Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിപിയിൽ ജയരാജനെ രക്ഷിക്കാൻ രക്തസാക്ഷിയായി; കൊടി സുനിയുടെ ഫേസ്‌ബുക്ക് വിവാദം ജഡ്ജിയെ സ്വാധീനിക്കാനെന്ന വിശദീകരണം കച്ചിത്തുരുമ്പുമായി; സോളാറിലെ ചട്ടലംഘനം തുറന്നു പറഞ്ഞു; ജയിൽ പരിഷ്‌കാരങ്ങളുടെ ഏകാംഗ കമ്മീഷനാക്കി ആദരവ് തിരിച്ച് കാണിച്ച് പിണറായി സർക്കാർ; അലക്സാണ്ടർ ജേക്കബിന്റെ നിയമനം ഖജനാവും കാലിയാക്കില്ല

ടിപിയിൽ ജയരാജനെ രക്ഷിക്കാൻ രക്തസാക്ഷിയായി; കൊടി സുനിയുടെ ഫേസ്‌ബുക്ക് വിവാദം ജഡ്ജിയെ സ്വാധീനിക്കാനെന്ന വിശദീകരണം കച്ചിത്തുരുമ്പുമായി; സോളാറിലെ ചട്ടലംഘനം തുറന്നു പറഞ്ഞു; ജയിൽ പരിഷ്‌കാരങ്ങളുടെ ഏകാംഗ കമ്മീഷനാക്കി ആദരവ് തിരിച്ച് കാണിച്ച് പിണറായി സർക്കാർ; അലക്സാണ്ടർ ജേക്കബിന്റെ നിയമനം ഖജനാവും കാലിയാക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിൽ പരിഷ്‌കാരങ്ങൾക്ക് പുതു മാനം നൽകിയ ഡിജിപിയായിരുന്നു അലക്സാണ്ടർ ജേക്കബ്. അഴിമതിയുടെ കറ പുരളാത്ത പൊലീസ് ഉദ്യോഗസ്ഥൻ. പക്ഷേ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയെ കുടുക്കാനുള്ള നീക്കത്തിൽ അലക്സാണ്ടർ ജേക്കബ് ബലിയാടായി. ടി.പി. കേസ് പ്രതികളായ കൊടി സുനിക്കും മറ്റും കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണും ഫേസ്‌ബുക്കും ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ഒത്താശ ചെയ്തുകൊടുത്തതു ജയരാജന്റെ നിർദ്ദേശപ്രകാരമാണെന്നു വരുത്തിത്തീർക്കാനായിരുന്നു മുൻസർക്കാരിന്റെ നീക്കം. ഈ നിയമവിരുദ്ധനീക്കത്തെ എതിർത്ത ജയിൽ മേധാവി അലക്‌സാണ്ടർ ജേക്കബിന്റെ കസേര തെറിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പിണറായി വിജയന്റേയും സിപിഎമ്മിന്റേയും വിലയിരുത്തൽ.

ഫെയ്സ് ബുക്ക് ഉപയോഗ വിവാദത്തിൽ ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ ജയിൽ മേധാവി അലക്‌സാണ്ടർ ജേക്കബിനോടു യുഡിഎഫ് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിയമവിരുദ്ധമായ കാര്യം ചെയ്യില്ലെന്നായിരുന്നു അലക്‌സാണ്ടർ ജേക്കബിന്റെ നിലപാട്. പകരം, തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിനു റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണം നടത്തിയെങ്കിലും ജയരാജന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും ഈ റിപ്പോർട്ടിലുണ്ട്. എന്നാൽ, റിപ്പോർട്ട് ലഭിച്ച അന്നുതന്നെ അലക്‌സാണ്ടർ ജേക്കബിനെ ജയിൽ മേധാവിസ്ഥാനത്തുനിന്നു പുറത്താക്കുകയും പിന്നീട് അപ്രധാനതസ്തികയിൽ ഒതുക്കുകയും ചെയ്തുവെന്നായിരുന്നു സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് തന്നെ അലക്സാണ്ടർ ജേക്കബിന് അർഹമായ എല്ലാ പരിഗണനയും ഇടത് സർക്കാർ നൽകും. ഇതിന്റെ ഭാഗമായാണ് അലക്സാണ്ടർ ജേക്കബിനെ ജയിൽ പരിഷ്‌കരണ സമിതിയുടെ ഏകാംഗ കമ്മീഷനാക്കുന്നതും.

ടിപി കൊലക്കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ അനുവദിച്ചതും പ്രതികൾ മൊബെയിൽ ഉപയോഗിച്ചതുമായ വിവാദത്തിൽ കുടുങ്ങി ജയിൽ ഡിജിപി സ്ഥാനം നഷ്ടമായ ഉദ്യോഗസ്ഥനായിരുന്നു അലക്സാണ്ടർ ജേക്കബ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ന്യായീകരിച്ചുകൊണ്ട് അലക്സാണ്ടർ ജേക്കബ്ബ് പത്രസമ്മേളനം നടത്തിയത്. ഫെയ്സ് ബുക്ക് വിവാദം ടിപി കേസ് പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നതിന് ജഡ്ജിയെ സ്വാധീനിക്കാൻ വേണ്ടിയാകാമെന്നായിരുന്നു അലക്സാണ്ടർ ജേക്കബിന്റെ വിവാദ പരാമർശം. അല്ലെങ്കിൽ ടിപി കേസിൽ വെറുതെ വിട്ടാലും ജയിൽ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ആറ് മാസം തടവിലിടാൻ കഴിയുമോയെന്ന് നോക്കാനായിരിക്കും. ഇതിനാവശ്യമായ ശാസ്ത്രീയമായ തെളിവുണ്ടാക്കാനായിരിക്കാം ഫെയ്സ് ബുക്ക് വിവാദമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

കേസിലെ പ്രതിയും സിപിഐ(എം) നേതാവുമായ പി.മോഹനൻ ഹോട്ടലിൽ വച്ച് ഭാര്യയും എംഎൽഎയുമായ കെ.കെ.ലതികയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനെയും ഡിജിപി ന്യായീകരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃ്ഷണൻ ജിപിയോട് വിശദീകരണം തേടിയത്. പ്രസ്താവനയിൽ മന്ത്രി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. എന്നാൽ, പ്രസ്താവന നാക്കുപിഴയാണെന്നും തെറ്റുപറ്റിയെന്നുമായിരുന്നു അലക്സാണ്ടർ ജേക്കബിന്റെ മറുപടി. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ അറിയാതെ പറഞ്ഞു പോയതാണ്. തന്റെ പ്രസ്താവന ദൃശ്യമാദ്ധ്യമങ്ങളിലൂടെ പിൻവലിക്കുകയും ചെയ്തു. ജയിൽ വകുപ്പിന് നേരെ നിരന്തരം അക്രമം ഉണ്ടായപ്പോൾ പ്രതിരോധിക്കേണ്ടവർ അത് ചെയ്തില്ല. ഇതിനിടെ ചാനലുകളിൽ തന്നെ വിമർശിക്കുന്നവർ നിരന്തരം ശുപാർശ നടത്തുന്നവരാണെന്ന പരാമർശവും വിവാദമായി. ഇതോടെ സ്ഥാന ചലനമുണ്ടായി. എന്നാൽ സിപിഐ(എം) നേതൃത്വത്തിന്റെ ഇഷ്ടക്കാരനായി അലക്സാണ്ടർ ജേക്കബ് മാറിയെന്ന് അന്ന് തന്നെ വിലയിരുത്തലുണ്ടായിരുന്നു.

ഈ വിവാദം നടക്കുമ്പോൾ അലക്‌സാണ്ടർ ജേക്കബിനെ ന്യായീകരിച്ച് അന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. അലക്‌സാണ്ടർ ജേക്കബ് അസാമാന്യ ബുദ്ധിയുള്ള വ്യക്തിയാണ്. കോഴിക്കോട് ജയിലിലെ ഫോൺ വിവാദം ടി.പി വധക്കേസിലെ വിധിയെ സ്വാധീനിക്കാനാണെന്ന പൂർണ്ണ ബോധ്യം അലക്‌സാണ്ടർ ജേക്കബിനുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ ഫോൺ വിളിക്കുന്നതിന്രെ ദൃശ്യങ്ങൾ ഇല്ലാത്തത് എന്തുകൊണ്ടെന്ന് പിണറായി ചോദിച്ചു. ജയിൽ ജീവിതം കൂടുതൽ ദുസഹമാക്കാനുള്ളതാണ് ഇപ്പോഴത്തെ വിവാദങ്ങൾ. ജയിലിലെ ഫോൺവിളി വിവാദത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം. അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഉൾപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. അതായത് അലക്സാണ്ടർ ജേക്കബിനെ സത്യം പറഞ്ഞതിന്റെ പേരിൽ യുഡിഎഫുകാർ കുടുക്കിയതെന്നായിരുന്നു പിണറായി പറയാതെ പറഞ്ഞത്.

ഇതിനെല്ലാം പിന്നിൽ തന്നെ പൊലീസ് മേധാവിയാക്കാതിരിക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ തന്ത്രമായും വ്യാഖ്യാനിച്ചു. ഇതിന് ശേഷം തന്നെ ക്രൈസ്തവ തീവ്രവാദിയാക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന് അലക്‌സാണ്ടർ ജേക്കബ് ആരോപണമുന്നയിച്ചതും ശ്രദ്ധേയമായി. 14 വർഷം ജയിൽ ശിക്ഷയനുഭവിച്ച മെൽവിൻ പാദുവ എന്നയാൾ കന്യാസ്ത്രീ ആയിരുന്ന സ്ത്രീയെ വിവാഹം കഴിച്ചതോടെ അയാളുടെ ശിക്ഷാ കാലാവധി നിയമ വിരുദ്ധമായി നീട്ടിയെന്ന ആരോപണത്തെ പ്രതിരോധിക്കാനായിരുന്നു ശ്രമം. തന്നെ ഒരു ക്രൈസ്തവ തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തന്നെ കൊല്ലുമെന്ന ഭീഷണിയുമായി ടെലിഫോൺ കോൾ വന്നിരുന്നു. ഇക്കാര്യം താൻ സഹപ്രവർത്തകരെയെല്ലാം അറിയിച്ചിരുന്നു. താൻ സംസ്ഥാന പൊലീസ് മേധാവിയാകുന്നത് തടയാനുള്ള നീക്കങ്ങളും നടന്ന് വരുന്നുതായും ആരോപിച്ചിരുന്നു.

നിലവിലുള്ള പൊലീസ് മേധാവി വിരമിച്ചാൽ സീനിയോറിറ്റി അനുസരിച്ച് തനിക്കാണ് അവസരം. ഇത് തടയാൻ വേണ്ടിയാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ഫേസ്‌ബുക്ക് വിവാദം. തനിക്കെതിരെയുള്ള ഗൂഢാലോചനയിൽ ഒരു രാജ്യാന്തര കുടിവെള്ള കമ്പനിക്ക് കൂടി പങ്കുണ്ട്- അലക്‌സാണ്ടർ ജേക്കബ് ആരോപിച്ചിരുന്നു. ഏതായാലും യുഡിഎഫ് സർക്കാർ അലക്സാണ്ടർ ജേക്കബിനെ പൊലീസ് ഡിജിപിയാക്കിയില്ല. ടിപിയുടെ വിവാദത്തിൽ കുടുങ്ങിയത് മാത്രമായിരുന്നു ഇതിന് കാരണം. നാഷനൽ യൂണിവേഴ്സിറ്റി ഫോർ പൊലീസ് സയൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് നോഡൽ ഓഫിസറാക്കിയത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷവും.

സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരെ കാണാൻ അട്ടക്കുളങ്ങര ജയിലിൽ തോക്കടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന അലക്‌സാണ്ടർ ജേക്കബിന്റെ സോളാർ കമ്മീഷനിലെ മൊഴിയും ഇതിനിടെ ചർച്ചയായിരുന്നു. സരിതയെ കാണണം എന്നാവശ്യപ്പെട്ട ആ സംഘം പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞിട്ടാണ് വന്നതെന്നും അറിയിച്ചതായി ഡിജിപി സോളാർ കമ്മീഷന് മൊഴി നൽകി. തോക്ക് കണ്ടതിനെ തുടർന്ന് കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും ഈ സംഘം രക്ഷപ്പെട്ടതായും 2013 ജൂലൈ 2013 നാണ് സംഭവമെന്നും മുൻ ഡിജിപി മൊഴി നൽകി. തന്റെ പ്രത്യേക നിർദ്ദേശം ഉണ്ടായിട്ടും ജയിൽ ചട്ടം അട്ടിമറിച്ച് ഒരാൾ സരിതയെ കണ്ടുവെന്ന നിർണ്ണായക മൊഴിയും മുൻ ഡിജിപി നൽകിയിരുന്നു. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്. ആരാണ് വന്നതെന്ന് കണ്ടെത്താനയതുമില്ല. സർക്കാർ സർവ്വീസിൽ പ്രവർത്തിക്കുമ്പോൾ പൂർണ്ണമായും നിഷ്പക്ഷനായി പ്രവർത്തിക്കാൻ ഒട്ടേറെ പരിമിതികളുണ്ട്. ഇതിനെ അതിജീവിക്കാൻ ഒരു ജേക്കബ് തോമസിന് കഴിഞ്ഞേക്കാം. എന്നാൽ എല്ലാവർക്കും അതിന് കഴിയില്ലെന്നും അലക്‌സാണ്ടർ ജേക്കബ് സോളാർ കമ്മീഷനിൽ വ്യക്തമാക്കി. സോളാർ കേസിലെ ചട്ടലംഘനം എന്തുകൊണ്ടുണ്ടായെന്ന സൂചനയുമായാണ് മുൻ ജയിൽ ഡിജിപി ഈ സൂചന നൽകിയത്.

സരിതയെ അട്ടക്കുളങ്ങര ജയിലിൽ എത്തിച്ച ദിവസം കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചതെന്നും സോളാർ കമ്മീഷന് മുന്നിൽ സാക്ഷിവിസ്താരത്തിനിടെ അലക്‌സാണ്ടർ ജേക്കബ് പറഞ്ഞിരുന്നു. ജയിലിലെത്തിച്ചപ്പോൾ ലണ്ടനിൽ നിന്നടക്കം ജയിലിലേക്ക് ഫോൺ കോളുകൾ വന്നു. പത്തനംതിട്ട ജയിലിൽ വച്ച് ചില രേഖകൾ പിടിച്ചെടുത്തതാണ് സരിത എസ് നായരുടെ ജയിൽ മാറ്റത്തിന് കാരണമായത്. അന്നത്തെ എഡിജിപി, ടി പി സെൻകുമാറിന്റെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സരിതയെ പത്തനംതിട്ട ജയിലിൽ നിന്നും അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത് എന്ന് ജേക്കബ് മൊഴി നൽകി. സരിതയുടെ കത്തിൽ 13 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടായിരുന്നുവെന്നും അലക്‌സാണ്ടർ ജേക്കബ് പിന്നീട് പറഞ്ഞു. പേരുകൾ വെളിപ്പെടുത്താനാകില്ലെന്നും എന്നാൽ അന്നത്തെ മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്നും കമ്മിഷനിൽ കക്ഷിയായ ഇന്ത്യൻ ലോയേഴ്‌സ് യൂണിയൻ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു.

ജയിൽ നവീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡിജിപി അലക്സാണ്ടർ ജേക്കബ്. ജയിൽ ചപ്പാത്തി യൂണിറ്റ് ഉൾപ്പെടെ ഉത്പാദന മേഖലയാക്കി മാറ്റിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. അതോടൊപ്പം നിരവധി പരിഷ്‌കാരങ്ങളും നടത്തി. ഇതെല്ലാം പരിഗണിച്ചാണ് അലക്സാണ്ടർ ജേക്കബിനെ ജയിൽ പരിഷ്‌കരണത്തിനുള്ള ഏകാംഗ കമ്മീഷനാക്കുന്നത്. പരിചയ മികവ് മുതൽക്കൂട്ടാക്കാനാണ് നീക്കമെന്നാണ് സർക്കാർ നൽകുന്ന ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തെ ജയിലുകൾ പരിഷ്‌കരിക്കുന്നതു സംബന്ധിച്ചു മൂന്നു മാസത്തിനകം മൂന്നു ഘട്ടമായിട്ടാവും റിപ്പോർട്ട്് സമർപ്പിക്കുക. തടവുകാരുടെ സുരക്ഷിത കസ്റ്റഡി, സ്വഭാവദൂഷ്യങ്ങളിലെ തിരുത്തൽ നടപടികൾ തുടങ്ങിയവ ഉൾപ്പെടെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാത്ത നിർദേശങ്ങളടങ്ങിയ റിപ്പോർട്ട്് ഒരു മാസത്തിനകം സമർപ്പിക്കും. ജയിലുകളിലെ വരുമാനം വർധിപ്പിക്കുന്നതുൾപ്പെടെ നിർദേശങ്ങൾ അടങ്ങുന്ന രണ്ടാംഘട്ട റിപ്പോർട്ട് രണ്ടു മാസത്തിനകം നൽകണം. ജയിലുകൾ പരിഷ്‌കരിക്കുന്നതിനും വിവിധ മാറ്റങ്ങൾ വരുത്തുന്നതിനും നിർദേശിക്കുന്ന റിപ്പോർട്ടാണ് അവസാന ഘട്ടത്തിൽ. ഇതിൽ സർക്കാരിനു സാമ്പത്തിക ബാധ്യതയുണ്ടാകുന്ന നിർദേശങ്ങൾ ആയിരിക്കും.

ഇതു മൂന്നു മാസത്തിനകം സമർപ്പിക്കും. ദേശീയ പൊലീസ് സർവകലാശാലയുടെ നോഡൽ ഓഫിസറായി പ്രവർത്തിച്ചു വരുന്ന അലക്സാണ്ടർ ജേക്കബിന് ഇപ്പോൾ ഒരു വാഹനവും രണ്ടു ഡ്രൈവർമാരും ഓഫിസുമുണ്ട്. ഈ സാഹചര്യത്തിൽ ഏകാംഗ കമ്മിഷനു പ്രത്യേക ഓഫിസും വാഹനവും ജീവനക്കാരും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അലക്സാണ്ടർ ജേക്കബിന്റെ നിയമനം സംസ്ഥാന ഖജനാവിന് നഷ്ടമൊന്നും ഉണ്ടാക്കില്ലെന്നും ഉറപ്പായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP