Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു കുടുംബം മുഴുവൻ നിരാഹാര സമരത്തിൽ; ജീവനോളം സ്‌നേഹിച്ച പാർട്ടിക്കാർ തന്നെ അപവാദ പ്രചരണവുമായി സോഷ്യൽ മീഡിയയിൽ; സർക്കാറിലും മുന്നണിയിലും പാർട്ടിയിലും അഭിപ്രായ ഭിന്നത; പൊലീസിന്റെ കരുത്തില്ലായ്മയും പിണറായിയുടെ പിടിവാശിയും എൽഡിഎഫ് സർക്കാറിനെ എത്തിച്ചിരിക്കുന്നത് നാണക്കേടിന്റെ പാതാളത്തിൽ

ഒരു കുടുംബം മുഴുവൻ നിരാഹാര സമരത്തിൽ; ജീവനോളം സ്‌നേഹിച്ച പാർട്ടിക്കാർ തന്നെ അപവാദ പ്രചരണവുമായി സോഷ്യൽ മീഡിയയിൽ; സർക്കാറിലും മുന്നണിയിലും പാർട്ടിയിലും അഭിപ്രായ ഭിന്നത; പൊലീസിന്റെ കരുത്തില്ലായ്മയും പിണറായിയുടെ പിടിവാശിയും എൽഡിഎഫ് സർക്കാറിനെ എത്തിച്ചിരിക്കുന്നത് നാണക്കേടിന്റെ പാതാളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കേരളീയർക്ക് എല്ലാം നന്നായി അറിയാം. ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചു നിൽക്കുകയും എത്ര എതിർപ്പുണ്ടായാലും ആ നിലപാടിനെ തള്ളിപ്പറയാതിരിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ കാർക്കാശ്യം നിറഞ്ഞ ശൈലി. എന്നാൽ, മുഖ്യമന്ത്രിക്കസേരയിൽ എത്തിയിട്ടും പിണറായി വിജയൻ തന്റെ തന്നിഷ്ട ശൈലി തുടരുകയാണ്. എന്നാൽ, പതിവിന് വിപരീതമായി കേരളത്തിന്റെ സമസ്ത കോണിൽ നിന്നും ധാർഷ്ട്യക്കാരാനായ പിണറായിക്കെതിരെ കടുത്ത എതിർപ്പ് ഉയരുകയാണ്. പ്രതിപക്ഷ പാർട്ടികളോ മറ്റുള്ളവരോ സൃഷ്ടിച്ചതല്ല, ഇപ്പോൾ ഇടതു സർക്കാർ നേരിടുന്ന പ്രതിസന്ധി. ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിക്ക് നീതി തേടി അവരുടെ മാതാവും കുടുംബവും ഒന്നടങ്കം തെരുവിൽ ഇറങ്ങിയാപ്പോൾ ലാത്തി കൊണ്ട് അതിനെ നേരിടാമെന്ന് കരുതിയ പൊലീസ് വരുത്തിവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ജിഷ്ണുവിന്റെ മാതാവ് മഹിജയെ പൊലീസ് മർദ്ദിച്ചതോടെ കേരളാ പൊലീസും പിണറായിയും നാണക്കേടിന്റെ പടുകുഴിയിലാണ്. സ്വന്തം മുന്നണിയിലും പാർട്ടിയിൽ നിന്നും കടുത്ത എതിർപ്പാണ് പിണറായി നേരിടുന്നത്. എങ്കിലും കൂസൽ ഇല്ലായ്മ്മ തുടരുകയാണ് പിണറായി.

മുഖ്യമന്ത്രിയുടെ നിലപാടിൽ യാതൊരു മാറ്റവും ഇല്ലെങ്കിലും മഹിജയെന്ന മാതാവിന്റെ മനസിനൊപ്പമാണ് കേരളം. നഷ്ടപ്പെട്ട മകന് നീതി കിട്ടാൻ വേണ്ടി ഒരു കുടുംബം മുഴുവനാണ് ഇപ്പോൾ സമരത്തിലുള്ളത്. അടിച്ചമർത്താൻ പൊലീസ് ഏതു നിമിഷവും എത്തും എന്നതിനാൽ നിരാഹാ സമരത്തിന്റെ മാർഗ്ഗത്തിലാണ് ആ കുടുംബം. അമ്മ മഹിജയും സഹോദരൻ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസുപത്രിയിൽ നിരാഹാരസമരത്തിലാണ്. ജിഷ്ണുവിന്റെ അച്ഛൻ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയുമുൾപ്പെടെ 15 പേർ മെഡിക്കൽ കോളേജ് വളപ്പിലും വ്യാഴാഴ്ച രാവിലെ നിരാഹരസമരം തുടങ്ങി.

ജിഷ്ണുവിന്റെ കുടുംബം മുഴുവൻ നിരാഹാര സമരത്തിൽ

അമ്മ മഹിജയ്ക്കും ബന്ധുക്കൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമം ചാനലിൽ കാണാനിടയായ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വടകര വളയത്തെ വീട്ടിലും ഭക്ഷണമുപേക്ഷിച്ച് സമരം തുടങ്ങിയതോടെ സർക്കാർ വീണ്ടും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. അമ്മയെ തല്ലാൻകാണിച്ച ആവേശം പ്രതികളെ പിടികൂടാൻ പൊലീസ് കാണിക്കാത്തത് ഏറെ സങ്കടമായെന്നാണ് സഹോദരി പറയുന്നത്. നെഹ്രു കോളേജ് ഉടമ കൃഷ്ണദാസിനോടുള്ളതുപോലെ പൊലീസുകാരോടും ദേഷ്യം തോന്നുന്നു. കുടുംബം ഏറെ സ്നേഹിച്ച പ്രസ്ഥാനത്തിൽനിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. കഴിഞ്ഞവർഷത്തെ ജിഷ്ണുവിന്റെ വിഷുക്കണി പിണറായി വിജയനായിരുന്നു. ഇപ്രാവശ്യം കണികാണിക്കാൻ ജിഷ്ണുവില്ല. വിജയംകാണുന്നതുവരെ സമരംതുടരും -ജിഷ്ണുവിന്റെ സഹോദരി പറഞ്ഞു.

ബുധനാഴ്ചത്തെ പൊലീസ് അതിക്രമത്തോടെ, ജിഷ്ണുവിന്റെ മരണവും അതേത്തുടർന്നുണ്ടായ സംഭവങ്ങളും പുതിയൊരു ദിശയിലേക്ക് കടന്നു. പൊതുവെ, ഹർത്താലിന് എതിരായ കേരളം വ്യാഴാഴ്ച ഒരമ്മയുടെ വേദനയ്‌ക്കൊപ്പം അതിനോട് സഹകരിച്ചു. സമാനതകളില്ലാത്ത സമരത്തിനും പ്രതിഷേധത്തിനുമാണ് കേരളം സാക്ഷിയാകുന്നത്. ജിഷ്ണുവിന്റെ അച്ഛൻ അശോകൻ, അമ്മായി ശോഭ, ഇളയച്ഛൻ ബാലൻ, ബന്ധുക്കളായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, മഹേഷ്, ഹരിദാസ്, അശോകൻ, പാമ്പാടി നെഹ്രു കോളേജിലെ പൂർവവിദ്യാർത്ഥി ബിമൽ രാജ്, അവസാനവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി കെ.എൽ. അരുൺ തുടങ്ങിയവരാണ് മെഡിക്കൽ കോളേജ് ആശുപത്രിവളപ്പിൽ സമരംചെയ്യുന്നത്. വെള്ളിയാഴ്ച മുതൽ മഹിജയും അശോകനും നിരാഹാരസമരവും ബാക്കിയുള്ളവർ റിലേ സത്യാഗ്രഹവും നടത്താനാണ് ഉദ്ദേശിക്കുന്നത്. മഹിജയെയും ശ്രീജിത്തിനെയും ഡിസ്ചാർജ് ചെയ്തശേഷമേ സമരത്തിന്റെരീതി എങ്ങനെമാറ്റണമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അശോകൻ പറഞ്ഞു.

പൊലീസിനെതിരെ നടപടി വേണ്ടെന്ന് സർക്കാറും ഉദ്യോഗസ്ഥരും

അതേസമയം ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ വലിച്ചിഴച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ ഉന്നത ഉദ്യോഗസ്ഥരും സർക്കാരും. എന്നാൽ വിഷയം കൂടുതൽ രൂക്ഷമാകാതിരിക്കാൻ, തന്നെ മർദിച്ചതായി മഹിജ ആരോപിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും സൂചന. എൽഡിഎഫിലെ ഘടകകക്ഷികൾക്കു പൊലീസ് നടപടിയിൽ കടുത്ത അമർഷമുണ്ട്.

മഹിജയെയും മറ്റും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തതിൽ പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായില്ലെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ച ഐജി മനോജ് ഏബ്രഹാമിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇവരോടൊപ്പം എത്തിയ അഞ്ചുപേർ പ്രശ്‌നം വഷളാക്കാൻ ഗൂഢാലോചന നടത്തിയോ എന്നുകൂടി അന്വേഷിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം ഐജിയോടു നിർദേശിച്ചു.

ഇതുകൂടി പരിശോധിച്ച് ഐജി ഇന്നു ഡിജിപിക്കു റിപ്പോർട്ട് കൈമാറും. അതിനുശേഷമാകും തുടർനടപടി ആലോചിക്കുക. അതിനിടെ, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനും ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനും ക്രൈംബ്രാഞ്ച്് എഡിജിപി നിതിൻ അഗർവാളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികളെ പിടിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

മഹിജയെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് മർദിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഐജി വിലയിരുത്തി. ആറുപേർക്കു ഡിജിപിയെ കാണാൻ അവസരം നൽകിയിട്ടും 16 പേർക്ക് ഒരുമിച്ചു കാണണമെന്നു നിർബന്ധം പിടിച്ചതാണു പ്രശ്‌നം വഷളാക്കിയത്. അതേസമയം സംഭവം പൊലീസിനു കുറച്ചുകൂടി മെച്ചമായ രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്.
ഡിജിപി ഇന്നലെ ചർച്ചയ്ക്കു വിളിച്ചെങ്കിലും ആശുപത്രിയിലായതിനാൽ കാണാൻ കഴിയില്ലെന്നു ജിഷ്ണുവിന്റെ ബന്ധുക്കൾ അറിയിച്ചു. ഐജിയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചർച്ചചെയ്തു. തുടർന്നാണു കൂടുതൽ വിഷയങ്ങൾ അന്വേഷിക്കാൻ ഡിജിപി നിർദേശിച്ചത്.

പൊലീസ് അടിവയറ്റിൽ ചവിട്ടിയെന്ന് മഹിജ, വെള്ളപ്പൂശൽ റിപ്പോർട്ടിനെതിരെ കുടുംബം ഒന്നിച്ച് രംഗത്ത്

പൊലീസ് അതിക്രമം കാണിച്ചില്ലെന്ന ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും. പൊലീസ് തന്നെ ചവിട്ടിയതും വലിച്ചിഴച്ചതും ജനങ്ങൾ മുഴുവൻ കണ്ടതാണെന്നും ശരീരത്തിലെ ക്ഷതങ്ങൾ ഡിജിപിയെ നേരിട്ടു ബോധ്യപ്പെടുത്തിയതാണെന്നും മഹിജ പറഞ്ഞു. പൊലീസ് ചവിട്ടിയ പാടുകൾ ഡിജിപിക്കും ഐജിക്കും കാണിച്ചുകൊടുത്തതാണ്. എല്ലാം ബോധ്യപ്പെട്ടെന്നും നടപടിയെടുക്കാമെന്നും ഡിജിപി ഉറപ്പു നൽകിയിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ എല്ലാ തെളിവും നിരത്തിവച്ചിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്തില്ലല്ലോ എന്നും മഹിജ പറഞ്ഞു.

നീതി തേടി ഡിജിപിയെ കാണാനെത്തിയപ്പോൾ അഞ്ചുപേരെ മാത്രമേ കടത്തിവിടൂ എന്നാണു പറഞ്ഞത്. 14 പേർ എത്തിയിട്ടുണ്ടെന്നു ബോധ്യപ്പെടുത്താൻ യാത്രാടിക്കറ്റ് വരെ അവർക്കു കാണിച്ചുകൊടുത്തു. അതൊന്നും അനുവദിക്കാൻ പൊലീസ് തയാറായില്ലെന്നും മഹിജ പറഞ്ഞു. മഹിജയുടെ വയറിൽ പൊലീസ് ബൂട്ടിട്ടു ചവിട്ടിയ പാടുകളുണ്ടെന്നു സഹോദരൻ ശ്രീജിത് പറഞ്ഞു. കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിലും ഇടതു മുന്നണിയിലും എതിർപ്പ് പുകയുന്നു

അതേസമയം വിഷയത്തിൽ മുന്നണിയിലും പാർട്ടിയിലും പിണറായി വിജയൻ കൂടുതൽ ഒറ്റപ്പെടുകയാണ്. മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് നടപടി തെറ്റാണെന്ന് പരസ്യമായി തന്നെ സിപഐ നിലപാട് ശക്തമാക്കി. മുഖ്യമന്ത്രി മാപ്പുപറയണമെന്ന വാദമുയർത്തി യു.ഡി.എഫും ബിജെപി.യും സമ്മർദം ശക്തമാക്കി. ജനങ്ങൾക്കിടയിലും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. മകൻ മരിച്ച കേസിൽ നീതി തേടിയെത്തിയ അമ്മയോട് പരാക്രമംകാട്ടിയ പൊലീസ് നടപടി ഇടതുമുന്നണിയുടെ നയമല്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഈ വാദം പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. പൊലീസ് ധാർഷ്ട്യം കാട്ടിയെന്നായിരുന്നു ബേബിയുടെ പ്രധാന വിമർശനം. എന്നാൽ പൊലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചതെന്ന് ബേബിയോടുതന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. മലപ്പുറത്ത് ചേളാരിയിൽ നടന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും മഹിജയോട് പൊലീസ് അതിക്രമമൊന്നും കാട്ടിയിട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. പൊലീസ് വലിച്ചിഴച്ചതായാണ് പ്രചാരണം. എന്നാൽ മാധ്യമങ്ങളിൽ കണ്ട ദൃശ്യങ്ങളിലൊന്നിലും വലിച്ചിഴച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സർക്കാരിനെ പ്രതിരോധിക്കാൻ പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കൾ തയ്യാറായിട്ടില്ല. മകൻ നഷ്ടപ്പെട്ട അമ്മയുടെ വികാരം മനസ്സിലാക്കുന്നതിൽ സർക്കാരും മുഖ്യമന്ത്രിയും പരാജയപ്പെട്ടെന്നാണ് അവരുടെ ആരോപണം. പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ലെങ്കിലും മഹിജയുടെ സഹോദരൻ ശ്രീജിത്തിനെ ഫോണിൽ വിളിച്ച് വി എസ്. അച്യുതാനന്ദൻ പിന്തുണ അറിയിച്ചിട്ടുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കുമെന്നതുകൊണ്ടാണ് മഹിജയെ ആശുപത്രിയിൽ പോയി വി എസ്. കാണാത്തതെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നത്. പൊളിറ്റ്ബ്യൂറോയിലെ രണ്ടു നേതാക്കൾ വിരുദ്ധാഭിപ്രായങ്ങളുമായി എത്തിയത് പാർട്ടിയണികളിലും മലപ്പുറം ഉപതിരഞ്ഞെടുപ്പുവേദികളിലും ചൂടുള്ള ചർച്ചയായി. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൗനം പാലിച്ചു.

ബേബിയുടെ പ്രതികരണത്തിനുപിന്നാലെ മന്ത്രി എം.എം. മണി മഹിജയെ വിമർശിച്ച് രംഗത്തെത്തി. ഇതു സംബന്ധിച്ച് രൂക്ഷമായ പ്രതികരണം നടത്തിയില്ലെങ്കിലും പൊലീസ് നടപടിയെ സിപിഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും വിമർശിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എം.എ. ബേബി ആഞ്ഞടിച്ചത്: പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ചും സത്യാഗ്രഹവും കേരളത്തിൽ സാധാരണമാണെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുമുന്നിൽ സമരമാകാമെങ്കിൽ പൊലീസ് ആസ്ഥാനത്ത് സമരംപാടില്ലെന്ന വാദത്തിന് ന്യായമില്ല. പൊലീസ് നടപടിയിലെ അപാകതയ്ക്കെതിരെയാണ് മഹിജയുടെ സമരം. മറ്റു സമരങ്ങളോട് എടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലീസ് സ്വീകരിക്കാൻ പാടുള്ളൂ. പൊലീസ് ആസ്ഥാനം സമരത്താൽ അശുദ്ധമാകാൻ പാടില്ലെന്ന വാദത്തിന് പ്രസക്തിയില്ല'- എം.എ. ബേബി കുറ്റപ്പെടുത്തുന്നു. പൊലീസ് നടപടിക്കെതിരെ വിവിധകോണുകളിൽനിന്ന് കടുത്ത വിമർശനമുയർന്നതോടെയാണ് ബേബിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

രണ്ടാഴ്ച മുമ്പുചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് -സംസ്ഥാന സമിതിയോഗങ്ങളിലും പൊലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനത്തിലും വീഴ്ചയുണ്ടെന്ന് ആക്ഷേപവുമുണ്ടായി. ഇതനുസരിച്ച് ഉപദേഷ്ടാവിനെ നിയമിക്കാൻ ഒരുക്കം നടക്കുന്നതിനിടയിലാണ് പൊലീസ് വീണ്ടും വിവാദത്തിൽപ്പെടുന്നത്.

സമരം ചെയ്താൽ അറസ്റ്റു ചെയ്യും, എരിതീയിൽ എണ്ണയൊഴിച്ച് മന്ത്രി എം എം മണി

ജിഷ്ണുവിന്റെ മാതാവിനെ ആക്രമിച്ച സംഭവത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കവേ എരിതീയിൽ എണ്ണയൊഴിച്ച് മന്ത്രി എംഎം മണി രംഗത്തെത്തി. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും മറ്റു ബന്ധുക്കൾക്കുംനേരേ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ചാണ് വൈദ്യുതിമന്ത്രി രംഗത്തെത്തിയത്. ഇവർക്കെതിരേ നടന്ന പൊലീസ് നടപടിയിൽ തെറ്റായിട്ടൊന്നുമില്ല. അവർ ഇനിയും സമരംചെയ്താൽ ഇനിയും അറസ്റ്റുചെയ്യും -അദ്ദേഹം പറഞ്ഞു. യു.ഡി.എഫും ബിജെപി.യുമാണ് ഇതിനുപിന്നിൽ. അതുകൊണ്ടാണ് അവർ ഒന്നിച്ച് ഹർത്താൽ നടത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തോട് സർക്കാരിന് സഹതാപമുണ്ട്. സാധ്യമായ സഹായങ്ങളെല്ലാം അവർക്ക് ചെയ്തു. ഇനിയും സഹായിക്കും -മന്ത്രി പറഞ്ഞു.

ദ്രോഹിച്ച പൊലീസുകാർക്കെതിരേ നടപടിയെടുക്കണം എന്നിട്ടാകാം ചർച്ചയെന്ന് മഹിജയും ഭർത്താവും

മകൻ മരിച്ച് 90 ദിവസമായിട്ടും പ്രതികളെ പിടിക്കാത്തതിൽ വിഷമിച്ചിരിക്കുന്ന അമ്മയാണ് ഞാൻ. നീതിതേടിവന്ന അമ്മയോട് അവർ ചെയ്തത് നിങ്ങൾ കണ്ടതല്ലേ? ഞങ്ങളെ ദ്രോഹിച്ച പൊലീസുകാർക്കെതിരേ നടപടിയെടുക്കണം. ചർച്ചയുമായി ഞങ്ങൾ സഹകരിക്കും. പക്ഷേ, പൊലീസുകാർക്കെതിരേ നടപടിയെടുക്കണം. ഡി.ജി.പി.ക്ക് പരാതികൊടുക്കാൻ പോയപ്പോഴല്ലേ പൊലീസ് ആക്രമിച്ചത്. എന്നെയും ബന്ധുക്കളെയും ആക്രമിച്ചവർക്കെതിരേ ആദ്യം നടപടിയെടുക്കട്ടെ. അതിനുശേഷം ചർച്ചയാകാം- മഹിജ പ്രതികരിച്ചു.

എല്ലാ തെളിവുകളുണ്ടായിട്ടും ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റുചെയ്യുന്നില്ല. ബുധനാഴ്ച പ്രശ്‌നമുണ്ടാക്കിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡു ചെയ്യണം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുംവരെ നിരാഹാരസമരം നടത്തുമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകനും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP