Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കസ്റ്റഡിയിൽ ഇരിക്കവേ ഒറ്റത്തല്ലിന് എല്ലാം തുറന്നു പറഞ്ഞ ഭീരു; ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചതും പാർലമെന്റ് ആക്രമിച്ചതും പത്താൻകോട്ടിലും ഉറിയിലും ആക്രമണം അഴിച്ചു വിട്ടതുമെല്ലാം ഇന്ത്യ വിട്ടുകൊടുത്ത ശേഷം; ആരെതിർത്താലും ഏതു നരകത്തിൽ ഒളിച്ചിരുന്നാലും ഇക്കുറി പൊക്കിയെടുക്കുമെന്ന് ശപഥം ചെയ്തു ഇന്ത്യൻ സേന: മസൂദ് അസറിനെ പൊക്കാൻ ഏതറ്റം വരെ പോകാനും ഉറച്ചു ഇന്ത്യ

കസ്റ്റഡിയിൽ ഇരിക്കവേ ഒറ്റത്തല്ലിന് എല്ലാം തുറന്നു പറഞ്ഞ ഭീരു; ജെയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചതും പാർലമെന്റ് ആക്രമിച്ചതും പത്താൻകോട്ടിലും ഉറിയിലും ആക്രമണം അഴിച്ചു വിട്ടതുമെല്ലാം ഇന്ത്യ വിട്ടുകൊടുത്ത ശേഷം; ആരെതിർത്താലും ഏതു നരകത്തിൽ ഒളിച്ചിരുന്നാലും ഇക്കുറി പൊക്കിയെടുക്കുമെന്ന് ശപഥം ചെയ്തു ഇന്ത്യൻ സേന: മസൂദ് അസറിനെ പൊക്കാൻ ഏതറ്റം വരെ പോകാനും ഉറച്ചു ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനായി പാക്ക് ഭീകരൻ മൗലാന മസൂദ് അസ്ഹർ ഇന്ന് ഇന്ത്യയെ വിറപ്പിക്കുന്ന ഭീകരനാണ്. ഒരിക്കൽ ഇന്ത്യൻ കസ്റ്റഡിയിൽ ഇരിക്കവേ വെറുമൊരു ഭീരുവായിരുന്നു മസൂദ് അസർ എന്നാണ് അന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നു മസൂദ് അസർ. 1994 ൽ അറസ്റ്റിലായ അസ്ഹറിനെ ചോദ്യം ചെയ്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അസ്ഹറിനെ കസ്റ്റഡിയിൽ കൈകാര്യം ചെയ്യാൻ ഒരു പ്രയാസവുമില്ലായിരുന്നു. കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയിൽ തന്നെ വിറച്ചുപോയ അസ്ഹർ, കശ്മീരിലെ ഭീകരനീക്കങ്ങൾ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നു സിക്കിം മുൻ ഡിജിപി കൂടിയായ അവിനാഷ് മൊഹനനേയ് പറഞ്ഞു. 20 വർഷം മൊഹനനേയ് ഇന്റിലിജൻസ് ബ്യൂറോയിലായിരുന്നു. പോർച്ചുഗീസ് പാസ്‌പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്‌നാഗിലാണ് അറസ്റ്റിലായത്. അന്നാണ് മൊഹനനേയ് ഇദ്ദേഹത്തെ ചോദ്യം ചെയത്.

ഭീരുവായ വ്യക്തിയിൽ നിന്നും പിന്നീട് ഒളിച്ചിരുന്നു കൊലപ്പെടുത്തുന്നത് പതിവാക്കിയ കൊടുംഭീകരനായി അസർ മാറിയത് പടിപടിയായാണ്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹർ ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. അനന്ന് മനസിൽ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തിൽ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്.

പുൽവാമയിലെ ഭീകരാക്രമണത്തിനു പുറമേ പാർലമെന്റ് ആക്രമണം, പഠാൻകോട്ട് വ്യോമസേനാത്താവള ആക്രമണം, ജമ്മുവിലെയും ഉറിയിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം എന്നിവയുടെ പിന്നിലും ജയ്ഷ് ഭീകരരായിരുന്നു. കസ്റ്റഡിയിലായിരിക്കെ പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ പ്രവർത്തനരീതിയും ആളുകളെ ചേർക്കലുമെല്ലാം അസ്ഹർ വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് അതിർത്തി കടന്നുള്ള ഭീകരത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനും കാര്യമായ വിവരമുണ്ടായിരുന്നില്ല.

1999 ഡിസംബറിൽ ഇന്ത്യ വെറുതെവിട്ട മസൂദ് അസ്ഹറാണ് രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടും ഭീകരനായി മാറിയത്. പത്താൻകോട്ടിലെ ഭീകരാക്രമണത്തിന് പിന്നിലും ഇപ്പോൾ പുൽവാമയിൽ 39 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരനും മറ്റൊരാളല്ല. ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയെ പാലൂട്ടി വളർത്തിയത് മസൂദായിരുന്നു. ആഗോള ഭീകരനാക്കി കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്നതാണെങ്കിലും പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം കാരണം ഈ നീക്കവും വൃഥാവിലായി.

ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് കൂടുതൽ ശക്തി നേടുന്നതിന്റെ സൂചനയാണു പുൽവാമയിലെ ആക്രമണമെന്നു വിവിധ ഇന്റലിജൻസ് ഏജൻസികൾ കരുതുന്നുണ്ട്. ജയ്‌ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ സൈന്യത്തിനു കഴിഞ്ഞിരുന്നു. കശ്മീർ താഴ്‌വരയിൽ സ്‌നൈപ്പർ ആക്രമണങ്ങളിലൂടെ ഭീതി വിതച്ച നേതാവ് മുഹമ്മദ് ഉസ്മാനെ വധിച്ചതോടെ ജയ്‌ഷെ ഒതുങ്ങിയിരുന്നു. ജയ്‌ഷെ ഇ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിന്റെ മരുമകനാണു മുഹമ്മദ് ഉസ്മാൻ. 2017 ൽ ജയ്‌ഷെ തലവൻ (ഓപ്പറേഷൻസ്) ഖാലിദിനെ ബാരമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.

2000 മാർച്ചിലാണു മൗലാന മസൂദ് അസർ ജയ്‌ഷെ മുഹമ്മദിനു രൂപം നൽകുന്നത്. കശ്മീരിനെ സ്വതന്ത്രയാക്കുകയാണു സംഘടനയുടെ ലക്ഷ്യം. കാണ്ടഹാർ സംഭവത്തിന് ശേഷമായിരുന്നു കാശ്മീരിനെ ലക്ഷ്യമിട്ട് മസൂദ് അസ്ഹർ ഈ പ്രസ്താവം തുടങ്ങിയത്. 2001 ഡിസംബറിലെ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജയ്‌ഷെ മുഹമ്മദായിരുന്നു. രാജ്യാന്തര സമ്മർദത്തെത്തുടർന്നു 2002 ൽ പാക്കിസ്ഥാൻ ജയ്‌ഷെയെ നിരോധിച്ചു. പക്ഷേ പേരിൽ ചെറിയ വ്യത്യാസം വരുത്തി അവർ പ്രവർത്തനം തുടർന്നു. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ ജയ്‌ഷെയുടെ കൈയിലാണെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗൺസിലിൽ ചൈന എതിർത്തതിനാൽ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താൻകോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്‌ച്ച. വാജ്പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനൽകേണ്ട അവസ്ഥയായിരുന്നു.

1999 ലെ അടൽ ബിഹാരി വാജ്‌പേയ് സർക്കാർ യാത്രക്കാരുടെ ജീവനു പകരം മസൂദ് അസറിനെ മോചിപ്പിച്ചു. ജയിലിൽനിന്നു മോചിതനായ ശേഷമാണ് അസർ ജയ്‌ഷെയ്ക്കു രൂപം നൽകിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാറുകൾ ജനക്കൂട്ടത്തിലേക്കും സൈനിക വ്യൂഹത്തിലേക്കും ഇടിച്ചു കയറ്റുന്ന ഭീകരാക്രമണ രീതി പശ്ചിമേഷ്യൻ മേഖലയിലാണ് ആദ്യം പരീക്ഷിച്ചത്. പാരീസിലെ നൈസിലും (2016) ന്യുയോർക്കിലെ ടൈംസ് സ്‌ക്വയറിലും (2017) ബാഴ്‌സലോണയിലും (2017) ഇത്തരത്തിൽ ആക്രമണങ്ങളുണ്ടായി. യൂറോപ്പിൽ വിദൂര നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനുള്ള ശ്രമത്തിലാണു വിവിധ ഭീകര സംഘടനകളെന്നു വിവിധ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ ഇന്ത്യയിൽ നിന്നു ഭീകര സംഘടനകൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലയായിരുന്നു മസൂദ് അസ്ഹറിന്. 1994ൽ വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ കാശ്മീരിൽ വച്ചാണ് മൗലാന മസൂദ് അസർ അറസ്റ്റിലാകുന്നത്. 1999 ഡിസംബർ 24ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർലൈൻസിന്റെ ഐ.സി 814 വിമാനം പാക് ഭീകരർ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയി. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു.

തുടർന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയയും ഹർക്കത്തുൽ മുജാഹിദ്ദീനും യോജിപ്പിച്ചു ഹർക്കത്തുൽ അൻസറിനു രൂപം നൽകിയത് അസ്ഹറാണ്. അസ്ഹർ പിന്നീട് ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നൽകി. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. പാക്കിസ്ഥാൻ അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്നാൽ, ലഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്ന് ഒരു വർഷത്തിനുശേഷം മോചിതനായി.

2008ൽ മുംബൈ ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലിൽനിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. കറാച്ചി സർവകലാശാലയിൽ നിന്ന് ഇസ്ലാമിക പഠനത്തിൽ ബിരുദം നേടിയ അസ്ഹറിനു ഹിന്ദി, ഉറുദു, അറബി, പഞ്ചാബി, ഇംഗ്ലിഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാം. പുറത്ത് ഒരിക്കലും പ്രകോപിതനാകാത്ത ശാന്തപ്രകൃതമാണ് ഇയാളുടേത്. എങ്ങനെ ചോദ്യംചെയ്താലും വിവരം നൽകാത്ത ഉറച്ച മനസ്സ്. ഉജ്വല വാഗ്മി. അസാമാന്യ നേതൃഗുണം. മതപരമായി ഭീകരവാദികളെ ജിഹാദിനു പ്രേരിപ്പിക്കാൻ അസാമാന്യ കഴിവുള്ളയാൾ എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ട്.

യുഎസ് ഭീകര സംഘടനാ പട്ടികയിൽ 2001ൽ തന്നെ അസ്ഹറിന്റെ ജയ്‌ഷെ ഉൾപ്പെട്ടിരുന്നു. അൽ ഖായിദയ്ക്കും താലിബാനും സഹായം നൽകുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി. 2002 ജനുവരിയിൽ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഎസ് അസ്ഹറിന്റെ അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അതു നിരസിക്കുകയായിരുന്നു. 2003ൽ അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ ചാവേർ ആക്രമണമുണ്ടായപ്പോൾ അസ്ഹർ വീണ്ടും അറസ്റ്റിലായി. അന്നും വൈകാതെ മോചിതനായി.

ഇത്തവണ എന്തായാലും മസൂദ് അസഹറിനെ പൂട്ടുമെന്ന് ഉറപ്പിച്ചിരിക്കയാണ് ഇന്ത്യ. അതിന്് വേണ്ട സഹായം ചെയ്യാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യും. ഇത് കൂടാതെ റോ ഉപയോഗിച്ച് അസറിനെ നേരിൽ പൊക്കാനുള്ള പരിശ്രമങ്ങളു ഇന്ത്യ നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP