Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസ്‌കറ്റിൽ അടിയന്തര സുന്നഹദോസ് വിളിച്ചു ചേർത്ത് അന്ത്യോക്യയിലെ പരിശുദ്ധ പാത്രിയർക്കീസ് ബാവ; ആഗോള സുറിയാനി സഭാ പിതാക്കന്മാർക്ക് പുറമേ സഭയിലെ 33 മെത്രാന്മാരും സിനഡിലെത്തും; നിർണ്ണായക നിലപാട് എടുക്കേണ്ട ശ്രേഷ്ഠ കതോലികാ ബാവയുടെ അസാന്നിധ്യം ശ്രദ്ധേയമാകും; സുപ്രീംകോടതി വിധി മൂലം പള്ളികൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന യാക്കോബായ സഭാ വിശ്വാസികൾക്ക് അവസാനത്തെ കച്ചിതുരുമ്പായി ആഗോള സുറിയാനി സഭയുടെ ഇടപെടൽ

മസ്‌കറ്റിൽ അടിയന്തര സുന്നഹദോസ് വിളിച്ചു ചേർത്ത് അന്ത്യോക്യയിലെ പരിശുദ്ധ പാത്രിയർക്കീസ് ബാവ; ആഗോള സുറിയാനി സഭാ പിതാക്കന്മാർക്ക് പുറമേ സഭയിലെ 33 മെത്രാന്മാരും സിനഡിലെത്തും; നിർണ്ണായക നിലപാട് എടുക്കേണ്ട ശ്രേഷ്ഠ കതോലികാ ബാവയുടെ അസാന്നിധ്യം ശ്രദ്ധേയമാകും; സുപ്രീംകോടതി വിധി മൂലം പള്ളികൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന യാക്കോബായ സഭാ വിശ്വാസികൾക്ക് അവസാനത്തെ കച്ചിതുരുമ്പായി ആഗോള സുറിയാനി സഭയുടെ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യാൻ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേർക്കുമ്പോൾ കേരളത്തിലെ യാക്കാബോയ വിശ്വാസികൾ പ്രതീക്ഷയിലാണ്. പള്ളികൾ സുപ്രീംകോടതി വിധിയോടെ നഷ്ടമാകുന്ന യാക്കാബായക്കാർക്ക് ആശ്വാസമുണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ സുന്നഹദോസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മസ്‌കറ്റ് ഗാലാ സെയ്ന്റ് മർത്തശ്മൂനി പള്ളിയിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ബാവായെത്തും. തുടർന്ന് സുന്നഹദോസ് ചേരും. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുർബാനയ്ക്കുശേഷം സുന്നഹദോസ് തുടരും. വൈകീട്ട് അഞ്ചരയ്ക്ക് ബാവാ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കും. രാത്രിയോടെ സുന്നഹദോസ് സമാപിക്കും. അത്യപൂർവമെന്നാണ് സുന്നഹദോസിനെ യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ യാക്കോബായ സുറിയാനി സഭയിലെയും സിംഹാസനപ്പള്ളികളിലെയും ക്നാനായ അതിഭദ്രാസനത്തിലെയും സുവിശേഷ സമാജത്തിലെയും മെത്രാപ്പൊലീത്തമാർ പങ്കെടുക്കും. കേരളത്തിൽനിന്ന് 33 മെത്രാപ്പൊലീത്തമാരാണ് പങ്കെടുക്കുക. ആരോഗ്യ പ്രശ്നങ്ങളാൽ മൂന്നുപേർ പങ്കെടുക്കില്ല. സിറിയയിലെ സിനഡ് സെക്രട്ടേറിയറ്റിലെ ഏഴു മെത്രാപ്പൊലീത്തമാരും പങ്കെടുക്കും. പള്ളികളിൽനിന്ന് ആട്ടിയിറക്കപ്പെടുന്ന യാക്കോബായ സഭാവിശ്വാസികളുടെ പ്രതിസന്ധിയും അനുബന്ധപ്രശ്നങ്ങളും ചർച്ചചെയ്യാനാണ് ഇതു വിളിച്ചുചേർക്കുന്നത്. കേരളത്തിലെ സഭയുടെ സ്ഥിതി വളരെ മോശമാണ്. പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ ഇക്കാര്യം ചർച്ചചെയ്യുന്നുവെന്നതിന് വലിയ പ്രാധാന്യമാണുള്ളത്. സുന്നഹദോസിന്റെ തീരുമാനങ്ങൾ വളരെ വിലപ്പെട്ടതാകുമെന്നാണ് വിശ്വാസ സമൂഹത്തിന്റെ പ്രതീക്ഷ.

സുന്നഹദോസ് മസ്‌കറ്റിൽ നടത്തുന്നതിന്റെ ചുമതല വഹിക്കുന്നത് കമാൻഡർ തോമസ് അലക്സാണ്ടറാണ്. മസ്‌കറ്റിൽ സെയ്ന്റ് മർത്തശ്മൂനി പള്ളി പണിയാൻ നേതൃത്വം നൽകിയതും അദ്ദേഹമാണ്. അസുഖം മൂലം ചികിത്സയിൽ കഴിയുന്ന ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ പങ്കെടുക്കുന്നില്ല. ഇത് ഏറെ നിർണ്ണായകമാണ്. സിനഡിൽ മലങ്കര സഭയുടെ ഭാവി സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നു കരുതുന്നു. ഇടവക ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും സഭയ്ക്കു നഷ്ടമായിക്കൊണ്ടിരിക്കുകയും സെമിത്തേരികളിൽ യാക്കോബായ വിശ്വാസികളുടെ മൃതദേഹ സംസ്‌കാരം പോലും സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവാ സിനഡ് വിളിച്ചത്.

ദേവാലയങ്ങൾ നഷ്ടപ്പെട്ടപ്പോൾ വിശ്വാസികൾക്കു റോഡിൽ കുർബാന അർപ്പിക്കേണ്ടി വരികയും അന്ത്യോക്യ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ അവർ അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിനഡ് ചേരുന്നത്. ഗ്വാട്ടിമാലയിൽ സന്ദർശനം നടത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവാ അവിടെ നിന്നാണു സിനഡിന് എത്തുക. കഴിഞ്ഞ വർഷം നിർമ്മിച്ച മൊർത്തശ്മൂനി പള്ളി ഒമാനിലെ യാക്കോബായ വിശ്വാസികളുടെ പ്രധാന ദേവാലയമാണ്. പരിശുദ്ധ പാത്രിയർക്കീസ് ബാവായാണ് ദേവാലയം കൂദാശ ചെയ്തത്.

സഭാ തർക്കത്തിൽ സർക്കാരിന്റെ മധ്യസ്ഥ ശ്രമങ്ങളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതു സ്വാഗതാർഹമാണെന്ന് യാക്കോബായ സഭ വിലയിരുത്തിയിരുന്നു. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണണമെന്നു സുപ്രീം കോടതി പലവട്ടം നിർദേശിച്ചതാണ്. പള്ളികൾ ക്രൈസ്തവ മൂല്യംഅവഗണിച്ചു കയ്യേറാനാണ് ഓർത്തഡോക്‌സ് സഭ ശ്രമിക്കുന്നത്. സമുദായ, രാഷ്ട്രീയ നേതൃത്വം ഒത്തുതീർപ്പിനു നിർദേശിച്ചെങ്കിലും ഓർത്തഡോക്‌സ് സഭ തയാറായില്ലെന്നും യാക്കോബായക്കാർ വിലയിരുത്തുന്നു. അതേസമയം, യാക്കോബായ സഭയോടുള്ള നീതി നിഷേധത്തിൽ കാലതാമസം കൂടാതെ സംസ്ഥാന സർക്കാർ ഇടപെടണമെന്നു പാത്രിയർക്കീസ് ബാവായുടെ മുൻ മലങ്കരകാര്യ സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ്. സെക്രട്ടേറിയറ്റിനു മുന്നിൽ സഭ നടത്തുന്ന സഹന സമരത്തിന്റെ പതിനാലാം ദിവസത്തെ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമരം തുടരുകയാണ്.

അതിനിടെ യാക്കോബായ സഭയുമായുള്ള തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണണമെന്ന് ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരുൾപ്പെടെയുള്ളവർ സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ കാതോലിക്കാ ബാവയോട് അഭ്യർത്ഥിച്ചു. ഇതും പ്രതീക്ഷ നൽകുന്നതാണ്. ബാവാ ഉൾപ്പെടെ, ജീവിച്ചിരിക്കുന്ന എല്ലാ മെത്രാപ്പൊലീത്തമാരുടെയും സെമിനാരി അദ്ധ്യാപകനായ ഫാ. ടി.ജെ. ജോഷ്വ, വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും വേൾഡ് ക്രിസ്ത്യൻ കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ ഫാ. കെ.എം. ജോർജ്, പഴയ സെമിനാരി മുൻ പ്രിൻസിപ്പലും സൺഡേ സ്‌കൂൾ ഡയറക്ടർ ജനറലുമായിരുന്ന ഫാ. ജേക്കബ് കുര്യൻ, മുൻ വൈദിക ട്രസ്റ്റിയും പഴയ സെമിനാരി പ്രിൻസിപ്പലുമായിരുന്ന ഫാ. ഒ. തോമസ് തുടങ്ങിയവരാണ് നിവേദനം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP