Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം; നിഷ്‌ക്രിയ ദയാവധത്തിന്റെ സാധ്യതകൾ തേടി; അരുണാട്ടകരയിലെ ഡോക്ടർ രചിക്കുന്നത് പുതു ചരിത്രം; ലിവിങ് ബില്ലിൽ രോഗിയുടെ അവകാശ സംരക്ഷണത്തിന് ജോസ് ബാബു; തൃശൂർ പാലിയേറ്റിവ് കെയറിലെ ഡോക്ടർ ചർച്ചയാകുമ്പോൾ

രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം; നിഷ്‌ക്രിയ ദയാവധത്തിന്റെ സാധ്യതകൾ തേടി; അരുണാട്ടകരയിലെ ഡോക്ടർ രചിക്കുന്നത് പുതു ചരിത്രം; ലിവിങ് ബില്ലിൽ രോഗിയുടെ അവകാശ സംരക്ഷണത്തിന് ജോസ് ബാബു; തൃശൂർ പാലിയേറ്റിവ് കെയറിലെ ഡോക്ടർ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : തൃശൂർ പാലിയേറ്റിവ് കെയറിലെ ഡോക്ടറായ അരണാട്ടുകര സ്വദേശി ജോസ് ബാബു പുതുമാതൃക സൃഷ്ടിക്കുകയാണ്. രോഗിയുടെ മൂല്യങ്ങളുമായി ഒത്തുപോകാത്ത ചികിത്സാവിധികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രോഗി തന്നെ മുൻകൂറായി എഴുതി വയ്ക്കുന്ന രേഖയായ ലിവിങ് വിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ് ജോസ് ബാബു.

വെന്റിലേറ്ററിൽ കിടത്തിയും മറ്റും ജീവൻ നീട്ടിക്കൊണ്ടുപോകേണ്ടതില്ല എന്ന് രോഗിക്ക് മുൻകൂറായി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന രേഖയാണ് ലിവിങ് വിൽ. 2018 മാർച്ചിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ജോസ് ബാബു ആണ് ലിവിങ് വിൽ രജിസ്റ്റർ ചെയ്തത്. രോഗി അബോധാവസ്ഥയിലാകുകയോ അർധ ബോധാവസ്ഥയിൽ ആകുകയോ ചെയ്യുമ്പോൾ ഈ രേഖ പ്രസക്തമാകും. 2015 ൽ കോമൺ കോസ് എന്ന സംഘടനയാണ് സംഘടനയാണ് സുപ്രീംകോടതിയിൽ ലിവിങ് വിൽ ഇന്ത്യയിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. തനിക്ക് ആവശ്യമില്ലാത്ത ചികിത്സകൾ ചൂണ്ടിക്കാണിക്കാൻ ഈ വിൽ പ്രകാരം രോഗിക്ക് അവകാശമുണ്ടെങ്കിലും ഏതൊക്കെ ചികിത്സ വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല.

രോഗം മൂലമോ അപകടം മൂലമോ ഗുരുതരാവസ്ഥയിൽ കഴിയുന്ന, ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധ്യത ഒട്ടുമില്ലെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ഒരു വ്യക്തിയെ, നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം ജീവൻരക്ഷാ ഉപാധികൾ പിൻവലിച്ചുകൊണ്ട് ബോധപൂർവം മരിക്കാൻ വിടുന്നതിനെയാണ് നിഷ്‌ക്രിയ ദയാവധം എന്ന് പറയുന്നത്. ഇതിനു രോഗിയുടെ മുൻകൂർ സമ്മതപത്രം അഥവാ ലിവിങ് വിൽ ഉണ്ടായിരിക്കണം.അതായത്, രോഗാവസ്ഥ കാരണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം കണ്ടെത്തുന്ന പക്ഷം തനിക്ക് ദയാവധം അനുവദിക്കണം എന്ന് ഒരാൾ മരണപത്രം മുൻകൂട്ടി എഴുതി വച്ചിരിക്കണം. നിഷ്‌ക്രിയ ദയാവധം ലോകത്ത് വിവിധ രാജ്യങ്ങളിൽ നിയമവിധേയമാണ്. ഇന്ത്യയിലും പ്രത്യേക കേസുകളിൽ സുപ്രീംകോടതിയുടെ അനുമതിപ്രകാരം നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നിഷ്‌ക്രിയ ദയാവധം കർശന ഉപാധികളോടെ സുപ്രീംകോടതി നിയമവിധേയമാക്കിയത് 2018 മാർച്ച് 9 നാണ്.

രാജ്യത്ത് വേറെ ആരെങ്കിലും ലിവിങ് വിൽ രജിസ്റ്റർ ചെയ്തതായി രേഖകൾ ലഭ്യമല്ല. രോഗി അബോധാവസ്ഥയിലോ അർധബോധാവസ്ഥയിലോ ആകുമ്പോൾ ഈ രേഖ പ്രസക്തമാകും. സുബോധത്തോടെ വേണം വിൽ രജിസ്റ്റർ ചെയ്യാൻ. 2 സാക്ഷികളുടെ ഒപ്പോടെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു മുൻപിൽ രജിസ്റ്റർ ചെയ്യണം. ജീവിതാന്ത്യത്തിൽ ചികിത്സിക്കുന്ന ഡോക്ടർക്ക് ഇത് അനുസരിക്കാൻ ബാധ്യതയുണ്ട്. രോഗി ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയുണ്ടെങ്കിൽ ഡോക്ടർക്കു ചികിത്സ തുടരാം. തർക്കമുണ്ടെങ്കിൽ ഹൈക്കോടതി പരിഹരിക്കണം.

ജീവൻ നിലനിർത്തുന്ന ഉപാധികൾ പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ജുഡീഷ്യൽ മജിസ്ട്രേട്ടാണ്. ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ ഇതിന് ആവശ്യമാണ്. ലിവിങ് വിൽ നടപ്പിലാക്കാൻ രോഗിക്കു വിശ്വാസമുള്ള ഒരു വ്യക്തിയെ നിർദ്ദേശിക്കാം. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും വിൽ പരിഷ്‌കരിക്കാം.

വൈദ്യശാസ്ത്രമേഖല രണ്ടുരീതിയിലുള്ള ദയാവധം നിഷ്‌കർഷിക്കുന്നു. ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ രോഗികളെ മരുന്ന് കുത്തിവെച്ച് മരിക്കാൻ അനുവദിക്കുന്നതാണ് ആദ്യ രീതി. സോഡിയം പെന്റോതൽ പോലെയുള്ള മരുന്ന് കുത്തിവെയ്ക്കുന്നതോടെ രോഗി ഉറക്കത്തിലേക്ക് വീഴും. അത് വേദനരഹിതമായ അന്ത്യനിദ്രയാവുകയും ചെയ്യും. 'ആക്ടീവ് യുതനേസ്യ' എന്നാണിത് അറിയപ്പെടുന്നത്. രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗിയുടെ ചികിത്സയും ജീവൻരക്ഷാ ഉപകരണങ്ങളും പിൻവലിക്കുന്ന രണ്ടാമത്തെ രീതിയാണ് പാസീവ് യുതനേസ്യ അല്ലെങ്കിൽ നിഷ്‌ക്രിയ ദയാവധം. ഇത്തരം രോഗികൾ മരുന്നിനോടും രക്ഷാ ഉപകരണങ്ങളോടും പ്രതികരിക്കുന്നില്ലെന്ന് ഉറപ്പായ ശേഷമാണ് മരണം അനുവദിക്കുക.

സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോൾ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാൾക്ക് മുൻകൂട്ടി മരണപത്രം എഴുതിവെക്കാം. രോഗിയുടെ നേരത്തേയുള്ള സമ്മതപത്രം (ലിവിങ് വിൽ)ഉണ്ടെങ്കിൽ ജീവൻരക്ഷാ ഉപാധികൾ പിൻവലിച്ചുകൊണ്ട് ദയാവധം അനുവദിക്കുന്നത് പരിഗണിക്കാം. ഒരു മെഡിക്കൽ ബോർഡായിരിക്കണം ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. സമ്മതം പത്രം എഴുതിവെച്ച ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. തീരുമാനമെടുക്കാൻ ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിനെ നിയോഗിക്കും.

ജില്ലാ മജിസ്ട്രേറ്റ് ഒരു മെഡിക്കൽ ബോർഡ് രൂപവത്ക്കരിക്കണം. ഈ മെഡിക്കൽ ബോർഡായിരിക്കണം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മാർഗ നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം മരണങ്ങളെ ദയാവധമായി കണക്കാക്കുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP