Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ചിലർക്ക് തൊട്ടുകൂടായ്മയാണ്; അത് ഒരുരാഷ്ട്രീയപാർട്ടിയല്ല..സാംസ്‌കാരിക സംഘടനയാണ്; ലോകത്തിലെ ഏറ്റവും വലിയ എൻജിഒയുമായി 23 വർഷത്തെ ബന്ധം; മൈസൂരിലെ ഒരുസ്‌കൂളിൽ വച്ചാണ് ആദ്യ പരിചയപ്പെടൽ; ആർഎസ്എസുമായുള്ള സഹകരണം തുറന്നുപറഞ്ഞ് ജേക്കബ് തോമസ് ചുവടുവയ്ക്കുന്നത് ബിജെപിയിലേക്ക്

ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ചിലർക്ക് തൊട്ടുകൂടായ്മയാണ്; അത് ഒരുരാഷ്ട്രീയപാർട്ടിയല്ല..സാംസ്‌കാരിക സംഘടനയാണ്; ലോകത്തിലെ ഏറ്റവും വലിയ എൻജിഒയുമായി 23 വർഷത്തെ ബന്ധം; മൈസൂരിലെ ഒരുസ്‌കൂളിൽ വച്ചാണ് ആദ്യ പരിചയപ്പെടൽ; ആർഎസ്എസുമായുള്ള സഹകരണം തുറന്നുപറഞ്ഞ് ജേക്കബ് തോമസ് ചുവടുവയ്ക്കുന്നത് ബിജെപിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ആർഎസ്എസുമായുള്ള തന്റെ ബന്ധം അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളെ കണ്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. തനിക്ക് കഴിഞ്ഞ 23 വർഷമായി ആർഎസ്എസിനോട് അടുപ്പമുണ്ടെന്ന് അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ എൻജിഒ ആണ് ആർഎസ്എസ്. 1996 ൽ മൈസൂരിലെ ഒരു സ്‌കൂളിൽ വച്ചാണ് താൻ ആർഎസ്എസുമായി സഹകരിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ സഹകരണം തുടരുന്നു. ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവർത്തിക്കും. ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു കൾച്ചറൽ ഓർഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും, താൻ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ആളല്ലെന്ന് ജേക്കബ് തോമസ് പറയുന്നു.കസേര മോഹമുണ്ടായിരുന്നുവെങ്കിൽ താൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തുനിൽക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ തനിക്ക് അറിയാം. എന്നാൽ താനും പിണറായിയുമായി തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് ഡൽഹിയിലെത്തി അദ്ദേഹം ബിജെപി ദേശീയ സഹ സംഘടന സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. ഇതോടെ മറ്റുപലരെയും പോലെ ജേക്കബ് തോമസും ബിജെപിയിൽ ചേരുകയാണെന്ന വാർത്തകൾ വന്നു. കേരളത്തിൽ നിന്നുള്ള ഒരു മുതിർന്ന ആർഎസ്എസ് നേതാവും ജേക്കബ് തോമസിനോടൊപ്പം ചർച്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ ബിജെപിയിൽ ചേരാൻ ജേക്കബ് തോമസ് താത്പര്യം പ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. എന്നാൽ, ജേക്കബ് തോമസ് ഉടൻ ബിജെപിയിൽ ഔദ്യോഗികമായി ചേർന്നേക്കില്ല. ഇതിനായി അൽപം കാത്തിരിക്കാനാണ് ബിജെപി ദേശീയ നേതാക്കളുടെ നിർദ്ദേശം. അനുകൂലസമയം വരുമ്പോൾ പാർട്ടിയിൽ അംഗത്വമെടുക്കാൻ അവസരം നൽകാമെന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്.

സസ്‌പെൻഷൻ ആറുമാസത്തേക്ക് നീട്ടി

അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസന്റെ സസ്പെൻഷൻ സർക്കാർ 6 മാസത്തേക്കുകൂടി നീട്ടിയിരിക്കുകയാണ് സർക്കാർ. സസ്പെൻഷൻ റിവ്യു കമ്മിറ്റിയുടെ ശുപാർശ പ്രകാരം ജൂൺ 18 മുതൽ 6 മാസത്തേക്കാണു നീട്ടിയത്. ജേക്കബ് തോമസിനെതിരായ വിജിലൻസ് അന്വേഷണം തുടരുന്നതിനാൽ സസ്പെൻഷൻ നീട്ടണമെന്നു വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഡി.ജി.പി. ജേക്കബ് തോമസ്. തുടർച്ചയായ അഞ്ചാം സസ്‌പെൻഷനാണ് ജേക്കബ് തോമസിനെ തേടിയെത്തുന്നത്. ഇതോടെ, രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ തവണയും കൂടുതൽ കാലവും സസ്‌പെൻഷനിലായ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന റെക്കോഡും ജേക്കബ് തോമസിന്റെ പേരിലായി. 120 ദിവസത്തേക്കാണു പുതിയ സസ്‌പെൻഷൻ.

തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങുന്നതിൽ അഴിമതി നടത്തിയെന്ന് ആരോപിച്ചാണു വിജിലൻസ് കേസ്. ആത്മകഥയായ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനു ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചും കേസെടുത്തിട്ടുണ്ട്. ഒന്നര വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്. അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിലായിരുന്നു 2017 ഡിസംബറിൽ സസ്പെൻഡ് ചെയ്തത്.

'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയുടെ പേരിൽ ജേക്കബ് തോമസ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ, ഡ്രഡ്ജർ വാങ്ങിയതിലെ ക്രമക്കേടിന്റെ പേരിൽ സസ്‌പെൻഷനിൽ കഴിയുകയായിരുന്നു. ജേക്കബ് തോമസിനെ തിരിച്ചെടുത്താൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നു വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ റിപ്പോർട്ട് നൽകിയതിനേത്തുടർന്നാണു സസ്‌പെൻഷൻ നാലുമാസത്തേക്കുകൂടി നീട്ടിയത്. ഈ കേസിൽ മാത്രം ഇതു മൂന്നാം സസ്‌പെൻഷനാണ്.

ഔദ്യോഗികപെരുമാറ്റച്ചട്ടംലംഘിച്ചതിന്റെ പേരിലാണു മറ്റു രണ്ടു സസ്‌പെൻഷൻ. സർക്കാർ വിരുദ്ധപരാമർശങ്ങളുടെ പേരിലായിരുന്നു ആദ്യ സസ്‌പെൻഷൻ. പുസ്തകമെഴുതി സർക്കാരിനെതിരേ വിമർശനമുന്നയിക്കുകയും ഔദ്യോഗികരഹസ്യനിയമം ലംഘിക്കുകയും ചെയ്തതിന്റെ പേരിൽ രണ്ടാംനടപടി. ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിച്ചെങ്കിലും അദ്ദേഹം സഹകരിച്ചില്ലെന്നാണ് ആരോപണം. അതിന്റെ പേരിൽ മൂന്നാംതവണയും സസ്‌പെൻഷൻ ചോദിച്ചുവാങ്ങി. ഇതിനിടെയാണ് അഴിമതിയുടെ പേരിൽ വിജിലൻസ് അന്വേഷണവും തുടർന്നുള്ള സസ്‌പെൻഷനും.

ഈ നടപടിയുടെ കാലാവധി തീർന്നെങ്കിലും, തിരിച്ചെടുത്താൽ അന്വേഷണത്തിൽ ഇടപെടുമെന്ന റിപ്പോർട്ടിന്റെ പേരിലാണു നാലുമാസത്തേക്കുകൂടി സസ്‌പെൻഷൻ നീട്ടിയത്. ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. നിലപാടുകളിലെ സത്യസന്ധത കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം ഏത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന നിലപാടുകാരനായിരുന്നു. ജേക്കബ് തോമസിന്റെ വിട്ടുവീഴ്‌ച്ച ഇല്ലാത്ത നിലപാടുകൾ കാരണം അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥർക്കും ചില മന്ത്രിമാർക്കും പണിയായി. ഇതോടെ ഇക്കൂട്ടർ ആസൂത്രിതമായി കരുക്കങ്ങൾ നീക്കി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിപ്പിച്ച് മൂലക്കിരുത്തി. ഇതിന് ശേഷം സർക്കാറിന്റെ കണ്ണിലെ കരടായതോടെ നിർദ്ദോഷകരായ പ്രസ്താവനയുടെ പേരിൽ പോലും സസ്‌പെന്റ് ചെയ്ത് പ്രതികാര നടപടി കൈക്കൊള്ളുകയായിരുന്നു.

ഡ്രെഡ്ജർ കാര്യത്തിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം വേണം. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതാവും നല്ലത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം, വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിർത്തൽ അടക്കമുള്ള നടപടികളുടെ തുടക്കം. അതേസമയം വിജിലൻസ് കേസുകളിൽ ആരോപണ വിധേയരായ നിരവധി സർക്കാർ ഉദ്യോഗസ്ഥർതന്നെ സർവീസിൽ തുടരുമ്പോഴാണ് ജേക്കബ് തോമസിനോട് ക്രൂരത കാണിക്കുന്നത്.ചാലക്കുടി മണ്ഡലത്തിൽ ട്വന്റി ട്വിന്റിയുടെ സ്ഥാനാർത്ഥിയാവാൻ ഒരുങ്ങിയെങ്കിലും, സർക്കാർ അനുമതി കിട്ടാതിരുന്നതിനെ തുടർന്ന് പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP