Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202410Friday

ജിതേഷ് ജീവിതത്തിലേക്കു മടങ്ങിവരും; മസ്തിഷ്‌ക മരണം സംഭവിച്ച സാൻജോസിന്റെ ഹൃദയം ജിതേഷിൽ മിടിക്കും; സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഇടപെടലിനു പൂർണതയാകുന്നതു സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ

ജിതേഷ് ജീവിതത്തിലേക്കു മടങ്ങിവരും; മസ്തിഷ്‌ക മരണം സംഭവിച്ച സാൻജോസിന്റെ ഹൃദയം ജിതേഷിൽ മിടിക്കും; സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഇടപെടലിനു പൂർണതയാകുന്നതു സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സുമനസുകളുടെയും പ്രതീക്ഷകൾ വിഫലമായില്ല. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിതേഷിനെ (32) തേടി ഒരു ഹൃദയമെത്തി.

മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാൻജോസ് ജോസഫിന്റെ (20) ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ജിതേഷിനായി എത്തിച്ചത്. കേരളസർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എൻ.ഒ.എസ്. (മൃതസഞ്ജീവനി) വഴിയാണു ഹൃദയം എത്തിച്ചത്.

പദ്ധതി പ്രകാരം തമിഴ്‌നാട്ടിൽ നിന്നും ജിതേഷിനായി ഹൃദയം എത്തിക്കുവാനുള്ള ശ്രമം കഴിഞ്ഞയാഴ്ച അവസാന നിമിഷം ഉപേക്ഷിച്ചിരുന്നു. ഇതിനെത്തുടർന്ന് ജിതേഷിന്റെ ജീവൻ നിലനിർത്താനായി ഏകദേശം 70 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തു നിന്നും ലെഫ്റ്റ് വെൻട്രിക്കുലാർ അസിസ്റ്റ് ഡിവൈസ് എത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഈയൊരു വലിയതുക കണ്ടെത്താൻ നെട്ടോട്ടമോടുമ്പോഴാണ് സർക്കാരിന്റെ മൃതസജ്ഞീവനി പദ്ധതി വീണ്ടും തുണയായത്.

സണ്ണി, മിനി ദമ്പതികളുടെ മകനാണ് സാൻജോസ്. രണ്ട് സഹോദരങ്ങളുണ്ട്. ഒക്ടോബർ ആറിനു രാത്രി ഏഴിന് സാൻജോസ് ഓടിച്ചിരുന്ന ബൈക്ക് ചങ്ങനാശേരി, ആലപ്പുഴ റൂട്ടിൽ വച്ച് ട്രക്കുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ സാൻജോസിനെ പെരുന്ന എൻഎസ്എസ് ആശുപത്രിയിൽ എത്തിച്ചശേഷം അന്നുതന്നെ പുഴ്പഗിരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റിരുന്ന സാൻജോസിന്റെ മസ്തിഷ്‌കമരണം ഇന്ന് പുലർച്ചെ രണ്ടോടെയാണു വിദഗ്ധ സംഘം സ്ഥിരീകരിച്ചത്. ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ അംഗീകരിച്ച നാലംഗ ഡോക്ടർമാരുടെ വിദഗ്ധസംഘം ആറുമണിക്കൂറിടവിട്ട് രണ്ടുതവണ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

അവയവദാനത്തിന് സാൻജോസിന്റെ കുടുംബാംഗങ്ങൾ തയ്യാറായതിനെത്തുടർന്ന് പുഷ്പഗിരിയിലെ ഡോക്ടർമാർ കെ.എൻ.ഒ.എസിനെ (മൃതസഞ്ജീവനി) ഇക്കാര്യം അറിയിച്ചു. ഉടൻ തന്നെ മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും സാൻജോസിന്റെ അവയവങ്ങൾ ചേർച്ചയായവരെ കണ്ടെത്തുകയായിരുന്നു.

ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള അടിയന്തിരമായി ഹൃദയം ആവശ്യമുള്ള ജിതേഷിനു നൽകാൻ തീരുമാനിക്കുകയായിരുന്നു. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഇരുവൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും നേത്രപടലം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നേത്ര ബാങ്കിനും നൽകി.

തിങ്കളാഴ്ച പുലർച്ചെ 5.45ന് സാൻ ജോസിന്റെ ഹൃദയം പുഷ്പഗിരിയിൽ നിന്നും എടുത്ത് റോഡുമാർഗം 6.55ന് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചിരുന്നു. 120 കിലോമീറ്റർ ദൂരം പൊലീസിന്റെ സഹായത്തോടെ കേവലം ഒരു മണിക്കൂർ പത്ത് മിനിട്ടു കൊണ്ടാണ് ഓടിയെത്തിയത്. ഹൃദയം ജിതേഷിൽ വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ലിസി ആശുപത്രിയിൽ പൂർത്തിയായി. ഒരാഴ്ചയ്ക്ക് ശേഷമേ ജിതേഷിന്റെ ശരീരം സാന്റോസിന്റെ ഹൃദയം പൂർണമായി സ്വീകരിച്ചോ എന്ന് അറിയാനാകു. ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ ഐസിയുവിലാണ് ജിതേഷ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP