Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാളത്തിൽ അടച്ച മൂർഖനെ പുറത്തെടുത്ത ചെന്നിത്തല വിഷപ്പല്ല് പറിച്ച് തിരിച്ചയച്ചു! ജേക്കബ് തോമസിന്റെ മാറ്റം സത്യസന്ധതയ്ക്ക് കേരളാ പൊലീസിൽ വിലയില്ലെന്ന് തെളിയിച്ച അവസാനത്തെ ഉദാഹരണം; മാറ്റത്തിന് ചുക്കാൻ പിടിച്ചത് റിയൽ എസ്റ്റേറ്റ് മാഫിയ

മാളത്തിൽ അടച്ച മൂർഖനെ പുറത്തെടുത്ത ചെന്നിത്തല വിഷപ്പല്ല് പറിച്ച് തിരിച്ചയച്ചു! ജേക്കബ് തോമസിന്റെ മാറ്റം സത്യസന്ധതയ്ക്ക് കേരളാ പൊലീസിൽ വിലയില്ലെന്ന് തെളിയിച്ച അവസാനത്തെ ഉദാഹരണം; മാറ്റത്തിന് ചുക്കാൻ പിടിച്ചത് റിയൽ എസ്റ്റേറ്റ് മാഫിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാളത്തിൽ അടച്ച മൂർഖൻ പാമ്പായിരുന്നു ജേക്കബ് ജോമസ് എന്ന ഐപിഎസുകാരൻ. അഴിമതിക്കാരുടെ പേടി സ്വപ്‌നം ആയതിനാൽ അനേകം വർഷം ഐപിഎസ് ഭരണവും പേരിൽ പ്രയോജനം ഇല്ലാത്ത തസ്തികകളിൽ അലഞ്ഞു നടന്നു. ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തല ചുമതല ഏറ്റപ്പോൾ ഇമേജ് ബിൽഡിംഗിന്റെ ഭാഗമായി ജേക്കബ് തോമസിനെ വിജിലൻസിൽ പ്രതിഷ്്ഠിച്ചു. കെ എം മാണിയുടെ ബാർകോഴ കേസ് വന്നപ്പോൾ സർക്കാറിന് മുഴവൻ തലവേദന ഉണ്ടാക്കിയത് ജേക്കബ് തോമസിന്റെ സത്യസന്ധമായ നിലപാടായിരുന്നു. ഒടുവിൽ കേസിന്റെ അന്തിമ റിപ്പോർട്ട് പുറത്താകും മുമ്പ് ഫയർഫോഴ്‌സിലേക്ക് സ്ഥാനക്കയറ്റം നൽകി മാറ്റിയാണ് സർക്കാർ തടിതപ്പിയത്. ഫയർഫോഴ്‌സിൽ ഇരിക്കവേ ഉന്നതർക്ക് ജേക്കബ് തോമസ് ഉണ്ടായ തലവേദന ചെറിയതല്ല.

പല ഉദ്യോഗസ്ഥരെയും ഒതുക്കാൻ ഉപയോഗിക്കുന്ന വകുപ്പാണ് ഫയർഫോഴ്‌സ് എങ്കിലും ജേക്കബ് തോമസിനെ സംബന്ധിച്ചിടത്തോളം ഈ വകുപ്പിന് കീഴിലും ചിലത് തെളിയിക്കാൻ ഉണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു അവിടെ. വൻകിട ഫ്‌ലാറ്റുകൾ അടക്കം നിർമ്മിക്കുമ്പോൾ ഇതിന് സുരക്ഷാ ക്ലിയറൻസ് നൽകേണ്ടത് ഫയർഫോഴ്‌സാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ശക്തമായ തീരുമാനം കൈക്കൊണ്ടതോടെ റിയൽ എസ്‌റ്റേറ്റ് മാഫിയക്കാരുടെയും ഇവർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും കണ്ണിൽ കരടായാണ് ഇപ്പോൾ വീണ്ടും ജേക്കബ് തോമസിന് സ്ഥാനം തെറിച്ചത്. അഗ്‌നിശമനസേന ഡിജിപി സ്ഥാനത്തുനിന്നു ജേക്കബ് തോമസിനെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലേക്ക് മാറ്റുകയായിരുന്നു നമ്മുടെ 'അഴിമതി വിരുദ്ധ'രായ മന്ത്രിമാർ ചെയ്തത്.

എഡിജിപി അനിൽകാന്തിനാണ് ഫയർഫോഴ്‌സിന്റെ ചുമതല നൽകിയിരിക്കുന്നത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മിക്ക മന്ത്രിമാരും ജേക്കബ് തോമസിന് എതിരായാ നിലപാടാണ് എടുത്തത്. യോഗത്തിൽ പലമന്ത്രിമാരും ജേക്കബ് തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. നഗരവികസന മന്ത്രി മഞ്ഞളാം കുഴി അലിക്കായിരുന്നു ഇക്കാര്യത്തിൽ കടുത്ത നിർബന്ധം. ജേക്കബ് തോമസിന്റെ പ്രവർത്ത ശൈലിയുമായി യോജിച്ചു പോകാൻ പറ്റില്ലെന്ന നിലപാടെടുക്കുകയും അദ്ദേഹത്തെ അഗ്‌നിശമനസേനയുടെ തലപ്പത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലേക്ക് മാറ്റിയത്.

കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അഗ്‌നിശമനസേന മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന വളരെ ശക്തമായ നിലപാടുകൾ ജേക്കബ് തോമസ് കൈകൊണ്ടിരുന്നു. മാത്രമല്ല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഒരു സർക്കുലറും അദ്ദേഹം പുറത്തിറക്കിയിരുന്നു. ഈ കാര്യങ്ങളിൽ അതത് വകുപ്പ് മന്ത്രിമാർക്ക് എതിർപ്പായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഇന്ന് മന്ത്രിസഭാ യോഗം ചേർന്നപ്പോൾ മന്ത്രിമാർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കുകയും അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റുകയുമായിരുന്നു.

സംസ്ഥാന സർക്കാറിന് വളരെ വേണ്ടപ്പെട്ട വ്യവസായിയായ രവി പിള്ളയുടെ ആർപി മാൾ നിർമ്മിച്ചിരിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണെന്ന് നേരത്തെ തന്നെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. കൂടാതെ സുരക്ഷ കണക്കിലെടുക്കാതെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയ വൻകിട ബിൽഡർമാർക്കെതിരെയും അദ്ദേഹം നിലപാട് സ്വീകരിച്ചു. ഫയർഫോഴ്‌സിന്റെ തലപ്പെത്തിയപ്പോൾ ജേക്കബ് തോമസ് ആദ്യം കൈവച്ചത് ശതകോടീശ്വൻ ആർ കെ പിള്ളയുടെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോഴിക്കോട് മാളിനെയാണ്. ഇതോടെ എല്ലാവരും ഞെട്ടിയിരുന്നു. ജേക്കബ് തോമസിനെ ഒതുക്കാൻ ആ വകുപ്പ് മാത്രം പോരെന്ന പലർക്കും ബോധ്യമാകുകയും ചെയ്തു.

ഈ നടപടിക്ക് പിന്നാലെയാണ് പിന്നാലെ വമ്പൻ ഫ്‌ലാറ്റുകളുടെ നിമയ വിരുദ്ധ പ്രവർത്തനത്തിന് മൂക്കുകയറിട്ട ് തുടങ്ങിയത്. അദ്ദേഹത്തിന്റേതായ നിയമങ്ങൾ കൊണ്ടുവരികയായിരുന്നില്ല, മറിച്ച് നിലവിലുള്ള നിയമങ്ങൾ കർക്കശമാക്കി നടപ്പിലാക്കുകയായിരുന്നു ജേക്കബ് തോമസ്. കൈക്കൂലി നൽകി നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് യഥേഷ്ടം കെട്ടിപ്പൊക്കിയ ഫ്‌ലാറ്റ് മാഫിയക്കാരും ഇതോടെ ഊരാക്കുടുക്കിലായി. അവിടം കൊണ്ടും ജേക്കബ് തോമസ് നിർത്തിയില്ല. പാറമട മുതലാളിമാരുടെ തോന്നിവാസവും ഹൗസ് ബോട്ട് കമ്പനികളുടെ അനാസ്ഥയിലേക്കും നീണ്ടു ജേക്കബ് തോമസിന്റെ ഇടപെടൽ. ഇതോടെയാണ് പലരും ഇങ്ങനെ ഒരു വകുപ്പിന് കീഴിൽ ചില കാര്യങ്ങളൊക്കെ ചെയ്യാമെന്ന് അറിഞ്ഞു തുടങ്ങിയത്.

ജേക്കബ് തോമസ് ആ സ്ഥാനത്തിരുന്നാൽ പണി നടക്കുന്ന മിക്ക ഫ്‌ലാറ്റുകളും പ്രതിസന്ധിയിലാകുന്ന അവസ്ഥ.യിലെത്തിയതോടെയാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റാൻ മന്ത്രിമാർ തന്നെ അറയും തലയും മുറക്കു ഇറങ്ങിയത്. ജേക്കബ് തോമസിനെ ഒഴിവാക്കി കിട്ടാൻ സർക്കാരിൽ ഫ്‌ലാറ്റ് നിർമ്മാതാക്കളിൽ നിന്നും കടുത്ത സമ്മർദ്ദമാണ് ഉണ്ടായത്.

പാറമടകളിൽ അനുവദനീയമായതിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതായും പരാതിയാണ് ഉയർന്നിരുന്നത്. ഇവിടങ്ങളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കി എൻഒസി നൽകേണ്ടത് ഫയർഫോഴ്‌സ് അധികൃതരാണ്. കേന്ദ്രസർക്കാറിന്റെ സിവിൽ ഡിഫൻസ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിന് അധികാരമുണ്ട്. ഇതു കൂടിയായപ്പോൾ ഫയർഫോഴ്‌സ് മേധാവിയാക്കിയത് വിനയായെന്ന് സർക്കാർ തിരിച്ചറിഞ്ഞു.

ജേക്കബ് തോമസ് എത്തും മുൻപും ഫയർഫോഴ്‌സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ് വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഫ്‌ലാറ്റ് നിർമ്മാണത്തിലും ക്വാറി പ്രവർത്തനത്തിലും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന് ഇടപെടാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ജേക്കബ് തോമസ് കരുനീക്കം തുടങ്ങിയത്. നാഷനൽ ബിൽഡിങ് കോഡ്(എൻബിസി)മറികടന്നുള്ള നിർമ്മാണങ്ങൾക്ക് എൻഒസി നൽകരുതെന്ന കർശന നിർദ്ദേശവുമായി ജേക്കബ് തോമസ് സർക്കുലർ പുറപ്പെടുവിച്ചതോടെയാണ് വകുപ്പിന്റെ കരുത്ത് ബിൽഡർമാർ അറിഞ്ഞത്. കളികാര്യമാകുമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് സമ്മർദ്ദവുമായി സർക്കാരിനെ സമീപിച്ചത്.

പന്ത്രണ്ട് മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളിൽ സ്വന്തമായി അഗ്‌നിശമന സംവിധാനം ഒരുക്കണമെന്ന അഗ്‌നിശമനസേനാ മേധാവിയുടെ ഉത്തരവ് നിർമ്മാണ മേഖലയ്ക്ക് ദോഷം ചെയ്‌തെന്ന് കോൺഫെഡറേഷൻ ഒഫ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ് ) ഭാരവാഹികൾ തന്നെ ആരോപിച്ചു കഴിഞ്ഞു. എൻഒസിക്കായി നിർമ്മാതാക്കൾ നൽകിയ 60 അപേക്ഷകൾ ഒരു മാസത്തിനിടെ അഗ്‌നിശമനസേന തള്ളി. ഭവന, ഐ.ടി., വിനോദസഞ്ചാര മേഖലകളിലെ നിമ്മാണങ്ങളെല്ലാം മുടങ്ങി. ബഹുനില കെട്ടിടങ്ങളിൽ അഗ്‌നിശമന പ്രവർത്തനം നടത്താനാവശ്യമായ സൗകര്യം ഇല്ലെന്നാണ് അഗ്‌നിശമനസേനാ മേധാവി അറിയിച്ചത്. എൻഒസി ലഭിക്കാനുള്ള ഫീസ് ചതുരശ്ര മീറ്ററിന് 100 രൂപയായി ഉയർത്തുകയും ചെയ്തു. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഫീസ് ഒരു ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായാണ് ഉയർത്തിയത്.

ഭരണതലങ്ങളിൽ വൻസ്വാധീനമുള്ള കെട്ടിട മാഫിയയ്‌ക്കെതിരേ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഫയർഫോഴ്‌സ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിറങ്ങി രണ്ടുദിവസത്തിനുള്ളിൽ നൂറോളം ഫ്‌ലാറ്റുകളുടെ അനുമതിപത്രമാണ് റദ്ദാക്കിയത്. ദേശീയ കെട്ടിടനിയമം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മിക്ക ഫ്‌ലാറ്റ് നിർമ്മാതാക്കളും പാലിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ബിൽഡിങ് പ്ലാൻ തയാറാക്കുമ്പോൾ കൈക്കൊള്ളേണ്ട സുരക്ഷാനടപടികളൊന്നും ഈ ഫ്‌ലാറ്റുകൾ പാലിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ 12 മീറ്ററിനുമേൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകില്ല. അടിയന്തരസാഹചര്യങ്ങളിൽ ഫയർ സർവീസിന്റെ സൗകര്യങ്ങളുപയോഗിച്ച് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കുമേൽ കയറാനാവില്ലെന്നതാണു കാരണം. ഇപ്പോഴത്തെ അവസ്ഥയിൽ ഹെലികോപ്ടറടക്കം വാങ്ങിയാലേ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ എന്നാണ് അഗ്‌നിശമനസേന പറയുന്നത്.

നേരത്തെ എൻഒസി ലഭിച്ച കെട്ടിടങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും ഉടൻ ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെതിരായ നീക്കങ്ങൾ ശക്തമായതും ഇപ്പോൾ മാറ്റിയിരിക്കുന്നതും. ഇതിനിടെയിൽ കോഴിക്കോട്ടെ മാവൂർ റോഡിലെ ആർ.പി മാളിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അഗ്‌നിശമന സേന നിലപാട് എടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് മാളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കോഴിക്കോട് കോർപറേഷനോടും ജില്ലാ കളക്ടറോടും അഗ്‌നിശമന സേന ആവശ്യപ്പെട്ടത്. പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥയിലുള്ള ആർപി മാൾ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് അഗ്‌നിശമനസേനയുടെ റിപ്പോർട്ടിലുള്ളത്.

മാളിൽ പ്രവർത്തിക്കുന്ന പി.വി എസ് തിയറ്റർ പ്രവർത്തിക്കുന്നത് ഫയർ എക്‌സിറ്റുകൾ പൂർണമായും അടച്ചാണ്. തിയറ്ററിൽ തീപിടുത്തമുണ്ടായാൽ പുറത്ത് കടക്കാൻ എമർജൻസി എക്‌സിറ്റ് ഇല്ലെന്നു മാത്രമല്ല തീയണയ്ക്കാനുള്ള സംവിധാനവുമില്ല. ജേക്കബ് തോമസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്ന് രവി പിള്ള വിലയിരുത്തി. ഈ സാഹചര്യത്തിൽ രവി പിള്ളയും ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നു. ഇക്കാര്യം നേരത്തെ മറുനാടൻ മലയാൡറിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിൽ അവസരം ലഭിച്ചപ്പോഴാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലേക്ക് അദ്ദേഹത്തെ മാറ്റിയത്.

എന്തായാലും ഏതൊരു വകുപ്പിൽ ഇരുന്നാനും അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. പൊലീസ് കൺസ്ട്രക്ഷൻ വകുപ്പിൽ അദ്ദേഹം എന്തൊക്കെ പരിഷ്‌ക്കരണങ്ങൾ കൊണ്ടുവരുമെന്ന് ഇനി കാത്തിരുന്നു തന്നെ അറിയണം. എന്തായാലും സർക്കാറിന്റെ നടപടിയിൽ ഒരു കാര്യം വ്യക്തമാണ്. അഴിമതി കണ്ടാൽ കണ്ണും പൂട്ടിയിരിക്കുക.. അല്ലെങ്കിൽ പണി തരും എന്നത്!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP