Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവർ വന്നത് എന്നെ ഇല്ലാതാക്കാൻ തന്നെ; അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ഐഷിഘോഷ്; ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഡൽഹി പൊലീസിന് പരാതി നൽകിയത് ഞായറാഴ്‌ച്ച നടന്ന ആക്രമണത്തിലെ പ്രതികളെ ഇതുവരെയും പിടികൂടാത്ത സാഹചര്യത്തിൽ

അവർ വന്നത് എന്നെ ഇല്ലാതാക്കാൻ തന്നെ; അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ഐഷിഘോഷ്; ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഡൽഹി പൊലീസിന് പരാതി നൽകിയത് ഞായറാഴ്‌ച്ച നടന്ന ആക്രമണത്തിലെ പ്രതികളെ ഇതുവരെയും പിടികൂടാത്ത സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയു സർവകലാശാല വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ സർവകലാശാലക്കുള്ളിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡൽഹി പൊലീസിന് പരാതി നൽകി. തന്നെ ആക്രമിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഐഷി ആവശ്യപ്പെടുന്നു. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തിൽ ഐഷിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. എന്നാൽ ഇതുവരെയും അക്രമികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. സംഭവ ദിവസം സർവകലാശാലയുടെയും പരിസര പ്രദേശങ്ങളുടെയും പരിധിയിൽ വന്ന പതിനായിരത്തോളം മൊബൽ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിർണ്ണായകമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൂചന. അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയെ പോലും കസ്റ്റഡിയിലെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് മുഖം മറച്ചെത്തിയ, പെൺകുട്ടികൾ ഉൾപ്പെടുന്ന അക്രമിസംഘം ജെഎൻയു കാമ്പസിൽ പ്രവേശിച്ച് ആക്രമണം നടത്തിയത്. മൂന്ന് ദിവസമായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിനായിട്ടില്ല. പേരിനൊരു എഫ്‌ഐആർ ഇട്ടതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. ജെഎൻയു സംഭവത്തിലെ അക്രമികളെ പിടികൂടാൻ പത്രപരസ്യം നൽകിയിരിക്കുകയാണ് ഡൽഹി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൊബൈൽ ദൃശ്യങ്ങൾ തേടി പൊതു ജനങ്ങളെ പൊലീസ് സമീപിക്കുന്നത്.

ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഐഷിയുടെ തലയ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് മുറിവേറ്റു ചോരയിൽ കുളിച്ച ഐഷിയുടെ ചിത്രം ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എയിംസിൽ ചികിത്സ തേടിയ ഐഷി ഇരുപത്തിനാല് മണിക്കൂറിനകം തിരികെ ക്യാമ്പസിലെത്തി സമരം നയിച്ചു. ആശുപത്രി വിട്ട ശേഷം മാധ്യമങ്ങളെ കാണുകയും എബിവിപിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഐഷി ഘോഷ് അടക്കം യൂണിവേഴ്സിറ്റി അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കമുള്ള 34 പേർക്കെതിരെയാണ് ജനുവരി അഞ്ചിന് രാത്രിയിൽ അക്രമികൾ ക്രൂരമായ ആക്രമണം നടത്തിയത്. അക്രമികളായ സംഘത്തെ തടയുന്നതിന് പൊലീസ് തയ്യാറായില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. വിവിധ പരാതികളിൽ ഇതുവരെ ഒരു എഫ് ഐആർ മാത്രമാണ് പൊലീസ് എടുത്തിട്ടുള്ളത്. മാത്രമല്ല, ദേശീയ ശ്രദ്ധനേടിയ സംഭവത്തിൽ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായിട്ടില്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

ഇതിനിടെ, ഐഷി ഘോഷിനും മറ്റു 19 പേർക്കുമെതിരെ യൂണിവേഴ്സിറ്റി സെർവർ റൂം തല്ലിത്തകർത്തെന്നാരോപിച്ച് ഡൽഹി പൊലീസ് കേസെടുത്തിരിക്കുകയാണ്. വിദ്യാർത്ഥികൾക്കെതിരെ അക്രമം നടത്തിയ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പൊലീസിന്റെ നടപടി. ജെഎൻയു ഹോസ്റ്റലിൽ അക്രമികൾ കടന്നുകയറി വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ കെട്ടിടത്തിനും നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തിന്റെ തലേന്ന് ശനിയാഴ്ച യൂണിവേഴ്സിറ്റിയുടെ സെർവർ റൂം അടിച്ചുതകർത്തെന്നാരോപിച്ചാണ് കേസ്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കടന്നുകയറിയ അക്രമികൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവർക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയത് ഞായറാഴ്ച രാത്രിയോടെയാണ്. ഈ സംഭവത്തിൽ ഡൽഹി പൊലീസ് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ വിദ്യാർത്ഥികൾ സെർവർ റൂമിൽ കടന്ന് ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായി യൂണിവേഴ്സിറ്റി അധികൃതർ ആരോപിച്ചു. തുടർന്ന് തകരാർ പരിഹരിച്ചു. എന്നാൽ ഉച്ചയോടെ വീണ്ടും വിദ്യാർത്ഥികളെത്തി സെർവർ റൂം തല്ലിത്തകർത്തതായും ഇത് പിന്നീട് നാലു മണിയോടെ ശരിയാക്കിയതായും അധികൃതർ അവകാശപ്പെടുന്നു.

ഒരുകാലത്ത് എസ്എഫ്‌ഐയുടെ മാത്രം ചെങ്കോട്ടയായിരുന്ന ജെഎൻയുവിൽ പതിമൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക ശേഷം എസ്എഫ്‌ഐക്കുണ്ടാകുന്ന ഒരു യൂണിയൻ പ്രസിഡണ്ടാണ് ഐഷി ഘോഷ് എന്ന പശ്ചിമ ബംഗാൾ സ്വദേശി. പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്വദേശിയായ ഐഷി ഘോഷ് ഇപ്പോൾ ജെഎൻയുവിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയാണ്. ജെഎൻയുവിൽ എംഫിലിന് ചേരും മുമ്പ് ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കിയിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, പരിതാപാവസ്ഥയിലായിരുന്ന ഹോസ്റ്റലുകളെയും, റീഡിങ് റൂമുകളെയും പുനരുദ്ധരിക്കാൻ വേണ്ടി അവർ നടത്തിയ സജീവമായ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

സമരങ്ങളുടെ തീച്ചൂളയിൽ സദാ നിലകൊള്ളുമ്പോഴും കുടുംബത്തിന്റെ നിറഞ്ഞ പിന്തുണ ഐഷിക്ക് ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ആശുപത്രിയിൽ വെച്ച് ഒരു മാധ്യമപ്രവർത്തകൻ ഐഷിയോട് വീട്ടിൽ അച്ഛനും അമ്മയും ഒക്കെ പഠിക്കാൻ വന്നിട്ട് ഇങ്ങനെ ആക്രമണത്തിന് ഇരയായതിന്റെ പേരിൽ സമ്മർദ്ദം ചെലുത്തിയില്ലേ എന്ന് ചോദിച്ചപ്പോൾ, അവർ പറഞ്ഞ മറുപടി,' അമ്മ വന്നിരുന്നു, പോവാൻ നേരം അമ്മ പറഞ്ഞത് ' ആ അക്രമികൾക്ക് ആളു മാറിയതായിരുന്നു എങ്കിൽ ഒരു പക്ഷേ ഞാൻ കരഞ്ഞേനെ, പക്ഷെ അവരുടെ ലക്ഷ്യം തന്നെ നീ ആയിരുന്നു എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, നീ എന്റെ മകളായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു' എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP