Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയെ ആരെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചാൽ അവരോട് എങ്ങനെ സന്ധി ചെയ്യും? ആർ എസ് എസുകാർ എന്താ ഇന്ത്യക്കാർ അല്ലെന്നാണോ പിണറായി പറയുന്നത്? രാഷ്ട്രത്തിന് വേണ്ടി സിവിൽ സർവ്വീസിൽ എത്തിയ താൻ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഖ്യത്തിലാകും; വൽസൻ തില്ലങ്കരിക്കൊപ്പം പരിവാർ വേദിയിൽ എത്തി ആർ എസ് എസ് മോഡലിൽ കൈ നെഞ്ചോട് ചേർത്ത് ആർ എസ് എസ് ഗണഗീതം ഏറ്റു ചൊല്ലി ഡിജിപി ജേക്കബ് തോമസ് കത്തിക്കയറിയത് ഇങ്ങനെ

ഇന്ത്യയെ ആരെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചാൽ അവരോട് എങ്ങനെ സന്ധി ചെയ്യും? ആർ എസ് എസുകാർ എന്താ ഇന്ത്യക്കാർ അല്ലെന്നാണോ പിണറായി പറയുന്നത്? രാഷ്ട്രത്തിന് വേണ്ടി സിവിൽ സർവ്വീസിൽ എത്തിയ താൻ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഖ്യത്തിലാകും; വൽസൻ തില്ലങ്കരിക്കൊപ്പം പരിവാർ വേദിയിൽ എത്തി ആർ എസ് എസ് മോഡലിൽ കൈ നെഞ്ചോട് ചേർത്ത് ആർ എസ് എസ് ഗണഗീതം ഏറ്റു ചൊല്ലി ഡിജിപി ജേക്കബ് തോമസ് കത്തിക്കയറിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെഞ്ചോട് ചേർത്ത് കൈവച്ച് ആർ എസ് എസ് ഗണഗീതം ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസും ഏറ്റു ചൊല്ലി. ശബരിമല വിഷയത്തിൽ ജനങ്ങൾ അറിയേണ്ടാത്ത എന്ത് വിവരമാണ് പൊലീസ് ആർഎസ്എസിന് ചോർത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുൻ വിജിലൻസ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ് ആർ എസ് എസ് പരിപാടിയിൽ പറയുമ്പോൾ വേദിയിൽ ഒപ്പമുണ്ടായിരുന്നത് വൽസൻ തില്ലങ്കേരി. പരിവാറിനൊപ്പമാകും തന്റെ ഇനിയുള്ള രാഷ്ട്രീയമെന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. ജേക്കബ് തോമസ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആർ എസ് എസ് വേദിയിൽ ജേക്കബ് തോമസ് എത്തുന്നത്. മോദിയുടെ രാഷ്ട്രീയത്തിനൊപ്പമാകും തന്റെ യാത്രയെന്ന് പറയാതെ പറയുകയാണ് ജേക്കബ് തോമസ്.

കാക്കനാട് മവേലിപുരം എം.ആർ.എ ഹാളിൽ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന ഐ.ടി മിലൻ ഗുരൂപൂജ, ഗുരു ദക്ഷിണ മഹോൽസവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിമർശിച്ചത്. ശബരിമലയിൽ പൊലീസുകാർ, ആർഎസ്എസുകാർക്ക് വിവരം ചോർത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പൊലീസ് യോഗത്തിൽ സംസാരിച്ചത്. എന്നാൽ ആർഎസ്എസുകാർ ഇന്ത്യാക്കാരല്ലേ എന്ന് പ്രസംഗത്തിനിടെ ജേക്കബ് തോമസ് ചോദിച്ചു. ആർഎസ്എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ആർ.എസ്.എസുകാരുടെ സംഘടനയാണ് ആർ.എസ്.എസ് ഐ.ടി മിലൻ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലൻ ശാഖകളുള്ളത്. ഇതിന്റെ പരിപാടിയിൽ ജേക്കബ് തോമസ് എത്തുന്നതും തന്റെ രാഷ്ട്രീയം കേരളത്തിൽ ചർച്ചയാക്കാൻ വേണ്ടിയാണ്.

ആർ.എസ്.എസ്. സംഘടിപ്പിച്ച ചടങ്ങിൽ അധ്യക്ഷനായ മുൻ ഡി.ജി.പി. ജേക്കബ് തോമസ് ചടങ്ങിൽ സംഘപ്രാർത്ഥന നെഞ്ചോട് കൈകൾ ചേർത്ത് ഏറ്റുചൊല്ലുകയും ചെയ്തു. യഥാർത്ഥ ഭാരതസംസ്‌കാരം വൈദേശിക സംസ്‌കാരങ്ങൾക്കിടയിൽപ്പെട്ട് ഞെരുങ്ങുന്ന അവസ്ഥയാണെന്ന് അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആർ.എസ്.എസുമായി അടുപ്പമാണെന്ന് പറയാൻപോലും മടിക്കുന്നവരുണ്ട്. ഇന്ത്യയെ ഇന്ത്യയല്ലാതാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തടയാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. പൊലീസുകാർ ആർ.എസ്.എസിന് വിവരങ്ങൾ ചോർത്തിയെന്ന് ആക്ഷേപിക്കുന്നു. ആർ.എസ്.എസ്. എന്താ ഇന്ത്യക്കാരുടെ സംഘടനയല്ലേ - ജേക്കബ് തോമസ് ചോദിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയും ആർ.എസ്.എസ്. കൊച്ചി മഹാനഗരം സഹ സംഘചാലക് പ്രൊഫ. അച്യുതൻ കൃഷ്ണമൂർത്തിയും പങ്കെടുത്തു.

താൻ സിവിൽ സർവീസിൽ വന്നത് രാഷ്ട്രത്തിനു വേണ്ടിയാണ്. അതിനാൽ രാഷ്ട്ര സേവനത്തിലേർപ്പെടുന്ന ആരുമായും പങ്കാളിത്തമാകാമെന്ന് ജേക്കബ് തോമസ് ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആർ.എസ്.എസ്. ഒരു സന്നദ്ധ സംഘടനയാണ്. വർഷങ്ങളായി പല കാര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞ തവണ ശബരിമലയിൽ പോയി, കുംഭമേളയ്ക്കും പോയി. കൂടുതൽ സമയം കിട്ടുന്നതിനാൽ കൂടുതൽ സജീവമാകാമല്ലോ? പൗരന്മാർ അറിയേണ്ട കാര്യങ്ങളല്ലേ നാട്ടിൽ നടക്കേണ്ടത്. പിന്നെ, ശബരിമല വിഷയത്തിൽ പൊലീസുകാർ വിവരങ്ങൾ ചോർത്തിയെന്ന് പറയുന്നതിന്റെ അർത്ഥമെന്താണെന്ന് അദ്ദേഹം ആരാഞ്ഞു. നയങ്ങൾ ജനങ്ങളുടെ വിശ്വാസത്തിനെതിരാണെങ്കിൽ അക്കാര്യം അത് രൂപപ്പെടുത്തുന്നവർ ശ്രദ്ധിക്കേണ്ടതാണ്. നയങ്ങൾ ജനങ്ങൾക്കു വേണ്ടിയും രാജ്യനന്മയ്ക്കു വേണ്ടിയുമായിരിക്കണം. നയങ്ങളിൽ തെറ്റുണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന് ചൂണ്ടിക്കാണിക്കാം. അത് പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആർഎസ്എസ്സുമായി തനിക്ക് 23 വർഷത്തെ അടുപ്പമുണ്ടെന്നും ആർഎസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല, സന്നദ്ധ സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 1996ൽ ഡൽഹിയിലെ ഒരു സ്‌കൂളിൽ നിന്നാണ് ആർഎസ്എസുമായുള്ള ബന്ധം തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ എൻജിഒ ആണ് ആർഎസ്എസ്. ആ പേര് കേൾക്കുമ്പോഴേ ചിലർക്ക് തൊട്ടുകൂടായ്മയാണ്. അത് പരിഹരിക്കാനായി പ്രവർത്തിക്കുമെന്നും അദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഏറെ നാളായി സസ്‌പെൻഷനിലും. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ മുൻ വിജിലൻസ് ഡയറക്ടറോട് പിണറായി സർക്കാരിന് പകയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് കാരണം ഒന്നര വർഷത്തിലധികമായി സസ്‌പെൻഷനിലാണ്. ഇതിനിടെ ലോക്‌സഭയിൽ ട്വന്റി ട്വന്റിയുടെ പിന്തുണയോടെ മത്സരിക്കാൻ ശ്രമിച്ചു. അപ്പോൾ രാജി അംഗീകരിക്കാതെ പിണറായി സർക്കാർ അതും മുടക്കി. ഇതിന് ശേഷമാണ് ആർ എസ് എസുമായി ജേക്കബ് തോമസ് അടുക്കുന്നത്.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സസ്പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. എന്നാൽ ഇന്ന് ശമ്പളം പോലുമില്ലാതെ ജേക്കബ് തോമസ് ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ആരും സംസാരിക്കുന്നതു പോലുമില്ല. ഏകനായുള്ള യുദ്ധം. ഇതിനിടെയാണ് ട്വന്റി ട്വന്റി ജേക്കബ് തോമസിൽ മികച്ച സ്ഥാനാർത്ഥിയെ കാണുന്നത്. കേരളത്തിലെ സാമൂഹികാവസ്ഥ ചർച്ചയാക്കാൻ പറ്റിയ സ്ഥാനാർത്ഥി. സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ എങ്ങനെ രാഷ്ട്രീയക്കാർ കൈകാര്യം ചെയ്യുമെന്നതിന്റെ നേർചിത്രമാണ് ജേക്കബ് തോമസ്. മൂന്ന് മുന്നണികളും ജേക്കബ് തോമസിന് നേരിയുള്ള നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നില്ല.

ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്താക്കലുകൾ. ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്‌പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്.

ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സസ്‌പെൻഷൻ പുറത്തിറങ്ങിയത്. കേരളത്തിലെ ഐപിഎസ് കേഡറിൽ ഉള്ള മുതിർന്ന ഐപിഎസ് ഓഫീസർക്ക് നേരെ സസ്‌പെൻഷൻ എന്ന വജ്രായുധം സർക്കാർ വീണ്ടും പ്രയോഗിക്കുമ്പോൾ ഒട്ടനവധി ചോദ്യങ്ങൾ ആണ് ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാരിന് നേർക്ക് ഉയരുന്നത്. ഇതെല്ലാം പുച്ഛത്തോടെ പിണറായി സർക്കാർ തള്ളികളഞ്ഞു. ഈ സാഹചര്യത്തിലാണ് രാജിവച്ച് പോരാട്ടത്തിന് ജേക്കബ് തോമസ് എത്തുന്നത്. ഇനി പിണറായിക്കെതിരായ തുറന്നു പറച്ചിലാകും നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP