Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൻകുമാറിന്റെ ഗൺമാനേയും പിണറായി മാറ്റി; പൊലീസ് മേധാവിയുടെ അധികാരങ്ങൾക്ക് കൈവിലങ്ങിടാനുറച്ച് ആഭ്യന്തര വകുപ്പ്; പത്തുകൊല്ലമായി കൂടെയുള്ള സുരക്ഷാ ജീവനക്കാരനെ ഡിജിപി അറിയാതെ മാറ്റുന്നത് അസാധാരണ നടപടി; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശക്കുഴപ്പം; സെൻകുമാറിനെ വീണ്ടും ചൊറിഞ്ഞ് ഇടത് സർക്കാർ

സെൻകുമാറിന്റെ ഗൺമാനേയും പിണറായി മാറ്റി; പൊലീസ് മേധാവിയുടെ അധികാരങ്ങൾക്ക് കൈവിലങ്ങിടാനുറച്ച് ആഭ്യന്തര വകുപ്പ്; പത്തുകൊല്ലമായി കൂടെയുള്ള സുരക്ഷാ ജീവനക്കാരനെ ഡിജിപി അറിയാതെ മാറ്റുന്നത് അസാധാരണ നടപടി; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശക്കുഴപ്പം; സെൻകുമാറിനെ വീണ്ടും ചൊറിഞ്ഞ് ഇടത് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് മേധാവി ടി.പി സെൻകുമാറിനെ പ്രകോപിപ്പിക്കാൻ ഉറച്ച് സർക്കാർ. സെൻകുമാറിന്റെ ഓഫീസ് സ്റ്റാഫിനെ അദ്ദേഹമറിയാതെ സർക്കാർ മാറ്റിയാണ് പുതിയ പ്രകോപനം. സെൻകുമാറിന്റെ ഗൺമാൻ ഗ്രേഡ് എസ്ഐ അനിലിനെയാണ് മാറ്റിയത്. 15 വർഷമായി സെൻകുമാറിനൊപ്പമുള്ള ഉദ്യോഗസ്ഥനാണ് അനിൽ കുമാർ. സിറ്റി എആർ ക്യാമ്പിലേക്കാണ് അനിൽകുമാറിനെ മാറ്റിയത്. ഇത് തീർത്തും അസാധാരണ നടപടിയാണ്. പൊലീസ് മേധാവിക്ക് പ്രത്യേകിച്ച് അധികാരമൊന്നുമില്ലെന്ന് തെളിയിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. എന്നാൽ പരാതികളെത്തുടർന്നാണ് അനിൽ കുമാറിനെ മാറ്റിയതെന്നാണ് സർക്കാർ വിശദീകരണം.

 

പൊലീസ് മേധാവി അറിയാതെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനെ സർക്കാർ മാറ്റുന്നത് അസാധാരണ നടപടിയാണ്. സർക്കാരും സെൻകുമാറും തമ്മിലുള്ള പോര് തുടരുന്നുവെന്ന സൂചനയാണ് ഗൺമാന്റെ സ്ഥലം മാറ്റത്തിലൂടെ വ്യക്തമാകുന്നത്. സാധാരണ ഗൺമാന്മാരെ നിശ്ചയിക്കുന്നത് അതാത് ഉദ്യോഗസ്ഥരാണ്. രാഷ്ട്രീയക്കാർക്ക് ഗൺമാന്മാരെ നൽകുമ്പോഴും ഇതാണ് മാനദണ്ഡം. അതുകൊണ്ട് തന്നെ ഇവരെ മാറ്റുമ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കാറുമുണ്ട്. എന്നാൽ പൊലീസ് മേധാവിയുടെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചില്ല. ഇതിലൂടെ സർക്കാർ സെൻകുമാറിനെ വെല്ലുവിളിക്കുകയാണ്.

കഴിഞ്ഞ ദിവസം സെൻകുമാറിനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയത് വിവാദമായിരുന്നു. പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെൻസസ് സെൽ എഐജി വി. ഗോപാൽ കൃഷ്ണന്റെ പരാതിയിലാണ് സെൻകുമാറിനെതിരേ സർക്കാർ പ്രോസിക്യൂഷൻ അനുമതിക്ക് ഉത്തരവിട്ടത്. പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് സെൻകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. താൻ ഭീ്ഷ്മനല്ലെന്നും ആയുധം വച്ച് കീഴടങ്ങില്ലെന്നുമായിരുന്നു സെൻകുമാറിന്റെ ഇതിനോടുള്ള പ്രതികരണം. ഇതിനിടെയാണ് പുതിയ നടപടി. നേരത്തെ പൊലീസ് ആസ്ഥാനത്തെ ടോപ് സീക്രട്ട് വിഭാഗത്ത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ സർക്കാർ കൊണ്ടു വന്നിരുന്നു. ഇത് സർക്കാരിനെ ലക്ഷ്യമിട്ടുള്ള നടപടിയായിരുന്നു.

എന്നാൽ ഈ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തുനിഞ്ഞില്ല. വിവരാവകാശ പ്രവർത്തകർ കോടതിയിൽ പോകുമെന്ന സാഹചര്യം തിരിച്ചറിഞ്ഞായിരുന്നു ഇത്. ഇതിനിടെയാണ് ഗോപാൽ കൃഷ്ണവിഷയമെത്തിയത്. സെൻകുമാറും ഗോപാൽ കൃഷ്ണനും തമ്മിൽ വർഷങ്ങളായി പോരടിക്കുകയാണ്. സെൻകുമാറിനെതിരേ നിയമനടപടിക്ക് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് 2006 മുതൽ ഗോപാൽ കൃഷ്ണൻ സർക്കാരിനെ സമീപിക്കുകയാണ്. അനുമതി നൽകിയില്ല. 2012-ൽ വീണ്ടും അപേക്ഷ നൽകി. ഇതിനും അന്നത്തെ സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. ഈ പരാതിയാണ് ഇപ്പോൾ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ ഉപയോഗിച്ചത്.

സെൻകുമാറിനോടുള്ള സർക്കാരിന്റെ അതൃപ്തിയാണ് ഗോപാൽ കൃഷ്ണന്റെ പരാതി പരിഗണിക്കാൻ ഇടയായത്. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിൽ സെൻകുമാറിനെതിരേ തുടർനടപടികൾക്കായി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വി. ഗോപാൽ കൃഷ്ണൻ. സെൻകുമാർ പൊലീസ് മേധാവിയായതോടെ ഗോപാൽ കൃഷ്ണൻ പൊലീസ് ആസ്ഥാനത്ത് എത്തുന്നത് മതിയാക്കിയിരുന്നു. ഡിജിപിയെ കണ്ടുമില്ല. ഈ സാഹചര്യത്തിൽ ഗോപാൽ കൃഷ്ണനോട് വിശദീകരണം തേടാൻ ഡിജിപി തീരുമാനിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം അവധിക്കും പോയി. ഇതിനിടെയാണ് പ്രോസിക്യൂഷൻ അനുമതി സർക്കാർ കൊടുത്തത്.

പൊലീസ് ആസ്ഥാനത്ത് ആരും സെൻകുമാറിനെ പിന്തുണയ്ക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ സർക്കാർ നൽകുന്നത്. സെൻകുമാറിന്റെ വിശ്വസ്തരായാൽ പണിയുറപ്പെന്ന സന്ദേശമാണ് പൊലീസിലുള്ളവർക്ക് സർക്കാർ നൽകുന്നത്. നിലവിൽ എഡിജിപി ടോമിൻ തച്ചങ്കരിക്ക് സർവ്വ അധികാരവും സർക്കാർ നൽകിയിട്ടുണ്ട്. എല്ലാ ഫയലുകളും തച്ചങ്കരി കാണേണ്ട സാഹചര്യമുണ്ടാക്കുന്നതാണ് ഉത്തരവ്. സുപ്രീംകോടതി വിധിയുടെ കരുത്തിൽ പൊലീസ് മേധാവിയായ സെൻകുമാർ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനുമായി നല്ല ബന്ധം സൂക്ഷിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പരിപാടികൾക്കും എത്തി. എന്നാൽ സെൻകുമാറിന്റെ സ്ഥലം മാറ്റ ഉത്തരവുകൾ പോലും സർക്കാർ തിരുത്തുകയാണ് ഉണ്ടായത്. ഇതോടെ ഏറ്റുമുട്ടൽ തുടങ്ങി.

അതിനിടെ സർക്കാരിന്റെ വിശ്വസ്തനായ എഡിജിപി ടോമിൻ തച്ചങ്കരിക്കു കൂടുതൽ അധികാരങ്ങൾ നൽകി സർക്കാർ ഉത്തരവിട്ടതോടെ പൊലീസ് ആസ്ഥാനത്തെ ഭിന്നത കൂടുതൽ രൂക്ഷമായി. നേരത്തെ പൊലീസ് ആസ്ഥാനത്തു സെൻകുമാർ നടത്തിയ സ്ഥലം മാറ്റം സർക്കാർ മരവിപ്പിച്ചിരുന്നു. സെൻകുമാറും തച്ചങ്കരിയുമായുള്ള ഭിന്നത കാരണം പൊലീസ് ആസ്ഥാനത്തെ ഫയലുകളിൽ മിന്നൽ വേഗത്തിലാണു തീർപ്പുണ്ടാകുന്നത്. പൊലീസ് ആസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ഭരണപരമായ മേൽനോട്ടം തച്ചങ്കരിക്ക് വരുന്ന തരത്തിലാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. സംസ്ഥാന പൊലീസ് മേധാവി കാണുന്ന എല്ലാ ഫയലും തച്ചങ്കരിക്കും ലഭിക്കും.

ഇപ്പോഴത്തെ ഐജി ബൽറാം കുമാർ ഉപാധ്യായ 34 ദിവസത്തെ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണു സർക്കാർ ഉത്തരവ്. ഇദ്ദേഹം വഹിച്ചിരുന്ന പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻസ് കോർപറേഷൻ എംഡിയുടെ ചുമതലയും തച്ചങ്കരിക്കു നൽകി. പൊലീസ് ആസ്ഥാനത്ത് അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് അടക്കം 37 സെക്ഷനുകളുണ്ട്. നേരത്തെ ഇതിൽ പകുതി വകുപ്പുകളുടെ ഭരണപരമായ ചുമതല തച്ചങ്കരിക്കും പകുതി ചുമതല ഐജിക്കുമായിരുന്നു. ഐജിയുടെ ചുമതല കൂടി ലഭിച്ചതോടെ എല്ലാ സെക്ഷന്റെയും ചുമതലയും ഇദ്ദേഹത്തിനായി. സാധാരണ ഹെഡ്ക്വാർട്ടേഴ്സ് ഐജി പോലുള്ള പ്രധാന തസ്തികയിൽ ഒഴിവു വന്നാൽ സർക്കാർ പകരം നിയമനം നടത്തും. ഇതിന് പകരമാണ് തച്ചങ്കരിക്ക് ചുമതലകൾ നൽകുന്നത്. ഇതിന് പിന്നാലെയാണ് ഗൺമാനെ പോലും മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP