Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാസത്തിലേറെയായി നീണ്ടു നിന്ന ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഇറ്റലിയിൽ നിന്നും ആശ്വാസ വാർത്ത; മരണ സംഖ്യയിലും രോഗവ്യാപന നിരക്കിലും നേരിയ കുറവ്; ദിവസം ആയിരത്തിന് അടുത്ത് ആളുകൾ മരിച്ചിരുന്ന ഇറ്റലിയിൽ മരണ നിരക്ക് കുറഞ്ഞതോടെ ശുഭാപ്തി വിശ്വാസം വീണ്ടെടുത്ത് ആരോഗ്യ പ്രവർത്തകർ: വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ഇറ്റലി ഈ പ്രതിസന്ധി മറി കടക്കും

ഒരു മാസത്തിലേറെയായി നീണ്ടു നിന്ന ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ഇറ്റലിയിൽ നിന്നും ആശ്വാസ വാർത്ത; മരണ സംഖ്യയിലും രോഗവ്യാപന നിരക്കിലും നേരിയ കുറവ്; ദിവസം ആയിരത്തിന് അടുത്ത് ആളുകൾ മരിച്ചിരുന്ന ഇറ്റലിയിൽ മരണ നിരക്ക് കുറഞ്ഞതോടെ ശുഭാപ്തി വിശ്വാസം വീണ്ടെടുത്ത് ആരോഗ്യ പ്രവർത്തകർ: വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ഇറ്റലി ഈ പ്രതിസന്ധി മറി കടക്കും

സ്വന്തം ലേഖകൻ

ഇറ്റലി: ഒരു മാസത്തിലേറെയായി നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ഒടുവിൽ ഇറ്റലിയിൽ നിന്നും ആശ്വാസ വാർത്ത. മരണ സംഖ്യയിലും പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിലും നേരിയ കുറവ്. കഴിഞ്ഞ മൂന്ന ദിവസമായി പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിലും മരണ സംഖ്യയും ക്രമാതീതമായി ഉയർന്നിട്ടില്ല. ഏകദേശം ഒരേ ലെവലിൽ തുടരുകയാണ്. ഇതാണ് ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനും ജനങ്ങൾക്കും ആശ്വാസമായി മാറിയിരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ നേരിയ മാറ്റങ്ങൾ സംഭവിച്ചേക്കാമെന്നും എന്നാൽ 7 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ മരണത്തിന്റെയും രോഗബാധയുടെയും ഗ്രാഫ് പൂർണമായും താഴേക്ക് ആകുമെന്നും ആരോഗ്യ സഹമന്ത്രി പിയർപൗളോ സിലേരി അഭിപ്രായപ്പെട്ടു.

ഇന്നലെ 837 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ മരണ സംഖ്യ 12,428 ആയി ഉയർന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി മരണ നിരക്ക് ഏതാണ്ട് ഒരേ രീതിയിൽ പിടിച്ച് നിർത്താനായതാണ് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമായത്. ഇന്നലെ പുതുതായി 4053 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മിനിഞ്ഞാന്ന് ഇത് 4050 ആയിരുന്നു. ശനിയാഴ്ച 5,974 കേസുകളും ഞായറാഴ്ച 5,217 കേസുകളുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ അത് ഇപ്പോൾ നാലായിരത്തിലേക്ക് ചുരുങ്ങി. അതായത് പുതുതായി രോഗം പിടിപെടുന്നവരുടെ എണ്ണം കുറയുന്നു. അതായത് പുതിയ കേസുകളിൽ വലിയ വർദ്ധനവില്ല. 105,792 കൊറോണ രോഗികളാണ് ഇറ്റലിയിൽ ഉള്ളത്. കോവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. മൂന്നാഴ്ച മുമ്പ് തന്നെ ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അത് ഫല പ്രദമായി നടപ്പിലാക്കാൻ കഴിയാതെ പോയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്.

ഫെബ്രുവരി 21ന് വടക്കൻ ഇറ്റലിയിൽ മിലാൻ ഉൾപ്പെടുന്ന ലൊംബാർദിയ റീജിയനിലാണ് 16 പേർക്ക് കോവിഡ് 19 വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം ഇവിടെത്തന്നെ വൈറസ് ബാധ മൂലമുള്ള ആദ്യ മരണവും റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ഓരോ ദിവസങ്ങളിലും മരണസംഖ്യയും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയർന്നുകൊണ്ടിരുന്നു. മാർച്ച് 27 ന് മരണസംഖ്യ അതിന്റെ ഏറ്റവും ഉയർച്ചയിൽ എത്തി. ഒരു രാജ്യത്ത് കോവിഡ് 19 വൈറസ് മൂലം ഒരുദിവസം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് അന്നായിരുന്നു. 969 പേരാണ് അന്നു മാത്രം ഇറ്റലിയിൽ മരണത്തിന് കീഴടങ്ങിയത്. മാർച്ച് 9ന് പ്രഖ്യാപിച്ച ലോക്ഡൗൺ മൂന്നാഴ്ചകൾ എത്തിയിട്ടും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുറയാതിരുന്നത് ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന അവസ്ഥയിൽ വരെയെത്തി.

ഇന്നലെ മരണസംഖ്യയിൽ ചെറിയ വർധനവുണ്ടായെങ്കിലും പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 22 ദിവസങ്ങളായി തുടരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലം പ്രത്യക്ഷത്തിൽ പ്രതിഫലിച്ചു തുടങ്ങിയ സൂചനകളാണ് ഈ ദിവസങ്ങളിലായി കണ്ടു കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്താം.വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ലോക്ഡൗൺ പ്രഖ്യാപിച്ചതും ഇറ്റലിയിലെ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.

റസ്റ്ററന്റ്, ബാർ ഉൾപ്പെടെയുള്ളവ തുറന്നു പ്രവർത്തിക്കാത്തത് ഈ മേഖലയിൽ ജോലിചെയ്യുന്ന മലയാളികൾക്ക് തിരിച്ചടിയായി. ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന മലയാളികളിൽ പലർക്കും കോവിഡ് 19 വൈറസ് ബാധയുണ്ടായെങ്കിലും ആരുടെയും നില ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയില്ല എന്നത് മലയാളി സമൂഹത്തിന് ആശ്വാസം പകരുന്ന കാര്യമായിരുന്നു. എന്തായാലും രോഗ ബാധിതരുടെ എണ്ണവും മരണസംഖ്യയും കുറഞ്ഞുവരുന്നത് ഇറ്റലി സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ആരംഭിച്ചു എന്നതിന്റെ ഏറ്റവും പ്രകടമായ മാറ്റമായി വിലയിരുത്താവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP