Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനയ്യ കത്തിച്ച കനലണയാതെ കാത്ത് ജെഎൻയു; ഔദ്യോഗിക പ്രഖ്യാപനം ഇല്ലെങ്കിലും വോട്ടെണ്ണൽ കഴിഞ്ഞതോടെ ജനറൽ സീറ്റുകളിൽ എല്ലാം വിജയിച്ച് ഇടത് വിദ്യാർത്ഥി മുന്നണി; എസ്.എഫ്.ഐ - എ.ഐ.എസ്.എഫ്- ഡി.എസ്.എഫ് മുന്നണി നേടിയ വിജയം ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ; രാജ്യത്തെ ഇടത് ബുദ്ധിജീവികളുടെ കേന്ദ്രത്തിൽ ഇനിയും വെന്നിക്കൊടി പാറിക്കാനാകാതെ എബിവിപിയും എൻ.എസ്.യു(ഐ)യും

കനയ്യ കത്തിച്ച കനലണയാതെ കാത്ത് ജെഎൻയു; ഔദ്യോഗിക പ്രഖ്യാപനം ഇല്ലെങ്കിലും വോട്ടെണ്ണൽ കഴിഞ്ഞതോടെ ജനറൽ സീറ്റുകളിൽ എല്ലാം വിജയിച്ച് ഇടത് വിദ്യാർത്ഥി മുന്നണി; എസ്.എഫ്.ഐ - എ.ഐ.എസ്.എഫ്- ഡി.എസ്.എഫ് മുന്നണി നേടിയ വിജയം ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ; രാജ്യത്തെ ഇടത് ബുദ്ധിജീവികളുടെ കേന്ദ്രത്തിൽ ഇനിയും വെന്നിക്കൊടി പാറിക്കാനാകാതെ എബിവിപിയും എൻ.എസ്.യു(ഐ)യും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പോണ്ടിച്ചേരിക്ക് പിന്നാലെ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ഇടത് വിദ്യാർത്ഥി സംഘടനകൾ തിളക്കമാർന്ന വിജയം നേടിയതോടെ രാജ്യമെങ്ങുമുള്ള ഇടത് യൗവനങ്ങൾ ആവേശത്തിൽ. ഔദ്യോഗിക പ്രഖ്യാപനം ഇന്നില്ലെങ്കിലും ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട നാല് സീറ്റുകളിലും ഇടത് വിദ്യാർത്ഥി സംഘടനകൾക്ക് ജയം. യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി എന്നീ സീറ്റുകളിൽ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ്- ഡി.എസ്.എഫ് മുന്നണി മുന്നിലെത്തി.

ജെഎൻയു എസ്.യു പ്രസിഡന്റായി ഐഷി ഘോഷ്, വൈസ് പ്രസിഡന്റായി സാകേത് മൂൺ, ജനറൽ സെക്രട്ടറിയായി സതീഷ് ചന്ദ്ര യാദവ്, ജോയിന്റ് സെക്രട്ടറിയായി എം.ഡി ഡാനിഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐ പ്രവർത്തകയായ ഐഷി ഘോഷ് 2313 വോട്ടുകളാണ് നേടിയത്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സാകേത് മൂൺ 3365 വോട്ടുകളും, ലെഫ്റ്റ് യൂണിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി സതീഷ് ചന്ദ്ര യാദവിന് 2518 വോട്ടുകളും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടത് സ്ഥാനാർത്ഥി എം.ഡി ഡാനിഷ് 3295 വോട്ടുകളാണ് നേടിയത്. 1084 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐഷിയുടെ വിജയം. വൈസ് പ്രസിഡന്റായി സാകേത് മൂൺ (ഡിഎസ്എഫ്) 1863 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ്(ഐസ) 1047 വോട്ടുകൾക്കും ജോയിൻ സെക്രട്ടറിയായി മുഹമദ് ഡാനിഷ്(എഐഎസ്എഫ്) 1628 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് വിജയിച്ചത്.

വിവിധ സ്‌കൂളുകളിലെ കൗൺസിലർമാരുടെ വോട്ടുകൾ കൂടി എണ്ണാനുണ്ട്. വൈകീട്ട് അഞ്ച് മണിയോടെയാകും വോട്ടുകൾ പൂർണമായും എണ്ണിത്തീരുക. ജെ.എൻ.യുവിലെ കൗൺസിലർമാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം വോട്ടെണ്ണുന്നത് തടഞ്ഞിട്ടില്ല.

വെള്ളിയാഴ്ച നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ 5762 വിദ്യാർത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ വൈകിപ്പിക്കാൻ സർവകലാശാല അധികൃതർ ശ്രമിച്ചിരുന്നു. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മനീഷ് ജാൻഗിഡ്, വൈസ് പ്രസിഡന്റായി ശ്രുതി അഗ്നിഹോത്രി, ജനറൽ സെക്രട്ടറിയായി സബരീഷ് പിഎ, ജോ. സെക്രട്ടറിയായി സുമന്ദ കുമാർ സാഹു എന്നിവരാണ് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ജിതേന്ദ്ര സുന (ബിഎപിഎസ്എ), പ്രശാന്ത് കുമാർ (എൻഎസ്യുഐ), പ്രിയങ്ക ഭാരതി (ഛത്ര ആർജെഡി ) രാഘവേന്ദ്ര മിശ്ര (സ്വതന്ത്രൻ) എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

വർഷങ്ങളായി രാജ്യത്തെ ഇടത് ബുദ്ധിജീവികളുടെ കേന്ദ്രമാണ് ജെഎൻയു. രാജ്യത്തെ പ്രധാന പല നേതാക്കളും ജെഎൻയുവിന്റെ പ്രോഡക്ടാണ്. കാലങ്ങളായി ഇടത് വിദ്യാർത്ഥിസംഘടനകൾ യൂണിയൻ പിടിക്കാറുണ്ടെങ്കിലും എഐഎസ്എഫ് നേതാവ് കനയ്യകുമാർ എത്തുന്നതോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷം എന്ന നിലയിൽ ഒരു സർവകലാശാല പ്രതിരോധം തീർക്കുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തത്. യുജിസിയുടെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയു സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. തുടർന്ന് കനയ്യ കുമാറിനെതിരെയും മറ്റ് വിദ്യാർത്ഥി നേതാക്കൾക്കെതിരെയും കേസെടുത്തതോട് കൂടി കഴിഞ്ഞ മോദി സർക്കാരിനെതിരായ സമരത്തിന്റെ പ്രധാന കേന്ദ്രമായി ജെഎൻയു മാറുകയായിരുന്നു.

കഴിഞ്ഞ ആഴ്‌ച്ച നടന്ന പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല തെരഞ്ഞെടുപ്പിലും ഇടത് വിദ്യാർത്ഥി സംഘടനകൾ തിളക്കമാർന്ന വിജയം നേടിയിരുന്നു. കേരളത്തിലെ കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലെയും കേരളയിലെയും കോളജുകളിലും ഇടത് വിദ്യാർത്ഥി സംഘടനകൾ വലിയ മുന്നേറ്റമായിരുന്നു കാഴ്‌ച്ചവെച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടെങ്കിലും തുടർന്നും രാജ്യത്തെ വിവിധ ഇടങ്ങളിലെ കാമ്പസുകളിൽ വിദ്യാർത്ഥികൾ ഇടത് പക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്നത് ഇടത് കേന്ദ്രങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP