Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാദ പ്രസംഗം നടത്തിയ ഫാ. ഡൊമിനിക്ക് വാളമനാലിന് വേണ്ടി മാപ്പു പറഞ്ഞ് അയർലണ്ടിലെ സീറോ മലബാർ സഭ; വിവാദം മുറുകിയത് വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആർച്ച് ബിഷപ്പും ആവശ്യപ്പെട്ടതോടെ; അതിനിടെ വൈദികനെ സംരക്ഷിക്കാൻ കേരളത്തിലെ പള്ളികളിൽ ഒപ്പുശേഖരണം; സമൂഹ മാധ്യമങ്ങളിലുള്ള ആക്രമണം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടെന്നും വാളമനാൽ അനുകൂലികൾ

വിവാദ പ്രസംഗം നടത്തിയ ഫാ. ഡൊമിനിക്ക് വാളമനാലിന് വേണ്ടി മാപ്പു പറഞ്ഞ് അയർലണ്ടിലെ സീറോ മലബാർ സഭ; വിവാദം മുറുകിയത് വൈദികനെ അയർലണ്ടിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആർച്ച് ബിഷപ്പും ആവശ്യപ്പെട്ടതോടെ; അതിനിടെ വൈദികനെ സംരക്ഷിക്കാൻ കേരളത്തിലെ പള്ളികളിൽ ഒപ്പുശേഖരണം; സമൂഹ മാധ്യമങ്ങളിലുള്ള ആക്രമണം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടെന്നും വാളമനാൽ അനുകൂലികൾ

മറുനാടൻ ഡെസ്‌ക്‌

ഡബ്ളിൻ/ തിരുവനന്തപുരം: ഓട്ടിസത്തിന് കാരണം സ്വയംഭോഗവും സ്വവർഗ രതിയുമാണെന്നതടക്കമുള്ള വിവാദ പ്രസംഗം നടത്തുന്ന ധ്യാനഗുരു ഫാ. ഡൊമിനിക്ക് വാളമനാൽ വിവാദച്ചുഴിയിൽ പെട്ട് നിൽക്കുന്ന വേളയിൽ അദ്ദേഹത്തിനായി പര്യമായി മാപ്പ് പറഞ്ഞ് അയർലണ്ടിലെ സീറോ മലബാർ സഭ രംഗത്ത്. ഫാ. ഡൊമിനിക്കിനെ ഇപ്പോൾ അയർലൻഡിൽ പ്രവേശിപ്പിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡ് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന കുർബാന മധ്യേ ലൂക്കൻ ഡിവൈൻ മേഴ്‌സി പള്ളിയിൽ വച്ചാണ് ഫാ. ക്ലമന്റ് അയർലന്റിലെ സീറോ മലബാർ സഭയ്ക്ക് വേണ്ടി പരസ്യമായി മാപ്പുചോദിച്ചത്.

ഈ വിഷയം ഇവിടെ വച്ച് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഈ കാര്യം അയർലണ്ടിലെ വിശ്വാസികൾ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ഫാ. ഡൊമിനിക് വളമനാലിനെതിരെ ഐറിഷ് ടൈംസ് പത്രത്തിൽ വന്ന വാർത്ത ഐറിഷ് സമൂഹത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ഐറിഷ് ടൈംസ് ഫേസ്‌ബുക്ക് പേജിന് താഴെ വന്ന രൂക്ഷമായ കമന്റുകൾ സീറോ മലബാർ അയർലൻഡ് ഘടകത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അതിനിടെ ഓട്ടിസം ബാധിച്ച കുട്ടിയെ സുഖപ്പെടുത്തി എന്ന വൈദികന്റെ വാദം കള്ളം ആയിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്.

അയർലണ്ടിലെ ഒരു കുടുംബത്തിൽ മൂന്നു കുട്ടികൾ ഓട്ടിസ്റ്റിക് ആണ് എന്നും ആ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ കുട്ടികൾ സുഖം പ്രാപിച്ചു, അതിൽ മൂത്തകുട്ടി നൂറുശതമാനവും സൗഖ്യ പെട്ടു, ഇപ്പോൾ ആ കുട്ടി സാധാരണ സ്‌കൂളിൽ സാധാരണക്കാരെ പോലെയാണ് ആണ് പഠിക്കുന്നത് എന്നുമായിരുന്നു പ്രസംഗമധ്യേ ഫാദർ ഡൊമിനിക് വളമനാൽ അറിയിച്ചത്. എന്നാൽ ഈ കുട്ടി ഇപ്പോഴും ഓട്ടിസ്റ്റിക് തന്നെ ആണ് എന്നും, ഇങ്ങനെ ധ്യാനം എന്ന പേരിൽ കള്ളം പ്രചരിപ്പിക്കുന്നത് സഭയുടെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം വരുത്തുമെന്നും സീറോമലബാർ മൈഗ്രേൻ കൗൺസിൽ ഓഫ് അയർലൻഡ് പ്രതിനിധി അറിയിച്ചു.

അതേസമയം വളമനാലിനെ അനുകൂലിച്ച് കേരളത്തിലെ ചില പള്ളികളിൽ ഒപ്പു ശേഖരണവും നടന്നിരുന്നു. ഐറിഷ് സമൂഹത്തിൽ വൈദികന് നേരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ വേളയിൽ കേരളത്തിൽ നിന്നും ഇത്തരമൊരു നീക്കമുണ്ടാകുന്നതിനെതിരേയും വൻ വിമർശനമാണ് ഉയരുന്നത്. എങ്കിലും കേരളത്തിലെ ചില ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ഒപ്പ് ശേഖരണവും ക്യാമ്പയിനും നിർബാധം തുടരുകയാണ്.

വളമനാലിനെതിരായ സൈബർ ആക്രമണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമീഷിന്റെ ഉത്തരവുണ്ടെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.ഇടുക്കി ജില്ലാ പൊലീസ് മേധാവിയും ഹൈടെക്ക് സെൽ ഇൻസ്‌പെക്ടറും അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്. വൈദികൻ നടത്തിയ ബൈബിൾ കൺവെൻഷൻ ശുശ്രൂഷകളുടെ വീഡിയോയിൽ വൈദികൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കിയ ശേഷം വ്യാജമായ മറ്റ് കാര്യങ്ങൾ എഡിറ്റ് ചെയ്ത് ഫേസ്‌ബുക്ക് വാട്ാസാപ്പ്, യൂട്യൂബ്, ബ്ലോഗ്, ഓൺലൈൻ സൈറ്റുകൾ എന്നിവ വഴി പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.

അണക്കര മരിയൻ ധ്യാന കേന്ദ്രം പിആർഓ തോമസ് ജോസാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. സംഘടിതമായ ആക്രമണമാണ് ഫാ. ഡൊമിനിക്കിനെതിരെ നടക്കുന്നതെന്നും ആരോപിക്കുന്നുണ്ട്. പത്തു വർഷത്തിലധികമായി ലോകമെമ്പാടും വചന പ്രഘോഷണം നടത്തി വരികയാണ് ഫാ. ഡോമിനിക്ക് വളമനാൽ. സത്യ വിരുദ്ധമായ പരാമർശങ്ങൾ ധ്യാനകേന്ദ്രത്തിനും വൈദികനും മനോ വേദനയുണ്ടാക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൃഗ തുല്യമായ ജീവിതം': പ്രസംഗം വിവാദമായതിങ്ങനെ

കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈസ്റ്റേൺ സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് അയർലണ്ടിൽ ഏതാണ്ട് 4000ത്തോളം അംഗങ്ങളാണുള്ളത്. ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്. അവിഹിത ബന്ധം, സ്വയംഭോഗം, സ്വവർഗബന്ധം, നീലച്ചിത്രങ്ങൾ കാണൽ, തുടങ്ങിയ ദുശീലങ്ങൾക്ക് അടിമപ്പെടുന്നവർ തുടർന്ന് വിവാഹിതരാവുമ്പോൾ അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവ ബാധിക്കാൻ കാരണമാകുമെന്നായിരുന്നു വിശ്വാസികൾക്കായുള്ള പ്രസംഗത്തിൽ വാളമനാൽ ആരോപിച്ചിരുന്നത്.

ഇത്തരക്കാർ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഫാദർ ആരോപിച്ചിരുന്നത്. അതിനാൽ ഇത്തരക്കാർക്ക് ജനിക്കുന്ന കുട്ടികൾ മൃഗതുല്യരായിരിക്കുമെന്നും ഫാദർ വാളമനാൽ ആരോപിച്ചിരുന്നു. ഇതിന് മുമ്പ് താൻ ഡബ്ലിൻ സന്ദർശിച്ചപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ സുഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവും വളമനാൽ പുറപ്പെടുവിച്ചിരുന്നു. ഓട്ടിസത്തിന്റെയും ഹൈപ്പർ ആക്ടിവിറ്റിയുടെയും ദുരാത്മാവുകളെ താൻ ജീസസിന്റെ ബലത്തിൽ പിടിച്ച് കെട്ടിയെന്നാണ് ഫാദർ അവകാശപ്പെട്ടിരുന്നത്.

അയർലണ്ടിലേക്കുള്ള മറ്റൊരു സന്ദർശനത്തിനിടെ ലിമെറിക്കിലെ മറ്റൊരു കുട്ടിയെ സുഖപ്പെടുത്തിയെന്നും വളമനാൽ അവകാശപ്പെട്ടിരുന്നു.നിലവിൽ ആ കുട്ടി സ്വാഭാവികമായി പഠിച്ച് മുന്നോട്ട് പോകുന്നുവെന്നും ഫാദർ വെളിപ്പെടുത്തിയിരുന്നു. ഈ വരുന്ന ഒക്ടോബർ 26, 27, 28 തീയതികളിലായി തലാഗ്ട്ടിൽ വച്ച് നടക്കുന്ന വചന പ്രഘോഷണം നടത്താനാണ് വളമനാലിനെ സീറോ മലബാർ കത്തോലിക്കാ സഭ ക്ഷണിച്ചിരുന്നത്. വളമനാലിനെ അയർലണ്ടിലേക്ക് വചനപ്രഘോഷണത്തിന് ക്ഷണിക്കരുതെന്നാണ് ഡബ്ലിൻ അതിരൂപതയുടെ ചുമതലയുള്ള വ്യക്തി ആർച്ച് ബിഷപ്പ് മാർട്ടിന്റെ വക്താവ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്ന വളമനാലിനെ അയർലണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയർലണ്ടിലെ സീറോ മലബാർ സഭയിലെ അംഗങ്ങളിൽ ചിലർ ഒരു പെറ്റീഷൻ ലോഞ്ച് ചെയ്ത് മിനിസ്റ്റർ ഫോർ ജസ്റ്റിസ് ചാർലി ഫ്‌ളാനഗനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാൾ അയർലണ്ടിൽ വന്ന് ഇവിടെ ജീവിക്കുന്നവരെ അപമാനിക്കാൻ അനുവദിക്കില്ലെന്നാണ് അയർലണ്ടിലെ സീറോ മലബാർ സഭയിലെ ഒരു അംഗം ദി ഐറിഷ് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഈ പുരോഹിതന്റെ മറ്റൊരു പ്രസംഗം കേൾക്കാനിട വരരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്.ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP