Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌നേഹവും പ്രാർത്ഥനയും കൂടെയെത്തിയപ്പോൾ എവറസ്റ്റ് മുത്തച്ഛൻ ജീവയ്ക്കു മുന്നിൽ തലകുനിച്ചു; പർവ്വതാരോഹക സംഘത്തിന്റെ മരണ വാർത്തകൾക്കിടെ മലയാളികൾക്ക് അഭിമാന വാർത്ത; കൂടെ കയറിയവരെ എയർ ലിഫ്റ്റ് ചെയ്തിട്ടും മലയാളി പെൺകുട്ടിയുടെ ധീരതയ്ക്കു 17000 അടി ഉയരത്തിൽ ഉജ്ജ്വല നേട്ടം

സ്‌നേഹവും പ്രാർത്ഥനയും കൂടെയെത്തിയപ്പോൾ എവറസ്റ്റ് മുത്തച്ഛൻ ജീവയ്ക്കു മുന്നിൽ തലകുനിച്ചു; പർവ്വതാരോഹക സംഘത്തിന്റെ മരണ വാർത്തകൾക്കിടെ മലയാളികൾക്ക് അഭിമാന വാർത്ത; കൂടെ കയറിയവരെ എയർ ലിഫ്റ്റ് ചെയ്തിട്ടും മലയാളി പെൺകുട്ടിയുടെ ധീരതയ്ക്കു 17000 അടി ഉയരത്തിൽ ഉജ്ജ്വല നേട്ടം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: രണ്ടു വർഷം മുൻപ് നടത്തിയ ഹിമാലയൻ യാത്രയാണ് ബ്രിട്ടനിലെ ലിവർപൂൾ മലയാളി നഴ്‌സായ ജീവ ജോയിയെ എവറസ്റ്റിലേക്ക് ആകർഷിച്ചത്. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് കരുതി രണ്ടു വർഷത്തെ തയ്യാറെടുപ്പ്. ഒടുവിൽ ഇക്കഴിഞ്ഞ മെയ് ആദ്യ വാരം നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡു ലക്ഷ്യമാക്കി യാത്ര. തുടർന്ന് ഒൻപതു ദിവസത്തെ കഠിനമായ മലയാത്ര. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്ക്. എവറസ്റ്റ് കൊടുമുടിക്കു പതിനായിരം അടി വരെ അകലം എത്തുക എന്നത് പോലും മോഹ സ്വപ്നമാണ് പർവ്വതാരോഹകർക്ക്.

എന്തെല്ലാം അനുകൂല ഘടകങ്ങൾ ഉണ്ടായാലും വീശിയടിക്കുന്ന ഹിമക്കാറ്റിൽ ഒരു നിമിഷത്തെ അശ്രദ്ധയിൽ സകലതും തകിടം തെറ്റും. ജീവതം എന്ന മോഹം അടിവാരത്തിൽ ഉപേക്ഷിച്ചാണ് ഓരോ യാത്രികനും തെന്നി തിളങ്ങുന്ന മലകയറ്റം ആരംഭിക്കുക. തിരിച്ചെത്തുമോ എന്ന് ഒരു ഉറപ്പും ഇല്ലാത്ത യാത്ര. ഓരോ അടി മുകളിലേക്ക് കയറുമ്പോഴും കുറഞ്ഞു വരുന്ന ശ്വാസ വായു. ശുദ്ധ വായു ലഭിക്കാത്തതിനാൽ രക്തസമ്മർദവും തുടർന്ന് രക്ത ചംക്രമണത്തിലെ താളം തെറ്റലും മൂക്കിലൂടെയുള്ള രക്ത പ്രവാഹവും പതിവ് കാഴ്ച.

എന്നാൽ പ്രിയപെട്ടവരുടെ കഠിനമായ പ്രാർത്ഥനകളും സ്‌നേഹവും കൈമുതലാക്കി യാത്ര തുടങ്ങിയ ബ്രിട്ടീഷ് മലയാളികളായ ലിവർപൂളിലെ ജോയ് ആഗസ്തിയുടെയും മേരിയുടെയും മകൾ ജീവ ലോക മലയാളി സമൂഹത്തിനു വേണ്ടി ബേസ് ക്യാമ്പ് കീഴടക്കി.ബ്രിട്ടീഷ് മലയാളികൾക്കിടയിൽ നിന്നും മുൻപും ഒരു പെൺകുട്ടി എവറസ്റ്റിൽ എത്തിയിട്ടുണ്ട്. ഏഴു വർഷം മുൻപ് സ്‌കൂൾ വിദ്യാർത്ഥിനിയായ അനന്യ ജോർജാണ് ആ പെൺകുട്ടി.

ഈ ദിവസങ്ങളിൽ മല കയറ്റത്തിന് ശ്രമിച്ച ഒട്ടേറെ പേരുടെ ജീവത്യാഗമാണ് മാധ്യമങ്ങളുടെ പ്രധാന വാർത്ത. ദുർഘടമായ കാലാവസ്ഥയിൽ അടിതെറ്റി പരിചയ സമ്പന്നരായ മലകയറ്റക്കാർ പോലും മരിക്കുന്ന വാർത്തകളാണ് ഈ ദിവസങ്ങളിൽ എത്തികൊണ്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇതിനകം പത്തു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിർഭാഗ്യവശാൽ ബ്രിട്ടീഷ് മലകയറ്റക്കാരനായ റോബിൻ ഫിഷർ, ഐറിഷ് സ്വദേശി എന്നിവരുടെ മരണമാണ് ഇന്നലെ ലോകത്തെ തേടി എത്തിയത്. ജീവയോടൊപ്പം മലകയറാൻ നിശ്ചയിച്ചിരുന്ന സ്‌കോട്ടിഷ് സഞ്ചാരി ഒടുവിൽ തീരുമാനം മാറ്റിയിരുന്നു. ജീവയുടെ സംഘവും ഇതുപോലെ പ്രതിസന്ധി നേരിട്ടിരുന്നു.

അവസാനം തുണയായി മാറുന്നത് പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ മാത്രം

ബേസ് ക്യാമ്പ് ലക്ഷ്യമിട്ടു മലകയറ്റം തുടങ്ങിയ സംഘത്തിലെ രണ്ടു പേരെ പ്രതികൂല കാലാവസ്ഥയിൽ തളർന്നതിനെ തുടർന്ന് ഹെലികോപ്റ്റർ മുഖേനെ രക്ഷപ്പെടുത്തിയിരുന്നു. ഇവരുടെ എവറസ്റ്റ് മോഹവും ഇതോടെ പാതി വഴിയിൽ മുടങ്ങി. ഇതോടെ പേടിയോടെയായി ബാക്കിയുള്ളവരുടെ മലകയറ്റം. പക്ഷെ പരസ്പരം ധൈര്യം പകർന്നു സാവധാനം ലക്ഷ്യത്തിലേക്കു നീങ്ങുകയായിരുന്നു മറ്റുള്ളവർ.

മല കൂടുതൽ ഉയരത്തിലേക്ക് വെല്ലുവിളിക്കുമ്പോൾ പൂർണമായും ലോകവുമായി ഒറ്റപ്പെടുകയാണ് മലകയറ്റക്കാർ. ഏഴു ദിവസത്തെ മലകയറ്റത്തിൽ അവസാന മൂന്നു ദിവസം പൂർണമായും പുറം ലോകവുമായും ഒറ്റപ്പെടുകയാണ്. മൊബൈൽ കവറേജ് നഷ്ടമാകുന്നതോടെ ഓരോ പർവ്വതാരോഹകനും സ്വന്തം ലോകത്തേക്ക് ചുരുങ്ങുകയാണ്. ഇഷ്ടപ്പെട്ടവരുടെ പ്രാർത്ഥനകളാണ് കാലുകൾക്കു ശക്തി നൽകിയതെന്ന് തിരിച്ചറിഞ്ഞതു മലമുകളിൽ എത്തിയപ്പോഴാണെന്നും ജീവ ഇപ്പോൾ ഓർമ്മിക്കുന്നു. കാരണം ഒന്നും ചിന്തിക്കാതെയുള്ള മലകയറ്റമാണ് അവസാന ദിവസങ്ങളിൽ.

നേട്ടത്തിലും വേദനയായി ഗോകിയോ തടാകം
എവറസ്റ്റിന്റെ പൂർണ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ബേസ് ക്യാംപ് മലയിറങ്ങി വീണ്ടും വേറെ വഴിയിൽ മലകയറണം, ഗോകിയോ തടാകത്തിലേക്ക്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഞ്ഞുവീഴ്ച ജീവയുടെയും സംഘത്തിന്റെയും പ്ലാൻ തെറ്റിക്കാൻ കാരണമായി. അങ്ങനെ മൂന്നു ദിവസത്തെ ഗോകിയോ തടാക യാത്ര ഉപേക്ഷിക്കേണ്ടി വന്നു. എവറസ്റ്റിന്റെ ഉന്നതി കീഴടക്കാൻ സാധികാത്ത പർവ്വതാരോഹകർക്ക് ഏറ്റവും അടുത്തും പൂർണ സൗന്ദര്യവും ഒപ്പിയെടുക്കാൻ കഴിയുന്ന പോയിന്റ് കൂടിയാണ് ഗോകിയോ തടാകം. ബേസ് ക്യാമ്പ് കീഴടക്കിയപ്പോഴും ഗോകിയോ ഇനിയെന്നും സ്വകാര്യ ദുഃഖമായി ജീവയ്ക്കൊപ്പം ഉണ്ടാകും.

എങ്കിലും യാതൊരു പ്രതീക്ഷകളും ഇല്ലാതെ ബേസ് ക്യാമ്പ് കീഴടക്കിയ ജീവ മലകയറും മുൻപ് മനസിൽ സൂക്ഷിച്ച മന്ത്രമാണ് ഇപ്പോഴും ഓർമ്മിക്കുന്നത്, എക്‌സ്‌പെക്ട് ആൽവെയ്സ് അൺഎക്‌സ്‌പെക്ട്. ഇത് തന്നെയാണ് മലകയറ്റത്തിൽ ഓരോ പർവ്വതാരോഹകരും നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളിയും. ഭാഗ്യവശാൽ അത്തരം അപ്രതീക്ഷിത സംഭവങ്ങൾ ജീവയെ തേടി മലകയറ്റത്തിൽ എത്തിയിരുന്നില്ല.

ഓക്‌സിജൻ കിട്ടാതെ വിഷമിച്ചപ്പോഴും മനസ് തളർന്നില്ല
സാധാരണ ഗതിയിൽ 80 ശതമാനത്തിനു മുകളിൽ ശുദ്ധവായു ലഭിക്കാതെ വരുമ്പോൾ ആർക്കും നേരിയ പ്രയാസങ്ങൾ തോന്നാം. എന്നാൽ എവറസ്റ്റിൽ എത്തുന്ന സഞ്ചാരിയെ ബേസ് ക്യാമ്പിന് താഴെ പോലും കാത്തിരിക്കുന്നത് വെറും 35 ശതമാനം വായുവാണ്. അതിനാൽ സസ്യ ജാലങ്ങളെയോ ജന്തുക്കളെയോ ഇവിടെ കാണാനാവില്ല. മലകയറ്റക്കാർക്കു സഹായമെത്തിക്കുന്ന ഷെർപ്പകൾ ഉൾപ്പെടെയുള്ള തദ്ദേശ വാസികൾ അയ്യായിരം അടി വരെ ടൂറിസം ജീവിതമാർഗമായി മലയിൽ പലയിടത്തും താവളം ഉറപ്പിച്ചിട്ടുണ്ട്. ഇവർക്കും ആശ്രയം വല്ലപ്പോഴും വന്നു പോകുന്ന ഹെലികോപ്ടറുകളാണ്. അത്യാവശ്യം വസ്തുക്കൾ ഇവയിൽ എത്തിക്കും.

ആധുനികത എന്ന് പേരിട്ടു വിളിക്കാവുന്ന ഒന്നും ഈ മലമുകളിൽ കാണാൻ ഇല്ല എന്നത് തന്നെയാണ് അതിന്റെ സൗന്ദര്യവും. മനുഷ്യൻ എത്ര നിസാരനാണ് എന്ന് ഓരോ സഞ്ചാരിയെയും ഓർമ്മിപ്പിക്കുന്ന കാഴ്ചകളാണ് എങ്ങും. ഇല്ലായ്മകൾ മാത്രം കൈമുതലാക്കി കഴിയുന്ന ഏതാനും മനുഷ്യർ ഉള്ള ലോകത്തിലെ അപൂർവ ഇടങ്ങളിൽ ഒന്ന്. ഇവിടെ വന്നു പോയാൽ പിന്നെ ഒരാളും ജീവിതത്തിൽ സുഖ സൗകര്യങ്ങളുടെ പേരിൽ വിഷമിക്കില്ല എന്ന് ജീവ പറയുമ്പോൾ അത് തന്നെയാണ് എവറസ്റ്റ് തന്നെ തേടി എത്തുന്നവരെ പഠിപ്പിച്ചു വിടുന്നതും. ലോകത്തെ ഒരു സർവ്വകലാശാലക്കും നൽകാൻ കഴിയാത്ത ഏറ്റവും വലിയ ജീവിത പാഠം.

ഉയരെ ടെന്റിൽ തിരിഞ്ഞു കിടക്കാനും ഷൂ കെട്ടാൻ പോലും പറ്റില്ല
ഉയരം ഏറും തോറും അത് ശരീരത്തിന് ഏൽപ്പിക്കുന്ന ആഘാതവും ഏറെ വലുതാണ് എന്നിപ്പോൾ ജീവ തിരിച്ചറിയുന്നു. പർവ്വത മുകളിലെ ടെന്റിൽ ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും ആകില്ല. അപ്പോഴേക്കും ഓക്‌സിജൻ കുറവ് മൂലമുള്ള ശ്വാസതടസം കൂടിയെത്തും. കുനിഞ്ഞു നിന്നും ഷൂ ലേസ് കെട്ടുന്ന കാര്യം ആലോചിക്കുകയോ വേണ്ട. ഇത്തരത്തിൽ നിത്യജീവിതത്തിൽ വളരെ നിസാരമായി നാം ചെയ്യുന്ന എന്ത് കാര്യവും വളരെ ആയാസപ്പെട്ടെ ചെയ്യാനാകൂ. പർവ്വത മുകളിൽ ഇത്രയധികം ത്യാഗം സഹിച്ചു ബേസ് ക്യാംപിൽ എത്തിയപ്പോൾ എന്താണ് തോന്നിയത് എന്നതിൽ ജീവക്ക് കൃത്യമായ ഉത്തരമില്ല.

സന്തോഷം കൊണ്ട് കരഞ്ഞതായി ഓർമ്മയുണ്ട്. കിട്ടിയ സമയം കൊണ്ട് കുറെ ഫോട്ടോയെടുത്തു. ഒരു പാറക്കല്ലിൽ ചുവന്ന കല്ലുകൊണ്ട് ജോയ് ഫാമിലി 2019 എന്നെഴുതി വീട്ടുകാരുടെ ഓർമ്മകൾ പങ്കു വച്ചു. അൽപ വായു ശ്വസിച്ച് അധിക സമയം അവിടെ നിൽക്കാൻ കഴിയില്ലായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രമാണ് അനുവദനീയം. ജീവിതത്തിൽ എന്തും നേരിടാൻ ഉള്ള കരുത്തുമായാണ് തിരിച്ചുള്ള മലയിറക്കം. ഒന്നുമില്ലായ്മയിലും ജീവിതം ഉണ്ട് എന്ന തിരിച്ചറിവാണ് എവറസ്റ്റ് ഓരോ സഞ്ചാരിയെയും പഠിപ്പിച്ചു താഴേക്ക് ഇറക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP