Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കട്ടച്ചിറ പള്ളിയിൽ മൃതദേഹം സംസ്‌ക്കരിക്കുക; മറ്റു ദേവാലയങ്ങളിൽ മൃതദേഹങ്ങൾ വച്ചു വിലപേശുന്നത് ഒഴിവാക്കുക; അനധികൃതമായി കയ്യേറിയ ദേവാലയങ്ങൾ തിരികെ നൽകുക: മൂന്നിന ആവശ്യങ്ങളുടെ പ്രതിഷേധം തുടരാൻ യാക്കോബായ സഭ; എന്തുവന്നാലും പാത്രിയർക്കീസ് ബാവയുടെ കീഴിൽ അടിയുറച്ച് നിൽക്കുമെന്നും പ്രഖ്യാപനം; സഭാ തർക്കത്തിൽ സർക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെ

കട്ടച്ചിറ പള്ളിയിൽ മൃതദേഹം സംസ്‌ക്കരിക്കുക; മറ്റു ദേവാലയങ്ങളിൽ മൃതദേഹങ്ങൾ വച്ചു വിലപേശുന്നത് ഒഴിവാക്കുക; അനധികൃതമായി കയ്യേറിയ ദേവാലയങ്ങൾ തിരികെ നൽകുക: മൂന്നിന ആവശ്യങ്ങളുടെ പ്രതിഷേധം തുടരാൻ യാക്കോബായ സഭ; എന്തുവന്നാലും പാത്രിയർക്കീസ് ബാവയുടെ കീഴിൽ അടിയുറച്ച് നിൽക്കുമെന്നും പ്രഖ്യാപനം; സഭാ തർക്കത്തിൽ സർക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :അന്ത്യോക്യ സിംഹാസനത്തിനു കീഴിൽ സഭ അടിയുറച്ചു നിൽക്കുമെന്നും എന്തൊക്കെ പ്രതിസന്ധി വന്നാലും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കീഴിൽ സഭ കേരളത്തിൽ അടിയുറച്ച് നിൽക്കുമെന്ന് യാക്കോബായ സഭ. മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സന്ത്രയോസിന്റെ നേതൃത്വത്തിലുള്ള സഹന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ വൈദികരും വിശ്വാസികളും ഉൾപ്പെടെ ആയിരങ്ങൾ പ്രതിഷേധ സമര മുന്നേറ്റമായി മനുഷ്യമതിൽ തീർത്തു. ഇതോടെ പള്ളികൾ നഷ്ടമാകാതിരിക്കാൻ പ്രതിരോധം തീർക്കുമെന്ന സന്ദേശമാണ് യാക്കോബായ സഭ നൽകുന്നത്.

സഭാ തർക്കം എങ്ങനേയും പരിഹരിക്കാനാണ് സർക്കാർ ശ്രമം. ഇതിനിടെയാണ് യാക്കോബായ സഭ നിലപാട് കടുപ്പിച്ച് പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്. സെക്രട്ടറിയേറ്റിന് മുമ്പിലെ പ്രതിഷേധം സർക്കാരിനും വെല്ലുവിളിയാണ്. സെന്റ് പീറ്റേഴ്‌സ് സിംഹാസന കത്തീഡ്രലിനു മുന്നിൽ ഡോ. ഏബ്രഹാം മാർ സേവേറിയോസ് ഫ്‌ളാഗ് ഓഫ് ചെയ്ത ജാഥ സെക്രട്ടേറിയറ്റ് ചുറ്റി സമരപ്പന്തലിലെത്തി, ആയിരങ്ങൾ അണിനിരന്ന മതിലായി മാറുകയായിരുന്നു. സമ്മേളനം മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ.ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. സർക്കാരിനു മുന്നിൽ വച്ച ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ ഇവിടെ സമരം തുടരും.

കട്ടച്ചിറ പള്ളിയിൽ മൃതദേഹം സംസ്‌ക്കരിക്കുക, മറ്റു ദേവാലയങ്ങളിൽ മൃതദേഹങ്ങൾ വച്ചു വിലപേശുന്നത് ഒഴിവാക്കുക, അനധികൃതമായി കയ്യേറിയ ദേവാലയങ്ങൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളാണു സർക്കാരിനു മുന്നിൽ യാക്കോബായ സഭ വച്ചിട്ടുള്ളത്. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, വി.പി.സജീന്ദ്രൻ, എൽദോ ഏബ്രഹാം എന്നിവർ പിന്തുണ പ്രഖ്യാപിച്ച് എത്തി. സ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്‌കോപ്പ, പീറ്റർ കെ.ഏലിയാസ്, ഷാജി ചൂണ്ടയിൽ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.

യാക്കോബായ സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ ജനപ്രതിനിധികളാണ് ഇവർ. പ്രതിഷേധത്തിൽ ഡോ.ഏബ്രഹാം മാർ സേവേറിയോസിന്റെ അധ്യക്ഷതയിൽ ക്‌നാനായ സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് ഭക്തി പ്രമേയം അവതരിപ്പിച്ചു. യൂഹാനോൻ മാർ മിലിത്തിയോസ് വിശ്വാസ പ്രഖ്യാപനം നടത്തി. സുന്നഹദോസ് സെക്രട്ടറി ഡോ.തോമസ് മാർ തിമോത്തിയോസ്, ഡോ ഗീവർഗീസ് മാർ കൂറിലോസ്, തോമസ് മാർ അലക്‌സന്ത്രയോസ്, എംഎൽഎമാരായ അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

കുര്യാക്കോസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, മാത്യൂസ് മാർ അപ്രേം, മാത്യൂസ് മാർ അന്തീമോസ്, ഏലിയാസ് മാർ അത്തനാസിയോസ്, പൗലോസ് മാർ ഐറേനിയസ്, യാക്കോബ് മാർ അന്തോണിയോസ്, ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, സക്കറിയാസ് മാർ പീലക്‌സിനോസ്, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, സഖറിയാസ് മാർ പോളിക്കാർപ്പോസ്, പത്രോസ് മാർ ഒസ്താത്തിയോസ്, ഡോ മാത്യൂസ് മാർ ഇവാനിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP