Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെപി മോഹനൻ ചാനലിലെത്തുന്നത് 'അടുക്കള' വഴി; ഇന്ദിരാഭവനിൽ കസേര ഉറപ്പിച്ചപ്പോൾ ജീവനക്കാരുടെ പരാതി കേൾക്കാതെ ഹസൻ; ചാണ്ടിയും ചെന്നിത്തലയും സുധീരനും നിയമിച്ച ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരൻ എത്തിയതുമില്ല; ഭരണമിപ്പോൾ വ്യാജ സർട്ടിഫിക്കറ്റുകാരന്; കലാപത്തിനൊരുങ്ങി ജയ്ഹിന്ദ് ജീവനക്കാർ

കെപി മോഹനൻ ചാനലിലെത്തുന്നത് 'അടുക്കള' വഴി; ഇന്ദിരാഭവനിൽ കസേര ഉറപ്പിച്ചപ്പോൾ ജീവനക്കാരുടെ പരാതി കേൾക്കാതെ ഹസൻ; ചാണ്ടിയും ചെന്നിത്തലയും സുധീരനും നിയമിച്ച ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരൻ എത്തിയതുമില്ല; ഭരണമിപ്പോൾ വ്യാജ സർട്ടിഫിക്കറ്റുകാരന്; കലാപത്തിനൊരുങ്ങി ജയ്ഹിന്ദ് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലാണ് ജയ്ഹിന്ദ് ടിവി. സ്‌കൂൾ തുറക്കാൻ സമയമായിട്ടും ജീവനക്കാർക്ക് ശമ്പളമില്ല. ഇതോടെ പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. എന്നാൽ സിഇഒ കെപി മോഹനനും എക്സിക്യൂട്ടിവ് എഡിറ്റർ ജെഎസ് ഇന്ദുകുമാറിനും മാർക്കറ്റിങ് ഹെഡ് സുധീറിനും സുഖ ജീവിതവും. ഉല്ലാസയാത്ര കഴിഞ്ഞ് ഇതിൽ ചിലർ വീട്ടിൽ വിശ്രമത്തിലുമാണ്. ഫുൾ ഓപ്ഷൻ ഇന്നോവ കാറിൽ കറങ്ങുന്ന സിഇഒ ജീവനക്കാരുടെ പരാതികൾ പോലും കേൾക്കാൻ തയാറല്ല. പ്രതിഷേധം തിരിച്ചറിഞ്ഞ് ഓഫീസിന്റെ പിൻവാതിലിലൂടെയാണ് ഓഫീസിലെത്തുന്നതും മടങ്ങുന്നതും. ഇതോടെ ജയ്ഹിന്ദിലെ പ്രശ്നങ്ങൾ എല്ലാ സീമകളും വിടുകയാണ്. ഏത് സമയവും കലാപം ഉണ്ടാകുന്ന അന്തരീക്ഷമാണ് ചാനലിൽ നിലനിൽക്കുന്നത്.

ശമ്പളം കിട്ടിയിട്ട് മാസങ്ങളായതോടെ നിൽക്കക്കള്‌ലിയില്ലാതെ പലരും ചാനൽ വിട്ടു പോയി. ആഹാരത്തിനും വാടക നൽകാനും കാശില്ലാത്തതിനാൽ തിരുവനന്തപുരത്തിന് പുറത്തുള്ളവർ അവധിയെടുത്ത് വീട്ടിലിരുപ്പാണ്. ആരോടാണ് ജീവിത പ്രാരാബ്ദങ്ങളെ കുറിച്ച് പറയേണ്ടതെന്ന് അറിയില്ല. സിഇഒ ജീവനക്കാരെ കാണുന്നില്ല. ഒളിച്ചു വന്നു പോകുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ജയ്ഹിന്ദിലെ ഉന്നതരുടെ കള്ളക്കളി തിരിച്ചറിഞ്ഞതോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും പ്രശ്നത്തിൽ ഇടപെട്ടു.

ചാനലിന്റെ ചുമതലയിലേക്ക് ഡൽഹിയിൽ നിന്ന് ബി എസ് ഷിജുവിനെ കൊണ്ടു വരാനും തീരുമാനിച്ചു. കെപിസിസിയുടെ താൽകാലിക അധ്യക്ഷൻ കൂടിയായ എംഎം ഹസൻ ഷിജുവിന്റെ നിയമനത്തെ സ്വാഗതം ചെയ്തു. അന്ന് കെപിസിസിയുടെ അധ്യക്ഷനായി മറ്റു പല പേരുകളും പരിഗണിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹസൻ വഴങ്ങിയത്. പിന്നീട് സംഘടനാ തെരഞ്ഞെടുപ്പ് വരെ ഹസനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇതോടെ ഹസന്റെ നിറം മാറി. ഷിജുവിന്റെ കാര്യത്തിൽ അവ്യക്തതയുമായി.

ഹൈക്കമാണ്ട് നിർദ്ദേശത്തിന് ശേഷം ചുമതല ഏൽക്കാൻ ഹസനുമായി ഷിജു ബന്ധപ്പെട്ടിരുന്നു. സിഇഒ കെപി മോഹനന്റേയും എക്സിക്യൂട്ടീവ് എഡിറ്റർ ഇന്ദുകുമാറിന്റെ ചുമതലകളിൽ വ്യക്തത വരുത്താനായിരുന്നു ഷിജു വിളിച്ചത്. എന്നാൽ വ്യക്തമായ മറുപടി നൽകിയില്ല. ചുമതല ഏറ്റ ശേഷം എല്ലാം തീരുമാനിക്കാമെന്നും പറഞ്ഞു. ഇതോടെ ഷിജുവിന് സംശയങ്ങൾ ഉയർന്നു. തന്റെ പദവിയിലും അധികാരത്തിലും വ്യക്തത വരുത്തിയില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് ഷിജുവെന്നാണ് സൂചന.

കെപി മോഹനനും കൂട്ടരും ജീവനക്കാരുടെ യോഗം വിളിച്ച് ആരു വന്നാലും ചുമതല തനിക്കാകുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചാനൽ ഘടനയിൽ വ്യക്തത വരുത്താൻ ഷിജു തീരുമാനിച്ചത്. എന്നാൽ കെപിസിസിയിൽ കസേര ഉറച്ചതോടെ കെ.പി മോഹനനെ കൈവിടാനാകില്ലെന്ന നിലപാടിൽ ഹസൻ എത്തുകയായിരുന്നു. ഇതിനിടെയാണ് ശമ്പളം കിട്ടാതെ കലാപാന്തരീക്ഷത്തിലേക്ക് ചാനൽ മാറിയത്. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ എത്താൻ കഴിയില്ലെന്ന നിലപാടിലേക്ക് ഷിജു മാറുകയും ചെയ്തു.

ഈ സാഹചര്യത്തെ സമർത്ഥമായി ഉപയോഗിക്കുന്നത് ചാനലിൽ ആരോപണ വിധേയനായ വ്യക്തിയാണ്. വാർത്തയും മറ്റും തീരുമാനിക്കുന്നത് എംടി ബാലനും. ഇദ്ദേഹം വ്യാജ സർട്ടിഫിക്കറ്റുമായാണ് ജയ്ഹിന്ദിൽ ഉന്നത പദവിയിലെത്തിയതെന്ന ആരോപണം ഉയർന്നിരുന്നു. കെപിസിസി അധ്യക്ഷനായിരിക്കെ വി എം സുധീരൻ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹസനും കെപി മോഹനനും ചേർന്ന് എല്ലാം ഒതുക്കി തീർത്തു. ഈ വ്യക്തിയാണ് പ്രമുഖരുടെ ആഭാവത്തിൽ വാർത്തയും മറ്റും തീരുമാനിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ആരോപണ വിധേയനായ എഡിറ്റർക്ക് നേരേയും സംശയങ്ങൾ ഉയരുകയാണ്. ഈ ലോബിക്കെതിരെ ഫണ്ട് തട്ടലിന് വിജിലൻസ് അന്വേഷണവും നടക്കുന്നു. ഇതൊക്കെ ആയിട്ടും ഇവർക്ക് ഒന്നും സംഭവിച്ചില്ല. ഇതിൽ ജീവനക്കാർക്കിടയിലും പ്രതിഷേധം വ്യാപകമാണ്. അതിനിടെ ചാനലിന്റെ ബ്യൂറോ പ്രവർത്തനം ആകെ താളം തെറ്റി. സിംഗിൾമാൻ ബ്യൂറോകളെല്ലാം അടച്ചു പൂട്ടി. ശമ്പളമില്ലാത്തതിനാൽ മറ്റ് ബ്യൂറോകളും പ്രവർത്തനക്ഷമല്ല. ബ്യൂറോ ഓട്ടത്തിന് മിക്കയിടത്തും കാറുകളും ഇല്ല.

അങ്ങനെ രൂക്ഷപ്രതിസന്ധിയിലേക്ക് പോകുമ്പോഴാണ് സിഇഒ മോഹനൻ മുങ്ങി നടക്കുന്നത്. ഇന്നലെ ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് ആരും അറിയാതെ പുറകു വശത്തു കൂടി ഓഫീസിലെത്തി. ജീവനക്കാർ കാണണമെന്ന് പറഞ്ഞെത്തിയിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെ വലിയ പ്രശ്നമായി. എച്ച് ആറിന് മുമ്പിൽ പ്രതിഷേധവും നടന്നു. എന്നാൽ ഇതൊന്നും ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിലാണ് ജീവനക്കാർ. പലരും കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്.

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് അവശ്യം വേണ്ട സാധനങ്ങൾ പോലും വാങ്ങാൻ നിവർത്തിയില്ലാത്ത അവസ്ഥയിലാണ് ജീവനക്കാർ. കെപിസിസി അധ്യക്ഷനായതോടെ ഹസനേയും കാണാനില്ല. കേരളം മുഴുവൻ ചുറ്റുന്ന ഹസൻ ഓഫീസിലെത്താതെ എല്ലാം അവഗണിക്കുകയുമാണ്. ഷിജുവിനെ നിയമിച്ചിരുന്നുവെങ്കിൽ പരാതി പറയാനെങ്കിലും ആളുണ്ടാകുമായിരുന്നുവെന്ന് ചാനലിലെ ജീവനക്കാർ പറുയന്നു. ഇനിയും കാത്തിരിക്കാനാവില്ല. അതുകൊണ്ട് തന്നെ കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

ഇതിനിടെ ജയ്ഹിന്ദി ടിവിയിൽ നിന്ന് എംഎം ഹസ്സനേയും കെപി മോഹനനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മുമ്പിൽ പോസ്റ്റർ ഒട്ടിക്കലും നടന്നു. ഷിജുവിനെ നിയമിച്ചത് കോൺഗ്രസ് ഹൈക്കമാണ്ടായിരുന്നു. വി എം സുധീരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇതോടെ ചാനലിലെ പ്രമുഖർ അങ്കലാപ്പിലായി. അവർ ഈ നീക്കത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ജയ്ഹിന്ദിലെ ജീവനക്കാരുടെ പൊതു വികാരം. സുധീരന്റെ പിന്തുണയോടെ ഷിജു എത്തുമെന്ന് അറിഞ്ഞതോടെ ജയ്ഹിന്ദ് ടിവിയിൽ ജീവനക്കാരുടെ യോഗം വിളിച്ചിരുന്നു. എല്ലാ ജീവനക്കാരേയും പിന്തുണ തേടലായിരുന്നു ലക്ഷ്യം. ആരു വന്നാലും നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നുമായിരുന്നു നിർദ്ദേശം.

എന്നാൽ ശമ്പളം തരുന്നവർക്കൊപ്പമേ നിൽക്കൂവെന്ന പൊതു വികാരമാണ് യോഗത്തിൽ ഉയർന്നത്. പതിവില്ലാതെ യോഗത്തിൽ നാരാങ്ങാ വെള്ളം നൽകിയതും വിവാദമായി. മൂന്ന് മാസമായി ശമ്പളം കിട്ടാത്ത തങ്ങളെ നാരങ്ങാ വെള്ളം നൽകി കൈയിലെടുക്കാൻ ശ്രമിക്കേണ്ടെന്ന അഭിപ്രായവുമുയർന്നു. ഇതിനിടെ എവിടെ നിന്നോ ഫണ്ട് സംഘടിപ്പിച്ച് ഒരു മാസത്തെ ശമ്പളം കൊടുത്തു. ഇനിയും രണ്ട് മാസത്തെ കുടിശിഖയുണ്ട്.

കെപിസിസി അധ്യക്ഷനായിരിക്കെ ജയ് ഹിന്ദ് ടിവിയിൽ മാറ്റം കൊണ്ടുവരാൻ സുധീരൻ ശ്രമിച്ചിരുന്നു. എന്നാൽ ചാനൽ എംഡി കൂടിയായ എംഎം ഹസ്സൻ നടത്തിയ നീക്കങ്ങൾ ഇതെല്ലാം അപ്രസക്തമാക്കി. ഇതോടെ ചാനലിന്റെ പ്രസിഡന്റ് പദം പോലും സുധീരൻ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എ-ഐ ഗ്രൂപ്പുകൾ നടത്തിയ സംയുക്ത നീക്കം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. തുടർന്ന് ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനുമായി. ഇതോടെ ജയ്ഹിന്ദ് ടിവിയിൽ എല്ലാം തന്റെ വഴിക്ക് വന്നുവെന്ന പ്രതീതിയും ഹസൻ സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ ഡൽഹി റിപ്പോർട്ടറായ ബി.എസ് ഷിജുവിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചാനൽ തപ്പത്തെത്തിച്ച് ഹസ്സന് പണി കൊടുക്കുകയായിരുന്നു സുധീരൻ. ഹൈക്കമാണ്ടിനെ സ്വാധീനിച്ച് ഷിജുവിനെ നിയോഗിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ പിന്തുണയും കിട്ടി. ഉമ്മൻ ചാണ്ടിയും ഷിജുവിനെ അനുകൂലിച്ചു. എന്നിട്ടും ഹസൻ അതിനെ അട്ടിമറിച്ചു.

സിഇഒയും എക്സിക്യൂട്ടീവ് എഡിറ്ററുമായി ഇവർ നടത്തി പോന്ന ഇടപെടലുകളിൽ കെപിസിസി അധ്യക്ഷനായിരിക്കെ സുധീരൻ അതൃപ്തനായിരുന്നു. ചാനൽ ഫണ്ട് വകമാറ്റിയതും മറ്റും സുധീരൻ കണ്ടെത്തി. ഇതോടെയാണ് ഇരുവർക്കുമെതിരെ സുധീരൻ ശക്തമായ നിലപാട് എടുത്തത്. ഇവരെ പുറത്താക്കുകയോ അധികാരം കുറയ്ക്കുകയോ വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ഇതിന് ഹസൻ വഴങ്ങിയില്ല. അങ്ങനെ കെപിസിസി ചാനലിന് സാമ്പത്തിക സഹായം നൽകുന്നത് സുധീരൻ അവസാനിപ്പിച്ചു. ഇത് ചാനലിനെ വലിയ പ്രതിസന്ധയിലേക്കാണെത്തിച്ചത്. ഹസൻ കെപിസിസിയുടെ തലപ്പത്തെത്തിയെങ്കിലും ജയ്ഹിന്ദിലേക്കുള്ള ഫണ്ട് സാധാരണ ഗതിയിലായില്ല. നിലവിൽ മൂന്ന് മാസമായി ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തെ സമർത്ഥമായി ഉപയോഗിച്ചാണ് കെപി മോഹനനും ജെ എസ് ഇന്ദുകുമാറിനും സുധീരൻ പണി കൊടുത്തത്. ഇക്കാര്യത്തിൽ എ കെ ആന്റണിയും സുധീരനൊപ്പം നിന്നു.

കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാം ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവിനെ നിയമിക്കാൻ ഹൈമാണ്ട് തീരുമാനിച്ചത്. ഇത് ഉമ്മൻ ചാണ്ടിയുടെയും അറിവോടെയായിരുന്നു.

കേരളത്തിലെ ഇടതുപക്ഷം നിരന്തരം വിവാദത്തിൽപ്പെടുന്നുണ്ടെങ്കിലും ഇതിനെ മുതലെടുക്കാൻ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് കഴിയുന്നില്ല. ഈ സാഹചര്യം രാഹുൽ ഗാന്ധിയെ സുധീരൻ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസ്സനോട് ഉടൻ മാറ്റങ്ങൾ വരുത്തി ചാനലിനെ ശരിയായ ദിശയിലാക്കാൻ രാഹുൽ നിർദ്ദേശിച്ചു. ഷിജുവിനെ നിർണ്ണായക പദവയിൽ നിയോഗിക്കാനും നിർദ്ദേശമുണ്ടായി.

അങ്ങനെയാണ് ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസായി ഷിജുവിനെ ഹസന് അംഗീകരിക്കേണ്ടി വന്നത്. കെ പി മോഹനൻ സിഇഒയാണ്. ഇന്ദുകുമാർ എക്സിക്യൂട്ടീവ് എഡിറ്ററും. ഓപ്പറേഷൻസ് ഡയറക്ടറായി ഷിജു എത്തുന്നതോടെ മോഹനനും ഇന്ദുകുമാറും രണ്ടു മൂന്നും സ്ഥാനക്കാരാകും. ഇതു കൊണ്ട് കൂടിയാണ് കള്ളകളികളിലൂടെ ഷിജുവിന്റെ നിയമനത്തെ അട്ടിമറിക്കാൻ നീക്കം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP