Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിജിപിയെ മാറ്റി, ഇനി വീണ്ടും തുടങ്ങാം കൂലിപ്പണി !!! ജേക്കബ് തോമസിനെ മാറ്റിയതിനെതിരെ വാട്‌സ് ആപ്പിൽ ഫയർഫോഴ്‌സുകാരുടെ പ്രതിഷേധം; മന്ത്രിസഭാ തീരുമാനം കനത്ത നഷ്ടമെന്ന് ജീവനക്കാർ

ഡിജിപിയെ മാറ്റി, ഇനി വീണ്ടും തുടങ്ങാം കൂലിപ്പണി !!! ജേക്കബ് തോമസിനെ മാറ്റിയതിനെതിരെ വാട്‌സ് ആപ്പിൽ ഫയർഫോഴ്‌സുകാരുടെ പ്രതിഷേധം; മന്ത്രിസഭാ തീരുമാനം കനത്ത നഷ്ടമെന്ന് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ തലവൻ ജേക്കബ്ബ് തോമസിന്റെ സ്ഥലംമാറ്റം സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമാകുന്നു. ' സപ്പോർട്ട് ജേക്കബ് തോമസ് ' എന്ന പേരിൽ ഫേസ്‌ബുക്കിലും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും ജേക്കബ് തോമസിനെ അനുകൂലിച്ച് സന്ദേശങ്ങൾ പ്രചരിക്കുകയാണ്. ' സേനയിൽ പൊട്ടിത്തെറി, ഡിജിപിയെ മാറ്റി, ഇനി വീണ്ടും തുടങ്ങാം കൂലിപ്പണി !!!' ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം. കുറഞ്ഞ സമയത്തിനുള്ളിൽ സേനയിൽ ഒട്ടേറെ പരിഷ്‌കാരങ്ങളും ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള കർശനനിയന്ത്രണങ്ങളും ഏർപ്പെടുത്തിയതാണ് ജീവനക്കാർ ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രധാന കാരണം. വൻകിട കെട്ടിടനിർമ്മാതാക്കൾക്ക് അനുകൂല സാഹചര്യം ഒരുക്കാനാണ് ഡി.ജി.പിയെ മാറ്റിയതെന്നാണ് ആക്ഷേപം.

ജേക്കബ് തോമസിനെ മാറ്റിയതിലൂടെ കനത്ത നഷ്ടമാണ് സേനയ്ക്ക് ഉണ്ടായതെന്നും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ പങ്ക് വയ്ക്കുന്നു. ജേക്കബ് തോമസിനെ മാറ്റിയത് സേനയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വാട്ട്‌സ് സന്ദേശങ്ങളിൽ പറയുന്നു. സേനാവിഭാഗങ്ങൾക്ക് പ്രത്യക്ഷസമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതു മൂലമാണ് സമരത്തിലേക്ക് പോകാത്തതെന്നും വകുപ്പിലെ എല്ലാ ജീവനക്കാർക്കും അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനോട് പ്രതിഷേധമാണെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ' ജേക്കബ് തോമസ് സാർ എത്തിയതിനെ ശേഷമാണ് ഞങ്ങളുടെ സേവനത്തിന്റെ മഹത്വവും അതിന്റെ ഉത്തരവാദിത്വവും പൂർണതോതിൽ മനസിലായതെന്നും എല്ലാ ജീവനക്കാർക്കും പോസിറ്റിവ് എനർജി നൽകുന്ന തരത്തിലുള്ള പ്രവർത്തനമാണ ് അദ്ദേഹം സേനയിൽ നടത്തിയതെന്നും ഫയർഫോഴ്‌സ് സേന ഉദ്യോഗസ്ഥർ ഒന്നടങ്കം പറയുന്നു.

അഗ്നിശമന സേനാ വിഭാഗത്തിന്റെ ഡി.ജി.പി സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയ ശേഷം സേനയിലെ ഫയർമാൻ തൊട്ട് ഉന്നത ഉദ്യോഗസ്ഥർ വരെ പ്രതിഷേധം പങ്ക് വച്ചത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആയിരുന്നു. ചാനലുകളിലൂടെ വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ ' സപ്പോർട്ട് ഡോ. ജേക്കബ് തോമസ് ' എന്ന പേരിൽ ഫേസ്‌ബുക്ക് പേജുകളും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കി. ' അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം' എന്ന വിശേഷണമാണ് സോഷ്യൽ മീഡിയകളിൽ നൽകിയിരിക്കുന്നത്. ബാർ കോഴ കേസിൽ സുതാര്യമായ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ എഡിജിപി ആയിരുന്ന ജേക്കബ് തോമസിനെ ഡിജിപി ആക്കി പ്രൊമോട്ട് ചെയ്താണ്് ഫയർ ആൻഡ് റെസ്‌ക്യൂവിലേക്ക് മാറ്റിയത്.

ഫയർ ആൻഡ് റെസ്‌ക്യൂ തലവനായി എത്തിയ ജേക്കബ് തോമസ് ഫ്ളാറ്റ് ലോബികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പല നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചിരുന്നു. കെട്ടിടനിർമ്മാതാക്കൾ മാനദണ്ഡം പാലിക്കാതെ വന്ന സാഹചര്യത്തിൽ എൻഒസി ഉൾപ്പെടയുള്ള അനുമതികൾ തടഞ്ഞു വച്ചതോടെ ജേക്കബ് തോമസിനെ കസേരയിൽ നിന്ന് തെറിപ്പിക്കാതെ നിവൃത്തിയില്ലാത്ത നിലയിലായിരുന്നു കെട്ടിടനിർമ്മാതാക്കൾ. നിയമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഓഫീസറെ അകാരണമായി ഒഴിവാക്കിയതാണ് സോഷ്യൽ മീഡിയകളിൽ ജേക്കബ് തോമസിന് വൻതോതിലുള്ള സപ്പോർട്ട് ഉണ്ടായത്.

ഡിജിപി പദവിയിൽ ഇരുന്ന വ്യക്തിയെ എഡിജിപി ചുമതല വഹിച്ചിരുന്ന സ്ഥാനത്തേക്ക് മാറ്റിയത് ഒരു കണക്കിന് പ്രതികാര നടപടിയുടെ ഭാഗം കൂടിയാണെന്നാണ് വിമർശനം. എഡിജിപി അനിൽ കാന്ത് ചുമതല വഹിച്ചിരുന്ന പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്റെ മാനേജിങ് ഡയറക്ടർ പദവിയിലേക്കാണ് മാറ്റം. എന്നാൽ ഈ പദവി ഏറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകൡ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ അകാരണമായി സ്ഥലം മാറ്റുന്നതിനെതിരെ ഉദ്യോഗസ്ഥർ കടുത്ത പ്രതിഷേധത്തിലാണ്. വയനാട് പൊലീസ് സൂപ്രണ്ടായിരുന്ന അജിതാ ബീഗത്തിന്റെ സ്ഥലംമാറ്റം സംബന്ധിച്ച് അജിതാ ബീഗത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയകൡ ചർച്ചാ വിഷയമായിരുന്നു. അജിതാ ബിഗത്തെ മൂന്നു വർഷത്തിനുള്ളിൽ അഞ്ച് തവണയാണ് അജിതാ ബീഗത്തെ സ്ഥലം മാറ്റിയത്. പാർട്ടി നേതാക്കളുടേയും ലോബികളുടേയും പകതീർക്കലാണ് മികച്ച ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലം മാറ്റത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പാലിക്കപ്പെടേണ്ട ഫയർ ആൻഡ് റെസ്‌ക്യൂ നിർദ്ദേശങ്ങൾ സംസ്ഥാനത്തെ പല കെട്ടിടനിർമ്മാതാക്കളും പാലിച്ചിരുന്നില്ല. ഈ കെട്ടിടനിർമ്മാതാക്കളുടെ താൽപര്യങ്ങൾക്കെതിരായി പല ഉത്തരവുകളും ജേക്കബ് തോമസ് പുറപ്പെടുവിച്ചിരുന്നു. ലോബികളുടെ കടുത്ത സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സൂചന. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ സമ്മർദ്ദത്താലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജേക്കബ് തോമസിനെ സ്ഥലംമാറ്റിയതെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP