Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര അനുമതിയില്ലാതെ ഇനി സസ്‌പെൻഷൻ നീട്ടാനാവില്ല; ആവശ്യം അംഗീകരിക്കില്ലെന്ന സൂചന നൽകി കേന്ദ്ര സർക്കാർ; ഒരു കൊല്ലം പുറത്തെടുത്ത് വച്ച പുകഞ്ഞ കൊള്ളിയെ ഇനി പിണറായി വിജയൻ എവിടെ പ്രതിഷ്ഠിക്കും? പുറത്ത് പോവുമ്പോഴത്തേക്കാൾ കരുത്തനായ ജേക്കബ് തോമസിനെ എവിടെ കൊള്ളിക്കുമെന്ന് അറിയാതെ സർക്കാർ; മൂന്ന് ദിവസത്തിനകം തസ്തിക കണ്ടെത്താൻ നെട്ടോട്ടം

കേന്ദ്ര അനുമതിയില്ലാതെ ഇനി സസ്‌പെൻഷൻ നീട്ടാനാവില്ല; ആവശ്യം അംഗീകരിക്കില്ലെന്ന സൂചന നൽകി കേന്ദ്ര സർക്കാർ; ഒരു കൊല്ലം പുറത്തെടുത്ത് വച്ച പുകഞ്ഞ കൊള്ളിയെ ഇനി പിണറായി വിജയൻ എവിടെ പ്രതിഷ്ഠിക്കും? പുറത്ത് പോവുമ്പോഴത്തേക്കാൾ കരുത്തനായ ജേക്കബ് തോമസിനെ എവിടെ കൊള്ളിക്കുമെന്ന് അറിയാതെ സർക്കാർ; മൂന്ന് ദിവസത്തിനകം തസ്തിക കണ്ടെത്താൻ നെട്ടോട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരായ സസ്പെൻഷൻ നീട്ടാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുമതി തേടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം ലക്ഷ്യം കാണില്ല. ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 20ന് ഒരു വർഷം തികയ്ക്കും. സസ്പെൻഷൻ കാലാവധി നീട്ടാൻ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കില്ല. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ പുറത്തു നിർത്താൻ സംസ്ഥാന സർക്കാരിന് ഇനി കഴിയില്ല. ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ നിയമിക്കാൻ തസ്തിക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സർക്കാർ.

ഐഎംജിയുടെ ഡയറക്ടറായി ഇരിക്കെയാണ് ജേക്കബ് തോമസിനെ സസ്‌പെന്റെ് ചെയ്തത്. ഈ പദവിയിൽ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ സർക്കാർ നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടേക്ക് ജേക്കബ് തോമസിനെ തിരികെ നിയമിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു പദവി കണ്ടെത്താനുള്ള നീക്കം. സസ്‌പെൻഷൻ പിൻവലിക്കേണ്ടി വന്നാലും തസ്തിക നൽകാതെ മാറ്റി നിർത്താനും ആലോചനയുണ്ട്. ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ തുടരാൻ കേന്ദ്ര സർക്കാർ അനുമതി തേടിയത്.

സർക്കാർ അനുമതി കൂടാതെ പുസ്തകം എഴുതിയത് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. നേരത്തെയുള്ള സസ്പെൻഷൻ നടപടി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തള്ളിയിരുന്നു. ചട്ടപ്രകാരം ഒരു വർഷം സിവിൽ സർവീസ് ഉദ്യോഗസ്ഥനെ സർക്കാരിന് പുറത്ത് നിർത്താം. അതിന് ശേഷം സസ്പെൻഷൻ കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ അനുമതി ആവശ്യമാണ്. ഇതാണ് പിണറായി വിജയന് വെല്ലുവിളിയാകുന്നത്. കേന്ദ്ര സർക്കാർ അനുമതി കിട്ടിയില്ലെങ്കിൽ ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സർക്കാർ നിർബന്ധിതമാകുമെന്ന് ഉറപ്പാണ്.

കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരനാണ് ജേക്കബ് തോമസ്. സീനിയോറിട്ടി അനുസരിച്ച് പൊലീസ് മേധാവിയാകേണ്ട സിവിൽ സർവ്വീസുകാരൻ. അദ്ദേഹത്തെക്കാൾ ജൂനിയറായ ലോക് നാഥ് ബെഹ്റയാണ് പൊലീസ് ഭരിക്കുന്നത്. തന്റെ ബാച്ചിലെ തന്നെ ഋഷിരാജ് സിംഗിന് കേന്ദ്ര ഡിജിപി പദവിയിൽ ഉന്നത സ്ഥാനവും കിട്ടി. ഇതെല്ലാം ജേക്കബ് തോമസിനും അർഹതപ്പെട്ടതാണ്. എന്നാൽ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ മാത്രം സർക്കാരുകളുടെ ഇഷ്ടക്കേടുണ്ടാക്കിയ ജേക്കബ് തോമസിന് ഇന്ന് ഔദ്യോഗിക പദവികളില്ല. രണ്ട് തവണ സസ്പെൻഷൻ വാങ്ങിയ ജേക്കബ് തോമസിന് ഇന്ന് ശമ്പളമില്ല. ഔദ്യോഗിക വാഹനമില്ല..... ജീവനക്കാരുമില്ല. സ്വന്തം ശമ്പളം കൊണ്ട് മാത്രം കഴിയുന്ന ജേക്കബ് തോമസിന് കേസ് നടത്താൻ പോലും കാശില്ലാത്ത അവസ്ഥയാണ് ഉള്ളത്. അപ്പോഴും ജേക്കബ് തോമസിനെ നിശബ്ദനാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സർവ്വീസിൽ തിരിച്ചെത്തുന്ന ജേക്കബ് തോമസിന് കരുത്ത് കൂടും.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ വിശദീകരണം നേരത്തേ സർക്കാർ തള്ളിയിരുന്നു.

ഇതിന് ശേഷമാണ് അത്മകഥ എഴുതിയ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. വീണ്ടും സസ്പെന്റ് ചെയ്ത ശേഷം ജേക്കബ് തോമസിന് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിൽ അദ്ദേഹം മറുപടി നൽകും. അഴിമതിക്കെതിരെ തന്റേതായ രീതിയിൽ മുന്നോട്ട് പോകുമെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇത് തന്നെയാണ് അദ്ദേഹത്തെ ഇടത് സർക്കാരിനും ശത്രുവാക്കുന്നതെന്നാണ് സൂചന. ജേക്കബ് തോമസിന്റെ ആത്മകഥയായ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഏറെ ചർച്ചയായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്. സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ഡ്രെജിംങിൽ വിജിലൻസ് കേസ് എടുക്കുന്നത്. വീണ്ടും സസ്‌പെന്റ് ചെയ്യാൻ വേണ്ടിയായിരുന്നു ഇത്.

സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ ചട്ടങ്ങൾ ലംഘിച്ചു ഡ്രജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന റിപ്പോർട്ടിന്മേൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാരിനു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ നിയമോപദേശം നൽകിയത് ഇതിന്റെ പേരിലാണ്. സർക്കാരിന് നേട്ടമുണ്ടാക്കാൻ ജേക്കബ് തോമസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ പിണറായിക്ക് അഴിമതിയാകുന്നത്. ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥനെ എങ്ങനേയും പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കം. ഇനിയും രണ്ട് കൊല്ലം ജേക്കബ് തോമസിന് സർവ്വീസ് കാലാവധിയുണ്ട്. അതുവരെ അദ്ദേഹത്തെ സർവ്വീസിന് പുറത്ത് നിർത്താനുള്ള വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബാർ കോഴയിൽ യുഡിഎഫിനെ പെടുത്തിയ ഉദ്യോഗസ്ഥനായതു കൊണ്ട് പ്രതിപക്ഷവും ഇതിനെയൊന്നും ചോദ്യം ചെയ്യുന്നില്ല. അങ്ങനെ സത്യത്തിന് വേണ്ടി പോരാടിയ ജേക്കബ് തോമസ് തീർത്തും ഒറ്റപ്പെടുകയാണ്.

ധനവകുപ്പ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിനു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് കഴിഞ്ഞവർഷം ശുപാർശ നൽകിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിയമോപദേശം തേടുകയായിരുന്നു. ജേക്കബ് തോമസ് 2009 മുതൽ 2014 വരെയാണു തുറമുഖ വകുപ്പു ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. ഈ സമയത്തു കട്ടർ സക്ഷൻ ഡ്രജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു ധനവകുപ്പ് പരിശോധനാവിഭാഗം കണ്ടെത്തിയത്. സർക്കാർ അനുമതി ലഭിച്ചശേഷം രേഖകളിൽ മാറ്റം വരുത്തിയെന്നും ടെൻഡർ രേഖകൾ വിദേശ കമ്പനിക്കു നേരത്തേതന്നെ കൈമാറിയെന്നും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

2014ൽ ജേക്കബ് തോമസ് വിജിലൻസ് എഡിജിപി ആയിരുന്ന കാലത്തു വിജിലൻസ് ഈ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി ക്രമക്കേടുകളില്ലെന്നു റിപ്പോർട്ട് നൽകി. വലിയതുറയിൽ തുറമുഖ വകുപ്പിന്റെ ആസ്ഥാനം നിർമ്മിച്ചതിൽ ഉൾപ്പെടെ ജേക്കബ് തോമസ് ക്രമക്കേടു നടത്തിയതായി പിന്നീടു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലും കണ്ടെത്തിയെന്ന വാദവുമായാണ് പുതിയ അന്വേഷണ നീക്കം. ഇപ്പോൾ സസ്പെൻഷനിലുള്ള ജേക്കബ് തോമസിനെ ഒരിക്കലും തിരിച്ചെടുക്കാതിരിക്കാനുള്ള നീക്കമാണ് ഇത്. അതിനിടെ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്താൻ ചില ഐഎഎസുകാരും നീക്കം തുടങ്ങിയിട്ടുണ്ട്. അഴിമതിക്കാരായ ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ ജേക്കബ് തോമസ് നടപടികൾ എടുത്തിരുന്നു. ഇതിൽ വൈരാഗ്യമുള്ളവരാണ് ഈ സാഹചര്യം മുതലാക്കാൻ നീക്കം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP