Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരമ്മയ്ക്കും ഈ അനുഭവം ഉണ്ടാകരുതേ.. കുഞ്ഞു മരിയ മുങ്ങിത്താണത് അമ്മ കാണേണ്ടി വന്നത് അര മണിക്കൂർ; ഓക്‌സിജൻ സിലിണ്ടർ ഇല്ലാതെ ഫയർഫോഴ്‌സ് എത്തിയപ്പോൾ പ്രഥമ ശുശ്രൂഷ നൽകിയതും നഴ്‌സായ ജിഞ്ചു; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല: മൂവാറ്റുപുഴയിലെ നൊമ്പരക്കാഴ്ചകൾ ഇങ്ങനെ

ഒരമ്മയ്ക്കും ഈ അനുഭവം ഉണ്ടാകരുതേ.. കുഞ്ഞു മരിയ മുങ്ങിത്താണത് അമ്മ കാണേണ്ടി വന്നത് അര മണിക്കൂർ; ഓക്‌സിജൻ സിലിണ്ടർ ഇല്ലാതെ ഫയർഫോഴ്‌സ് എത്തിയപ്പോൾ പ്രഥമ ശുശ്രൂഷ നൽകിയതും നഴ്‌സായ ജിഞ്ചു; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല: മൂവാറ്റുപുഴയിലെ നൊമ്പരക്കാഴ്ചകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മകൾ ആഴത്തിന്റെ അഗാധതയിൽ മരണത്തോടു മല്ലിടുന്നത് നിസഹായയായി നോക്കിനിൽക്കേണ്ടിവന്ന നിമിഷങ്ങളേ എണ്ണിയെണ്ണി പഴിക്കുന്ന മാതാവിന്റെ തേങ്ങൽ കാണികളുടെ മിഴികളെയും ഈറനണിയിച്ചു. പരിസരത്തെ വീടുകളിലുണ്ടായിരുന്ന ആരെങ്കിലുമൊരാൾ മനസ്സുവച്ചിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നെന്നുള്ള ജിഞ്ചുവിന്റെ വിലാപം കുടുംബത്തിന്റെ വേദനയിൽ പങ്കുകൊള്ളാൻ എത്തിയവരിലും നൊമ്പരമുണർത്തി. മൂവാറ്റുപുഴ ശിവൻകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പോത്താനിക്കാട് ഏനാനിക്കൽ ലൈജു ജയിംസ് -ജിഞ്ചു ദമ്പതികളുടെ മൂത്തമകൾ ജിൽറ്റ മരിയ ലൈജു(ഒമ്പത്)ഇന്നലെ വൈകിട്ടാണ് വാടകവീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ അകപ്പെട്ട് മുങ്ങിമരിച്ചത്.

സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ ജിഞ്ചു കിണറിനടുത്തെത്തി. കൂടെയുണ്ടായിരുന്ന മകൻ ജിൽബർട്ട് പറഞ്ഞാണ് മകൾ ജിഞ്ചു അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. വീട്ടിൽ നിന്നും അൻപതടിയോളം അകലെ മതിലിനപ്പുറത്തായിരുന്നു കിണർ. പരിസരവാസി കൊണ്ടുവന്ന കയർ ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജിൽറ്റയ്ക്കു കയറിൽ പിടിക്കാനായില്ല. പിന്നീട് നിരവധി പേർ ഓടിയെത്തിയെങ്കിലും ആരും കാര്യമായ രക്ഷപ്രവർത്തനത്തിന് തയ്യാറായില്ല .പരിസരവാസിയുടെ പതിനാലുകാരനായ മകൻ നടന്നുചെന്നു പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ച ശേഷമാണ് രക്ഷപ്രവർത്തനം ഊർജ്ജിതമായത്. അപകടം നടന്ന് ഏതാണ്ട് പതിനഞ്ച് മിനിട്ട് പിന്നിട്ടപ്പോഴാണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തുന്നത്. വന്നപ്പോഴാകട്ടെ ഓക്‌സിജൻ സിലണ്ടർ എടുത്തിരുന്നുമില്ല. ഇത് എടുത്തുകൊണ്ടുവരാൻ പിന്നെയും പത്തുമിനിട്ടോളമെടുത്തു.

ഈ സമയമത്രയും മകളുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അലമുറയുമായി ജിഞ്ചു കിണറിന്റെ പരിസരത്ത് ഓടിനടക്കുകയായിരുന്നു. വെള്ളത്തിൽ വീണ ഉടൻ തന്നെ വിവരം അറിഞ്ഞെങ്കിലും അരമണിക്കൂറിനുശേഷമാണ് കുട്ടിയെ കരയ്ക്കുകയറ്റാനായത്. ഈ സമയമെല്ലാം സഹോദരൻ ജിൽബർട്ടും മാതാവ് ജിഞ്ചുവും കിണറിനു മുകളിൽനിന്നു കുട്ടി വെള്ളത്തിൽ പൊങ്ങിത്താഴുന്നതു കണ്ട് നിലവിളിക്കുകയായിരുന്നു. വെട്ടുകല്ലുള്ള പ്രദേശമായതിനാൽ നിശ്ചിത അളവിൽ തട്ടുകൾ തീർത്താണ് കിണർ നിർമ്മിച്ചിരുന്നത്. ഈ തിട്ടുകളിൽ ചവിട്ടിയിറങ്ങി കയർ ഇട്ടു നൽകിയിരുന്നെങ്കിൽ കിണറ്റിലകപ്പെട്ട കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് പ്രദേശവാസികളിൽനിന്നും ലഭിക്കുന്ന വിവരം.

ഈ സമയം ഇതുവഴി വന്ന ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ് അറിയിച്ചതുപ്രകാരമാണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. ഫയർഫോഴ്‌സ് അംഗങ്ങൾ എത്തി കിണറ്റിലിറങ്ങിയപ്പോഴേക്കും കുട്ടി വെള്ളത്തിനടിയിലേക്ക് ആഴ്ന്നുപോയിരുന്നു. തുടർന്നു ഓക്‌സിജൻ സിലിണ്ടർ കൊണ്ടുവന്ന് കിണറ്റിലിറങ്ങി കുട്ടിയെ മുങ്ങിയെടുത്ത് മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിലെത്തിച്ചപ്പോഴേയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. നഴ്‌സായ മാതാവ് ജിഞ്ചുവും കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറിയിരുന്നു. മാതാവുതന്നെയാണ് ആശുപത്രിയിലേക്ക് പോകുന്ന വഴി തന്റെ മകൾക്ക് പ്രഥമശുശ്രൂഷ നൽകിയിരുന്നത്. എങ്ങനെയെങ്കിലും തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ മാതാവ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിധി മറിച്ചായിരുന്നു. കിണറിനു സമീപം മറിഞ്ഞു കിടക്കുന്ന സൈക്കിളും തലയിൽ അണിഞ്ഞിരുന്ന ഹെൽമറ്റും അപകട സ്ഥലത്തെത്തിയവർക്ക് നൊമ്പരക്കാഴ്ചയായി. പിതാവ് ലൈജു ഷാർജയിൽനിന്നു കൊടുത്തയച്ച സൈക്കിളിൽ അവധിദിനമായ ഇന്നലെ സഹോദരൻ ജിൽബർട്ടിനോടും മറ്റു കൂട്ടുകാരോടുമൊത്ത് സവാരി ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

റോഡിൽ നിന്നവർക്ക് ടാറ്റ നൽകി വീടിനു സമീപത്തെ മൺറോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വളവു തിരിയുന്നതിനിടെ ജിൽറ്റയുടെ സൈക്കിൾ നിയന്ത്രണം വിട്ട് താഴ്ഭാഗത്തെ പുരയിടത്തിലെ കിണറിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ മതിലിൽ ഇടിച്ച സൈക്കിളിൽ നിന്നു ജിൽറ്റ തെറിച്ചു കിണറിലേക്കു പതിച്ചു. ആൾതാമസമില്ലാതിരുന്ന വീടിനു സമീപത്തെ 40 അടിയോളം താഴ്ചയുള്ള കിണറിൽ മുപ്പതടിയോളം വെള്ളമുണ്ടാായിരുന്നു. ശബ്ദം കേട്ട് സമീപവാസികളോടൊപ്പം മാതാവ് ജിഞ്ചുവും ഓടിയെത്തിയപ്പോഴേയ്ക്കും ജിൽറ്റ വെള്ളത്തിൽ പൊങ്ങിത്താഴുകയായിരുന്നു.കിണറിന്റെ തിട്ടയിൽ പിടിച്ച് രക്ഷപ്പെടാൻ കുട്ടി ശ്രമിച്ചെങ്കിലും പി്ന്നീടു പിടിവിട്ടുപോയി.

ഷാർജയിലായിരുന്ന കുടുംബം ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയേയും മക്കളെയും നാട്ടിലാക്കിയ ശേഷം ലൈജു തിരികെ മടങ്ങി. മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂൾ (ജൂണിയർ)നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജിൽറ്റ പഠനത്തിലും മുൻപന്തിയിലായിരുന്നു. സഹോദരൻ ഇതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.സംഭവമറിഞ്ഞ് കുട്ടിയെ പ്രവേശിപ്പിച്ച മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് നിരവധിപ്പേർ ഓടിയെത്തി. എൽദോ ഏബ്രഹാം എംഎൽഎ, നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, നിർമല പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.മാത്യു മുണ്ടയ്ക്കൽ, ഹെഡ്‌മിസ്ട്രസ് സിസ്റ്റർ റ്റെസി ട്രീസ, കെസിവൈഎം കോതമംഗലം രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കണിമറ്റം, ഫാ.സോട്ടർ പെരിങ്ങാരപ്പിള്ളിൽ, ഫാ.ജോസഫ് കല്ലറയ്ക്കൽ, ഫാ.ഫ്രാൻസിസ് മഠത്തിപറമ്പിൽ, സ്‌കൂളിലെ അദ്ധ്യാപകർ, രക്ഷിതാക്കൾ, സഹപാഠികൾ തുടങ്ങിയവരും എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP