Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജോലിക്ക് വേണ്ടി ഓട്ടം നിർത്തി..നീതിക്ക് വേണ്ടി ഓട്ടം തുടരുന്നു'; തുടർച്ചയായി സസ്‌പെൻഷൻ എന്ന വജ്രായുധം പിണറായി സർക്കാർ പ്രയോഗിച്ചതോടെ മനംമടുത്ത് സ്വയം വിരമിക്കലിന് അപേക്ഷ; ചാലക്കുടിയിൽ ട്വന്റി 20 ക്ക് വേണ്ടി ഗോദായിലിറങ്ങാൻ മാനസികമായി തയ്യാറെടുത്തുവെന്ന് ജേക്കബ് തോമസ്; പ്രചാരണം കൂടുതലും ഡിജിറ്റൽ മീഡിയ വഴി; മത്സരിക്കാൻ കഴിയുക സ്വയംവിരമിക്കലിന് സർക്കാർ സമ്മതം മൂളിയാൽ മാത്രം

'ജോലിക്ക് വേണ്ടി ഓട്ടം നിർത്തി..നീതിക്ക് വേണ്ടി ഓട്ടം തുടരുന്നു'; തുടർച്ചയായി സസ്‌പെൻഷൻ എന്ന വജ്രായുധം പിണറായി സർക്കാർ പ്രയോഗിച്ചതോടെ മനംമടുത്ത് സ്വയം വിരമിക്കലിന് അപേക്ഷ; ചാലക്കുടിയിൽ ട്വന്റി 20 ക്ക് വേണ്ടി ഗോദായിലിറങ്ങാൻ മാനസികമായി തയ്യാറെടുത്തുവെന്ന് ജേക്കബ് തോമസ്; പ്രചാരണം കൂടുതലും ഡിജിറ്റൽ മീഡിയ വഴി; മത്സരിക്കാൻ കഴിയുക സ്വയംവിരമിക്കലിന് സർക്കാർ സമ്മതം മൂളിയാൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നരക്കൊല്ലമായി ജോലിയില്ലാതെ വശംകെട്ടിരിക്കുകയാണ് മുൻഡിജിപി ജേക്കബ് തോമസ്. അഴിമതി വിരുദ്ധപോരാട്ടത്തിനിറങ്ങി മുഖം നോക്കാതെ നടപടി എടുത്തതിന് കിട്ടിയത് ദീർഘകാല സസ്‌പെൻഷൻ. ഇനി അത് മതിയാക്കുകയാണ് അദ്ദേഹം. ഫേസബുക്കിൽ ഇന്ന് ജേക്കബ് തോമ്‌സ് കുറിച്ചു: 'ജോലിക്ക് വേണ്ടി ഓട്ടം നിർത്തി. നീതിക്ക് വേണ്ടി ഓട്ടം തുടരുന്നു.' സ്വയം വിരമിക്കലിനുള്ള അപേക്ഷ മുൻഡിജിപി ചീഫ് സെക്രട്ടറിക്ക് നൽകി കഴിഞ്ഞു. ചാലക്കുടിയിൽ ട്വന്റി 20 യുടെ ബാനറിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുകയാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്ന് ജേക്കബ് തോമസ് പറഞ്ഞു. ജോലിയിൽ നിന്ന് സ്വയം വിരമിച്ച സ്ഥിതിക്ക് ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിൽക്കേണ്ട ആവശ്യമില്ല. ചാലക്കുടി മുൻകാല പ്രവർത്തന മേഖലയാണ്. സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ഒന്നാമത്തെ കക്ഷിയായിട്ടാകും മത്സരിക്കുകയെന്നും ജേക്കബ് തോമസ് പറഞ്ഞു.

നിലവിലെ മുന്നണി രാഷ്ട്രീയത്തോടും അഴിമതി ഭരണത്തോടുമുള്ള വിയോജിപ്പ് എന്ന നിലയിലാണ് ട്വന്റി ട്വന്റി ജേക്കബ് തോമസിനെ ചാലക്കുടിയിൽ മൽസരത്തിനിറക്കുന്നത്. നിക്ഷ്പക്ഷമതികളായ വോട്ടർമാരുടെ പിന്തുണയാണ് ട്വന്റി 20 തേടുന്നത്. ഒപ്പം അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന യുവജനങ്ങളേയും ഒപ്പം പ്രതീക്ഷിക്കുന്നുവെന്ന് ട്വന്റി 20 വിശദമാക്കി. മുന്നണി സ്ഥാനാർത്ഥികളെപ്പോലെ നാടിളക്കിയുള്ള പ്രചാരണത്തിന് ട്വന്റി ട്വന്റി ഇല്ല. നിയമം അനുവദിക്കുന്ന തുകകയായ 70 ലക്ഷം രൂപയേ പ്രചാരണത്തിന് പരമാവധി ഉപയോഗിക്കൂ. കവല പ്രസംഗങ്ങളും അധികമുണ്ടാകില്ല. പ്രധാന കേന്ദ്രങ്ങളിൽ പോയി സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുമെന്നും ട്വന്റി 20 ചെയർമാൻ സാബു ജേക്കബ് വ്യക്തമാക്കി. എന്നാൽ ജേക്കബ് തോമസിന്റെ സ്വയം വിരമിക്കൽ നടപടികൾ പൂർത്തിയായശേഷമേ പ്രചാരണം തുടങ്ങൂ. അതിന് കാലതാമസമുണ്ടായാൽ സ്ഥാനാർത്ഥിയായി മറ്റാരെയും ട്വന്റി ട്വന്റി പരിഗണിക്കുന്നുമില്ല. മൂന്നുതവണ സസ്‌പെൻഡ് ചെയ്ത ജേക്കബ് തോമസിന്റെ സ്വയംവിരമിക്കൽ സർക്കാർ അംഗീകരിക്കുമോയെന്നാണ് അറിയേണ്ടത്. പ്രത്യേകിച്ചും അദ്ദേഹത്തിനെതിരെ കേസുകൾ നിലനിൽക്കുമ്പോൾ.

ഇപി ജയരാജനെതിരായ വിജിലൻസ് കേസാണ് തുടക്കം. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തു. ഓഖിയിലെ പ്രസംഗമായിരുന്നു ഇതിന് കാരണം. പിന്നീട് വീണ്ടും സസ്‌പെൻഷൻ. അത് ആത്മകഥ എഴുതിയതിന്റെ പേരിൽ. ജേക്കബ് തോമസിനെ ആവേശത്തോടെ കൊണ്ടു നടന്ന അഴിമതി വിരുദ്ധരെന്ന് അവകാശപ്പെടുന്ന സാമൂഹ്യ നേതാക്കൾ പോലും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അങ്ങനെ കൂട്ടിലടയ്ക്കാനാവാത്ത തത്ത ഏകനായി. ഇതിൽ മനം മടുത്താണ് ജേക്കബ് തോമസ് ലോക്സഭാ മത്സരത്തിന് എത്തുന്നത്.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സസ്പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. എന്നാൽ ഇന്ന് ശമ്പളം പോലുമില്ലാതെ ജേക്കബ് തോമസ് ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ആരും സംസാരിക്കുന്നതു പോലുമില്ല. ഏകനായുള്ള യുദ്ധം. ഇതിനിടെയാണ് ട്വന്റി ട്വന്റി ജേക്കബ് തോമസിൽ മികച്ച സ്ഥാനാർത്ഥിയെ കാണുന്നത്. കേരളത്തിലെ സാമൂഹികാവസ്ഥ ചർച്ചയാക്കാൻ പറ്റിയ സ്ഥാനാർത്ഥി. സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ എങ്ങനെ രാഷ്ട്രീയക്കാർ കൈകാര്യം ചെയ്യുമെന്നതിന്റെ നേർചിത്രമാണ് ജേക്കബ് തോമസ്. മൂന്ന് മുന്നണികളും ജേക്കബ് തോമസിന് നേരിയുള്ള നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നില്ല.

ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്താക്കലുകൾ. ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്‌പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഒരു വർഷത്തിനിടെ മൂന്നാമത് സസ്‌പെൻഷൻ ആണ് കേരളാ കേഡറിൽ ഉള്ള ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ ആയ ജേക്കബ് തോമസിനെ തേടിവരുന്നത്.

ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സസ്‌പെൻഷൻ പുറത്തിറങ്ങിയത്. കേരളത്തിലെ ഐപിഎസ് കേഡറിൽ ഉള്ള മുതിർന്ന ഐപിഎസ് ഓഫീസർക്ക് നേരെ സസ്‌പെൻഷൻ എന്ന വജ്രായുധം സർക്കാർ വീണ്ടും പ്രയോഗിക്കുമ്പോൾ ഒട്ടനവധി ചോദ്യങ്ങൾ ആണ് ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാരിന് നേർക്ക് ഉയരുന്നത്. ഇതെല്ലാം പുച്ഛത്തോടെ പിണറായി സർക്കാർ തള്ളികളഞ്ഞു. ഈ സാഹചര്യത്തിലാണ് രാജിവച്ച് പോരാട്ടത്തിന് ജേക്കബ് തോമസ് എത്തുന്നത്. ഇനി പിണറായിക്കെതിരായ തുറന്നു പറച്ചിലാകും നടക്കുക. ജനങ്ങളെ ഒപ്പം നിർത്തിയുള്ള കിഴക്കമ്പലത്തെ കിറ്റക്സ് മാതൃകയ്ക്ക് പുതിയ ആവേശമാണ് ജേക്കബ് തോമസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP