Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചിലവന്നൂരിലെ മണിമാളിക പണിയലിൽ ജയസൂര്യയുടെ വാദം പൊളിച്ച് കോർപ്പറേഷൻ ഇടപെടൽ; ബോട്ട് ജെട്ടി പൊളിഞ്ഞ് കൊച്ചി നഗരസഭയുടെ നടപടികൾക്ക് തുടക്കം; കായൽ കൈയേറി പണിത ചുറ്റുമതിലും പൊളിച്ചു മാറ്റും; വിജിലൻസ് കേസിൽ നടൻ കുടുങ്ങാനും സാധ്യത; ശക്തമായ നടപടി തുടരുമെന്ന് മേയറുടെ മുന്നറിയിപ്പും

ചിലവന്നൂരിലെ മണിമാളിക പണിയലിൽ ജയസൂര്യയുടെ വാദം പൊളിച്ച് കോർപ്പറേഷൻ ഇടപെടൽ; ബോട്ട് ജെട്ടി പൊളിഞ്ഞ് കൊച്ചി നഗരസഭയുടെ നടപടികൾക്ക് തുടക്കം; കായൽ കൈയേറി പണിത ചുറ്റുമതിലും പൊളിച്ചു മാറ്റും; വിജിലൻസ് കേസിൽ നടൻ കുടുങ്ങാനും സാധ്യത; ശക്തമായ നടപടി തുടരുമെന്ന് മേയറുടെ മുന്നറിയിപ്പും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. ഇത് ശരിവച്ച് കൈയേറ്റത്തിനെതിരെ കൊച്ചി നഗരസഭയുടെ നടപടി. ആട് 2വും ക്യാപ്ടനുമെല്ലാം വിജയിപ്പിച്ച് സൂപ്പർതാര പരിവേഷത്തിൽ നിൽക്കുമ്പോഴാണ് ജയസൂര്യയുടെ കയ്യേറ്റം വീണ്ടും ചർച്ചകളിലെത്തുന്നത്. ചിലവന്നൂർ കായൽ കയ്യേറി നിർമ്മിച്ച ബോട്ട് ജെട്ടി നഗരസഭാ അധികൃതരുടെ സാന്നിധ്യത്തിൽ പൊളിച്ചുനീക്കി. തദ്ദേശ ട്രിബ്യൂണൽ വിധിയിൽ കയ്യേറ്റമെന്ന് കണ്ടെത്തിയ ഭാഗമെല്ലാം ഒഴിപ്പിക്കുമെന്നു മേയർ സൗമിനി ജെയിൻ പറഞ്ഞു.

ജയസൂര്യയുടെ കടവന്ത്ര ചിലവന്നൂരിലെ വീടിനു പിന്നിലാണു കായൽ കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചതായി പരാതി ഉയർന്നത്. കായൽ കയ്യേറ്റത്തിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി കേസെടുത്തിരുന്നു. ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. കേസിനെ തുടർന്ന് അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ നഗരസഭ നിർദ്ദേശം നൽകി. ഇതു ചോദ്യംചെയ്തു ജയസൂര്യ തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിൽ നൽകിയ അപ്പീൽ തള്ളുകയും ചെയ്തു. ഇതോടെയാണ് നടന്റെ കൈയേറ്റം പൊളിച്ച് മാറ്റിയത്.

കായൽ കയ്യേറ്റത്തിനൊപ്പം നിർമ്മാണങ്ങളിൽ തീരദേശ പരിപാലനച്ചട്ടത്തിന്റെ ലംഘനവും കണ്ടെത്തിയിരുന്നു. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ബോട്ട് ജെട്ടിയാണു പൊളിച്ചതെങ്കിലും ട്രിബ്യൂണൽ ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന ഭാഗമെല്ലാം ഒഴിപ്പിക്കുമെന്നു മേയർ പറഞ്ഞു. കായലിനോടു ചേർന്നു നിർമ്മിച്ച ചുറ്റുമതിലും കയ്യേറ്റമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടവന്ത്ര ചിലവന്നൂരിലെ ജയസൂര്യയുടെ വീടിനോടു ചേർന്ന് സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീടും നിർമ്മിക്കുന്നതിന് ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറിയതാണ് വിനയാകുന്നത്.

കേസിൽ താരത്തെ മൂന്നാം പ്രതിയാക്കിയാണ് വിജിലൻസ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ഒന്നാം പ്രതിയും ബിൽഡിങ് ഇൻസ്പെക്ടർ രണ്ടാം പ്രതിയുമാണ്. കായൽ കൽക്കെട്ടിന്റെ മുകളിലേക്കാണ് വീടിന്റെ ചുറ്റുമതിൽ നിർമ്മിച്ചത്. ഇത് കൈയേറ്റമല്ലെന്നും ബോട്ടുജെട്ടി മാത്രമാണ് കൈയേറി നിർമ്മിച്ചതെന്നുമാണ് അന്വേഷണ റിപ്പോർട്ട്. തീരദേശ പരിപാലന അഥോറിറ്റിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഉപഗ്രഹ സർവേ അടക്കം വിശദ പരിശോധന നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്ഥലം വാങ്ങിയപ്പോഴോ കെട്ടിടം നിർമ്മിക്കുന്നതിനു മുൻപോ ജയസൂര്യ തീരദേശ പരിപാലന അഥോറിറ്റിയെ അറിയിച്ചിരുന്നില്ല. കൂടാതെ കെട്ടിടം നിർമ്മിച്ചപ്പോൾ തീരദേശ പരിപാലന അഥോറിറ്റിയുടെ അംഗീകൃത ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

കെട്ടിടം നിർമ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നൽകിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറമ്പോക്കിലെ നിർമ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബിൽഡിങ് ഇൻസ്പെക്ടറെ കുറ്റക്കാരനാക്കിയത്. നേരത്തെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കാൻ കൊച്ചി കോർപ്പറേഷൻ ജയസൂര്യക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് ജയസൂര്യ തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രിബ്യൂണലിൽ ഹർജി നൽകിയത്. ഇരു കക്ഷികളുടെയും വാദം കേട്ട കോടതി ജയസൂര്യയുടെ ഹർജി ഫെബ്രുവരിയിൽ തള്ളി. തുടർന്ന് ചൊവ്വാഴ്ച കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ ജയസൂര്യ കായലിൽ നിർമ്മിച്ച സ്വകാര്യ ബോട്ടുജെട്ടി പൊളിച്ചു നീക്കുകയായിരുന്നു.

ഭൂമി കൈയേറ്റം സംബന്ധിച്ച് 2013 ഓഗസ്റ്റ് ഒന്നിന് കൊച്ചി കോർപറേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് 2014 ഫെബ്രുവരി 25ന് കോർപറേഷൻ നോട്ടീസ് നൽകി. എന്നാൽ നിർമ്മാണം നീക്കാൻ താരം തയാറായില്ല. ഇതേ തുടർന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കണയന്നൂർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തി. എന്നാൽ കൊച്ചിൻ കോർപറേഷൻ അധികൃതരേയും താലൂക്ക് സർവേയറേയും സ്വാധീനിച്ച് തുടർ നടപടികൾ മരവിപ്പിച്ചെന്നായിരുന്ന പരാതിക്കാരന്റെ ആരോപണം. ഇതേ തുടർന്നാണ് ഗിരീഷ് ബാബു തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചത്.

ഹർജി ഫയലിൽ സ്വീകരിച്ച ജഡ്ജി എസ്.എസ്. വാസൻ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവെയർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഭൂമി അളന്ന സർവെയർ കൈയേറ്റം നടന്നതായി ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ ചെറിയ നടപടിയിൽ എല്ലാം ഒതുങ്ങിയെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ സിപിഐയിലെ പ്രമുഖ നേതാവ് ചരടുവലിച്ചുവെന്നാണ് ആക്ഷേപംവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP