Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാം പൊളിഞ്ഞപ്പോൾ സഭാ കാർഡ് പുറത്തെടുത്ത് ഫ്രാങ്കോ മുളയ്ക്കൻ; കന്യാസ്ത്രീകളെ മുൻനിർത്തി സഭയെ ആക്രമിക്കാനാണ് നീക്കം; പരാതിക്ക് പിന്നിൽ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കും; ഇപ്പോൾ പഞ്ചാബിലാണെന്നും ബിഷപ്പ് മാധ്യമങ്ങളോട്; മറുപടിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകളും; സഭയെ തകർക്കാനല്ല, നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയത്; ഗൂഢാലോചന ബിഷപ്പ് തന്നെ തെളിയിക്കണം: വിവാദം സഭക്കെതിരാക്കി രക്ഷപ്പെടാനുള്ള പുതിയ കുതന്ത്രവുമായി പീഡന വീരൻ ജലന്ധർ ബിഷപ്പ്

എല്ലാം പൊളിഞ്ഞപ്പോൾ സഭാ കാർഡ് പുറത്തെടുത്ത് ഫ്രാങ്കോ മുളയ്ക്കൻ; കന്യാസ്ത്രീകളെ മുൻനിർത്തി സഭയെ ആക്രമിക്കാനാണ് നീക്കം; പരാതിക്ക് പിന്നിൽ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കും; ഇപ്പോൾ പഞ്ചാബിലാണെന്നും ബിഷപ്പ് മാധ്യമങ്ങളോട്; മറുപടിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകളും; സഭയെ തകർക്കാനല്ല, നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയത്; ഗൂഢാലോചന ബിഷപ്പ് തന്നെ തെളിയിക്കണം: വിവാദം സഭക്കെതിരാക്കി രക്ഷപ്പെടാനുള്ള പുതിയ കുതന്ത്രവുമായി പീഡന വീരൻ ജലന്ധർ ബിഷപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നീതിക്കായി കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയിട്ടും കുലുങ്ങാതെ വെല്ലുവിളിച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ. കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരിൽ ഏത് നിമിഷവും അറസ്റ്റ് ഭയക്കുന്ന ഇദ്ദേഹം പക്ഷേ ഒന്നും സംഭവിക്കാത്തതു പോലെയാണ് കേരളത്തിലെ ദൃശ്യമാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നാണ് ബിഷപ്പ് പറയുന്നത്. നിയമ ടപടികളുമായി സഹകരിക്കും. സഭയ്ക്ക് എതിരായ ശക്തികളാണ് ഇതിന് പിന്നിൽ. കന്യാസ്ത്രീകളെ മുൻനിർത്തി സഭയെ ആക്രമിക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു. ഞാൻ പഞ്ചാബിലാണുള്ളത്. കേരളത്തിൽ കന്യാസ്ത്രീകൾക്കെതിരായി ഉണ്ടാകുന്ന കാര്യങ്ങൾ തനിക്കറിയില്ല. പരാതികൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ ഈ ആരോപണത്തെ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളഞ്ഞു. സഭയെ തകർക്കാനുള്ള സമരം എന്ന് പറഞ്ഞ് വിഷയംമാറ്റി പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് മുളയ്ക്കൻ നടത്തുന്നത്. സഭയെ തകർക്കാനല്ല സമരം മറിച്ച് നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് തങ്ങൾ സമരത്തിന് ഇറങ്ങിയതെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ആസന്നമാണെന്നാണ് എറ്റവും ഒടുവിലായി ലഭിക്കുന്ന സൂചനകൾ.

ഫ്രാങ്കോ ബിഷപ്പുമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിലേക്ക് പോകില്ലെന്ന് ജലന്ധർ രൂപത സ്ഥിരീകരിച്ചു. ബിഷപ്പിനെതിരായ കേസിൽ തൽക്കാലം ഇടപെടില്ലെന്ന് ജലന്ധർ പൊലീസ് വ്യക്തമാക്കി. നേരെത്തെ പൊലീസ വിമാനത്താവളങ്ങളിൽ നോട്ടീസ് കൊടുത്തിരുന്നു. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കിൽ മാത്രമേ ഇടപെടുകയുള്ളൂ വെന്നും ജലന്ധർ പൊലീസ് വ്യക്താമാക്കി. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിലുള്ള സഭാവിരുദ്ധ ശക്തികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളാ പൊലീസ് ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തപ്പോൾ താൻ വിശദമായി മൊഴി നൽകിയിരുന്നു. എന്നാൽ, അതിനെക്കുറിച്ച് പഠിക്കാൻപോലും കേരളാ പൊലീസിന് സമയം നല്കുന്നില്ല. തന്റെ മൊഴിയും പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പഠിച്ച് കാര്യങ്ങൾ മനസ്സിലാക്കാനുള്ള സമയമെങ്കിലും പൊലീസിന് നൽകണം. എങ്കിലേ തനിക്ക് നീതി ലഭിക്കൂ എന്നും മുളയ്ക്കൻ പറഞ്ഞു.

ഇതിനൊന്നും തയ്യാറാകാതെ സഭാവിരുദ്ധർ മറ്റ് കന്യാസ്ത്രീകളെക്കൂടി തെരുവിലിറക്കി കത്തോലിക്കാസഭയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ബിഷപ്പ് പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്നും അതിനെ എതിർക്കുന്നില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അതേസമയം, കേസിൽ തങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനില്ലെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. ബുധനാഴ്‌ച്ച ജനാധിപത്യ മഹിള അസോസിയേഷന്റെ പ്രതിഷേധ മാർച്ച് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ജലന്ധറിലെ ബിഷപ്പ്സ് ഹൗസിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

ഇതിനിടെ ലൈംഗികപീഡന പരാതി നേരിടുന്ന ജലന്തർ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്നു കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. സ്ത്രീകളോടു സഭാ നേതൃത്വം ചിറ്റമ്മനയമാണു കാട്ടുന്നത്. സഭാസ്വത്തുക്കൾ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്നു നീക്കാൻ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിക്കയച്ച കത്തിൽ കന്യാസ്ത്രീ ആവശ്യപ്പെട്ടു.

അതേസമയം കേസിൽ അന്വേഷണം മുൻപത്തേതിനെക്കാൾ പുരോഗമിച്ചത് ഹൈക്കോടതിക്ക് മുന്നിൽ കന്യാസ്ത്രീകൾ ആരംഭിച്ച സമരത്തിന് വ്യാപകമായ പിന്തുണ ലഭിച്ചതോടെയാണ്. ഇതും അന്വേഷണത്തെ സ്വാധീനിച്ചുവെന്ന വേണം മനസ്സിലാക്കാൻ. നാളെ ഐജിയുടെ നേതൃത്വത്തിൽ നിർണ്ണായക യോഗം ചേരുന്നത് കേസന്വേഷണം സംബന്ധിച്ച് കോടതിയിൽ എന്ത് വിശദീകരണമാണ് നൽകേണ്ടത് എന്നുൾപ്പടെ ചർച്ച ചെയ്യാനാണ്. ഇതിന് ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ച് വരുത്തുന്നതുൾപ്പടെ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. ബിഷപ്പിനെ വിളിച്ച് വരുത്തുന്നതിന് മുൻപായി ചില വ്യക്തതകൾ കൂടി വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. പ്രതിയെ എപ്പോൾ ആണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും അത് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോട്ടയം എസ്‌പി മറുനാടൻ മലയാളിയോട് പറഞ്ഞു.

അടുത്ത മാസം ആണ് വത്തിക്കാനിൽ സിനഡ് ചേരുന്നത്. ഇതിന് ഫ്രാങ്കോ മുളയ്ക്കനും പങ്കെടുക്കേണ്ടതാണ്. അത്കൊണ്ട് തന്നെ ഇയാൾ വത്തിക്കാനിലേക്ക് പോയാൽ തിരികെ വരില്ല എന്നതുൾപ്പടെയുള്ള ആരോപണങ്ങൾ സജീവമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബിഷപ്പിന്റെ വിദേശയാത്രയക്കുള്ള എല്ലാ സാധ്യതകളും അന്വേഷണ സംഘം അടയ്ക്കുന്നത്. അടുത്ത മാസം മൂന്ന് മുതൽ 28 വരെ വത്തിക്കാനിൽ സിനഡ് ചേരുമ്പോൾ ബിഷപ്പ് ഇവിടെ ഇല്ലായെങ്കിൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പനാമയിൽ അടുത്തവർഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തിൽ വത്തിക്കാനിൽ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (സിബിസിഐ) യുവജന കമ്മീഷൻ ചെയർമാൻ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിഷപ്പുമാർക്കൊപ്പം ഫ്രാങ്കോ വത്തിക്കാനിൽ എത്തേണ്ടതാണ്. എന്നാൽ ഇതിന് ഇപ്പോൾ തടയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ബിഷപ്പ് മാറി നിന്നാൽ അന്വേഷണത്തെ ബാധിക്കും എന്നതിനാലാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് കോട്ടയം എസ്‌പി മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോൾ പ്രതിഷേധം കൂടി പുകയുന്ന സാഹചര്യത്തിൽ ഇനിയും അന്വേഷണം വൈകുകയും പരാതികൾ ഉയരുന്നതിന് പരിഹാരമാവാതിരിക്കുകയും ചെയ്താൽ അത് വിപരീതഫലമാകും നൽകുക എന്നും സർക്കാരിനും പൊലീസ് വകുപ്പിനും വ്യക്തമായി തന്നെ അറിയാം. കേസുള്ളതിനാൽ ഫ്രാങ്കോയ്ക്ക് രാജ്യംവിട്ടുപോകാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നതെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും ആഭ്യന്തരവകുപ്പിന്റെ ആശിർവാദത്തോടെയും ബിഷപ്പ് ഫ്രാങ്കോ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് നേരത്തെ പുറത്ത് വന്ന വാർത്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP