Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാംഷെയറിൽ നിന്നും റോയൽ എയർ ഫോഴ്സിന്റെ ചിനൂക് പറന്നെത്തും മുന്നേ തെരേസയെ റാഞ്ചി ജാഗ്വർ കുതിച്ചു ; ജാഗ്വാർ എക്‌സ് ജെ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന സിംഹം; വില മൂന്ന് ലക്ഷം പൗണ്ട്: ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ജീവൻ ഞൊടിയിടയിൽ കാക്കുന്ന രത്തൻ ടാറ്റയുടെ കാറിന്റെ കഥ

ഹാംഷെയറിൽ നിന്നും റോയൽ എയർ ഫോഴ്സിന്റെ ചിനൂക് പറന്നെത്തും മുന്നേ തെരേസയെ റാഞ്ചി ജാഗ്വർ കുതിച്ചു ; ജാഗ്വാർ എക്‌സ് ജെ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന സിംഹം; വില മൂന്ന് ലക്ഷം പൗണ്ട്: ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ജീവൻ ഞൊടിയിടയിൽ കാക്കുന്ന രത്തൻ ടാറ്റയുടെ കാറിന്റെ കഥ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ബുധനാഴ്ച പാർലിമെന്റിൽ ഉച്ചഭക്ഷണ സമയ ശേഷം പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളക്കു തെരേസ മേ തയ്യാറെടുക്കുന്ന സമയം തന്നെയാണ് കാറിൽ എത്തിയ അക്രമി അകത്തേക്ക് കത്തിയുമായി ഓടിക്കയറാൻ ശ്രമിക്കുന്നതും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കുത്തി വീഴ്‌ത്തുന്നതും . ഈ സമയം അക്രമിയും പ്രധാനമന്ത്രിയും തമ്മിൽ ഉള്ള അകലം ഏതാനും വാരകൾ മാത്രം . പക്ഷെ ആ കുറഞ്ഞ ദൂരം പോലും കടന്നു ചെല്ലണമെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം കടമ്പകൾ ഏറെയുണ്ട് . പക്ഷെ പാർലമെന്റ് ആയതിനാൽ മറ്റു എവിടെ ലഭിക്കുന്നതിലും അനായാസമായി തെരേസ മേയേ കയ്യിൽ കിട്ടും എന്നതുമാകാം അക്രമിയുടെ ലക്ഷ്യം എന്ന് വിലയിരുത്തപ്പെടുന്നു .

എന്നാൽ പുറത്തു അക്രമിയെ പൊലീസ് വെടിവച്ചിടുമ്പോൾ തന്നെ പ്രത്യേക ടെറർ ഫോഴ്‌സ് തെരേസ മെയെ വളഞ്ഞു കഴിഞ്ഞിരുന്നു . എന്താണ് സംഭവിക്കുന്നത് എന്ന് പ്രധാനമന്ത്രി പോലും മനസ്സിലാക്കിയിരുന്നില്ല . പുറത്തു സാഹചര്യം സുരക്ഷിതമാണോ , കൂടുതൽ അക്രമികൾ പുറത്തുണ്ടോ എന്ന രണ്ടു കാര്യങ്ങൾ മാത്രമേ സുരക്ഷാ ടീമിന് നോക്കേണ്ടിയിരുന്നുള്ളൂ . തുടർ ആക്രമണം പുറത്തുണ്ടായാൽ കാറിൽ പ്രധാനമന്ത്രിയുമായി പോകുന്നത് റിസ്‌ക് ആണെന്നതിനാൽ നൊടിയിടയിൽ ഹാംഷെയറിലെ റോയൽ എയർ ഫോഴ്‌സ് ആസ്ഥാനത്തു സന്ദേശമെത്തി .

ഇത്തരം സാഹചര്യത്തിൽ യുദ്ധകാര്യ റിപ്പോർട്ടിങ്ങിൽ തവള എന്ന് വിശേഷിപ്പിക്കുന്ന , മലയിലും കുന്നിലും വെള്ളത്തിലും റോഡിലും ഒക്കെ പറന്നിറങ്ങാവുന്ന ചിനൂക് ഹെലികോപ്ടർ തയ്യാറായി നിൽക്കുക ആയിരുന്നു , പറന്നു പൊങ്ങാൻ . പാർലിമെന്റ് വളപ്പിൽ നിന്നും നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ തെരേസ മെയെ സുരക്ഷിതമായി എത്തിക്കുകയാണ് ചിനോക്കിന്റെ ധൗത്യം . ഇക്കാര്യത്തിന് ഈ ആംഫിബിയൻ ഹെലികോപ്റ്ററിനേക്കാൾ വിശ്വസ്തൻ തല്ക്കാലം മറ്റൊരാളില്ല . എന്നാൽ പുറത്തൊരു കടുവ പതുങ്ങി കിടപ്പുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ സുരക്ഷാ ഏറ്റെടുത്തിരിക്കുന്ന ജാഗ്വർ എക്‌സ് ജെ സെന്റിനൽ . പാർലിമെന്റ് ആക്രമണത്തിൽ കൂടുതൽ അക്രമികൾ ഇല്ല എന്നുറപ്പായ നിമിഷം ഈ കടുവ തെരേസയുമായി കുതിച്ചു , സ്വവസതിയിലേക്ക്.

പിന്നീട രാജ്ഞിയെ കാണുന്നതിനും കോബ്ര മീറ്റിങ്ങിനും പുറപ്പെടും വരെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇരുന്നാണ് തെരേസ കാര്യങ്ങൾ നിയന്ത്രിച്ചത് . തെരേസ പാർലിമെന്റിൽ നിന്നും സ്വവസതിയിലേക്കാണ് പോയത് എന്നത് മാധ്യമ കണ്ണുകൾ പോലും കണ്ടെത്തിയിരുന്നില്ല . ജാഗ്വർ ധൗത്യം ഏറ്റെടുത്തതോടെ അടിയന്തിര ഘട്ടത്തിൽ പറക്കാൻ തയ്യാറെടുത്ത ചിനൂകിനു തന്റെ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു . ഒടുവിൽ താരമായതും സാക്ഷാൽ ജാഗ്വർ തന്നെ .

200 കിലോമീറ്റർ വേഗത , 30 കോടി രൂപ വില

കുതിച്ചു പായുമ്പോൾ 200 കിലോമീറ്റർ വേഗത അനായാസത്തിൽ കൈവരിക്കുന്നതാണ് ജാഗ്വർ എക്‌സ് ജെ സെന്റിനലിന്റെ പ്രത്യേകത . വില അല്പം കൂടുതൽ ആണെന്ന് മാത്രം . ബ്രിട്ടീഷ് പ്രധാനമന്ത്രിമാർക്കായി പ്രത്യേക സജ്ജീകരണങ്ങളോടെ എത്തുന്ന കാറിനു മുപ്പത് കോടി രൂപ വരെ വില വരും . ഏറെക്കാലമായി ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമാണ് ജാഗ്വർ . ഇപ്പോഴത്തെ നമ്പർ ടെണ്ണിലെ ജാഗ്വർ കാറുകൾ ഡേവിഡ് കാമറോണിന്റെ കാലത്തു പരിഷ്‌ക്കരിച്ചതാണ് . പക്ഷെ 2010 മുതൽ തന്നെ തെരേസ ജഗാർ എക്‌സ് ജെ സ്വന്തമാക്കിയിരുന്നു . അന്ന് തെരേസ പാർലിമെന്റിൽ വരുമ്പോൾ ഈ കാറ് സർവരുടെയും കണ്ണേറ് തട്ടിയിട്ടുണ്ട് എന്നതും രഹസ്യമല്ല . ബ്രിട്ടീഷ് ബ്രാൻഡ് എന്ന പ്രൗഢിയും അധിക സുരക്ഷയും ഒത്തു ചേരുന്നു എന്നതാണ് ജാഗ്വറിനെ നമ്പർ ടെൻ അഡ്രസ്സിൽ നിന്നും കുടിയിറക്കാതിരിക്കാൻ പ്രധാന കാരണം .

മുൻപ് പല കാറുകളും പ്രധാനമന്ത്രിമാരുടെ യാത്രക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏഴു വർഷമായി ഈ ജോലി ഏറ്റെടുക്കുന്നത് ജാഗ്വർ മാത്രമാണ് . ഇപ്പോൾ തെരേസ മേ ഉപയോഗിക്കുന്ന തരം ജാഗ്വർ എക്‌സ് ജെ സെന്റിനലിനു കവചിത വാഹന സ്വഭാവമാണുള്ളത് . അഞ്ചു ലിറ്റർ എൻജിനും എട്ടു ഗിയർ മോഡുമുള്ള വാഹനം നിമിഷ നേരത്തിൽ ചീറിപ്പായാൻ കരുത്തുള്ളവയാണ് . ബ്രിട്ടീഷ് ഗതാഗത വകുപ്പാണ് പ്രധാനമന്ത്രിമാർക്കുള്ള കാറുകളിൽ ആവശ്യമായ മാറ്റം വരുത്തി നൽകുന്നത് . ഈ കാറുകൾ ഓടിക്കുന്നതാകട്ടെ യുകെ സ്പെഷ്യൽ ഫോസ്സിലെ ഉദ്യോഗസ്ഥരും . പ്രധാനമന്ത്രിയുടെ കാറിനു അകമ്പടി സേവിച്ചു തിരിച്ചറിയാൻ കഴിയാത്ത തരം റേഞ്ച് റോവർ വാഹനങ്ങളും ഒപ്പം ഉണ്ടാകും . രത്തൻ ടാറ്റയെന്ന ഇന്ത്യൻ വ്യവസായിയുടെ കരുത്തിന്റെ തെളിവു കൂടിയാണ് ജാഗ്വാർ. ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ജാഗ്വാർ ലാൻഡ് ലോവർ എന്ന കാർ നിർമ്മാണ കമ്പനിയെന്നതാണ് ഇന്ത്യൻ ആവേശം കൂടുതൽ ഉയർത്തുന്നത്.

ശക്തമായ സ്‌ഫോടനം പോലും അതിജീവിക്കാൻ കരുത്തുള്ള കാർ

ശക്തമായ സ്‌ഫോടനം പോലും അതിജീവിക്കാൻ കരുത്തുള്ള പ്രത്യേക സ്റ്റീൽ പാളി ഉപയോഗിച്ചാണ് കാറിന്റെ അടിഭാഗം നിർമ്മിച്ചിരിക്കുന്നത് . ഇതേ ഗുണ സംവിധാനം ഉള്ള കരുത്തിനായി ടൈറ്റാനിയത്തിൽ കാറിന്റെ വശങ്ങളും നിർമ്മിച്ചിരിക്കുന്നു . പ്രത്യേകതകൾ ഉള്ള ഈ നിർമ്മാണ രീതി മൂലം കാറിന്റെ മൊത്തം തൂക്കം 3800 കിലോഗ്രാമായി ഉയരുകയാണ് . മാത്രമല്ല , തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ പോലും തോറ്റുമടങ്ങുന്ന ഗ്ലാസ് ഉപയോഗിച്ചാണ് വിൻഡോ നിർമ്മാണം . പഞ്ചറായ ടയറിലും കാർ സുഗമമായി ഓടും . അപ്രതീക്ഷിത അക്രമങ്ങളിൽ സംരക്ഷണ ഉദ്യോഗസ്ഥർക്ക് പ്രത്യേക്രമണം നടത്താനും കാറിൽ തന്നെ സൗകര്യമുണ്ട് . രാസായുധ ആക്രമം ഉണ്ടായാൽ പ്രധാനമന്ത്രിയും കാറിലെ മറ്റു യാത്രക്കാരും സുരക്ഷിതർ ആണെന്ന് ഉറപ്പു വരുത്താൻ ഓക്‌സിജൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ഉള്ള പ്രത്യേക വായു അറകളും ജാഗ്വർ എക്‌സ് ജെ സെന്റിനലിനെ വത്യസ്തമാക്കുന്നു . കാറിനെ ജനക്കൂട്ടമോ മറ്റോ തടയാൻ ശ്രമിച്ചാൽ കണ്ണീർ വാതക പ്രയോഗം നടത്താൻ ഉള്ള സൗകര്യവും ഇതിലുണ്ട് .

മറ്റു സാധാരണ ജാഗ്വർ കാറുകളിൽ ഉള്ളത് പോലെ ആധുനിക വാർത്ത വിനിമയ സംവിധാനങ്ങൾ , വീഡിയോ കോൺഫ്രൻസ് സൗകര്യം , ഹൈ ഡഫനിഷൻ ടി വി സ്‌ക്രീൻ , രാത്രി കാഴ്ചക്കുള്ള സംവിധാനം , സീറ്റുകൾ തണുപ്പ് കാലത്തു ചൂടാക്കുന്ന ഹീറ്ററുകൾ , മസാജിങ് സിസ്റ്റം , 1200 വാട് ഡോൾബി സൊറൗണ്ടിങ് സൗണ്ട് സിസ്റ്റം , എന്നിവയും ഇതിലുണ്ട് . സാധാരണ ജാഗ്വറിനെക്കാളും അല്പം വേഗത കുറവാണു ജാഗ്വർ എക്‌സ് ജെ സെന്റിനലിനു , കാരണം അമിത ഭാരം തന്നെ . സാധാരണ ജാഗ്വർ എക്‌സ് എഫ് അടക്കമുള്ളവ വെറും ആറു സെക്കന്റ് കൊണ്ട് 60 മൈൽ വേഗത ആജ്ജിക്കുമ്പോൾ തെരേസ മേയുടെ കാറിനു ഒൻപതര സെക്കന്റ് സമയം ആവശ്യമാണ് ഈ വേഗതയിൽ എത്താൻ . ടോപ് സ്പീഡ് കാറുകൾ എന്ന് ചിന്തിക്കുമ്പോൾ ഇന്നും ജാഗ്വർ തന്നെ ആദ്യ പേരുകാരിൽ ഒന്നാവാനും ഈ കരുത്തു തന്നെ കാരണം .

 

ചിനോക്കിനുമുണ്ട് പറയാൻ കഥകൾ

ബ്രിട്ടീഷ് ആർമിയിലെ മുൻനിര പോരാളിയാണ് ഈ വമ്പൻ . അഫ്ഗാൻ യുദ്ധകാലത്തു മലനിരകളും കുന്നും നിറഞ്ഞ പ്രദേശങ്ങളിൽ സജീവ സേവനവുമായി ചിനോക് പറന്നു നടന്നപ്പോളാണ് ഈ ഹെലികോപ്ടറിന്റെ മേന്മ ലോകം തിരിച്ചറിഞ്ഞത് . ബോയിങ് എഞ്ചിനുമായി പറക്കുന്ന ചിനോക്കിനു വെള്ളക്കെട്ടിലും സുഗമമായി ഇറങ്ങാം എന്നായതോടെ കരയിലും വെള്ളത്തിലും കഴിയുന്ന തവളയുടെ പേര് തന്നെ വിളിപ്പേരായി വന്നു ചേർന്ന് . സാധാരണ ഹെലികോപ്ടറുകളിൽ നിന്ന് വത്യസ്തമായി അടിയിൽ വിമാനങ്ങളുടെ പോലെ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നതും ചിനോക്കിന്റെ യാത്രകളെ സുഗമമാക്കുന്നു .

ഇരട്ട എഞ്ചിനുമായി പറക്കുന്നതിനാൽ നിന്ന നിൽപ്പിൽ പൊങ്ങാനും താഴാനുമുള്ള കരുത്തും ഇവനെ വേറിട്ട് നിര്ത്തുന്നു . കെട്ടിടങ്ങളുടെയും മറ്റും മുകളിൽ ഇറങ്ങാനും ഇതിനേക്കാൾ നല്ലൊരു ഹെലികോപ്ടർ വേറെയില്ല . യുദ്ധമുഖത്തു പട്ടാളക്കാർക്ക് ആവശ്യമായ യുദ്ധോപകരങ്ങൾ എത്തിച്ചു കൊടുക്കുകയാണ് ചിനോക്കിന്റെ പ്രധാന ധൗത്യം . മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുന്നു എന്നതും ഈ കരുത്തനെ ആകാശ ലോകത്തെ ജനപ്രിയനാക്കുന്ന ഘടകമാണ് . ഇന്നും അമേരിക്കൻ സൈന്യത്തിന്റെ കൈവശം ഉള്ള ഏറ്റവും വേഗത കൂടിയ ഹെലികോപ്റ്ററാണ് ചിനോക് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP