസ്ഥിതികാഘാത പഠനം നിർത്തിവച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് മറ്റുരാഷ്ട്രീയ പാർട്ടികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ അട്ടപ്പാടിയോടു ചേർന്ന കേരള-തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിൽ കേരള പൊലീസ് ശക്തമായ മുൻകരുതലുകൾ ഏർപ്പെടുത്തിക്കഴിഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസികളുടേയും പാലക്കാട് ജില്ലയുടെയും ജലക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച അട്ടപ്പാടിവാലി പദ്ധതിയുടെ ഭാഗമായാണ് ചെക്ക്ഡാം നിർമ്മിക്കാൻ കേരളം തീരുമാനിച്ചത്. സൈലന്റ്വാലിയിൽനിന്നുൽഭവിച്ച് തമിഴ്‌നാട്ടിലേക്കൊഴുകുന്ന ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികളാണ് ശിരുവാണിപ്പുഴയും, വരാഗയാറും. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് ജില്ലകളിലേക്ക് ശിരുവാണിപ്പുഴയിൽനിന്നാണ് ജലംകൊണ്ടുപോകുന്നത്. ഭവാനിപ്പുഴയിൽ ചെക്ക്ഡാം നിർമ്മിച്ചാൽ ശിരുവാണിപ്പുഴയിലേക്കുള്ള ജല ലഭ്യത കുറയുമെന്നു വാദിച്ചാണ് തമിഴ്‌നാട് കേന്ദ്രസർക്കാരിനെ സമീപിച്ചിരിക്കുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ കുടിവെള്ളമായും കൃഷി ആവശ്യത്തിനും ശിരുവാണിപ്പുഴയിലെ ജലമാണ് ആശ്രയം. ഇവിടെനിന്ന് 1.3 ഘനയടി ജലമാണ് കേരളം നൽകുന്നത്.

തമിഴ്‌നാടുമായുള്ള തർക്കത്തിൽപ്പെട്ട് അട്ടപ്പാടിവാലി ജലസേചന പദ്ധതി പ്രവർത്തനം അനന്തമായി വൈകുമ്പോൾ കേരളത്തിന് നഷ്ടം കോടികളാണ്. കാവേരി വിഹിതം പ്രയോജനപ്പെടുത്താൻ കേരള ജലവിഭവ വകുപ്പിന് കീഴിൽ കണ്ണൂരിലും പാലക്കാട് അഗളിയിലും രണ്ട് പ്രോജക്ട് ഡിവിഷനുകൾ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ഇടത്തരം, ചെറുകിട ജലസേചന പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും ഒരു പദ്ധതിപോലും നടപ്പാക്കാനായില്ല. അട്ടപ്പാടിവാലി ജലസേചന പദ്ധതിക്കുവേണ്ടി അഗളിയിൽ സ്ഥാപിതമായ പ്രോജക്ട് ഡിവിഷന്റെ നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ടു മുമ്പ് 218 ഏക്കർ ഭൂമി അക്വയർ ചെയ്തിരുന്നു. കോടികൾ ചെലവഴിച്ച് ഓഫിസ്, ക്വാർട്ടേഴ്‌സ്, ഹോസ്റ്റൽ, റോഡ്, കനാൽ ഉൾപ്പെടെയുള്ളവ നിർമ്മിച്ചു.

പദ്ധതിക്കായി അക്വയർ ചെയ്ത ഭൂമിയിൽ ഒരു ഭാഗം കുടിയേറ്റ കർഷകർ കൈയേറിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുക ദുഷ്‌കരമാണ്. ഓഫിസ് പ്രവർത്തനം നാമമാത്രമാണെങ്കിലും പ്രോജക്ട് പ്രവർത്തനങ്ങൾക്കായി നിയമിതരായ 35ലധികം ഉദ്യോഗസ്ഥർ ഇപ്പോഴും തുടരുന്നുണ്ട്. 1970ൽ അട്ടപ്പാടിവാലി പദ്ധതിക്ക് രൂപം നൽകുമ്പോൾ നിർമ്മാണച്ചെലവായി കണക്കാക്കിയത് വെറും 4.76 കോടി രൂപയായിരുന്നു. എന്നാൽ, പിന്നീട് കെട്ടിടങ്ങൾക്കും റോഡിനും മാത്രമായി 19.5 കോടി രൂപയോളം ചെലവഴിച്ചു. നിലവിലുള്ള നിരക്ക് പ്രകാരം 700 കോടി രൂപയാണ് ഡാമിന്റെ നിർമ്മാണച്ചെലവ് കണക്കാക്കുന്നതെങ്കിലും പദ്ധതി പൂർത്തിയാവുമ്പോൾ ഇത് 1000 കോടിക്ക് മീതെയത്തെുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP