Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിജിപി ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു; തമിഴ്‌നാട് വിരുദനഗറിലെ 50.33 ഏക്കർ ഭൂമി കണ്ടുകെട്ടുന്നത് സ്വത്ത് വിവരത്തിൽ വെളിപ്പെടുത്തിയില്ലെന്ന് തെളിഞ്ഞതോടെ; ബിനാമി ഇടപാടിന്റെ പേരിൽ മുൻ വിജിലൻസ് ഡയറക്ടറുടെ കേരളത്തിലെ വീടുകളിലും നോട്ടീസ് പതിപ്പിച്ചു; രാഷ്ട്രീയക്കാരുടെ കണ്ണിൽ കരടായി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന് കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥ

ഡിജിപി ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു; തമിഴ്‌നാട് വിരുദനഗറിലെ 50.33 ഏക്കർ ഭൂമി കണ്ടുകെട്ടുന്നത് സ്വത്ത് വിവരത്തിൽ വെളിപ്പെടുത്തിയില്ലെന്ന് തെളിഞ്ഞതോടെ; ബിനാമി ഇടപാടിന്റെ പേരിൽ മുൻ വിജിലൻസ് ഡയറക്ടറുടെ കേരളത്തിലെ വീടുകളിലും നോട്ടീസ് പതിപ്പിച്ചു; രാഷ്ട്രീയക്കാരുടെ കണ്ണിൽ കരടായി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന് കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന കനത്ത തിരിച്ചടിയായി ആദായ നികുതി വകുപ്പിന്റെ ഇടപെടൽ. തമിഴ്‌നാട്ടിലുള്ള 50.33 ഏക്കർ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടാൻ ഒരുങ്ങുകയാണ്. ഭൂമി ജപ്തി ചെയ്യാൻ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടിസ് നൽകിയിരുന്നു. തമിഴ്‌നാട്ടിലെ രാജപാളയത്ത് ബെനാമി ഇടപാടിൽ ജേക്കബ് തോമസ് 50.33 ഏക്കർ ഭൂമി സ്വന്തമാക്കിയെന്ന കണ്ടെത്തലിനെതുടർന്നാണു നടപടി.

2001ൽ ജേക്കബ് തോമസ് വാങ്ങിയതായി രേഖയുള്ള ഈ ഭൂമി സ്വത്തുവിവരത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. വസ്തു സ്വന്തം പേരിലാണെങ്കിലും വസതിയുടെ വിലാസം കൊച്ചിയിലെ സ്വകാര്യ കമ്പനിയുടേതായിരുന്നു. എന്നാൽ ജേക്കബ് തോമസ് ഈ കമ്പനിയുടെ ഡയറക്ടർ അല്ല. സർക്കാർ രേഖകളിൽ അദ്ദേഹത്തിന് ഈ മേൽവിലാസവും ഇല്ല. ആദ്യ 2 നോട്ടിസും കൈപ്പറ്റാത്തതിനാൽ മൂന്നാമത്തെ നോട്ടിസിൽ ഈ വസ്തു ബെനാമി ഇടപാടിലെ ഭൂമിയാണെന്നു കണക്കാക്കുമെന്നും ജപ്തി ചെയ്യുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു.

ബിനാമി പേരിൽ ജേക്കബ് തോമസ് ഭൂമി സ്വന്തമാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതോടെ കിടപ്പാടവും നഷ്ടമാകുന്ന അവസ്ഥയിലാണ് ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥൻ. 2001ൽ രണ്ട് ഘട്ടമായി 33 പേരിൽ നിന്നാണ് ജേക്കബ് തോമസ് സ്വന്തം പേരിൽ ഭൂമി വാങ്ങിയത്. 2002, 2003 വർഷങ്ങളിൽ അദ്ദേഹം സർക്കാരിനു നൽകിയ സ്വത്തുവിവര സത്യവാങ്മൂലത്തിൽ ഇതുണ്ട്. ഭാര്യ ഡെയ്‌സിയുടെ പേരിലാണ് ഭൂമിയെന്നാണ് 2003ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഇതു രേഖപ്പെടുത്തിയിട്ടില്ല.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സർവീസ് കോൺടക്ട് റൂൾസ് 16 (2) പ്രകാരം സ്വത്തുവിവരം നിർബന്ധമായും വെളിപ്പെടുത്തണമെന്നാണ് ചട്ടം. രജിസ്ട്രേഷൻ രേഖകളിൽ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്പനിയുടെ വിലാസത്തിലാണ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി. രജിസ്ട്രേഷൻ രേഖകൾ പ്രകാരം ജേക്കബ് തോമസ് അഗ്രോടെക് കമ്പനി ഡയറക്ടറാണ്. എന്നാൽ, കമ്പനി കേന്ദ്ര സർക്കാരിനു സമർപ്പിച്ച രേഖകളിൽ ബേബി തോമസ്, ലെവിൻ തോമസ് എന്നിവരാണു ഡയറക്ടർമാർ. ഇതേ വിലാസത്തിൽ ഒരു ടൂർ ഓപ്പറേറ്ററുടെ ഓഫീസുമുണ്ട്. ജേക്കബ് തോമസും ഈ ടൂർ കമ്പനിയുമായുള്ള ബന്ധം മുമ്പ് വിജിലൻസ് അന്വേഷിച്ചെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല.

ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സർക്കാരിന് സമർപ്പിച്ച സ്വത്തുവിവര രേഖപ്രകാരം അദ്ദേഹത്തിനു 37.95 കോടിയുടെ ആസ്തിയുണ്ട്. കർണാടകയിലെ കുടകിൽ ഭാര്യയുടെ പേരിലുള്ള 151 ഏക്കർ ഭൂമിയുടെ കാര്യവും ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിജിപി ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. എന്നാൽ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര അനുമതി ആവശ്യമാണ് എന്ന കാരണത്താൽ ഹർജി കോടതി തള്ളി. അതേസമയം, നിയമനടപടി തുടരുമെന്ന് പരാതിക്കാരൻ അറിയിച്ചു.

തമിഴ്‌നാട്ടിലെ വിരുതുനഗറിൽ ഇസ്രാ അഗ്രോടെക് ലിമിറ്റഡ് എന്ന കമ്പനിക്കായി വാങ്ങിയ അൻപത് ഏക്കറോളം ഭൂമിയുടെ വിവരങ്ങൾ സൂഷ്മമായി പരിശോധിച്ചാണ് വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ് ബെനാമി ഇടപാടുകാരനാണ് എന്ന നിഗമനത്തിൽ കോടതി എത്തിയത്. ഭൂമി വാങ്ങിയത് തന്റെ പേരിലാണെന്ന് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്്തകത്തിൽ ഡിജിപി സമ്മതിച്ചിട്ടുണ്ട്.

തന്റെ പേര് ഉപയോഗിക്കാൻ അനുവദിച്ചു എന്നാണ് വിശദീകരണം. എന്നാൽ കമ്പനിയുടെ രേഖയിൽ ജേക്കബ് തോമസിന്റെ വിലാസമായി കാണിച്ചിട്ടുള്ളത്, എറണാകുളം മറൈൻ ഡ്രൈവിലെ പ്രിൻസി വേൾഡ് ട്രാവൽസ് എന്ന മറ്റൊരു കമ്പനിയുടെ ഓഫീസാണ്. ഇസ്രാ അഗ്രോടെകിനാകട്ടെ ജേക്കബ് തോമസ് എന്ന പേരിൽ മറ്റൊരു ഡയറക്ടർ ഇല്ലെന്ന് രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ നിന്നുള്ള ഉടമസ്ഥത സംബന്ധിച്ച രേഖ പരിശോധിച്ച് കോടതി ഉറപ്പാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ്് 1988ലെ ബെനാമി ഇടപാട് നിരോധന നിയമം പ്രകാരം ജേക്കബ് തോമസിനെ ബെനാമിദാർ അഥവാ ബെനാമി ഇടപാടുകാരൻ എന്ന് വിളിക്കാമെന്ന് തന്നെ കോടതി വ്യക്തമാക്കിയത്.

ജേക്കബ്‌തോമസ് വിജിലൻസ് മേധാവിയായിരിക്കെയാണ് ഈ സ്വത്തുവിവരം പുറത്തുവന്നത്. എന്നാൽ പുസ്തകത്തിൽ പറഞ്ഞതല്ലാതെ കൃത്യമായൊരു വിശദീകരണവും ഇതുവരെ അദ്ദേഹത്തിന് നൽകാനായിട്ടില്ല. 2002, 2003 വർഷങ്ങളിൽ സർക്കാരിന് നൽകിയ ആസ്തിവിവരങ്ങളുടെ പട്ടികയിൽ ജേക്കബ് തോമസ് ഈ ഭൂമി തന്റേതാണെന്ന് സമ്മതിച്ച് തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

കേരളത്തിൽ അഴിമതികൾക്കെതിരെ പ്രതികരിച്ച് വാർത്തകളിൽ ഇടംപിടിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ സർക്കാരുകളുടെ ഇഷ്ടക്കേടുണ്ടാക്കിയ ജേക്കബ് തോമസിന് ഇന്ന് ഔദ്യോഗിക പദവികളില്ല. രണ്ട് തവണ സസ്പെൻഷൻ വാങ്ങിയ ജേക്കബ് തോമസിന് ഇന്ന് ശമ്പളമില്ല. ഔദ്യോഗിക വാഹനമില്ല.. ജീവനക്കാരുമില്ല. ജേക്കബ് തോമസിന് വിദേശയാത്രയ്ക്കുള്ള അനുമതിയും സർക്കാർ തടഞ്ഞു. ജേക്കബ് തോമസ് അച്ചടക്ക നടപടികളോട് സഹകരിക്കുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിശദീകരണം.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സസ്‌പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. എന്നാൽ ഇന്ന് ശമ്പളം പോലുമില്ലാതെ ജേക്കബ് തോമസ് ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ആരും സംസാരിക്കുന്നതു പോലുമില്ല. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്.

ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ വിശദീകരണം നേരത്തേ സർക്കാർ തള്ളിയിരുന്നു. ഇതിന് ശേഷമാണ് അത്മകഥ എഴുതിയ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP