Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഹ്രു ട്രോഫിയിൽ തായങ്കരി ചുണ്ടൻ ജേതാവായത് അട്ടിമറിയിലൂടെയോ? സ്റ്റാർട്ടർമാർ വിജയം തട്ടിപ്പറിച്ചെന്ന് രണ്ടാമതെത്തിയ ചുണ്ടൻ വള്ളക്കാരുടെ ആരോപണം; അന്യസംസ്ഥാനക്കാർ തുഴയേന്തി മലയാളികളെ തോൽപ്പിച്ച ജലമേളയിൽ പുതിയ വിവാദം

നെഹ്രു ട്രോഫിയിൽ തായങ്കരി ചുണ്ടൻ ജേതാവായത് അട്ടിമറിയിലൂടെയോ? സ്റ്റാർട്ടർമാർ വിജയം തട്ടിപ്പറിച്ചെന്ന് രണ്ടാമതെത്തിയ ചുണ്ടൻ വള്ളക്കാരുടെ ആരോപണം; അന്യസംസ്ഥാനക്കാർ തുഴയേന്തി മലയാളികളെ തോൽപ്പിച്ച ജലമേളയിൽ പുതിയ വിവാദം

ആലപ്പുഴ: വള്ളംകളിയെന്നാൽ മലയാളികളുടെ സ്വന്തമാണെന്ന അഹങ്കാരം അധിക കാലത്തേക്ക് നീണ്ടുനിൽക്കില്ലെന്ന തെളിവായിരുന്നു ഇന്നലെ പുന്നമടക്കായലിൽ നടന്ന നെഹ്രുട്രോഫി വള്ളംകളിയിൽ ദൃശ്യമായത്. അന്യസംസ്ഥാനക്കാരായ നിരവധി പേരെ ഉൾപ്പെടുത്തിയാണ് ഒന്നാമതെത്തിയ തായങ്കരി ചുണ്ടൻ വിജയകിരീടം ചൂടിയത്. ചുണ്ടൻവള്ളത്തിൽ മലയാളികൾക്കൊപ്പം ആഞ്ഞ് തുഴയെറിയാൻ ഇവരും ഒപ്പമുണ്ടായിരുന്നു. ഇങ്ങനെ അന്യസംസ്ഥാനക്കാരുടെ കരുത്തിൽ തായങ്കരി ചുണ്ടൻ വിജയം നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ മഹാദേവിക്കാട്ടിൽ തെക്കതിൽ ചുണ്ടൻ വള്ളംകളിയിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി രംഗത്തെത്തി. തങ്ങളാണ് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്നതെന്നും എന്നാൽ, സംഘാടകർ ഒത്തുകളിച്ച് വിജയം തട്ടിപ്പറിച്ചെന്നുമാണ് രണ്ടാമതെത്തിയ ചുണ്ടൻവള്ളത്തിന്റെ ഉടമയുടെ ആരോപണം.

വന്ന വിജയം തട്ടിതെറിപ്പിച്ചു. വിജയതീരമണയാൻ സ്റ്റാർട്ടർമാർ അനുവദിച്ചില്ല. അവസാന ലാപ്പ് മൽസരത്തിനെത്തിയപ്പോൾ വിസിൽ മുഴക്കിയിട്ടും മുന്നോട്ട് കുതിക്കാൻ അനുവദിച്ചില്ല. ചോദിച്ചപ്പോൾ സ്റ്റാർട്ടർമാരിൽ ഒരാൾ അസഭ്യം പറഞ്ഞു... ഇങ്ങനെ നീളുന്നു മഹാദേവിക്കാട്ടിൻ ചുണ്ടൻ വള്ളക്കാരുടെ ആരോപണം.

സ്റ്റാർട്ടിങ് ഡിവൈസ് താഴ്‌ത്താതെ ഉയർത്തിപിടിച്ചു. മറ്റ് വള്ളങ്ങൾ പോയതിനുശേഷം മാത്രമാണ് പോകാൻ അനുവദിച്ചതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എങ്കിലും തികഞ്ഞ സ്‌പോർട്ട്‌സ്മാൻ സ്പിരിറ്റോടെ തുഴയെറിഞ്ഞു. അമ്പത്തിമൂന്നേകാൽ കോൽ നീളവും 92 തുഴക്കാരുമായി മുന്നോട്ടു പാഞ്ഞ മഹാദേവിക്കാട്ടിൽ തെക്കതിൽ വള്ളം നിലവിലെ ചാമ്പ്യന്മാരെയും മുൻചാമ്പ്യന്മാരെ നിലംപരിശാക്കി മുന്നോട്ടുകുതിച്ചു. ഒടുവിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തങ്ങളെ തുടക്കത്തിലെ ഒത്തുകളിച്ച് തോൽപ്പിക്കാൻ ശ്രമിച്ചതായി വള്ളം ഉടമ ബ്രിജേഷ് മറുനാടനോട് പറഞ്ഞു. ഇതോടെയാണ് ഒന്നാം സ്ഥാനം നഷ്ടമായതെന്നുമാണ് ഇവരുടെ ആരോപണം.

നെഹ്‌റു ട്രോഫി ജലമേളയുടെ ആദ്യപാദ മൽസരത്തിൽ നടന്ന ഒത്തുകളിയാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന്് വിജയം അകലെയായത്. ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ പുന്നമട കായലിൽ നടന്ന ജലമാമാങ്കത്തിലാണ് ഈ പുത്തൻ വള്ളത്തിന് ദുർഗതിയുണ്ടായത്. ഹീറ്റിസിൽ വള്ളപാട് അകലെ വിജയം കണ്ട കാട്ടിൽ തെക്കേതിൽ വള്ളം മൽസരത്തിനുശേഷം മടങ്ങുമ്പോൾ സ്റ്റാർട്ടർമാർ എത്തി ക്യാപ്ടനോട് സ്റ്റാർട്ടിംഗിൽ പിഴവുണ്ടെന്ന് അറിയിച്ചു. ഇതേ തുടർന്ന് വീണ്ടും മൽസരത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

ഇതോടെ മൽസരത്തിന് തയ്യാറായി എത്തിയ മറ്റ് വള്ളങ്ങൾക്കൊപ്പം വീണ്ടും തുഴയുവാൻ ഇടയാക്കിയത് തുഴച്ചിൽക്കാരെ ആകെ ദുർബലപ്പെടുത്തിയിരുന്നു. വീണ്ടും മൽസരിച്ച് ജയിച്ച കാട്ടിൽ തെക്കേതിൽ വള്ളത്തെ വിശ്രമം അനുവദിക്കാതെ സെമിഫൈനൽ മൽസരത്തിനായി വിളിക്കുകയും ചെയ്തു. 1260 മീറ്റർ തുടർച്ചയായി രണ്ടുവട്ടം തുഴഞെത്തുകയും തിരിച്ചു പോകുകയും ചെയ്ത വള്ളത്തെ ഇടതടവില്ലാതെ മൽസരത്തിൽ പങ്കെടുപ്പിച്ച് സ്റ്റാർട്ടർമാർ തളർത്തുകയായിരുന്നുവെന്ന് വള്ളം ഉടമകളിൽ ഒരാളായ ബ്രിജേഷ് പറഞ്ഞു. നേരത്തെ സ്റ്റാർട്ടർമാർ തമ്മിൽ പോരടിക്കുന്നുണ്ടായിരുന്നതായും ബ്രിജേഷ് പറഞ്ഞു.

സ്റ്റാർട്ടിംഗിൽ പിഴവുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ഒരാൾ പിഴവ് സൂചിപ്പിക്കുന്ന കൊടി ഉയർത്തണമെന്നും മറ്റേ ആൾ വേണ്ടെന്നുമുള്ള നിലപാടിലായിരുന്നു. പിന്നീട് ഓളപരപ്പിലെ രാജാവിനെ കണ്ടെത്തുന്ന അവസാന വട്ട മൽസരത്തിൽ വിശ്രമില്ലാതെ പങ്കെടുക്കേണ്ട ഗതികേടുണ്ടായി. അതേസമയം ജലമേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ആധുനിക തരത്തിലുള്ള സ്റ്റാർട്ടിങ് സംവിധാനം ഏർപ്പെടുത്തണമെന്ന് ചുണ്ടൻവള്ളങ്ങളുടെ ഉടമകൾ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.

ജലമേളയുടെ നടത്തിപ്പിനായി കോടികൾ ചെലവിടുമ്പോൾ നാമമാത്ര ലക്ഷങ്ങൾ മുടക്കിയാൽ യന്ത്രവൽകൃത സംവിധാനം ഏർപ്പെടുത്താനാവുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. മാത്രമല്ല അന്താരാഷ്ട്ര ജലമേളകൾ നടത്തുകയും താരങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യുന്ന സായി അടക്കമുള്ള കേന്ദ്രങ്ങളുടെ സഹായം തേടാതെ സംഘാടകർ കഴിഞ്ഞ 63 വർഷമായി വിവാദങ്ങൾ സൃഷ്ടിക്കുന്ന ഈ സ്റ്റാർട്ടിങ് സംവിധാനം അനുവർത്തിച്ചതാണ് കോടികൾ മുടക്കി ജലമേളയ്ക്ക് എത്തുന്ന വള്ളങ്ങൾക്ക് അർഹതപ്പെട്ട വിജയം കൈവിട്ടുപോകുന്നതെന്ന ആരോപണം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP