Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന് എംപി സ്ഥാനം തന്നെ, മകന് കൽപ്പറ്റ സീറ്റ്; അച്ഛനും മകനും സേഫ് സോണിൽ ആയപ്പോൾ ബാക്കിയുള്ളവരുടെ കാര്യം കണ്ടറിയണം; ഇടഞ്ഞുനിന്ന കെപി മോഹനനെയും കാര്യമായി പരിഗണിക്കും; എൽഡിഎഫിലേക്ക് പോകാൻ ഇതു തന്നെ അനുയോജ്യ സമയമെന്ന് ഉറപ്പിച്ച് ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റ്; 14 ജില്ലാ കമ്മറ്റികളുടെയും പിന്തുണയോടെ വീരന്റെ ജെഡിയു വീണ്ടും ഇടതുമുന്നണിയിലേക്ക്

അച്ഛന് എംപി സ്ഥാനം തന്നെ, മകന് കൽപ്പറ്റ സീറ്റ്; അച്ഛനും മകനും സേഫ് സോണിൽ ആയപ്പോൾ ബാക്കിയുള്ളവരുടെ കാര്യം കണ്ടറിയണം; ഇടഞ്ഞുനിന്ന കെപി മോഹനനെയും കാര്യമായി പരിഗണിക്കും; എൽഡിഎഫിലേക്ക് പോകാൻ ഇതു തന്നെ അനുയോജ്യ സമയമെന്ന് ഉറപ്പിച്ച് ജെഡിയു സംസ്ഥാന സെക്രട്ടേറിയറ്റ്; 14 ജില്ലാ കമ്മറ്റികളുടെയും പിന്തുണയോടെ വീരന്റെ ജെഡിയു വീണ്ടും ഇടതുമുന്നണിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു മുന്നണിയിൽ ചേരാൻ ജനതാദൾ (യു) തീരുമാനിച്ചു. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് ജോർജ് അറിയിച്ചു.എൽ.ഡി.എഫിലേക്ക് പോകാൻ ഇതാണ് അനുയോജ്യമായ സമയമെന്ന് സംസ്ഥാന അധ്യക്ഷൻ എം. പി വീരേന്ദ്രകുമാർ യോഗത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനം അംഗീകരിച്ച നിലയ്ക്ക് നാളെ നടക്കുന്ന സംസ്ഥാന കൗൺസിലിൽ തീരുമാനം പാസാക്കും.

ജനതാദൾ യുണൈറ്റഡിന്റെ കേരളാ ഘടകം ഇനിയുണ്ടാവില്ല. വീരനും കൂട്ടരും ഇനി സോഷ്യലിസ്റ്റ് ജനത. പഴയ സംസ്ഥാന പാർട്ടിയെ വീണ്ടും പൊടി തട്ടിയെടുത്ത് മുന്നണി മാറാനാണ് വീരേന്ദ്രകുമാറിന്റെ തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപി പ്രേമമാണ് വീരനെ വെട്ടിലാക്കിയത്. നിതീഷുമായി ഇടഞ്ഞുനിന്ന വീരന്റെ രാജ്യസഭാ അംഗത്വം അയോഗ്യമാക്കാൻ ജെഡിയു ദേശീയ നേതൃത്വത്തിന് കഴിയും. ഇത് മനസ്സിലാക്കി എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു വീരേന്ദ്ര കുമാർ. അതിന് ശേഷം ഇടതുപക്ഷ പിന്തുണയോടെ വീണ്ടും മത്സരിച്ച് എംപിയാകാനാണ് തീരുമാനം. ഈ ഫോർമുല സിപിഎമ്മും അംഗീകരിച്ചിട്ടുണ്ട്.

യുഡിഎഫുമായുള്ള ബന്ധത്തിൽ നഷ്ടം മാത്രമാണ് നടന്നിരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെഡിയു നേതാക്കൾ വ്യക്തമാക്കിയിരുന്നത് ഈ സാഹചര്യത്തിലാണ്. ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റം ഉണ്ടാകുമെന്ന സൂചനകൾ നൽകിയിരുന്നു. കോൺഗ്രസിനെ കുറ്റം പറഞ്ഞാണ് മുന്നണി മാറ്റമെന്നതും ശ്രദ്ധേയമാണ്. വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയംസ് കുമാറിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരക്ഷിത മണ്ഡലവും നൽകും. മാത്യു ടി തോമസിന്റെ ജനതാദള്ളുമായി ജെഡിയു കേരള ഘടകത്തിന്റെ ലയനം സാധ്യമാക്കാനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്.

സിപിഎമ്മുമായി വീരൻ നേരിട്ട് തന്നെ ആശയ വിനിമയങ്ങൾ നടത്തിയതിന്റെ തുടർ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വ്യക്തമായ ധാരണയുണ്ടാവുകയും ചെയ്തു. ബിജെപിയുടെ ഭീഷണിയെ ചെറുക്കാനാണ് വീരന്റെ നീക്കം. നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേരുമ്പോൾ വീരനെ പോലൊരു സോഷ്യലിസ്റ്റിന് അതിനെ അംഗീകരിക്കാൻ കഴിയില്ല. നിതീഷും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കാലത്ത് വലിയ രാഷ്ട്രീയ ശത്രുതയിലായിരുന്നു. ഇത് മനസ്സിലാക്കിയാണ് സോഷ്യലിസ്റ്റ് ജനത, ജെഡിയുവിൽ ലയിച്ചത്. പാർട്ടിക്ക് ദേശീയ മുഖം കിട്ടാനായിരുന്നു ഇത്. എന്നാൽ പഴയതെല്ലാം വിഴുങ്ങി ബിജെപി പാളയത്തിലേക്ക് നിതീഷ് പോകുമ്പോൾ ശരിയായ തീരുമാനമാണ് വീരൻ എടുക്കുന്നതെന്നാണ് മുന്നണി മാറ്റത്തെ കുറിച്ച് സിപിഎം നേതാവ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ പറയുന്നു.

യുഡിഎഫിന്റെ ഭാഗമായാണ് വീരന് രാജ്യസഭാ സീറ്റ് കിട്ടിയത്. പാലക്കാട് ലോക്സഭാ സീറ്റിൽ വീരൻ മത്സരിച്ചു. ദയനീയ തോൽവിയാണ് ഉണ്ടായത്. ഇതോടെ കാലുവാരൽ വിവാദമെത്തി. ഇതിനിടെയാണ് വീരന് രാജ്യസഭാ സീറ്റ് നൽകി പ്രശ്നം യുഡിഎഫും കോൺഗ്രസും തണുപ്പിച്ചത്. എന്നാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഈ ഒത്തുതീർപ്പിനേയും തകർത്തു. കോവിന്ദിന് വോട്ട് ചെയ്യാതിരുന്നാൽ എംപി സ്ഥാനം നഷ്ടമാകുമെന്ന് വീരന് അറിയാം. നിലവിൽ സ്ഥാനം രാജിവച്ച് അയോഗ്യത ഒഴിവാക്കി യുഡിഎഫിൽ നിന്നാൽ എംപിയായി വീണ്ടുമെത്താൻ കഴിയില്ല. കാരണം നിയമസഭയിലെ ഭൂരിപക്ഷം പരിഗണിച്ചാൽ രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മാത്രമേ വിജയിക്കാനാവൂ. ഇത് മനസ്സിലാക്കിയാണ് വീരൻ ചുവടുമാറുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തുന്നു.

യുഡിഎഫിൽ മുന്നണി ബന്ധത്തെ ഓർത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതൽ കംഫർട്ടബിൾ. കോൺഗ്രസിൽ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പലവട്ടം ചർച്ചകൾ നടന്നതായും ചാരുപാറ രവി പറഞ്ഞു. അതേസമയം പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നാണ് ഷെയ്ഖ് പി ഹാരിസ് പറഞ്ഞത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകും. യുഡിഎഫിൽ വന്നശേഷം ജെഡിയുവിന് കനത്ത രാഷ്ട്രീയ നഷ്ടം ഉണ്ടായി. ജെഡിയുവിന് മുന്നണി മാറ്റം അനിവാര്യമാണ്. ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി. ജെഡിയുവിനെ ഇടതു പക്ഷത്ത് എത്തിക്കാൻ ഏറെ നാളായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശ്രമിച്ചിരുന്നു. വീരനുമായി വേദി പങ്കിടുകയും ചെയ്തു.

അപ്പോഴാണ് രാജ്യസഭാ സീറ്റ് നൽകി വീരനെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചത്. ജെഡിയുവിലെ ബഹുഭൂരിഭാഗത്തിനും ഇടതിനോടാണ് ഏറെക്കാലമായി താൽപ്പര്യം. എന്നാൽ രാജ്യസഭാ സീറ്റിന് വേണ്ടി ഈ ആഗ്രഹം വീരൻ കണ്ടില്ലെന്ന് നടിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മുന്നണിക്ക് മേൽകോയ്മയുണ്ട്. മതേതര താൽപ്പര്യം കണക്കിലെടുത്ത് പിണറായിക്കൊപ്പം ചേരുകയാണ് വീരൻ ലക്ഷ്യമിടുന്നത്. സിപിഎമ്മിലെ കോടിയേരി വിഭാഗവും പിണറായി പക്ഷവും ഇതിനെ അനുകൂലിക്കുന്നു.

അപ്പോഴാണ് രാജ്യസഭാ സീറ്റ് നൽകി വീരനെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചത്. ജെഡിയുവിലെ ബഹുഭൂരിഭാഗത്തിനും ഇടതിനോടാണ് ഏറെക്കാലമായി താൽപ്പര്യം. എന്നാൽ രാജ്യസഭാ സീറ്റിന് വേണ്ടി ഈ ആഗ്രഹം വീരൻ കണ്ടില്ലെന്ന് നടിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മുന്നണിക്ക് മേൽകോയ്മയുണ്ട്. മതേതര താൽപ്പര്യം കണക്കിലെടുത്ത് പിണറായിക്കൊപ്പം ചേരുകയാണ് വീരൻ ലക്ഷ്യമിടുന്നത്. സിപിഎമ്മിലെ കോടിയേരി വിഭാഗവും പിണറായി പക്ഷവും ഇതിനെ അനുകൂലിക്കുന്നു.വി എസ് അച്യുതാനന്ദനും ഏറെ നാളായി വീരന് വേണ്ടി വാദിക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ ആരുടേയും എതിർപ്പില്ലാതെ തന്നെ വീരന് ഇടതുപക്ഷത്തേക്ക് ചേക്കേറാനാകും.

അതേസമയം ജെഡിയു മുന്നണി വിടാൻ തീരുമാനിച്ചത് എംപി.വീരേന്ദ്രകുമാറിന്റെ അധികാരക്കൊതി കൊണ്ടാണെന്ന് യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ. വ്യക്തിപരമായ തീരുമാനമാണ് ജെഡിയുവിൽ നടപ്പാക്കുന്നത്. എൽഡിഎഫ് ചവിട്ടിപ്പുറത്താക്കി എന്ന് പറഞ്ഞ് വന്നവർക്ക് യുഡിഎഫ് മതിയായ സംരക്ഷണം കൊടുത്തിരുന്നുവെന്നും മുന്നണി വിടേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്ന് പി.പി.തങ്കച്ചൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP