Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരസ്യമായി നിയമലംഘനത്തിന് കുട പിടിക്കുന്നത് നിയമസഭാ പരിസ്ഥിതി സമിതി അംഗം; ഉരുൾപൊട്ടൽ അടക്കം പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയേറിയ മേഖലയായിട്ടും പ്രതിപക്ഷത്തിനും മൗനം; മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണിയെന്ന് കോടതികൾ വിധിയെഴുതിയിട്ടും കണ്ടില്ലെന്ന ഭാവം; പി.വി.അൻവർ എംഎൽഎയുടെ അനധികൃത തടയണകൾ പൊളിച്ചുനീക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി

പരസ്യമായി നിയമലംഘനത്തിന് കുട പിടിക്കുന്നത് നിയമസഭാ പരിസ്ഥിതി സമിതി അംഗം; ഉരുൾപൊട്ടൽ അടക്കം പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയേറിയ മേഖലയായിട്ടും പ്രതിപക്ഷത്തിനും മൗനം; മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണിയെന്ന് കോടതികൾ വിധിയെഴുതിയിട്ടും കണ്ടില്ലെന്ന ഭാവം; പി.വി.അൻവർ എംഎൽഎയുടെ അനധികൃത തടയണകൾ പൊളിച്ചുനീക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി

ജംഷാദ് മലപ്പുറം

കോഴിക്കോട്: മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണിയായി നിലകൊള്ളുന്ന കക്കാടംപൊയിലിലെയും ചീങ്കണ്ണിപ്പാലയിലെയും പി.വി അൻവർ എംഎ‍ൽഎയുടെ അനധികൃത തടയണകളും നിർമ്മാണങ്ങളും പൊളിച്ചുമാറ്റുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി. ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് നോട്ടീസ് നൽകുമെന്നും പതിനഞ്ചു ദിവസത്തിനകം തടയണകൾ പൊളിച്ചില്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ 51എ(ജി) പ്രകാരം പരിസ്ഥിതി സംരക്ഷിക്കുക എന്ന പൗരന്റെ മൗലിക കടമയുടെ ഭാഗമായി നിയമവിരുദ്ധ തടയണകൾ ജനകീയ മുന്നേറ്റത്തിലൂടെ പൊളിക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി നേതാക്കളായ അഡ്വ.സിആർ നീലകണ്ഠൻ, കെ.എം ഷാജഹാൻ എന്നിവർ അറിയിച്ചു. പ്രതിപക്ഷവും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ഈ തടയണകൾ മനുഷ്യജീവനും പ്രകൃതിക്കും ഭീഷണിയാണെന്ന് കോടതികളും ഉദ്യോഗസ്ഥരും പലതവണ വ്യക്തമാക്കിയിട്ടും ഇന്നും നിലനിൽക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതിപ്രവർത്തകർക്കൊപ്പം ജനകീയരാഷ്ട്രീയ മുന്നണി പ്രവർത്തകർ ഈ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷമാണ് ഇത്തരത്തിൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമാണ് ഇത്തരത്തിലുള്ള പരസ്യമായ നിയമലംഘനങ്ങൾക്കും അഴിമതിക്കും നേതൃത്വം നൽകുന്നത് എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കു തന്നെ അപമാനകരമാണ്.

ഇക്കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങളായി അധികൃത പഠനങ്ങൾ തന്നെ കണ്ടെത്തിയിട്ടുള്ളത് മലമുകളിൽ ജലംസംഭരിച്ചതും സമീപത്തെ പാറമടകളിൽ നിന്നുള്ള പ്രകമ്പനങ്ങളുമാണ്. കഴിഞ്ഞവർഷം കോഴിക്കോട് കട്ടിപ്പാറയിൽ 14 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിലും ഇത്തവണ നിലമ്പൂർ കവളപ്പാറയിൽ 59 പേരുടെ ജീവൻകവർന്ന ഉരുൾപൊട്ടലിനും ദുരന്തത്തിനും ഇതേ കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

സമാനമായ ഒരു ദുരന്തഭീഷണിയാണ് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ പി.വി അൻവർ എംഎ‍ൽഎയുടെ പിവിആർ നാച്വറൽ റിസോർട്ടിൽ പണിത മൂന്ന് അനധികൃത തടയണകൾ ഉയർത്തുന്നത്. സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്ത് 30ലക്ഷം ലിറ്ററിലേറെ വെള്ളമാണ് സംഭരിച്ചിട്ടുള്ളത്. രണ്ട് തടയണകൾക്കു നടുവിൽ കോൺക്രീറ്റ് പ്ലാറ്റഫോമും നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ തടയണക്കു താഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സെന്റ് ജോസഫ്സ് ഹൈസ്‌ക്കൂളും ഇൻഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ നിർമ്മിച്ച അനധികൃത തടയണപൊട്ടുകയാണെങ്കിൽ മഹാദുരന്തത്തിനാവും കക്കാടംപൊയിൽ സാക്ഷ്യം വഹിക്കേണ്ടിവരുക. ഈ തടയണകൾ നിയമലംഘനമാണെന്നു കണ്ടെത്തിയെങ്കിലും രാഷ്ട്രീയ ഭരണസ്വാധീനം ഉള്ളതിനാൽ ഇപ്പോഴും അവിടെ നിർമ്മാണം നടക്കുന്നു.

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ അൻവറിന്റെ വാട്ടർതീം പാർക്കിന് താഴെ 400 മീറ്റർ അകലെ തേനരുവി പുഴയിലേക്കുള്ള രണ്ടു നീരുറവകൾ ഉത്ഭവിക്കുന്ന അതീവ പരിസ്ഥിതി ലോല പ്രദേശത്ത് ഒരു ക്വാറിക്കും അനുമതി നൽകിയിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഇളവു ലഭിച്ച പ്ലാന്റേഷൻ ഭൂമിയിലാണ് നിയമംലംഘിച്ച് ക്വാറി അനുവദിച്ചിട്ടുള്ളത്. പി.വി അൻവർ എംഎ‍ൽഎയുടെ പാർക്ക് മാനേജറും സിപിഎം ലോക്കൽ സെക്രട്ടറിയും ചേർന്ന് വാടകവീട്ടിൽ താമസിക്കുന്നയാളുടെ പേരിലാണ് ക്വാറി നടത്തുന്നത്. ഈ ക്വാറി നിയമലംഘനമാണെന്നു കൂടരഞ്ഞി വില്ലേജ് ഓഫീസർ കണ്ടെത്തിയിട്ടും ഉന്നതരുടെ നിശ്ശബ്ദതയുടെ പിൻബലത്തിൽ ഇപ്പോഴും പ്രവർത്തിക്കുകയാണ്.

ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം വെള്ളം ഭാഗികമായെങ്കിലും തുറന്നുവിട്ടതിനാലാണ് ഇത്തവണ ചീങ്കണ്ണിപ്പാലിയിൽ ദുരന്തമുണ്ടാവാതിരുന്നത്. അല്ലെങ്കിൽ കവളപ്പാറയിലെ ദുരന്തം ചീങ്കണ്ണിപ്പാലിയിൽ സംഭവിക്കുമായിരുന്നു.സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ മലയിടിച്ച് വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടയണകെട്ടി തടഞ്ഞത് പൊളിക്കാൻ ജില്ലാ കളക്ടർ നടപടിയെടുത്തപ്പോഴാണ് കരാർ പ്രകാരം സ്വന്തമാക്കിയ സ്ഥലം ഭാര്യപിതാവിന്റെ പേരിലേക്ക് മാറ്റി റസ്റ്റാറന്റ് കം ലോഡ്ജിങ് കെട്ടിടത്തിനായി ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും ബിൽഡിങ് പെർമിറ്റെടുത്തശേഷം അൻവർ തടയണക്കു കുറുകെ റോപ് വേ നിർമ്മിച്ചത്. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടും റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല.

പരിസ്ഥിതി ലോല പ്രദേശത്ത് മൂന്നു വശവും വനഭൂമിയുള്ള സ്ഥലത്താണ് തടയണക്ക് കുറുകെ രണ്ടു മലകളെ ബന്ധിപ്പിച്ച് റോപ് വേ പൂർത്തീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ പി.വി അൻവറിന്റെ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോ മീറ്റർ മാത്രം അകലെയാണ് തടയണയും റോപ് വെയും.ഊട്ടിക്കു സമാനമായ കോടമഞ്ഞും തണപ്പുമുള്ള കലാവസ്ഥയുള്ള കക്കാടംപൊയിലിന്റെ ജൈവവൈവിധ്യവും ഇവിടുത്തെ മനുഷ്യരുടെ ജീവനും സ്വത്തും തകർക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് ടൂറിസത്തിന്റെ മറവിൽ പി.വി അൻവർ എംഎ‍ൽഎ നടത്തിയിരിക്കുന്നത്. ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് പാർക്കും തടയണയും റോപ് വെയും റിസോർട്ടിലെ തടയണകളും തേനരുവി ക്വാറിയും സ്ഥിതിചെയ്യുന്നത്. കക്കാടംപൊയിലിനുമുകളിൽ അവിടുത്തെ ജനങ്ങളുടെ ജീവനുമേൽ ബോംബായി നിൽക്കുകയാണ് ഇവയെല്ലാം. ഇവക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും ഒരു പ്രതികരണവും കാണാത്തതിനാലാണ് ഞങ്ങൾ ഭരണഘടനയിലെ ഈ അവകാശം വിനിയോഗിക്കുന്നത്. കൊച്ചിയിലെ ചിലവന്നൂർ കായലിൽ ഇത്തരത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച പാർക്ക് പൊളിച്ചു കളയുകയുണ്ടായതായും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഷൗക്കത്തലി എറോത്ത്, നിപുൻ ചെറിയാൻ, സിജെ വർഗീസ് പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP