Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെറുമൊരു എംസിഎ കൊണ്ട് അരുൺകുമാർ അലങ്കരിച്ചത് ഒട്ടേറെ വമ്പൻ പദവികൾ; ആദ്യം യോഗ്യത ഇളവ് നൽകി നിയമിച്ചത് നായനാർ; ഇടതിനെ അടിക്കാൻ വടിയായി നിലനിർത്തിയ 11 കേസുകളും എങ്ങുമെത്തിയില്ല; മെക്കാവു ദ്വീപിലേക്കുള്ള യാത്രയുടെ കളങ്കം മായാതെ തുടരുന്നു; ബന്ധുത്വ നിയമന വിവാദം സിപിഎമ്മിൽ തുടങ്ങുന്നത് അച്യൂതാനന്ദന്റെ വീട്ടിൽ നിന്ന്

വെറുമൊരു എംസിഎ കൊണ്ട് അരുൺകുമാർ അലങ്കരിച്ചത് ഒട്ടേറെ വമ്പൻ പദവികൾ; ആദ്യം യോഗ്യത ഇളവ് നൽകി നിയമിച്ചത് നായനാർ; ഇടതിനെ അടിക്കാൻ വടിയായി നിലനിർത്തിയ 11 കേസുകളും എങ്ങുമെത്തിയില്ല; മെക്കാവു ദ്വീപിലേക്കുള്ള യാത്രയുടെ കളങ്കം മായാതെ തുടരുന്നു; ബന്ധുത്വ നിയമന വിവാദം സിപിഎമ്മിൽ തുടങ്ങുന്നത് അച്യൂതാനന്ദന്റെ വീട്ടിൽ നിന്ന്

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ബന്ധുനിയമന വിവാദം കത്തിനിൽക്കുമ്പോൾ ഒരു പഴയ ബന്ധു നിയമനവും വാർത്താനിരയിലേക്ക് വരികയാണ്. മുന്മുഖ്യമന്ത്രി വി എഎസ് അച്യുതാന്ദന്റെ മകൻ വി. എ അരുൺകുമാറിന്റെ നിയമനമാണ് അത്. അരുൺകുമാറിന്റെ ഐ എച്ച് ആർ ഡി യിലെ നിയമനവും സ്ഥാനക്കയറ്റവും കയർഫെഡ് എം ഡി യായുള്ള നിയമനവും അഴിമതി ആരോപണങ്ങലുമൊക്കെ വി എസ്സിനെ ചുറ്റിപ്പറ്റിയാണ് ഉയർന്നുവന്നത്. അരുണിനെതിരെ നിയമസഭാസമിതി നടത്തിയ അന്വേഷണവും ക്രമക്കേടുകൾ ശരിവെക്കുന്നതായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ അരുണിനെതിരെ വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 11 കേസുകളാണ് അരുണിനെതിരെ നിവിലുള്ളത്. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ ഉയർന്ന ഫീസ് നൽകി പരിശീലനത്തിനയച്ച് ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ, മകൻ വി.എ. അരുൺകുമാർ, മുൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.ജി. പ്രേംശങ്കർ എന്നിവർക്ക് നോട്ടീസയയ്ക്കാൻ ലോകായുക്തയും തീരുമാനിച്ചിരുന്നു.

വി എസ്. അച്യുതാനന്ദൻ ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ച കാലയളവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ ഉയർന്ന ഫീസ് നൽകി വി.എ. അരുൺകുമാർ ഡയറക്ടറായ മോഡൽ ഫിനിഷിങ് സ്‌കൂളിൽ പരിശീലനത്തിനയച്ചു എന്നും പരാതി ഉയർന്നിരുന്നു . കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.എം.ജി.യിൽ സൗജന്യമായും ഭക്ഷണം, യാത്രാബത്ത എന്നിവ നൽകിയും ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകുന്നുണ്ടെന്നിരിക്കെയാണിത്. എം വിഐ. മാർക്ക് രണ്ടു ദിവസത്തെയും എ.എം വിഐ. മാർക്ക് മൂന്നു ദിവസത്തെയും പരിശീലനത്തിന് ഒരാൾക്ക് 2500 രൂപ വിതം ഫീസ് നൽകി. ഇത് മകന്റെ സ്ഥാപനത്തെ ലാഭത്തിലാക്കാനും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുകയുമാണ് അച്യുതാനന്ദൻ ലക്ഷ്യമിട്ടതെന്ന് പരാതിയിൽ പറഞ്ഞു . അന്നത്തെ ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.ജി. പ്രേംശങ്കർ ഇതിനായി ചരടുവലിച്ചതായും പരാതിയിലുണ്ട്. 80 പേരുടെ പരിശീലനം പൂർത്തിയായപ്പോഴേക്കും വകുപ്പിലെ കീഴുദ്യോഗസ്ഥർ പ്രതിഷേധിച്ചതിനെത്തുടർന്ന് ഇടയ്ക്കുവച്ച് നിർത്തി. അതിനിടെ 1,60,000 രൂപ ഖജനാവിന് നഷ്ടം വന്നതായി പരാതിയിൽ പറയുന്നു

നായനാർ സർക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആർ.ഡിയിൽ അസിസ്റ്റന്റ് ഡയറക്ടറായി അരുൺകുമാറിനെ നിയമിക്കുന്നത്. 18 അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക് ലഭിച്ചതിനെ തുടർന്നായിരുന്നു ജോലി ലഭിച്ചത്. വി എസ് മുഖ്യമന്ത്രിയായിരിക്കെയാണ് വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡിയുടെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ്) അഡിഷണൽ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഇളവ് വരുത്തിയെന്ന ആരോപണമുയരുന്നത് . നേരത്തെയിറക്കിയ സർക്കുലർ പിൻവലിച്ച്, യോഗ്യതാ മാനദണ്ഡത്തിലെ ഇളവുകളോടെ പുതിയത് ഇറക്കിയതിന്റെ പിന്നിൽ അരുൺകുമാറിനെ അഡീഷണൽ ഡയറക്ടറായി നിയമിക്കുന്നതിനുള്ള ഗൂഡലക്ഷ്യമായിരുന്നുവെന്നാണ് ആരോപണം. എഞ്ചിനീയറിങ് വിഭാഗത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, 8 വർഷത്തെ അദ്ധ്യാപന പരിചയം, 4 വർഷത്തെ ഭരണ പരിചയം എന്നിവയായിരുന്നു മുമ്പുണ്ടായിരുന്ന സർക്കുലറിൽ അഡീഷണൽ ഡയറക്ടർ തസ്തികയിലേക്കുള്ള യോഗ്യതകളായി സർക്കുലറിൽ നിശ്ചയിച്ചിരുന്നത്. ഇതിൽ അദ്ധ്യാപന പരിചയം അടക്കമുള്ള യോഗ്യതകൾ അരുൺകുമാറിനില്ല.

എന്നാൽ പുതിയതായി ഇറക്കിയ സർക്കുലറിൽ ചില മാറ്റങ്ങൾ വരുത്തി . ഐഎച്ച്ആർഡിയുടെ ജോയിന്റ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നു പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ ഐഎച്ച്ആർഡിക്കു കീഴിലുള്ള എഞ്ചിനീയറിങ് കോളെജിൽ പ്രിൻസിപ്പലായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിൽ അരുൺകുമാർ ഐഎച്ച്ആർഡിയിൽ ജോയിന്റ് ഡയറക്ടറായിരിക്കെ ആരെ മുന്നിൽ കണ്ടാണ് ഈ 'നീക്കുപോക്കുകൾ' സൃഷ്ടിച്ചതെന്ന് വ്യക്തം. എട്ട് വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്ന പഴയ മാനദണ്ഡം പുതിയ സർക്കുലറിൽ ഇല്ല. അരുൺകുമാർ നേരത്തേ കേരള സർവകലാശാലയിൽ ഗവേഷണത്തിനു അപേക്ഷ നൽകിയപ്പോൾ അദ്ധ്യാപന പരിചയത്തിനുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് സർവകലാശാല സിൻഡിക്കെറ്റ് കണ്ടെത്തിയിരുന്നു. തുടർന്നു ഗവേഷണത്തിന് അനുമതി നിഷേധിക്കുകയുണ്ടായി. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് 'അദ്ധ്യാപന പരിചയം' എന്ന മാനദണ്ഡം 'മുക്കി'യത് എന്നാണ് ആരോപണം.

നേരത്തേ അരുൺകുമാറിനെ ജോയിന്റ് ഡയറക്റ്ററായി നിയമിച്ചപ്പോഴും യോഗ്യതയും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയെന്ന് പരാതി ഉണ്ടായിരുന്നു. എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, പത്തു വർഷത്തെ അദ്ധ്യാപന, സാങ്കേതിക പരിചയം തുടങ്ങിയവയാണു ജോയിന്റ് ഡയറക്റ്ററുടെ തസ്തികയിലേക്കുള്ള യോഗ്യതകൾ. എന്നാൽ അരുൺകുമാറിനെ ജോയിന്റ് ഡയറക്റ്ററുടെ തസ്തികയിലേക്ക് നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ ഈ യോഗ്യതകളൊന്നും നിഷ്‌കർഷിച്ചില്ല. വി എസ് അറിഞ്ഞുകൊണ്ടാണ് ഈ 'നീക്കുപോക്കുകൾ' ചെയ്തുകൊടുത്തതെന്ന് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമായ പിണറായി പക്ഷം മുറുമുറുത്തത് വി.എ അരുൺകുമാറിനെ ഐ.സി.ടി അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആർ.ഡി ജോയിന്റ് ഡയരക്ടറായും പിന്നീട് അഡീഷനൽ ഡയരക്ടറായി സ്ഥാനക്കയറ്റം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നതതായി നിയസഭാ സമിതിയും കണ്ടെത്തിയിരുന്നു. ഐ.സി.ടി അക്കാദമി ഡയറക്ടർ തസ്തികയിലേക്കുള്ള നിയമനം ക്രമവിരുദ്ധമാണെന്നും വി.ഡി. സതീശൻ എംഎ‍ൽഎയുടെ അധ്യക്ഷതയിലുള്ള സമിതി വ്യക്തമാക്കിയിരുന്നു. ഐ.എച്ച്.ആർ.ഡി അസിസ്റ്റന്റ് ഡയറക്ടർ, ഐ.സി.ടി അഡീഷണൽ ഡയറക്ടർ എന്നീ നിയമനങ്ങൾ ക്രമവിരുദ്ധമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തിരിമറി സംബന്ധിച്ച് തെളിവില്ലെന്നുമായിരുന്നു സമിതിയുടെ അന്നത്തെ വിലയിരുത്തൽ.

അരുൺകുമാറിന് അനധികൃത നിയമനമാണ് നൽകയതെന്നെ പി.സി.വിഷ്ണുനാഥ് എംഎ‍ൽഎ നിയമസഭയിൽ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വി.എ അരുൺകുമാറിനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ വിഷ്ണുനാഥ് മാപ്പ് പറയണമെന്നന്ന് വി എസ് അച്യുതാന്ദൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സ്പീക്കർ അന്വേഷണം പ്രഖ്യാപിച്ചത്. എം.സി.എയും രണ്ടുവർഷത്തെ പ്രവർത്തനപരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഒരു വർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കുന്നതിനുമുമ്പ് കയർഫെഡ് എം.ഡിയായി നിയമിതനായി. രണ്ടു വർഷത്തിനുശേഷം ഐ.എച്ച്.ആർ.ഡിയുടെ കട്ടപ്പനയിലെ കോളേജിൽ പ്രിൻസിപ്പലായി നിയമിച്ചു. അദ്ധ്യാപനപരിചയമില്ലായിരുന്നെങ്കിലും ഏഴുവർഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഐ.എച്ച്.ആർ.ഡിയിലുള്ളവർക്കേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.

വി എ അരുൺകുറിന്റെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിക്കുന്ന രേഖകൾ നിയമസഭാ സമിതിക്ക് ലഭിച്ചു. ഈ നിയമനത്തിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ഒത്താശ ചെയ്തതായും രേഖകളിൽ ഉണ്ട്. വി ഡി സതീശൻ എം എൽ എയുടെ നേതൃത്വത്തിലുള്ള നിയമസഭാസമിതിയുടെ സിറ്റിംഗിലാണ് ഇതുസംബന്ധിച്ച രേഖകൾ ലഭിച്ചത്. ഐ സി ടി അക്കാദമി ഡയറക്ടറായി അരുൺകുമാറിനെ നിയമിച്ചത് എം എ ബേബിയുടെ അറിവോടെയാണെന്ന് മുൻ ഐ സി ടി ഡയറക്ടർ സുബ്രഹ്മണി നിയമസഭാ സമിതിയെ അറിയിച്ചു. സൊസൈറ്റി രജിസ്റ്റർ ചെയ്യാനായി ഐ സി ടി ഡയറക്ടറെന്ന നിലയിൽ അരുൺകുമാറിനെ ചുമതലപ്പെടുത്തുന്ന കത്ത് ഇദ്ദേഹം എം എ ബേബിക്ക് നൽകിയിരുന്നു. ഈ നിർദ്ദേശം അംഗീകരിച്ച് ബേബി കത്തിൽ ഒപ്പിട്ടതിന്റെ രേഖകകളാണ് സമിതിക്ക് ലഭിച്ചത്.

അരുൺകുമാറിന് ഐ എച്ച് ആർ ഡി ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി സമിതി കണ്ടെത്തി. ഈ തസ്തികകളിലെ നിയമനത്തിന് അദ്ധ്യാപനപരിചയം ആവശ്യമാണ്. എന്നാൽ അരുൺകുമാറിന് അദ്ധ്യാപനപരിചയമില്ല. ഐ എച്ച് ആർ ഡിയുടെ കട്ടപ്പനയിലെ കോളജിൽ പ്രിൻസിപ്പൽ ആയിരുന്നെങ്കിലും അവിടെ ക്ലാസിൽ പോയിരുന്നില്ല. അക്കാദമിക് ആക്ടിവിറ്റി പരിചയം ഉണ്ടെന്ന് പറഞ്ഞാണ് ഈ മാനദണ്ഡം മറികടന്നതെന്ന് സമിതി കണ്ടെത്തി.അഡിഷണൽ ഡയറക്ടറാക്കാൻ മാനദണ്ഡത്തിൽ മാറ്റം വരുത്തി. ഒന്നാംക്ലാസ് എം ടെക് ബിരുദവും എട്ടുവർഷത്തെ അദ്ധ്യാപന പരിചയവും എന്നതായിരുന്നു യോഗ്യതാ മാനദണ്ഡം. ഇത് ഐ എച്ച് ആർ ഡി ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങളിലുള്ള പരിചയം എന്നാക്കി മാറ്റുകയായിരുന്നുവെന്നും അന്വേഷണത്തിൽ സമിതിക്ക് മനസിലായി.

അരുൺകുമാർ കയർഫെഡ് എം.ഡിയായിരിക്കെ സർക്കാർ അനുമതിയില്ലാതെ ചൂതാട്ടത്തിനും സുഖവാസത്തിനും പേരുകേട്ട മക്കാവു ദ്വീപിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു. . റിസോർട്ടും മസാജും മറ്റു ചിലതുമാണു ഈ ദ്വീപിൽ നടക്കുന്നത്. കയർഫെഡ് എം.ഡി. എന്തിനാണ് അവിടെ പോയതെന്നു വ്യക്തമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടും ചെയ്തു . അരുൺകുമാർ അനുവാദമില്ലാതെ നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. സർക്കാർ അനുവാദമില്ലാതെ വിദേശയാത്ര നടത്തുന്നതു കുറ്റകരമാണ്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വരെ നടപടികളുണ്ടാവുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലും നിഷ്പക്ഷമായ നിലപാട് സർക്കാർ സ്വീകരിക്കണം. യാത്രയിൽ അരുൺകുമാറിനോപ്പം മൂന്നുനാലു ആളുകൾ വേറെയുമുണ്ടായിരുന്നു. ഓൺലൈൻ ലോട്ടറിക്കെതിരേ മുഖ്യമന്ത്രി പ്രചാരണം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പ്ലേവിൻ ലോട്ടറിയുടെ പാർട്ണർ ആയിരുന്നു. ഈ ലോട്ടറിയിൽ ആദ്യ സംരംഭകയും ഇവരാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദേശയാത്രയുടെ പേരിൽ ഇപ്പോൾ അന്വേഷണം നേരിടുകയാണ് അരുൺ ഇപ്പോൾ. കയർഫെഡ് എം ഡി ആയിരിക്കെ നടത്തിയ ക്രമക്കേടുകളുടെ പേരിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് . പൂജപ്പുരയിലെ പ്രത്യേക അന്വേഷണസംഘം എസ് പി. എസ് ശശിധരനാണ് എഫ് ഐ ആർ സമർപ്പിച്ചത്.

1999-2001 കാലത്ത് ചേർത്തലയിൽ കയർഫെഡിന്റെ ഗോഡൗൺ നിർമ്മിച്ചതിൽ സർക്കാറിന് നഷ്ടം വരുത്തിയെന്ന കേസിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. നിർമ്മാണ പ്രവൃത്തിയിൽ 47 ലക്ഷത്തിൽപ്പരം രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി. പി ഡബ്ല്യു ഡി നിരക്കിനേക്കാൾ ഉയർന്ന തുകക്ക് കരാർ നൽകിയതിലൂടെ സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും എഫ് ഐ ആറിൽ പറയുന്നു. അരുൺകുമാർ ഒന്നാം പ്രതിയായ കേസിൽ, കൺസൾട്ടന്റ് പി കെ രമേശ് രണ്ടാം പ്രതിയും കോൺട്രാക്ടർ മൂന്നാം പ്രതിയുമാണ്. അതിനിടെ അരുണിനെ വിജിലൻസ് ചോദ്യം ചെയ്യുകയും ചെയ്തു. ഐ.എച്ച്.ആർ.ഡിയിലെ അനധികൃത സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് വി.എ. അരുൺകുമാർ കുറ്റക്കാരനാണെന്ന് നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് വിജിലൻസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. വിജിലൻസ് അന്വേഷണത്തെ ചോദ്യം ചെയ്ത് അരുൺ കുമാർ സമർപ്പിച്ച ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അരുൺ കുമാറിനെതിരെ ഐസിടി അക്കാദമി ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനം, ഐഎച്ച്ആർഡിയുടെ നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ, കയർഫെഡ് അഴിമതി എന്നിവയാണ് വിജിലൻസ് അന്വേഷിക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അരുൺകുമാറിനെതിരായ അന്വേഷണങ്ങളിൽ എല്ലാം തീരുമാനമാക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അച്യുതാനന്ദനേയും ഇടതുപക്ഷത്തേയും എന്നും പ്രതിക്കൂട്ടിൽ നിർത്താൻ ഈ ആരോപണങ്ങൾ ഉപയോഗിക്കാമെന്ന കണക്കൂട്ടലിലായിരുന്നു ഉമ്മൻ ചാണ്ടിയും കൂട്ടരും. അതുകൊണ്ട് തന്നെ ഈ കേസുകളിൽ അന്തിമ തീരുമാനവും ഉണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP