Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ ധൃതി വയ്ക്കുന്ന സർക്കാർ എന്തേ സഭാ പ്രശ്‌നത്തിൽ കണ്ണടയ്ക്കുന്നു? ശബരിമല യുവതി പ്രവേശനം വഷളായതോടെ സർക്കാരിനെതിരെ കടുത്ത നിലപാടെടുക്കാൻ ഓർത്തഡോക്‌സ് സഭ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വാഗ്ദാനം നൽകി വോട്ടു നേടിയെന്നും ആക്ഷേപം; വിധി നടപ്പിലാക്കിയാൽ യാക്കോബായ സഭയുടെ അസ്ഥിവാരം തന്നെ ഇല്ലാതാവുമെന്നത്‌കൊണ്ട് ഇതുവരെ മൗനം പാലിച്ച പിണറായിക്ക് ശബരിമല യുവതീ പ്രവേശന വിഷയം ഉണ്ടാക്കുന്നത് വമ്പൻ സമ്മർദ്ദം

ശബരിമലയിൽ ധൃതി വയ്ക്കുന്ന സർക്കാർ എന്തേ സഭാ പ്രശ്‌നത്തിൽ കണ്ണടയ്ക്കുന്നു? ശബരിമല യുവതി പ്രവേശനം വഷളായതോടെ സർക്കാരിനെതിരെ കടുത്ത നിലപാടെടുക്കാൻ ഓർത്തഡോക്‌സ് സഭ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാജ വാഗ്ദാനം നൽകി വോട്ടു നേടിയെന്നും ആക്ഷേപം; വിധി നടപ്പിലാക്കിയാൽ യാക്കോബായ സഭയുടെ അസ്ഥിവാരം തന്നെ ഇല്ലാതാവുമെന്നത്‌കൊണ്ട് ഇതുവരെ മൗനം പാലിച്ച പിണറായിക്ക് ശബരിമല യുവതീ പ്രവേശന വിഷയം ഉണ്ടാക്കുന്നത് വമ്പൻ സമ്മർദ്ദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിന്റെ മേൽ നിൽക്കേ നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാർ നേരിടുന്നത് വൻ വെല്ലുവിളി. ഭക്തരുടെ ഉള്ള് എന്തെന്ന് കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള ചങ്കുറപ്പില്ലാത്ത സർക്കാരാണോ ഇതെന്ന ആരോപണവും ശക്തമാവുന്ന അവസരത്തിൽ ജാതി മത ഭേദമന്യേ ഏവരും ചോദിക്കുന്ന ചോദ്യമാണ് സഭാ പ്രശ്നത്തിൽ പിണറായി സർക്കാർ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്നുള്ളത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് സഭാ തർക്കത്തിലെ കോടതി വിധി ഉടൻ നടപ്പാക്കുമെന്ന സൂചന പിണറായി സർക്കാർ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മൗനം തുടങ്ങി. വിശ്വാസികളായ രണ്ട് കൂട്ടരേയും സർക്കാരിൽ നിന്ന് അകറ്റാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു ഇത്.

ഈ സാഹചര്യം വീണ്ടും ചർച്ചയാക്കുകയാണ് ഓർത്തഡോക്‌സ് സഭ. സഭാ പ്രശ്‌നത്തിലെ കോടതി വിധി നടപ്പാക്കിയാൽ യാക്കോബായ സഭയുടെ അസ്ഥിവാരം തന്നെ തകരും. കൈയിലുള്ള പള്ളികൾ പോലും യാക്കോബായ സഭയ്ക്ക് നഷ്ടമാകുമെന്ന അവസ്ഥയാണുള്ളത്. ഇതുകൊണ്ടാണ് ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ നിലപാട് പിണറായി എടുക്കുന്നത്. ശബരിമല കത്തിയതോടെ ഓർത്തഡോക്‌സുകാർ പൂർണ്ണ നിരാശരാണ്. യാക്കോബായ സഭയ്ക്ക് വേണ്ടി പിണറായി ഒത്തുകളിക്കുന്നുവെന്നും കോടതി വിധി ഉടൻ നടപ്പാക്കണമെന്നും ഓർത്തഡോക്‌സുകാർ ആവശ്യപ്പെടും. ഇത് പിണറായി സർക്കാരിന് പുതിയ തലവേദനയായി മാറും.

ശബരിമലയിൽ യുവതി പ്രവേശനം പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചതോടെ ഓർത്തഡോക്സ് സഭ പിണറായി സർക്കാരിനെതിരെ കടുത്ത നിലപാടെടുക്കാനുള്ള നീക്കത്തിലാണ് എന്നാണ് സൂചന. മതവിഭാഗങ്ങൾ തമ്മിലുള്ള സ്വര ചേർച്ച പോലും ശബരിമല വിഷയത്തിൽ സർക്കാരിന് അയ്യപ്പഭക്തരോടില്ലാത്തത് എന്തേ എന്ന് ഏവരും ഏക സ്വരത്തിൽ ചോദിക്കുന്നു. സഭാക്കേസിലെ വിധി നടപ്പിലാക്കുന്നത് യാക്കേബായ സഭയുടെ നിലനിൽപിനെ തന്നെ വളരെ ദോഷമായി ബാധിക്കുമെന്ന അവസ്ഥ ഉള്ളതിനാലാണ് പിണറായി സർക്കാർ നാളിതുവരെ സംഭവത്തിൽ മൗനം പാലിച്ചതെന്നും ആരോപണം ഉയരുന്നു. ഇത്തരത്തിലൊരു സർക്കാരാണ് ശബരിമലയുടെ കാര്യത്തിൽ കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് വാശി പിടിക്കുന്നത്. സഭാ കേസിൽ കാട്ടിയ കാത്തിരിപ്പിനുള്ള മനസ്സ് ഇവിടെ ഇല്ല. ഇത് ശബരിമല വിശ്വാസികളും ചർച്ചയാക്കുന്നുണ്ട്.

സഭാ കേസിൽ രണ്ട് കൂട്ടരും പരമാവധി സംയമനം പാലിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് വലിയൊരു സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്താത്തത്. സമവായത്തിലൂടെ സർക്കാർ ഇവിടെ രണ്ട് വിശ്വാസികളുടേയും വികാരം മാനിക്കാനാണ് ശ്രമിക്കുന്നത്. ശബരിമലയും വിശ്വാസിന്റെ പ്രശ്‌നമാണ്. എന്നാൽ ഇവിടെ കോടതി വിധി ഉടൻ നടപ്പാക്കുന്ന പുരോഗമന സർക്കാരായി മാറാൻ പിണറായി വാശി പിടിക്കുന്നു. അതായത് സഭാ കേസിലും ശബരിമല കേസിലും സർക്കാർ രണ്ട് നിലപാട് എടുക്കുന്നുവെന്ന വാദമാണ് ശബരിമല ഭക്തർ ഉയർത്തുന്നത്. സർക്കാരിന്റെ ഇരട്ടമുഖം തുറന്നുകാട്ടാൻ ചർച്ചകളും സജീവമാക്കും. ഇതിന് പിന്നിൽ സംഘപരിവാർ സംഘടനകളാണ്. രാഷ്ട്രീയ നേട്ടമാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നതും. ഇതിനൊപ്പം സർക്കാരിനെതിരെ നിലപാട് കടുപ്പിക്കാൻ ഓർത്തഡോക്‌സ് സഭയും തയ്യാറെടുക്കുകയാണ്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലെ വാഗ്ദാനം ഏത്രയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യം.

ശബരിമല വിഷയം കത്തി നിൽക്കുന്ന അവസരത്തിൽ തങ്ങളുടെ സഹോദര മതവിഭാഗങ്ങളായ ഓർത്തഡോക്സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും പിണറായി സർക്കാരിൻ നിന്നും ഉത്തരവാദിത്വ പൂർണ്ണമായ സമീപനം ഉണ്ടായില്ലെന്ന അയ്യപ്പ ഭക്തരുടെ ഓർമ്മപ്പെടുത്തൽ സർക്കാരിനെതിരെയുള്ള വെല്ലുവിളി തന്നെയാണ്. മതവിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യം നൽകാനും തീരുമാനങ്ങളിൽ കൈകടത്താൻ ആരേയും അനുവദിക്കാതെ സംരക്ഷിക്കേണ്ട ചുമതല സർക്കാർ മനപ്പൂർവ്വം മറന്നതാണോ എന്നും ആരോപണം ഉയരുന്നുണ്ട്. യാക്കോബായ സുറിയാനി സഭയുടെ അഞ്ചു ദേവാലയങ്ങൾക്കെതിരായി കഴിഞ്ഞ ജൂലൈയിൽ പുറപ്പെടുവിച്ച വിധി സുപ്രീം കോടതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വം തന്നെ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്.

സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലനാണ് സഭയെ പ്രതിനിധികരിച്ച് ആവശ്യവുമായി രംഗത്തെത്തിയത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ പരമോന്നത നീതിപീഠവുമായി ബന്ധപ്പെട്ട് ഇന്നേവരെ ഉണ്ടാകാത്ത സംഭവവികാസങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഓരോ യാക്കോബായ വിശ്വാസിയുടെയും ആശങ്കയും സന്ദേഹവും വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സഭാക്കേസിൽ ഏകപക്ഷീയ വിധിയാണു സുപ്രീം കോടതിയിൽ നിന്നുണ്ടായത്. അതിനിടയായ സാഹചര്യങ്ങൾ പരിശോധിക്കപ്പെടണമെന്നാണ് അവരുടെ ആവശ്യം. ഈ പുനപരിശോധനാ ഹർജിയിൽ തീരുമാനം വരാൻ വേണ്ടിയാണ് സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കു യാക്കോബായ സുറിയാനി സഭ നിവേദനം നൽകും. സമുദായക്കേസിൽ 1995 ലെ സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചിന്റെയും 2017 ലെ രണ്ടംഗ ബെഞ്ചിന്റെയും വിധികൾ തമ്മിലുള്ള അന്തരങ്ങൾക്കു കാരണമായ സാഹചര്യം ഇപ്പോഴത്തെ പരിതസ്ഥിതിയിൽ അടിയന്തരമായി പരിശോധിക്കപ്പെടണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. മലങ്കര സഭാക്കേസിൽ സുപ്രീം കോടതി 1995-ലും 2017-ലും പുറപ്പെടുവിച്ച വിധികളിൽ വൈരുധ്യമുണ്ടെന്ന നിലപാടിൽ യാക്കോബായ സഭ ഉറച്ചു തന്നെ നിൽക്കുകയാണ്.

ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രബലമായ സമുദായങ്ങളിൽ ഒന്നാണ് ഓർത്തഡോക്സ് സഭയാണ്. മലങ്കര സഭാക്കേസിൽ സുപ്രീംകോടതി വിധി അനുകൂലമായതോടെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വം തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ കണ്ട് നിവേദനം നൽകിയിരുന്നു.തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ ഈ നീക്കം ഫലവത്തായി. സഭാക്കേസിൽ കോടതിവിധി നടപ്പാക്കുമെന്ന വാഗ്ദാനം ഓർത്തഡോക്സ് സഭയിൽ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. ഇതിനിടെയാണ് യാക്കോബായ സഭ പരമാധ്യക്ഷൻ അന്ത്യോക്യ പാത്രിയാക്കീസ് ബാവ കേരളത്തിൽ സന്ദർശനത്തിനെത്തിയത്. പരിശുദ്ധ ബാവയെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഓർത്തഡോക്സ് സഭാംഗമായ ഉമ്മൻ ചാണ്ടി എത്തിയത് സഭയിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കി. ഉമ്മൻ ചാണ്ടി ഓർത്തഡോക്സ് സഭാ വിരുദ്ധനാണെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയും ചെയ്തിരുന്നു. ഓർത്തഡോക്സ് സഭാംഗങ്ങളുടെ നീരസവും സജി ചെറിയാന് അനുകൂലമായ വോട്ടുകളായി മാറി. ഓർത്തഡോക്സ് സഭാ കാര്യമായ പിന്തുണ തന്നെയാണ് സജി ചെറിയാന് നൽകിയത്.

ഓർത്തഡോക്സ് വിശ്വാസിയായ മുൻ എംഎ‍ൽഎ ശോഭനാ ജോർജും ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ പ്രചാരണവും യുഡിഎഫിന് തിരിച്ചടിയായി. സഭാ കേന്ദ്രങ്ങളിൽ ശോഭന കായറിയിറങ്ങി സജി ചെറിയാന് വേണ്ടി വോട്ട് പിടിച്ചതും ഓർത്തഡോക്സ് വോട്ടുകളെ സ്വാധീനിച്ചു. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി വിജയകുമാർ അയ്യപ്പസേവാ സംഘത്തിന്റെ നേതാവാണെന്ന പ്രചാരണവും ആർഎസ്എസ് സംഘടനകളുമായി ബന്ധമുണ്ടെന്ന മട്ടിലുള്ള പ്രചാരണവും ക്രിസ്ത്യൻ വോട്ടുകൾ സജി ചെറിയാന് അനുകൂലമാക്കിയ ഘടകങ്ങളാണ്. മാർത്തോമ സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യമാക്കി മന്ത്രി മാത്യു ടി. തോമസ് നടത്തിയ നീക്കങ്ങളും യുഡിഎഫിന്റെ പ്രതിച്ഛായ തകർത്തു. മണ്ഡലത്തിലെ പ്രബലമായ ക്രിസ്ത്യൻ വിഭാഗമായ പെന്തക്കോസ്ത് വിഭാഗത്തിന്റെ വോട്ടുകളും സജി ചെറിയാനാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP