Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗെയിംസിന് വരുന്നവർക്ക് മനോരമ എന്തും നൽകും; അങ്ങനെ ജിജി തോംസൺ നിയുക്ത ചീഫ് സെക്രട്ടറിയുമായി; കേന്ദ്ര ഡെപ്യൂട്ടേഷനിൽ മടങ്ങിയെത്തുമ്പോൾ ഗെയിംസിന്റെ ചുമതലയും നൽകും

ദേശീയ ഗെയിംസിന് വരുന്നവർക്ക് മനോരമ എന്തും നൽകും; അങ്ങനെ ജിജി തോംസൺ നിയുക്ത ചീഫ് സെക്രട്ടറിയുമായി; കേന്ദ്ര ഡെപ്യൂട്ടേഷനിൽ മടങ്ങിയെത്തുമ്പോൾ ഗെയിംസിന്റെ ചുമതലയും നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ദേശീയ ഗെയിംസ് ഭംഗിയാക്കേണ്ടത് മനോരമയുടെ ഉത്തരവാദിത്തമാണ്. കൂട്ടയോട്ടത്തിനായി മനോരമയ്ക്ക് പത്ത് കോടി ദേശീയ ഗെയിംസ് സംഘാടകർ നൽകിയതോടെ മലയാള മാദ്ധ്യമങ്ങളും ദേശീയ പത്രങ്ങളും ചാനലുകളുമെല്ലാം ഗെയിംസിലെ കള്ളക്കളികൾ വിളിച്ചു പറഞ്ഞു. പിഴവുകളും ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും മനോരമ അറിഞ്ഞ മട്ട് കാണിക്കുന്നില്ല. കൂട്ടയോട്ടത്തിൽ കേരളത്തിലെ എല്ലാ പ്രമുഖരേയും സമ്മർദ്ദത്തിലൂടെ എത്തിക്കാനാണ് ശ്രമം. പ്രസ്റ്റീജ് പ്രശ്‌നമായതിനാൽ ഗെയിംസ് വിജയിപ്പിച്ചേ പറ്റൂ എന്നാണ് മനോരമയുടെ നിലപാട്. അതിനായി എത്തുന്നവർക്ക് മനോരമ എന്തും നൽകുമെന്താണ് സ്ഥിതി.

കേരളത്തിന്റെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണാണ്. അദ്ദേഹം ഈ മാസം 31ന് സ്ഥാനം ഒഴിയും. ഇത് എല്ലാവർക്കും അറിയാം. അടുത്ത ചീഫ് സെക്രട്ടറിയെ കുറിച്ചും ഊഹാപോഹമുണ്ട്. ആ പേരുകാരനും മലയാളിക്ക് സുപരിചതൻ. പക്ഷേ മന്ത്രിസഭ ഔദ്യോഗികമായി അടുത്ത ചീഫ് സെക്രട്ടറിയിൽ തീരുമാനം എടുത്തിട്ടില്ല. എന്നാൽ ഇന്നത്തെ മനോരമ വായിച്ചാൽ അടുത്ത ചീഫ് സെക്രട്ടറി ആരെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞെന്ന് വ്യക്തം. നിയുക്ത ചീഫ് സെക്രട്ടറിയായി ജിജി തോംസണെ മനോരമ വിശേഷിപ്പിക്കുന്നു. ദേശീയ ഗെയിംസ് സംഘാടനം കാര്യക്ഷമമാക്കാനാണ് ജിജി തോംസൺ എത്തുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉത്തരവും ഇറങ്ങുമെന്നതും വസ്തുതയാണ്.

അതിനിടെ ജിജി തോംസണെ ദേശീയ ഗെയിംസ് സംഘാടകനാക്കുന്നതും വിവാദമാകും. കോമൺവെൽത്ത് ഗെയിംസ് അഴിമതി മാതൃകയാണ് കേരളത്തിൽ നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അപ്പോഴാണ് കോമൺവെൽത്ത് ഗെയിംസിന്റെ അനുഭവം കേരളത്തിന് ഗുണകരമാക്കാനെന്ന വിശദീകരണത്തോട് ജിജി തോംസണെ ഗെയിംസിന്റെ ചുമതല സർക്കാർ ഏൽപ്പിക്കുന്നത്. രാജ്യത്തിന് തന്നെ ഏറ്റവും മോശമുണ്ടാക്കിയ അഴിമതിയാണ് ഡൽഹി ഗെയിംസിൽ കണ്ടതെന്നാണ് പ്രതിപക്ഷ നിലപാട്. അതിലെല്ലാം ഉപരി പാമോലിൻ കേസിൽ പ്രതിപക്ഷം ആരോപണ മുനയിൽ നിർത്തിയ വ്യക്തിയാണ് ജിജി തോംസൺ. അതുകൊണ്ട് തന്നെ ജിജി തോംസണിന്റെ ചീഫ് സെക്രട്ടറി പദവിയും ദേശീയ ഗെയിംസുമെല്ലാം വരും ദിനങ്ങളിൽ പ്രതിപക്ഷം മറ്റാരു തലത്തിൽ ഉന്നയിക്കാനും സാധ്യതയുണ്ട്.

എന്നാൽ മന്ത്രിസഭയിലുള്ളവർ പോലും അറിയാത്ത നിയുക്ത ചീഫ് സെക്രട്ടറിയായി ജിജി തോംസണെ എന്തിനാണ് മനോരമ ഉയർത്തിക്കാട്ടുന്നത് എന്ന് മന്ത്രിമാർക്കും വ്യക്തതയില്ല. സാധാരണ അടുത്ത ചീഫ് സെക്രട്ടറിയാകാൻ സാധ്യത എന്ന രീതിയിലൊക്കെയാണ് പത്രങ്ങൾ ഇത്തരം വാർത്ത നൽകാറും. അല്ലെങ്കിൽ അയേക്കും ആവും എന്നീ വാക്കുകളും കടമെടുക്കും. ജിജി തോംസണിന്റെ കാര്യത്തിൽ എല്ലാ മാനദണ്ഡവും ലംഘിച്ച് നിയുക്ത ചീഫ് സെക്രട്ടറിയാക്കുകയാണ് മനോരമ. മന്ത്രിസഭ പ്രാഥമികമായി പോലും ആലോചിക്കാത്ത ഒരു വിഷയത്തിലാണ് മനോരമയുടെ നിയമനം. ഇനി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഈ വാർത്ത അനുസരിക്കാൻ പറ്റാത്ത സാഹചര്യമെത്തും.

1980 ബാറ്റ് ഐഎസ് ഉദ്യോഗസ്ഥനാണ് ജിജി തോംസൺ. ഭരത് ഭൂഷൺ സ്ഥാനം ഒഴിഞ്ഞാൽ ഫിനാൻസ് സെക്രട്ടറി സോമസുന്ദരമാണ് സീനിയർ. എന്നാൽ ചീഫ് സെക്രട്ടറി സ്ഥാനത്തോട് സോമസുന്ദരത്തിന് താൽപ്പര്യമില്ല. കേന്ദ്ര ഡെപ്യൂട്ടേഷന് അനുവദിക്കണമെന്നാണ് സോമസുന്ദരത്തിന്റെ ആവശ്യം. അതുകൊണ്ട് തന്നെ കേരളാ കേഡറിലെ അടുത്ത സീനിയറായ ജിജി തോംസണ് തന്നെയാണ് ചീഫ് സെക്രട്ടറിയാകാൻ കൂടുതൽ സാധ്യത. സായി ഡയറക്ടറായിരുന്ന ജിജി തോംസൺ ഈ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെ കേരളത്തിലേക്ക് ജിജി തോംസണ് മടങ്ങാനുള്ള അവസരവും ഒരുങ്ങി.

എന്നാൽ കേരളാ ചീഫ് സെക്രട്ടറിയാകുക എന്ന് പറഞ്ഞല്ല പേഴ്‌സണൽ മന്ത്രാലയത്തിന് ജിജി തോംസൺ ക്ത്ത നൽകിയത്. മറിച്ച് കായിക സെക്രട്ടറിയായി പ്രെമോഷൻ നൽകാത്തതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് ജിജി തോംസൺ ഒഴിഞ്ഞത്. ആറ് മാസം മുമ്പ് തന്നെ ഇത്തരമൊരു ഓഫർ ജിജി തോംസണ് നൽകിയിരുന്നുവെന്നാണ് സൂചന. ഇത് പാലിക്കാത്തതിലുള്ള പ്രതിഷേധവുമായി കേരളത്തിലെത്തുന്ന ജിജി തോംസൺ ദേശീയ ഗെയിംസിന്റെ ചുമതലകളിലേക്ക് കടക്കും. ഇതോടെ മന്ത്രിസഭാ യോഗം ചേർന്ന് പുതിയ ചീഫ് സെക്രട്ടറിയായി ഇദ്ദേഹത്തെ നിശ്ചയിക്കും. അപ്പോൾ മാത്രമേ 1980 കേഡർ ഐഎഎസുകാരൻ മനോരമ പറഞ്ഞതു പോലെ നിയുക്ത ചീഫ് സെക്രട്ടറി എന്ന പദവിക്ക് അർഹനാവുകയുള്ളൂ.

ദേശീയ ഗെയിംസ് വിജയമെന്ന ഒറ്റ ലക്ഷ്യത്തോടെ നീങ്ങുന്നതുകൊണ്ടാകാം ജിജി തോംസണെ മനോരമ നിയുക്ത ചീഫ് സെക്രട്ടറിയായി ഉയർത്തിക്കാട്ടിയത് എന്നാണ് മന്ത്രിസഭയിലെ ഒരു പ്രമുഖൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഗെയിംസുമായി സഹകരിക്കുന്നവർക്ക് എന്ത് പട്ടവും അവർ നൽകുന്ന സ്ഥിതിയിലാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ അടുത്ത ചീഫ് സെക്രട്ടറിയാകാൻ ഏറ്റവും സാധ്യത ജിജി തോംസണ് തന്നെയാകുമെന്നും മന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP