Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും കൂടുതൽ പാലങ്ങൾ നിർമ്മിച്ചു പേരെടുത്ത പി റ്റി മത്തായി ആൻഡ് കൺസ്ട്രക്ഷൻസ് കമ്പനിക്ക് അകാലചരമം; അന്തഛിദ്രവും പടലപ്പിണക്കവും വിനയായി; സഹോദരൻ വ്യാജ ഒപ്പിട്ടു സൗത്ത് ഇന്ത്യൻ ബാങ്കു വഴി ഒരു കോടി തട്ടിയെടുത്തതായി പാർട്ണർ റോജർ മാത്യു

ഏറ്റവും കൂടുതൽ പാലങ്ങൾ നിർമ്മിച്ചു പേരെടുത്ത പി റ്റി മത്തായി ആൻഡ് കൺസ്ട്രക്ഷൻസ് കമ്പനിക്ക് അകാലചരമം; അന്തഛിദ്രവും പടലപ്പിണക്കവും വിനയായി; സഹോദരൻ വ്യാജ ഒപ്പിട്ടു സൗത്ത് ഇന്ത്യൻ ബാങ്കു വഴി ഒരു കോടി തട്ടിയെടുത്തതായി പാർട്ണർ റോജർ മാത്യു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:'പാലം മത്തായി ' യുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംസ്ഥാനത്തെ പ്രമുഖനിർമ്മാണ കമ്പനിക്ക് അകാലചരമം. ഒരുകാലത്ത് സംസ്ഥാനം നിറഞ്ഞുനിന്നിരുന്ന കൊച്ചിയിലെ പി റ്റി മത്തായി ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്ക് ഇപ്പോൾ പേരു നിലനിർത്താൻ പോലും വർക്കുകളില്ല. ആവശ്യത്തിന് നിർമ്മാണപ്രവൃത്തികൾ ലഭിക്കാത്തതിനാൽ പിടിച്ചുനിൽക്കാനാകാതെ ഈ രംഗത്തുനിന്നും കരാറുകാർ കളം വിടുകയാണ്. കമ്പനിയുടെ ദുരവസ്ഥക്ക് വഴിയൊരുക്കിയത് പങ്കാളികൾക്കിടയിലെ പടലപ്പിണക്കവും കുടുംബത്തിലെ അന്തഛിദ്രവുമാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാലം നിർമ്മിച്ചു പേരെടുത്ത പി റ്റി മത്തായി ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ അമരക്കാരൻ മുളംതുരുത്തി പുറപ്പാടത്ത് പി റ്റി മത്തായിയുടെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമായി 200-ഓളം പാലങ്ങൾ കരാറെടുത്തു നിർമ്മിച്ചിട്ടുണ്ട്.'പാലം മത്തായി 'എന്ന പേരിലാണ് ഇദ്ദേഹം അടുത്തകാലം വരെ കരാറുകാർക്കിടയിലും പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിലും അറിയപ്പെട്ടിരുന്നത്. പുതിയ ഹൈക്കോടതി സമുച്ചയം, വെണ്ടുരുത്തി പാലം, തൃശൂർ മെഡിക്കൽ കോളേജ് മന്ദിരം തുടങ്ങി പൊതുമരാമത്ത് വകുപ്പിന് കീഴിൽ അരനൂറ്റാണ്ടിനുള്ളിൽ പൂർത്തിയായ വൻകിടനിർമ്മാണ പ്രവർത്തനങ്ങളിലൊട്ടുമിക്കതിലും മത്തായിയുടെ കരസ്പർശമുണ്ടായിരുന്നു.

പി റ്റി മത്തായി, ഭാര്യ മാർത്ത മത്തായി, മക്കളായ റോജർ മാത്യൂ, ജിജു മത്തായി എന്നിവരാണ് കമ്പനിയുടെ പങ്കാളികൾ. ഇവരിൽ ജിജു മത്തായി, ഈടുവച്ച വസ്തുവകൾ മറിച്ചുവിറ്റതായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരാതിയെത്തുടർന്നുള്ള കേസ്സിൽ അറസ്റ്റിലായിരുന്നു. ഇപ്പോൾ കമ്പനിയുടെ പങ്കാളിയായ റോജർ മാത്യു, ജിജു മത്തായിക്കെതിരെ പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

കമ്പനിയുടേതായി തയ്യാറാക്കിയ പ്രമേയത്തിൽ തന്റെ വ്യാജ ഒപ്പിട്ട് കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ എൻ എസ് ഐ സിയിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് എം ജി റോഡ് ശാഖ വഴി ഒരു കോടി രൂപ ജിജു മത്തായി സ്വന്തമാക്കിയെന്നാണ് റോജർ മാത്യുവിന്റെ ആരോപണം. കമ്പനിയിൽ പാർട്ണർമാർ തമ്മിൽ നേരത്തെ അസ്വാരസ്യം ആരംഭിച്ചിരുന്നെന്നും ഈയവസരത്തിൽ താൻ നേരിൽ ഒപ്പിടാത്ത ഒരു ഉടമ്പടിയിലും തനിക്ക് ബന്ധമുണ്ടാവില്ലെന്നും കാണിച്ച് ബാങ്ക് മാനേജർക്ക് കത്തു നൽകിയിരുന്നെന്നും ഇത് അംഗീകരിച്ചതായി ബാങ്ക് അധികൃതർ രേഖാമൂലം തന്നെ അറിയിക്കുകയും ചെയ്തിരുന്നെന്നും ഇതിന് മൂന്നുമാസത്തിനു ശേഷം പണം സ്വന്തമാക്കാൻ ബാങ്കുമായി ചേർന്ന് ജിജു മത്തായി കള്ളക്കളി നടത്തിയെന്നുമാണ് റോജറിന്റെ വെളിപ്പെടുത്തൽ.

കമ്പനി അക്കൗണ്ട് വഴി ജിജു മത്തായി തന്റെ വ്യാജ ഒപ്പിട്ടാണ് പണം കൈപ്പറ്റിയിരിക്കുന്നതെന്നും ഈ തട്ടിപ്പിന് ബാങ്ക് ശാഖയിലെ ഉത്തരവാദപ്പെട്ടവരും പങ്കുചേർന്നെന്നും കാണിച്ച് റോജർ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ കോടതി റോജറിന്റെയും എതിർകക്ഷികളുടെയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രമേയത്തിലെ തന്റെ ഒപ്പ് വ്യാജമെന്നു തെളിയിക്കുന്നതിനായി ബാങ്കിൽ താൻ ഒപ്പിട്ടുനൽകിയ കത്തിന്റെ കോപ്പിയും വ്യാജ ഒപ്പുള്ളതായി കണ്ടെത്തിയ പ്രമേയത്തിന്റെ കോപ്പിയും റോജർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

വസ്തു ഈടിന്മേൽ അനുവദിക്കുന്ന ലോൺതുക 90 ദിവസത്തിനകം അടച്ചുതീർക്കണമെന്നായിരുന്നു എൻ എസ് ഐ സി യുടെ വ്യവസ്ഥ. എന്നാൽ കാലാവധി തീർന്നിട്ടും ലോൺ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് അധികൃതർ കമ്പനിയുടെ പങ്കാളികൾക്ക് നോട്ടീസയച്ചു. ഈ നോട്ടീസ് ലഭിച്ചപ്പോഴാണ് സഹോദരൻ ഇത്തരത്തിലൊരു പണി തന്നതെന്ന് വ്യക്തമായതെന്നും ഇതേക്കുറിച്ച് ബാങ്കധികൃതരോട് തിരക്കിയപ്പോൾ പ്രശ്‌നം നിസാരവൽക്കരിക്കുകയായിരുന്നെന്നും റോജർ വ്യക്തമാക്കി.

ലോണിനായി ജിജു മത്തായി ബാങ്ക് ശാഖയിൽ സമർപ്പിച്ചിട്ടുള്ള പ്രമേയത്തിന്റെ കോപ്പി. ഇതിൽ മൂന്നാമത്തെ ഒപ്പ് തന്റേതാണെന്നാണ് ബാങ്ക് ഉദ്യേഗസ്ഥരെ ധരിപ്പിച്ചിട്ടുള്ളതെന്നും ഈ ഒപ്പ് താൻ ഇട്ടതല്ലെന്നുമാണ് റോജറിന്റെ വാദം.

ഇതേത്തുടർന്ന് തട്ടിപ്പിന്റെ ഉള്ളുകള്ളികൾ കൂടുതൽ അറിയാൻ റോജർ കൊച്ചിയിലെ എൻ എസ് ഐ സി ആസ്ഥാനത്തെത്തി അന്വേഷണം നടത്തിയെങ്കിലും ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയും കോടതി നിർദ്ദേശപ്രകാരം പൊലീസ് എൻ എസ് ഐ സി ഓഫീസ് റെയ്ഡ് ചെയ്ത് രേഖകൾ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഈ രേഖകളിൽ നിന്നാണ് തന്റെ ഒപ്പ് ഇട്ടാണ് ജിജു മത്തായി ലോൺ കരസ്ഥമാക്കിയതെന്ന് തനിക്ക് ഉറപ്പായതെന്നും തന്നോട് കൂടപ്പിറപ്പ് കാണിച്ച ഈ കടുത്ത വഞ്ചനയിൽ മനംനൊന്താണ് നിയമനടപടിക്ക് തയ്യാറായിട്ടുള്ളതെന്നുമാണ് റോജറിന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP