Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരഞ്ഞെടുപ്പിൽ ജനങ്ങളെ പറ്റിക്കാൻ വ്യാജ പ്രതികളെ മുഖംമൂടിയണിയിച്ചു; കുറുപ്പുംപടി പൊലീസ് മൂടി വച്ച കൊലപാതകം യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെല്ലാം നിഷ്ഫലമാക്കി; ജിഷയുടെ കൊലപാതകം നഷ്ടം വരുത്തിയത് ഭരണത്തുടർച്ച പ്രതീക്ഷിച്ച ഉമ്മൻ ചാണ്ടിക്കും മുൻ എംഎൽഎ സാജു പോളിനും

തെരഞ്ഞെടുപ്പിൽ ജനങ്ങളെ പറ്റിക്കാൻ വ്യാജ പ്രതികളെ മുഖംമൂടിയണിയിച്ചു; കുറുപ്പുംപടി പൊലീസ് മൂടി വച്ച കൊലപാതകം യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെല്ലാം നിഷ്ഫലമാക്കി; ജിഷയുടെ കൊലപാതകം നഷ്ടം വരുത്തിയത് ഭരണത്തുടർച്ച പ്രതീക്ഷിച്ച ഉമ്മൻ ചാണ്ടിക്കും മുൻ എംഎൽഎ സാജു പോളിനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുറുപ്പംപടി കനാൽ പുറമ്പോക്കിലെ വീട്ടിൽ ഏപ്രിൽ 28നാണ് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിൽ ജിഷയുടെ കുടൽമാല പുറത്തുചാടിയിരുന്നിട്ടു കൂടി പൊലീസ് നിസാരമായാണു കേസ് കൈകാര്യം ചെയ്തത്. തെരഞ്ഞെടുപ്പ് ചൂടിലമർന്നതിനാൽ ഇത്തരമൊരു വിവാദ വാർത്തയുണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടായിരുന്നു ഇത്. എങ്ങനേയും ആരും അറിയാതെ വെറുമൊരു കൊലക്കേസായി മാറട്ടെ എന്ന് പൊലീസ് കരുതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇത്തരത്തിലൊരു ഉപദേശം തന്നെ നൽകിയെന്നാണ് സൂചന. വികസന അജണ്ടയുമായി മുന്നോട്ട് പോകുന്ന ഉമ്മൻ ചാണ്ടി സർക്കാരിനെ വിവാദത്തിലാക്കാൻ ജിഷാ കൊലപാതകം എത്തില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്.

എന്നാൽ ജിഷ നിയമവിദ്യാർത്ഥിനിയായിരുന്നു. ജിഷയുടെ മരണം നിയമ പഠനകാലത്തെ സഹപാഠികൾ അറിഞ്ഞതോടെ കളി മാറി. മൃതദേഹം പെട്ടെന്ന് ദഹിപ്പിച്ചതിൽ കള്ളക്കളികൾ മണത്തു. ഏപ്രിൽ 28നുള്ള മരണം മെയ്‌ അഞ്ചോടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായി. ഇതോടെ പെരുമ്പാവൂരായി ശ്രദ്ധാകേന്ദ്രം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സർക്കാരിനെതിരെ ആഞ്ഞെടിച്ച് രംഗത്ത് എത്തി. പൊലീസിലെ നിഷ്‌ക്രിയത ചൂണ്ടിക്കാട്ടി. ഇതോടെ ജിഷ കൊലക്കേസ് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷമായി. പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കി എന്നും മാദ്ധ്യമ വാർത്തകളെത്തി. ഇതിനിടെയിൽ വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ പെരുമ്പാവൂരിലെത്തി. പ്രധാനമന്ത്രി മോദി പോലും പ്രചരണത്തിൽ ജിഷ കൊലക്കേസ് പരാമർശിച്ചതോടെ യുഡിഎഫ് പ്രതിരോധത്തിലായി.

സംഭവം തെരഞ്ഞെടുപ്പ് ചർച്ചയായതോടെ പൊലീസ് വലിയൊരു മണ്ടത്തരവും കാട്ടി. പ്രതികളായി ചിലരെ മുഖമൂടിയിട്ട് അവതരിപ്പിച്ചു. എന്നാൽ ഇവർ പ്രതികളെല്ലെന്നും പൊലീസുകാരാണെന്നും പിന്നീട് വാദമെത്തി. ഇതിനെ പ്രതിരോധിക്കുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. യുഡിഎഫ് സർക്കാരിനെ രക്ഷിക്കാനുള്ള പൊലീസിന്റെ രാജഭക്തി ഇതോടെ തിരിച്ചറിഞ്ഞു. അതിന് ശേഷം കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളും കേരളം മുഴുവൻ ചർച്ചയാക്കി. പെരുമ്പാവൂരുകാരെ മുഴുവൻ വിരലടയാള പരിശോധനയ്ക്കും മറ്റും വിധേയമാക്കയത് പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ ചർച്ചായാക്കിയത്. ഇതെല്ലാം തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മോഹങ്ങളെ തകർത്ത ഘടകങ്ങളായിരുന്നു. മുഖം മൂടിയണിയിച്ചെത്തിച്ച പ്രതികളുടെ കള്ളം പൊളിഞ്ഞതിനെ പ്രതിരോധിക്കാൻ പൊലീസിന് ഒരു ഘട്ടത്തിലുമായില്ല. കേസിന്റെ വ്യാപ്തി തിരിച്ചറിയാൻ കുറുപ്പുംപടി പൊലീസ് കഴിയാത്തത് തന്നെയാണ് ഇതിനെല്ലാം കാരണം.

കേരളത്തിൽ ദളിതരും പെൺകുട്ടികളും സുരക്ഷിതരല്ലെന്ന വാദം സജീവമായി. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും എല്ലാം ഉയർത്തി നടത്തിയ വികസന മുദ്രാവാക്യങ്ങൾ ജിഷാ കൊലയ്ക്ക് മുന്നിൽ തകർന്നു. മദ്യനയത്തിലൂടെ സ്ത്രീ വോട്ടർമാരെ അടുപ്പിക്കാമെന്ന പ്രതീക്ഷയും തെറ്റി. ജിഷയുടെ പീഡനവും കൊലപാതകവും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ദിശ തന്നെ മാറ്റി. ഇത് ഏറ്റവും ദോഷം ചെയ്തത് തുടർഭരണം ആഗ്രഹിച്ച ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷകളെയാണ്. ഇതിനൊപ്പം പെരുമ്പാവൂരിലെ ജനകീയ മുഖമായിരുന്ന സാജു പോളിനും തോൽവി നൽകി. ജിഷാക്കേസിലെ പ്രതികളെ രക്ഷിക്കാൻ സാജു പോൾ ശ്രമിക്കുന്നുവെന്ന ജിഷയുടെ അമ്മയുടെ ആരോപണമായിരുന്നു ഇതിന് കാരണം.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇന്നസെന്റ് എംപിക്കും മുന്നിൽ പൊട്ടിക്കരഞ്ഞ ജിഷയുടെ അമ്മയുടെ വാക്കുകൾ സാജു പോളിന് വിനയായി. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കു മറുപടിയേകാൻ ജിഷയുടെ അമ്മയുടെ വാക്കുകൾ യുഡിഎഫ് ഏറ്റുപിടിച്ചു. 'സാജു പോൾ ഒന്നും ചെയ്യില്ല സാറേ.. അവൻ കള്ളനാ സാറേ... അവനെ എനിക്കു കൊല്ലണം... എന്റെ കൊച്ചിനെ കൊന്നവനെ കൊല്ലണം..' എന്നിങ്ങനെ തന്റെ ഉള്ളിലെ ദുഃഖം മുഴുവൻ അണപൊട്ടിയൊഴുക്കുകയായിരുന്നു ഇന്നസെന്റിനു മുന്നിൽ ജിഷയുടെ അമ്മ. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിഷ്‌ക്രിയത്വം ചോദ്യം ചെയ്തു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ഇടതുപക്ഷം ഇവിടെ ചെറുതായൊന്ന് പതറി. എന്നാൽ പൊലീസ് അന്വേഷണത്തിലെ പ്രശ്‌നങ്ങൾ കാരണം ഇത് കേരളമുടനീളം ചർച്ചയാക്കാൻ കോൺഗ്രസിനായില്ല.

എന്നാൽ പെരുമ്പാവൂരിൽ സാജു പോളിന് വിനായായി. പിപി തങ്കച്ചനെതിരെ ഉയർന്ന ആരോപണവും വിരൽ ചൂണ്ടിയത് സാജു പോളിന് നേരെയാണ്. തങ്കച്ചനെ രക്ഷിക്കാൻ സാജൂ പോൾ ശ്രമിച്ചെന്ന പ്രചരണം കൂടിയായപ്പോൾ പെരുമ്പാവൂരിൽ സാജു പോളിന് അടിതെറ്റി. എൽദോസ് കുന്നപ്പള്ളിയോട് സാജു പോൾ തോറ്റു. എന്നാൽ സംസ്ഥാനത്തുടനീളം ഇത് ഇടതിന് തരംഗമായി മാറി. കൂടുതൽ സ്ത്രീവോട്ടർമാർ ഇടത് പക്ഷത്തോട് കൂടുതൽ അടുത്തു. ഇതിനെ പ്രതിരോധിക്കാൻ യുഡിഎഫിന്റെ പ്രചരണ വിദഗ്ദ്ധർക്ക് കഴിഞ്ഞില്ല. കേരളമാകെ സമരങ്ങളും പ്രതിഷേധ കൂട്ടായ്മകളും ഉയർത്തി ഇടതുപക്ഷം പ്രശ്‌നം വലിയ ചർച്ചായാക്കി. ഈ വിവാദത്തിലേക്ക് തങ്കച്ചന്റെ പേര് പരമാർശിക്കപ്പെട്ടതും വിനയായി.

സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ആരോപണങ്ങൾക്കു സാജു പോൾ എംഎൽഎ ഫേസ്‌ബുക്കിലൂടെ മറുപടിയും കുറിച്ചു്. ഈ പ്രശ്‌നം ഒറ്റപ്പെട്ട രീതിയിൽ അഭിസംബോധന ചെയ്ത് പോകാൻ കഴിയുന്ന ഒന്നല്ലെന്നു സാജു പോൾ വ്യക്തമാക്കുന്നു. ''കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുക, പട്ടയം ഇല്ലാത്ത ആളുകൾക്ക് പട്ടയം നൽകുക, വീടില്ലാത്തവർക്ക് വീട് നൽകുക ഇവ എൽഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എൽ ഡി ഫ് സർക്കാരുകൾ, ഇ എം എസ് ഭവനപദ്ധതി എം എൻ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇനിയും ആ പദ്ധതികളിൽ ഏറെ മുന്നാട്ട് പോകാനുണ്ട്. 750 കിലോ മീറ്റർ നീളത്തിലെ പെരിയാർ വാലി കനാൽ ഓരങ്ങളിൽ ഏകദേശം 800 കുടുംബങ്ങൾ ഇനിയും താമസിക്കുന്നതായാണ് കണക്കാകുന്നത്. അവരുടെ പട്ടയപ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ജനസമ്പർക്കമടക്കം വേദികളിൽ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.'' സാജു പോൾ വിശദീകരിച്ചു. എന്നാൽ ഇതൊന്നും പെരുമ്പാവൂരിലെ വോട്ടർമാരെ സ്വാധീനിക്കാൻ പോന്നതായിരുന്നില്ല.

തെരഞ്ഞെടുപ്പിന് ശേഷമാണ് തങ്കച്ചനെ പരസ്യമായി കുറ്റപ്പെടുത്തി ജോമോൻ പുത്തൻപുരയ്ക്കൽ എത്തിയത്. എന്നാൽ അതിന് മുമ്പേ തന്നെ തങ്കച്ചനെതിരെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. കോൺഗ്രസ് വാർഡ് മെമ്പർക്കെതിരെ ഉയർന്ന ആരോപണങ്ങളും നിർണ്ണായകമായി. ഇതും സംസ്ഥാന തലത്തിൽ ചർച്ചയായി. ജിഷാക്കേസിൽ പൊലീസ് ആദ്യഘട്ടത്തിൽ നടത്തിയ എല്ലാ നീക്കവും പാളിയത് തന്നെയാണ് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ വിനയായത്. അതു തിരിച്ചറിഞ്ഞ് തന്നെയാണ് പുതിയ സംഘത്തെ പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ നിയോഗിക്കാൻ കാരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP