Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രേഖകൾ ഇല്ലാതെ താമസിപ്പിച്ചത് 104 കുട്ടികളെ: തിരിച്ചയക്കാനുള്ള ഉത്തരവിന് പുല്ലുവില; രണ്ടാം പരിശോധനയിൽ 44 കുട്ടികളെ കാണാതായതിനെ കുറിച്ചും വിശദീകരണമില്ല; രണ്ട് കുട്ടികളെ ഭിക്ഷയെടുക്കുന്നിടത്ത് നിന്നും കണ്ടെത്തി; കുട്ടികളുടെ ദയനീയ ചിത്രങ്ങൾ കാട്ടി പിരിവു നടത്തി; ഉന്നത ബന്ധങ്ങളുടെ പേരിൽ എല്ലാ അന്വേഷണങ്ങളും അട്ടിമറിച്ചു: ജോസ് മാവേലി നടത്തുന്ന ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുത്തു സർക്കാർ; കുട്ടികളെ കൊണ്ടു പ്രതിരോധിച്ചു നേരിട്ട് മാവേലി

രേഖകൾ ഇല്ലാതെ താമസിപ്പിച്ചത് 104 കുട്ടികളെ: തിരിച്ചയക്കാനുള്ള ഉത്തരവിന് പുല്ലുവില; രണ്ടാം പരിശോധനയിൽ 44 കുട്ടികളെ കാണാതായതിനെ കുറിച്ചും വിശദീകരണമില്ല; രണ്ട് കുട്ടികളെ ഭിക്ഷയെടുക്കുന്നിടത്ത് നിന്നും കണ്ടെത്തി; കുട്ടികളുടെ ദയനീയ ചിത്രങ്ങൾ കാട്ടി പിരിവു നടത്തി; ഉന്നത ബന്ധങ്ങളുടെ പേരിൽ എല്ലാ അന്വേഷണങ്ങളും അട്ടിമറിച്ചു: ജോസ് മാവേലി നടത്തുന്ന ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുത്തു സർക്കാർ; കുട്ടികളെ കൊണ്ടു പ്രതിരോധിച്ചു നേരിട്ട് മാവേലി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാക്കാരെയും പ്രശസ്ത വ്യക്തികളെയും മുന്നിൽ പിടിച്ചു നിർത്തി പിരിവു നടത്തുന്നത് പതിവാക്കിയ ജോസ് മാവേലി നേതൃത്വം കൊടുക്കുന്ന ആലുവയിലെ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തത് കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്. രേഖകളില്ലാതെ 104 കുട്ടികളെ ഇവിടെ താമസിപ്പിച്ചിരുന്നു. മതിയായ സൗകര്യമില്ലാതെ കുട്ടികളെ പാർപ്പിക്കാൻ പാടില്ലെന്നും ഇവരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഈ ഉത്തരവിനെയും മുഖവിലക്കെടുക്കാൻ അധികൃതർ തയ്യാരായില്ല. ഇതോടെയാണ് കർശന നിലപാടിലേക്ക് അധികൃതർ നീങ്ങിയത്.

നിയമലംഘനങ്ങൾ ഇവിടെ പതിവാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തത്. സാമൂഹിക നീതി വകുപ്പാണ് ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ശിശുസംരക്ഷണ-പരിപാലന നിയമത്തിന്റെ പ്രധാനപ്പെട്ട പല വകുപ്പുകളും സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ശിശുക്ഷേമ സമിതി നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിയമവിധേയമല്ലാതെ താമസിപ്പിച്ചിരിക്കുന്ന 104 മറുനാടൻ കുട്ടികളെ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ നിർദ്ദേശിച്ചിരുന്നു.

ഇതിനെതിരേ പരാതി നൽകിയപ്പോൾ സെഷൻസ് കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. ജനസേവയുടെ പരാതി തള്ളിയ കോടതി, കുട്ടികളെ നിയമപരമായി ബന്ധപ്പെട്ടവർക്ക് കൈമാറണമെന്നാണ് ഉത്തരവിട്ടത്. കുട്ടികളുടെ വിശദ വിവരങ്ങൾ ശിശുക്ഷേമ സമിതിക്ക് കൈമാറണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനു മുന്നിൽ വിശദ റിപ്പോർട്ടാണ് ശിശുക്ഷേമ സമിതി സമർപ്പിച്ചത്.

സമിതിയുടെ പരിശോധനയിൽ 104 കുട്ടികളെ കണ്ടെത്തിയെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിൽ 42 കുട്ടികളെ മാത്രമേ കണ്ടുള്ളൂ. ബാക്കിയുള്ളവരെപ്പറ്റി തൃപ്തികരമായ ഉത്തരം ബന്ധപ്പെട്ടവർ നൽകിയില്ല. ഇതിനിടെ കാണാതായവരിൽപ്പെട്ട നാലു കുട്ടികളെ തൃശ്ശൂരിൽ ഭിക്ഷക്കാരായി കണ്ടെത്തി. ഇവരെങ്ങനെ തെരുവിലെത്തിയെന്ന ചോദ്യത്തിനും ജനസേവയ്ക്ക് ഉത്തരമില്ലായിരുന്നു.

ധനസമാഹരണത്തിനുള്ള ബ്രോഷറുകളിലും പരസ്യങ്ങളിലും കുട്ടികളുടെ ചിത്രങ്ങളുപയോഗിച്ചു, കോടതിയുത്തരവിനെതിരേ പോലും കുട്ടികളെക്കൊണ്ട് പരസ്യപ്രതിഷേധം നടത്തി, ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കുട്ടികളുെട വിവരങ്ങൾ തരാൻ കൂട്ടാക്കിയില്ല തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോർട്ടിൽ. തമിഴ്‌നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി പാർപ്പിച്ചിരുന്നത്. കുട്ടികളെ ഇനിയും ജനസേവയിൽ പാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയ ശിശുക്ഷേമ സമിതി, സ്ഥാപനം ഏറ്റെടുക്കണമെന്ന് സർക്കാരിന് നൽകിയ ശുപാർശയിലാണ് ഉത്തരവ്.

സർക്കാർ ഉത്തരവു പ്രകാരം ജില്ലാ കളക്ടർക്കു വേണ്ടിയാണ് ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഉദ്യോഗസ്ഥർ ജനസേവ ഏറ്റെടുത്തത്. മന്ദിരങ്ങളടക്കമുള്ള ആസ്തികൾ ഇതേത്തുടർന്ന് കളക്ടറുടെ നിയന്ത്രണത്തിലായി. അന്തേവാസികളുടെ ക്ഷേമവും കളക്ടറുടെ മേൽനോട്ടത്തിലായിരിക്കും. മൂന്നു മാസത്തേക്കോ അന്തേവാസികളായ കുട്ടികൾ രക്ഷിതാക്കളുടെ അടുക്കലെത്തുന്നതു വരെയോ അല്ലെങ്കിൽ ഇവരെ മറ്റൊരു ഉചിതമായ സ്ഥാപനത്തിലേക്ക് മാറ്റുന്നതു വരെയോ ഏറ്റെടുക്കൽ പ്രാബല്യത്തിലുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം എന്നിവയ്ക്കാവശ്യമായ ക്രമീകരണങ്ങൾ കളക്ടർ ഏർപ്പെടുത്തും.

കുട്ടികളെ അണിനിരത്ത് പ്രതിരോധിച്ച് മാവേലി

അതേസമയം ഏറ്റെടുക്കലിനെതിരെ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെ തടയാൻ കുട്ടികളെ നിയോഗിക്കുകയാണ് ജോസ് മാവേലി ചെയ്തത്. ഏറ്റെടുക്കാനെത്തിയ സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരെ അകത്തേക്ക് കടക്കാൻ അനുവദിക്കാത്ത വിധത്തിലാണ് പ്രവർത്തിച്ചത്. ഉറക്കെ കരഞ്ഞും കൂട്ടമായി പുറത്തേക്കോടിയും കുട്ടികൾ പ്രതിഷേധിച്ചു. കരുമാല്ലൂർ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ആരെയും കൂസാതെയായിരുന്നു കുട്ടികളുടെ പ്രതിഷേധം. പിന്നീട് കുട്ടികൾ ശാന്തരായപ്പോൾ ഉദ്യോഗസ്ഥർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി.

ആലുവ യുസി കോളജിനു സമീപം പെൺകുട്ടികൾ താമസിക്കുന്ന ശിശുഭവനും നെടുമ്പാശേരി മെയ്‌ക്കാട് ആൺകുട്ടികളെ താമസിപ്പിക്കുന്ന ബോയ്‌സ് ഹോമുമാണ് സ്ഥാവര ജംഗമ സ്വത്തുക്കൾ അടക്കം ഏറ്റെടുത്തത്. കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ നിർദ്ദേശപ്രകാരം പറവൂർ തഹസിൽദാർ എം.എസ്. ഹരീഷ്, ലാൻഡ് അക്വിസിഷൻ തഹസിൽദാർ പി.കെ. ബാബു, ഡപ്യൂട്ടി തഹസിൽദാർ രാശി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി ആസ്തികൾ തിട്ടപ്പെടുത്തി.

എന്നാൽ, സർക്കാർ നടപടിക്കെതിരെ രണ്ടിടത്തും കുട്ടികൾ പ്രതിഷേധത്തിലാണ്. പെൺകുട്ടികൾ ഉദ്യോഗസ്ഥരോടു തട്ടിക്കയറുകയും റോഡിൽ പ്രകടനം നടത്തുകയും ചെയ്തു. ആലുവ ശിശുഭവനിൽ 65 പെൺകുട്ടികളും മെയ്‌ക്കാട് ബോയ്‌സ് ഹോമിൽ 75 ആൺകുട്ടികളുമുണ്ടെന്നു ജനസേവ അധികൃതർ പറഞ്ഞു. രണ്ടിടത്തുമായി ആറര ഏക്കർ സ്ഥലവും 40,000 ചതുരശ്ര അടി കെട്ടിടവുമുണ്ട്. ഇതിനു 30 കോടി രൂപ വില മതിക്കും. 1999ലാണ് ആലുവ ജനസേവ ശിശുഭവൻ തുടങ്ങിയത്. 2007ൽ ബോയ്‌സ് ഹോം ആരംഭിച്ചു. ജോസ് മാവേലി അധ്യക്ഷനായ ജനസേവ ചാരിറ്റബിൾ സൊസൈറ്റിയാണ് സ്ഥാപനം നടത്തുന്നത്. സൊസൈറ്റിയിൽ 600 അംഗങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP