Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ്ഹിന്ദിനെ 'ജനപ്രിയ'യാക്കും! ഹസനെ മൂലയ്ക്കിരുത്തിയും ചെന്നിത്തലയെ വെട്ടിമാറ്റിയും ചാനൽ ഭരണം മുരളീധരന് നൽകും; മൂന്ന് പദവികളുമായി കറങ്ങി നടക്കുന്ന ജോയിന്റ് എംഡിക്ക് പണിയും പോകൂം; 'റിസർച്ച് വിങ്' കൺവീനർ കൂടിയായ ബിഎസ് ഷിജുവിനെതിരെ കടുത്ത നിലപാടിൽ മുല്ലപ്പള്ളി; ഇനി പാർട്ടി ചാനൽ പ്രവർത്തിക്കുക പഴയ ഡിഐസി കെട്ടിത്തിൽ; ജയ്ഹിന്ദ് ടിവിയുടെ പൂർണ്ണ നിയന്ത്രണം ഇനി കെപിസിസിക്ക്; കോൺഗ്രസ് ചാനലിലും ഇത് പുനഃസംഘടനാക്കാലം

ജയ്ഹിന്ദിനെ 'ജനപ്രിയ'യാക്കും! ഹസനെ മൂലയ്ക്കിരുത്തിയും ചെന്നിത്തലയെ വെട്ടിമാറ്റിയും ചാനൽ ഭരണം മുരളീധരന് നൽകും; മൂന്ന് പദവികളുമായി കറങ്ങി നടക്കുന്ന ജോയിന്റ് എംഡിക്ക് പണിയും പോകൂം; 'റിസർച്ച് വിങ്' കൺവീനർ കൂടിയായ ബിഎസ് ഷിജുവിനെതിരെ കടുത്ത നിലപാടിൽ മുല്ലപ്പള്ളി; ഇനി പാർട്ടി ചാനൽ പ്രവർത്തിക്കുക പഴയ ഡിഐസി കെട്ടിത്തിൽ; ജയ്ഹിന്ദ് ടിവിയുടെ പൂർണ്ണ നിയന്ത്രണം ഇനി കെപിസിസിക്ക്; കോൺഗ്രസ് ചാനലിലും ഇത് പുനഃസംഘടനാക്കാലം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ ചാനലായ ജയ്ഹിന്ദ് ടിവിയുടെ നിയന്ത്രണം കെപിസിസി വീണ്ടും ഏറ്റെടുക്കും. ചാനലിന്റെ പ്രവർത്തന ചുമതല കെ മുരളീധരന് നൽകാനാണ് സാധ്യത. നിലവിൽ രമേശ് ചെന്നിത്തലയാണ് ചാനൽ ചെയർമാൻ. എംഎം ഹസൻ എംഡിയും. പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയോട് ചാനൽ ചെയർമാൻ സ്ഥാനം ഒഴിയാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടേക്കും. ചാനൽ തുടങ്ങുമ്പോൾ കെപിസിസി അധ്യക്ഷനായിരുന്നു ചെയർമാൻ. വി എം സുധീരൻ കെപിസിസി അധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹത്തെ വെട്ടനായി ബൈലോയിൽ ഭേദഗതി വരുത്തി. ഇത് വീണ്ടും പുനഃസ്ഥാപിച്ച് കെപിസിസി നോമിനിയെ ചാനൽ ചെയർമാനാക്കാനാണ് ആലോചന.

ജയ്ഹിന്ദ് ടിവി കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. മൂന്ന് സ്ഥലത്ത് മാത്രമായി ബ്യൂറോ ഒതുങ്ങി. പല പ്രമുഖരും ചാനൽ വിട്ടു. അതുകൊണ്ട് തന്നെ വാടക കൊടുക്കാതെ പ്രവർത്തിക്കാനൊരിടമാണ് കെപിസിസി തേടന്നത്. ജനപ്രിയ ചാനൽ തുടങ്ങാൻ കെ മുരളീധരന് പദ്ധതിയുണ്ടായിരുന്നു. ഇതിനായി തിരുവനന്തപുരത്തെ പിഎംജിയിൽ ബഹുനില കെട്ടിടം സജ്ജമാക്കുകയും ചെയ്തു. ഡിഐസിയെന്ന പാർട്ടി ഉണ്ടായിരുന്നപ്പോൾ സംസ്ഥാന സമിതി ഓഫീസായിരുന്നു ഇവിടം. ഈ കെട്ടിടം ഇപ്പോഴും മുരളീധരന്റെ കൈയിലാണ്. ഈ കെട്ടിടത്തിലേക്ക് ജയ്ഹിന്ദ് ടിവിയുടെ പ്രവർത്തനം മാറും. ഇതോടെ സ്വന്തം കെട്ടിടമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. അങ്ങനെ വരുമ്പോൾ ചാനലിലെ പ്രധാന ഓഹരി ഉടമയായി പോലും മുരളീധരനെ മാറ്റേണ്ടി വരും. എന്നാൽ കെട്ടിടം വിട്ടു കൊടുക്കാൻ ഒരു നിബന്ധനയും മുരളീധരൻ വച്ചിട്ടുമില്ല. ഇതെല്ലാം പരിഗണിച്ച് കെപിസിസിയുടെ പ്രചരണ വിഭാഗം കൺവീനർ കൂടിയായ മുരളീധരന് ചാനൽ ചുമതല നൽകാനാണ് മുല്ലപ്പള്ളിയുടെ തീരുമാനം.

ഇതോടെ ചാനലിന് കൂടുതൽ ഉണർവ്വ് വരും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ മികച്ച വാർത്തകൾ ഉയർത്തി കോൺഗ്രസിന് വിജയസാധ്യത ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. നിലവിൽ ആർഎസ്എസ് ചാനലായ ജനം ടിവിക്കുള്ള ഉയർച്ച പോലും ജയ്ഹിന്ദിനില്ല. പ്രതിപക്ഷ ചാനലായി ജനം ടിവിയാണ് മുന്നേറുന്നത്. ഇതിന് മാറ്റം വരുത്തി ക്രിയാത്മക ഇടപെടലിനാണ് മുല്ലപ്പള്ളിയുടെ ശ്രമം. ഇതിന് വേണ്ടിയാണ് മുരളീധരന് ചാനലിന്റെ ചുമതല നൽകുന്നത്. നിലവിൽ എംഎം ഹസനാണ് ചാനലിന്റെ എംഡി. ഹസനെ സ്ഥാനത്ത് മാറ്റില്ല. എന്നാൽ മുരളിക്ക് പൂർണ്ണ നിയന്ത്രണം കിട്ടും വിധം ചെയർമാൻ പദം നൽകും. കെപിസിസിയുടെ നിർദ്ദേശം അനുസരിച്ച് ആർക്ക് വേണമെങ്കിലും ചെയർമാൻ പദം നൽകാൻ ചെന്നിത്തലയും തയ്യാറാണ്.

ശമ്പളം പോലും നൽകാനില്ലാത്ത പ്രതിസന്ധി ചാനലിനുണ്ടായിരുന്നു. ഇതോടെ ജയ്ഹിന്ദ് ചാനലിൽ സ്ട്രിങ്ങറായെത്തി പിന്നീട് ഡൽഹി റിപ്പോർട്ടറായ ബിഎസ് ഷിജു ചാനലിന്റെ ജോയിന്റ് എംഡിയായി. രമേശ് ചെന്നിതല ചെയർമാനായതോടെ വന്ന കാതലായ മാറ്റമായിരുന്നു ഇത്. ഡൽഹിയിലെ ബന്ധങ്ങൾ ഉപയോഗിച്ച് രാജീവ് ഗാന്ധി സെന്ററിന്റേയും കോൺഗ്രസിന്റെ ഗവേഷണ വിഭാഗത്തിന്റേയും കൺവീനറായി ഷിജു മാറി. പാർട്ടിയിലെ പ്രധാന അധികാര കേന്ദ്രമായി ഷിജു മാറുന്നതിനെടയാണ് ഷിജുവിനെ വെട്ടിമാറ്റുന്നത്. മൂന്ന് പദവികളും അതിനിർണ്ണായകമാണ്. ഇതെല്ലാം കൊണ്ടു നടക്കാനുള്ള അക്കാദമിക് യോഗ്യത ഷിജുവിനില്ലെന്ന പരാതിയും മുല്ലപ്പള്ളിക്ക് കിട്ടി. ഇതും മുല്ലപ്പള്ളി ഗൗരവത്തോടെ എടുത്തു. ഇതിനിടെ സാമ്പത്തിക ആരോപണ പരാതിയും കിട്ടി. ഇതോടെയാണ് ഷിജുവിനെ ജോയിന്റെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാൻ മുല്ലപ്പള്ളി തത്വത്തിൽ തീരുമാനിച്ചത്.

രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് ജയ്ഹിന്ദ് ടിവിയിലെ രണ്ട് പ്രധാന ജീവനക്കാരുമായി മുല്ലപ്പള്ളി കൂടിക്കാഴ്ച നടത്തി. വാർത്താ വിഭാഗത്തിലെ പ്രമുഖരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഷിജുവിനെതിരെ ലഭിച്ച പരാതികളെ കുറിച്ചും വിശദീകരിച്ചു. കള്ളക്കണക്കുകൾ ഉയർത്തി ചാനൽ ലാഭത്തിലാക്കിയെന്ന് ഷിജു പറയുന്നത് ശരിയല്ലെന്നാണ് മുല്ലപ്പള്ളിയുടെ വാദം. ഇന്ദുകുമാറും കെപി മോഹനനും രാജിവച്ചൊഴിഞ്ഞു. ഇതിനൊപ്പം പല മുതിർന്ന മാധ്യമ പ്രവർത്തകരും പോയി. ശമ്പളം കൊടുക്കുന്നതിൽ തന്നെ വലിയ കുറവുണ്ടായി. ഇങ്ങനെ ഉണ്ടായ കുറവുകളെ ലാഭമായി കാണാനാകില്ല. ശബരിമല പ്രക്ഷോഭ സമയത്ത് പോലും കോൺഗ്രസ് ചാനലിന് ജീവനോടെ പ്രവർത്തിക്കാനായില്ല. ജനം ടിവി പോലും നേട്ടമുണ്ടാക്കി. ഇതിന് മാറ്റം വരുത്താൻ അടിമുടി പരിഷ്‌കാരമാണ് മുല്ലപ്പള്ളി മനസ്സിൽ കാണുന്നത്.

ചാനലിന്റെ ചുമതല മുരളീധരന് നൽകി കൂടുതൽ പ്രൊഫഷണലിസം കൊണ്ടു വരും. പല പ്രമുഖ അവതാരകരേയും എത്തിക്കും. ഇതിനൊപ്പം മാർക്കറ്റിംഗും ശക്തമാക്കും. ചാനലിന് കിട്ടുന്ന തുക ആരും അടിച്ചു മാറ്റുന്നില്ലെന്നും ഉറപ്പാക്കും. കെപിസിസിയുടേതാണ് ചാനൽ എങ്കിൽ കാര്യങ്ങൾ താൻ തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തനിക്ക് ചാനൽ രംഗത്ത് പരിചയക്കുറവുണ്ട്. ഇതുകൂടി പരിഗണിച്ചാണ് പ്രചരണ സമിതിയുടെ ചുമതലയുള്ള മുരളീധരന് കാര്യങ്ങൾ ഏൽപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിക്കും ഇതിനോട് പൂർണ്ണ താൽപ്പര്യമാണ്. ഫലത്തിൽ ഐ ഗ്രൂപ്പിന് ജയ്ഹിന്ദ് ചാനലിലുള്ള മേധാവിത്വമാണ് തകരുന്നത്. കെപിസിസിയുടെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനത്തിലും സമാനമായ മാറ്റങ്ങൾ ഉണ്ടാകും.

കോൺഗ്രസിന്റെ ഗവേഷണ വിഭാഗം കൺവീനറായി ഷിജു എത്തിയതിനേയും മുല്ലപ്പള്ളി ചോദ്യം ചെയ്യും. കെപിസിസിയോട് ആലോചിച്ച് മാത്രമേ ഇത്തരം നിയമനങ്ങൾ നടത്താവൂവെന്ന് ഹൈക്കമാണ്ടിനോട് അഭ്യർത്ഥിക്കും. രാജീവ് ഗാന്ധി ഗവേഷണ സെന്ററിന് കൂടുതൽ മുതിർന്ന നേതൃത്വത്തേയും ചുമതലപ്പെടുത്തിയേക്കും. അദ്ധ്യാപകനെന്ന നിലയിൽ മികവ് കാട്ടിയ വ്യക്തിത്വങ്ങളെ ചുമതല ഏൽപ്പിക്കാനാണ് നീക്കം. നേതാക്കളുടെ പെട്ടി എടുക്കുന്നവർക്ക് പദവി നൽകുന്ന രീതി ഇനി കോൺഗ്രസിൽ നടക്കില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ജയ്ഹിന്ദ് ടിവിയിൽ നിന്ന് ഷിജുവിനെ മാറ്റുന്നത് പാർട്ടിയിൽ അത്തരത്തിൽ തന്നെ ചർച്ചയാക്കും. അതിനിടെ ഷിജുവിനോട് സ്ഥാനം ഒഴിയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ചാനൽ ആസ്ഥാനത്ത് ഷിജു എത്തുന്നുമില്ല.

ചാനലിന്റെ ഡയറക്ടർ ബോർഡ് ഉടൻ ചേരും. അതിന് ശേഷമാകും പുനഃസംഘടനയിലെ പ്രഖ്യാപനങ്ങൾ ഉണ്ടാവുക. ഏതായാലും ജയ്ഹിന്ദ് ടിവിയെ ഒരു മാസത്തിനുള്ള മുരളീധരന്റെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള തീരുമാനം കെപിസിസി എടുത്തു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP