Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാര്യമായ നാശനഷ്ടങ്ങൾ ഇല്ലാതെ ശനിയാഴ്ചത്തെ ഫ്‌ളാറ്റ് പൊളിക്കൽ ദൗത്യം വിജയമായതോടെ ആത്മവിശ്വാസമേറി; ഞായറാഴ്ച 11 മണിക്ക് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം തകർക്കുക ജെയിൻ കോറൽകോവ്; ഒരുവശത്തേക്ക് ചെരിച്ച് വീഴ്‌ത്തുന്ന രീതിയിൽ സ്‌ഫോടനം; ഗോൾഡൻ കായലോരം പൊളിക്കുന്നത് രണ്ടുമണിക്ക്; കെട്ടിടത്തെ രണ്ടായി പിളർന്ന് കൊണ്ട് സ്‌ഫോടനം; സമീപത്തെ അപാർട്‌മെന്റിനും അംഗനവാടിക്കും പ്രശ്‌നമുണ്ടാകാത്ത വിധത്തിൽ ആസൂത്രണം; ദേശീയ പാതയിലടക്കം വാഹന നിയന്ത്രണവും

കാര്യമായ നാശനഷ്ടങ്ങൾ ഇല്ലാതെ ശനിയാഴ്ചത്തെ ഫ്‌ളാറ്റ് പൊളിക്കൽ ദൗത്യം വിജയമായതോടെ ആത്മവിശ്വാസമേറി; ഞായറാഴ്ച 11 മണിക്ക് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം തകർക്കുക ജെയിൻ കോറൽകോവ്; ഒരുവശത്തേക്ക് ചെരിച്ച് വീഴ്‌ത്തുന്ന രീതിയിൽ സ്‌ഫോടനം; ഗോൾഡൻ കായലോരം പൊളിക്കുന്നത് രണ്ടുമണിക്ക്; കെട്ടിടത്തെ രണ്ടായി പിളർന്ന് കൊണ്ട് സ്‌ഫോടനം; സമീപത്തെ അപാർട്‌മെന്റിനും അംഗനവാടിക്കും പ്രശ്‌നമുണ്ടാകാത്ത വിധത്തിൽ ആസൂത്രണം; ദേശീയ പാതയിലടക്കം വാഹന നിയന്ത്രണവും

സുവർണ.പിഎസ്‌

കൊച്ചി : ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ മരടിലെ നാല് ഫ്ളാറ്റുകളിൽ രണ്ട് ഫ്ളാറ്റുകൾ ഇന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. ഹോളിഫെയ്ത്ത് എച്ച്2ഒയും, ആൽഫ സെറീൻ ഫ്ളാറ്റുമാണ് നിലംപതിച്ചത്. രാവിലെ 11 മണിക്ക് എച്ച്2ഒയും 11.30 ഓടെ ആൽഫയും സ്ഫോടനത്തിലൂടെ തകർക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനാൽ തന്നെ രാവിലെ പത്ത് മണിക്ക് മുമ്പേ ജനങ്ങളും മാധ്യമ പ്രവർത്തകരും ഫ്ളാറ്റിന് സമീപത്തായി എത്തിച്ചേർന്നിരുന്നു. എന്നാൽ മുൻകൂട്ടി അറിയിച്ചിരുന്ന സമയ ക്രമത്തിൽ അല്ല ഫ്ളാറ്റുകൾ തകർക്കപ്പെട്ടത്. എച്ച്2ഒ 11 ന് ശേഷവും, ആൽഫ 11.45 ഓടെയുമാണ് തകർക്കപ്പെട്ടത്.

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വലിയ കെട്ടിട സമുച്ചയം നിയന്ത്രിത സ്ഫോടനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിൽ നിന്നുമായി നിരവധിയാളുകളാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാനായി എത്തിയത്. ഫ്ളാറ്റിന്റെ പരിസര പ്രദേശങ്ങളിലും ഫ്ളാറ്റിന്റെ സമീപത്തുള്ള കെട്ടിങ്ങളുടെ മുകളിലുമായാണ് ഫ്ളാറ്റ് തകർക്കപ്പെടുന്നത് നേരിൽ കാണാനെത്തിയവർ തമ്പടിച്ചിരുന്നത്. ഏറെ നേരം കാത്തിരുന്നതിന് ശേഷം രണ്ട് ഫ്ളാറ്റും തകർക്കപ്പെട്ടപ്പോൾ ആർപ്പുവിളിച്ചാണ് കുറെ പേരെല്ലാം ഫ്ളാറ്റ് തകർക്കപ്പെടുന്നത് കണ്ട് നിന്നത്.

ആദ്യം തകർക്കപ്പെട്ട എച്ച്2ഒ ഫ്ളാറ്റ് വലിയ ശബ്ദമോ പ്രകമ്പനമോ സൃഷ്ടിച്ചില്ല. എന്നാൽ രണ്ടാമത്തെ തകർക്കപ്പെട്ട ആൽഫ സെറീൻ ഫ്ളാറ്റ് തകർക്കപ്പെട്ടപ്പോൾ വലിയ ശബ്ദവും പ്രകമ്പനവുമാണ് അനുഭവപ്പെട്ടത്. ആൽഫാ ഫ്ളാറ്റിന്റെ നിർമ്മാണത്തിൽ ഇഷ്ടിക ഉപയോഗിച്ചതും, ആൽഫയിൽ കൂടുതൽ വെടിമരുന്ന് നിറച്ചതുമാണ് എച്ച്2ഒ ഫാളാറ്റ് തകർക്കപ്പെട്ടപ്പോൾ ഉണ്ടായ പ്രകമ്പനത്തെക്കാൾ കൂടുതൽ പ്രകമ്പനവും ശബ്ദവും ആൽഫ തകർക്കപ്പെട്ടപ്പോൾ ഉണ്ടാവാൻ കാരണം. സ്ഫോടനത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ പൊടി നിറയുകയും ചെയ്തു. അതിന് ശേഷം ഫയർ ആൻഡ് റെസ്‌ക്യൂ എത്തി റോഡിൽ വെള്ളം ഒഴിച്ച് പൊടി ശമിപ്പിച്ചതിന് ശേഷമാണ് എച്ച്2ഒയ്ക്ക് മുന്നിലുള്ള പാലത്തിൽ കൂടി വാഹനങ്ങളെ കടത്തി വിട്ടത്.

ഫ്‌ളാറ്റ് പൊളിക്കൽ ആദ്യദിനദൗത്യം വിജയമെന്ന് എറണാകുളം കലക്ടർ എസ്.സുഹാസ് പറഞ്ഞു. തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ ആൽഫയുടെ ഒരുഭാഗം കായലിൽ മനഃപൂർവം വീഴ്‌ത്തിയതാണെന്നും കലക്ടർ വ്യക്തമാക്കി.ചുറ്റുമുള്ള കെട്ടിടങ്ങൾക്കോ വീടുകൾക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്‌ളാറ്റായ എച്ച് ടു ഒ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്. ആൽഫയിലെ രണ്ട് അപ്പാർട്ട്മെന്റുകളുടെ കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ പതിക്കുന്ന തരത്തിലാണ് സ്ഫോടനം തീരുമാനിച്ചിരുന്നത്.ചുറ്റുപാടുമുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളിൽ ഒരു ഭാഗം കായലിൽ വീഴുന്ന രീതിയിൽ സ്ഫോടനം ആസൂത്രണം ചെയ്തത്. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് പൊലീസ് കമ്മിഷണർ വിജയ് സാഖറെയും പറഞ്ഞു. ചെറിയ കേടുപാടുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഉണ്ടായത് ഒരുശതമാനം മാത്രമാണെന്നും ഇരുവരും പ്രതികരിച്ചു.

ഞായറാഴ്ച ആദ്യം തകർക്കുക ജെയ്ൻ കോറൽകോവാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുക. രാവിലെ 11 മണിക്കാണ് കെട്ടിടം പൊളിക്കാൻ അപകടങ്ങളില്ലാതെ ആദ്യ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളും തകർക്കാൻ സാധിച്ചതോടെ അധികൃതർ ആത്മവിശ്വാസത്തിലാണ്. നാളെ രാവിലെ എഴുമണിയോടുകൂടി ജെയ്ൻ കോറൽകോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാൻ അധികൃതർ നിർദ്ദേശിക്കും. കെട്ടിടങ്ങൾ തകർത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാൻ അനുവദിക്കു. ശനിയാഴ്ച പൊളിച്ച ഫ്ളാറ്റുകളുടെ സമീപത്ത് നിരവധി ആളുകൾ താമസിച്ചിരുന്നു. എന്നാൽ ഇനി പൊളിക്കുന്ന ഫ്ളാറ്റുകളുടെ സമീപം കാര്യമായി ആളുകൾ താമസിക്കുന്നില്ല.

10.30 ന് ആദ്യ സൈറൺ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറൺ മുഴങ്ങുന്നതോടെ ജെയ്ൻ കോറൽകോവ് തകർന്ന് തരിപ്പണമാകും. ജെയ്ൻ കോറൽ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്‌ത്തുന്ന രീതിയിലാകും സ്ഫോടനം നടത്തുക.

രണ്ടുമണിക്കാണ് ഗോൾഡൻ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളർന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതിൽ സ്ഫോടക വസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂർത്തിയായ അപ്പാർട്ട്മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങൾ ഉണ്ടാകും.

അധികൃതർ നേരത്തെ അറിയിച്ചിരുന്നത് പോലെ തന്നെ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥല പരിധിക്കുള്ളിൽ തന്നെയാണ് ശനിയാഴ്ച ഫ്ളാറ്റ് തകർന്ന് വീണത്. നാട്ടുകാർ ആശങ്കപ്പെട്ടത് പോലെ സമീപത്തുള്ള വീടുകളിലേക്ക് ഫ്ളാറ്റിന്റെ ഏതെങ്കിലും ഭാഗങ്ങൾ തെറിച്ച് വീണുള്ള അപകടങ്ങൾ ഉണ്ടാവുകയോ വീടുകൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാകുകയോ ചെയ്തില്ല. കൃത്യമായ സുരക്ഷയോടെ തന്നെയായിരുന്നു ഫ്ളാറ്റ് തകർക്കപ്പെട്ടത്. എച്ച2ഒ ഫ്ളാറ്റിന് തൊട്ട് മുന്നിലുള്ള പഴയ വീടിന് പോലും ഒന്നും സംഭവിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഫ്ളാറ്റ് തകർന്ന് വീണപ്പോൾ ചെറിയൊരു ഭാഗം വീണ് വീടിന്റെ ടെറസിന്റെ ഒരു ചെറിയ ഭാഗം തകർന്നു എന്ന് അല്ലാതെ മറ്റ് കേടുപാടുകളൊന്നും പഴയ വീടിന് പോലും സംഭവിച്ചില്ല. അത്രയും കരുതലോടുകൂടിയാണ് ഫ്ളാറ്റ് സമുച്ചയങ്ങൾ തകർക്കപ്പെട്ടത്.

എച്ച്2ഒ ഫ്ളാറ്റും, ആൽഫയുടെ രണ്ട് ടവറുകളും തകർക്കപ്പെടുന്നത് കാണാനെത്തിയവരെ നിയന്ത്രിക്കാൻ 2000 പൊലീസുകാരാണ് ഫ്ളാറ്റിന്റെ പരിസരത്തായി ഉണ്ടായത്. ആളുകളെ നിയന്ത്രിക്കാൻ പൊലീസുകാർ കുറച്ചധികം കഷ്ടപ്പെട്ടു. ഗതാഗതനിയന്ത്രണവും പൊലീസിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയായിരുന്നു. എന്നാൽ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ കൊണ്ടുപോവാൻ അധികാരികളെ കൊണ്ട് സാധിച്ചു. ഫ്ളാറ്റ് തകർക്കപ്പെടുന്നത് കാണാൻ എത്തിയവർ ഫ്ളാറ്റുകൾ തകർക്കപ്പെട്ടതിന് ശേഷം ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ കാണാനും എത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ജനങ്ങൾ പിരിഞ്ഞ് പോയത്.

ഇന്നത്തെ ഫ്ളാറ്റ് സ്ഫോടനം കാണാൻ എത്തിയവർ അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ നാളെ നടക്കുന്ന സ്ഫോടനം കാണാൻ എത്തുമെന്നത് ഉറപ്പാണ്. നാളെ അവധി ദിവസമായതിനാൽ തന്നെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP