Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വടംകെട്ടിത്തിരിച്ച് വമ്പൻ സന്നാഹവുമായി കാത്തിരുന്നു; പ്രതിഷേധക്കാരെ കണ്ടപ്പോൾ തന്നെ നടപടിയും തുടങ്ങി; ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുന്നതിനിടെ ബൂട്ടിട്ടും ചവിട്ടി; പരിക്കേറ്റ മഹിജയെ പേരൂർക്കട ആശുപത്രിയിൽ കൊണ്ടു പോയതും വലിച്ചിഴച്ച്; മകൻ മരിച്ച അമ്മയുടേയും അച്ഛന്റേയും ദുഃഖം കാക്കിക്കുപ്പായക്കാർ കണ്ടില്ല; പ്രതിഷേധം വ്യാപകം; നാളെ സംസ്ഥാന ഹർത്താൽ; പൊലീസ് ആസ്ഥാനത്തു നാളെ മുതൽ സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ സഹോദരി

വടംകെട്ടിത്തിരിച്ച് വമ്പൻ സന്നാഹവുമായി കാത്തിരുന്നു; പ്രതിഷേധക്കാരെ കണ്ടപ്പോൾ തന്നെ നടപടിയും തുടങ്ങി; ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുന്നതിനിടെ ബൂട്ടിട്ടും ചവിട്ടി; പരിക്കേറ്റ മഹിജയെ പേരൂർക്കട ആശുപത്രിയിൽ കൊണ്ടു പോയതും വലിച്ചിഴച്ച്; മകൻ മരിച്ച അമ്മയുടേയും അച്ഛന്റേയും ദുഃഖം കാക്കിക്കുപ്പായക്കാർ കണ്ടില്ല; പ്രതിഷേധം വ്യാപകം; നാളെ സംസ്ഥാന ഹർത്താൽ; പൊലീസ് ആസ്ഥാനത്തു നാളെ മുതൽ സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ സഹോദരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്താൻ എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെയും കുടുംബാംഗങ്ങളെയും പൊലീസ് നേരിട്ടത് അതിക്രൂരമായി. റോഡിൽ വലിച്ചിഴച്ചും നാഭിക്കു തൊഴിച്ചും പൊലീസ് ക്രൂരത കാട്ടി. പൊലീസ് നടപടിക്കിടെ പരിക്കേറ്റ മഹിജയെ ആദ്യം പേരൂർക്കട ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭരണകൂട ഭീകരതയാണ് നടന്നതെന്ന് സാമൂഹിക-സാസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു.

വളരെ ക്രൂരമായി പെരുമാറിയ പൊലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് എആർ ക്യാമ്പിലേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. മഹിജയെ ഡിജിപി ചർച്ചയ്ക്ക് വിളിച്ചെങ്കിലും പൊലീസ് ആസ്ഥാനത്തേക്ക് കടക്കാൻ പോലും പൊലീസ് അനുവദിച്ചില്ല. ആസ്ഥാനത്തിന് മുന്നിൽ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് തടയുകയായിരുന്നു. ഇവർ പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നിൽ സമരം പാടില്ല, വേണമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താം എന്നായിരുന്നു പൊലീസ് നിലപാട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

സമരം നടത്താനായി ജിഷ്ണുവിന്റെ കുടുംബം എത്തുന്നുവെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ നെഹ്റു കോളേജ് ചെയർമാൻ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു അറസ്റ്റ്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഉടൻ വിട്ടയക്കുകയായിരുന്നു. ഇത് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ ആരോപിച്ചു. കൃത്യമായ ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ ഡിജിപിയുമായി ചർച്ച നടത്തുകയുള്ളൂ എന്നും മഹിജ വ്യക്തമാക്കിയിരുന്നു.

ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സമരത്തിനെത്തിയത്. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാൻ കുടുംബം തീരുമാനിച്ചത്.

നാട്ടുകാർ ഉൾപ്പെടെ 16 അംഗം സംഘമാണ് കേസിൽ നീതിലഭിക്കണം എന്ന വിഷയമുയർത്തി സമരം നടത്താനായി എത്തിയത്. ഇന്നു രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട മ്യൂസിയം സിഐ, ഇവിടെ സമരം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരുന്നാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. വളരെ ക്രൂരമായി പെരുമാറിയ പൊലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് എആർ ക്യാമ്പിലേക്ക് മാറ്റി. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

മഹിജയേയും കൂടെയുള്ള ആറു പേരെയും ഡിജിപി ചർച്ചയ്ക്ക് വിളിച്ചെങ്കിലും എല്ലാവരുമൊരുമിച്ച് മാത്രമെ ഡിജിപിയെ കാണുകയുള്ളുവെന്ന് മഹിജ അറിയിച്ചു. തുടർന്ന് ഇവരെ പൊലീസ് ആസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കാതെ പൊലീസ് തടയുകയായിരുന്നു. ഇവർ പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നിൽ സമരം പാടില്ല, വേണമെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താം എന്നായിരുന്നു പൊലീസ് നിലപാട്. ഇതിൽ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്മാറാൻ കൂട്ടാക്കാത്ത മഹിജയെ പൊലീസ് വലിച്ചിഴച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മഹിജയുടെ ഇടുപ്പിനും നട്ടെല്ലിനും പരിക്കുണ്ട്. വീഴ്ചയിൽ സംഭവിച്ചാതാകാം പരിക്കെന്നു കരുതപ്പെടുന്നു. മഹിജയുടെ സഹോദരൻ ശ്രീജിത്തും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ മ്യൂസിയം എസ്‌ഐയും കന്റോൺമെന്റ് ഏജിയും മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് മഹിജ മൊഴി നല്കിയിട്ടുണ്ട്.

പൊലീസിന്റെ നടപടി വിവാദമായതിനെത്തുടർന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പേരൂർക്കടയിലെ ആശുപത്രിയിലെത്തി മഹിജയെ കണ്ടു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള സംയമന നീക്കങ്ങളുടെ ഭാഗമായി ഐജി മനോജ് ഏബ്രഹാം ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മാവനുമായും മറ്റു ബന്ധുക്കളുമായും ചർച്ച നടത്തിയിരുന്നു. ആർക്കുവേണമെങ്കിലും ഏതു സമയത്തും ഡിജിപിയെ കാണാമെന്നും എന്നാൽ സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം നടത്താൻ ആരെയും അനുവദിക്കില്ലെന്നും ആശുപത്രിക്കു പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മർദനത്തിൽ പരുക്കേറ്റ മഹിജയെ പിന്നീടു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നാളെ മുതൽ നിരാഹാരമിരിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ സഹോദരി ആര്യ അറിയിച്ചു.

സംസ്ഥാനത്തു നാളെ യുഡിഎഫ്- ബിജെപി ഹർത്താൽ

ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തു നാളെ യുഡിഎഫ്- ബിജെപി ഹർത്താൽ. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഹർത്താലിൽനിന്നു ഒഴിവാക്കി. തിരുവനന്തപുരത്തും കോഴിക്കോട്ടും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.

അക്രമത്തിനു പിന്നിൽ പുറത്തുനിന്നുള്ളവരെന്നു ഡിജിപി

പൊലീസ് ആസ്ഥാനത്തിനു മുൻപിൽ നടന്ന അക്രമ സംഭവങ്ങളിൽ പുറത്തുനിന്നുള്ളവർക്കു പങ്കുണ്ടെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ഐജിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മർദിച്ചുവെന്ന ആരോപണവും അന്വേഷിക്കും. പേരൂർക്കട ആശുപത്രിയിൽ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും സന്ദർശിച്ചശേഷമാണു ബെഹ്‌റ മാധ്യമങ്ങളോടു സംസാരിച്ചത്.

തങ്ങളുടെ കൂടെവന്നതു കുറച്ചുപേരാണെന്നും ബാക്കിയുള്ളവരെ അറിയില്ലെന്നും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് അറിയിച്ചതായി ബെഹ്‌റ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

മകൻ നഷ്ടപ്പെട്ട അമ്മയുടെ ദുഃഖം സർക്കാരിനു മനസിലാകില്ലേ: ചെന്നിത്തല

അതിനിടെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മകൻ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഃഖം മനസിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു. അവരെ അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പൊലീസിന്റെയും സർക്കാരിന്റെയും അനാസ്ഥ അവസാനിപ്പിക്കാൻ നടപടികളെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസ് നടപടി തീരെ തെറ്റായിപ്പോയെന്നു കോൺഗ്രസ് നേതാവ് വി എം.സുധീരനും പറഞ്ഞു.

ഡിജിപിയെ ഫോണിൽവിളിച്ചു രൂക്ഷമായി ശകാരിച്ച് വി എസ്

ജിഷ്ണുവിന്റെ ബന്ധുക്കളെ മർദ്ദിച്ച പൊലീസ് നടപടിയിൽ ഡിജിപിക്കു ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദന്റെ ശകാരം. ഫോണിൽ വിളിച്ചു രൂക്ഷമായ ഭാഷയിലാണ് വി എസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ശകാരിച്ചത്. ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് പീഡിപ്പിക്കുകയാണെന്നും വി എസ് പറഞ്ഞു.

കേരളത്തിനു മൊത്തം നാണക്കേട്: ഉമ്മൻ ചാണ്ടി

ജിഷ്ണുവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ രീതി മനുഷ്യത്വരഹിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സാങ്കേതികത്വം പറഞ്ഞ് അവരെ സമരം ചെയ്യുന്നതിൽ നിന്ന് തടയാൻ പാടില്ലായിരുന്നു. സാങ്കേതികത്വം മനുഷ്യത്വത്തിന് വഴിമാറുകയായിരുന്നു വേണ്ടത്.
മകൻ നഷ്ടമായ വേദന അറിയിക്കാനാണ് അവർ സമരം നടത്താനായി എത്തിയത്. അവരെ അതിന് അനുവദിക്കേണ്ടതായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുചോദിക്കണം. സംഭവം കേരള മനസാക്ഷിക്കു മുമ്പിൽ ചോദ്യചിഹ്നമാണെന്നും കേരളത്തിനു മൊത്തം നാണക്കേടാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

പഴയ സഖാക്കളെയല്ല, പുത്തൻപണക്കാരെയാണ് സർക്കാർ സംരക്ഷിക്കുന്നത്: രാജഗോപാൽ

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള പൊലീസിന്റെ പെരുമാറ്റം ക്രൂരമായിപ്പോയെന്ന് ബിജെപി എംഎ‍ൽഎ ഒ. രാജഗോപാൽ പറഞ്ഞു. എസിപിയുടെയും മറ്റു പൊലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിനിടയിൽ ഇവരോട് സംസാരിച്ചത് വളരെ മോശം ഭാഷയിലാണ്. സ്ത്രീകൾക്കെതിരായി വലിയ അതിക്രമമാണ് നടന്നത്.

കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുകയാണ് ചെയ്തത്. ഈ രീതിയിൽ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. ഇടതുപക്ഷത്തിന്റെ കൂടെ നിന്നവരാണ് ജിഷ്ണുവിന്റെ കുടുംബം. അവർക്കാണ് ഡിജിപിയെ കാണാൻ അവസരം നൽകാതെ പൊലീസ് ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. പഴയ സഖാക്കൾക്കുവേണ്ടിയല്ല, പുത്തൻ പണക്കാരെ സംരക്ഷിക്കാൻവേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്നും രാജഗോപാൽ പറഞ്ഞു.

ജിഷ്ണുവിന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരായ നടപടികൾ നിർത്തിവെച്ച് അവരെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണം. സംഭവത്തിൽ പ്രതിഷേധിച്ച് ഡിജിപിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാർച്ച് അടക്കമുള്ള സമരപരിപാടികൾ നടത്തുമെന്നും ഒ. രാജഗോപാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP